പാതിവഴിയിൽ നിന്നുപോയ കഥകൾ…

വാർദ്ധക്യത്തിലെത്തിയ ഒരു ഇടയൻ തന്റെ കുടിലിൽ ഇരുന്ന് കൊച്ചുമക്കളോട് പഴയ കാലത്തെ കഥകൾ പറയുകയായിരുന്നു.
അന്ന് ഞങ്ങൾ ബെത്‌ലഹേമിനടുത്തായിരുന്നു ആടുകളെ മേയ്ച്ചുകൊണ്ടിരുന്നത്. ആ രാത്രിയിലെ കഠിനമായ തണുപ്പ് ഇപ്പോഴും എന്റെ ഓർമയിലുണ്ട്. ഏകദേശം പാതിരാ കഴിഞ്ഞുകാണും. പെട്ടെന്ന് ആകാശത്തിൽ ഒരു അത്ഭുതപ്രകാശം. ഞങ്ങൾ പരിഭ്രാന്തരായി നോക്കിയപ്പോൾ കണ്ടത് ഒരു മാലാഖ!! പേടിച്ചരണ്ടുപോയ ഞങ്ങളോട് മാലാഖ ഇങ്ങനെ പറഞ്ഞു:

”ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം; പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.”

തുടർന്ന് മാലാഖമാരുടെ വലിയൊരു സമൂഹം ആ ദൈവദൂതനോട് ചേർന്ന് മനോഹരമായ ഒരു സ്‌തോത്രഗാനം പാടി. ഗ്ലോറിയാ… ഗ്ലോറിയാ… ആ ഗാനത്തിന്റെ മാധുര്യം മറ്റൊരിടത്തുനിന്നും എനിക്ക് കിട്ടിയില്ല. അത്രയും പറഞ്ഞ് വൃദ്ധൻ കഥപറയൽ അവസാനിപ്പിച്ചു. പക്ഷേ, ആകാംക്ഷാഭരിതരായ കുട്ടികൾ കഥ തുടരാൻ വൃദ്ധനെ നിർബന്ധിച്ചു. അപ്പോൾ ഉദാസീനതയോടെ വൃദ്ധൻ പറഞ്ഞു ”മക്കളേ… ഈ കഥ ഇത്രയേ ഉള്ളൂ… നാളെ വേറൊരു കഥ പറയാം.

അപ്പോൾ കുട്ടികളിലൊരാൾ ചോദിച്ചു:
”അപ്പൂപ്പാ, ഞങ്ങൾക്ക് ഈ കഥയുടെ ബാക്കിയാണ് കേൾക്കേണ്ടത്. ദൈവദൂതന്റെ അറിയിപ്പ് കിട്ടിയതിനുശേഷം പിന്നെ അപ്പൂപ്പനെന്താണ് ചെയ്തത്?
– മാലാഖമാർ പറഞ്ഞതുപോലെ ആ ഉണ്ണിയെ പോയി കണ്ടോ? മാലാഖ പറഞ്ഞത് സത്യമായിരുന്നോ?
– ആ കുട്ടി കാഴ്ചയ്ക്ക് എങ്ങനെയായിരുന്നു? ഞങ്ങളെപ്പോലൊക്കെത്തന്നെയായിരുന്നോ?

വൃദ്ധൻ നിർവികാരതയോടെ പറഞ്ഞു:
ഭയങ്കര തണുപ്പായിരുന്നതുകൊണ്ട് ഞാനെങ്ങും പോയില്ല. പക്ഷേ, എന്റെ കൂട്ടുകാരൊക്കെ പോയി കണ്ടിരുന്നു. അവരു പറഞ്ഞത് വലിയ തേജസുള്ള കുട്ടിയാണെന്നാണ്. പക്ഷേ, എനിക്ക് പോയി കാണാനൊന്നും തോന്നിയില്ല. ചിലരു പറയുന്നത് – ഞങ്ങൾക്കുണ്ടായത് ഒരു സ്വപ്നം മാത്രമാണെന്നാണ്. ആർക്കറിയാം എന്താണ് സത്യമെന്ന്?

അതുകേട്ട് മറ്റൊരു കുട്ടി പറഞ്ഞു, എങ്കിലും ഇതൊരു കഷ്ടമാണ്. മാലാഖ വന്നു പറഞ്ഞിട്ടും അപ്പൂപ്പൻ രക്ഷകനെ കാണാൻ പോയില്ലല്ലോ. അതുകേട്ടപ്പോൾ വൃദ്ധൻ നഷ്ടബോധത്തോടെ നെടുവീർപ്പിട്ടു.

** ** **
ക്രിസ്മസ് നമുക്കുവേണ്ടി മനുഷ്യനായി പിറന്ന ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരമാണ്. നക്ഷത്രങ്ങളും കരോൾഗാനങ്ങളുമെല്ലാം അവനെപോയി കാണാനുള്ള, വണങ്ങാനുള്ള ‘വിളി’കളാണ്. നിരവധി ക്രിസ്മസ് സന്ദേശങ്ങൾ കേട്ടിട്ടും അവനെയൊന്ന് കാണാൻ തോന്നുന്നില്ലേ? മറ്റുള്ളവരുടെ അനുഭവങ്ങൾ കേട്ട് ആയുസ് പായുമ്പോൾ – ഇനിയും എന്നാണ് രക്ഷകനെ നേരിട്ട് കാണുന്നത്?

എത്രയോ പ്രസംഗങ്ങളിലും ലേഖനങ്ങളിലും പുസ്തകങ്ങളിലും ലോകരക്ഷകനായ ക്രിസ്തുവിനെക്കുറിച്ച് കേട്ടു. എന്നിട്ടും അവനെ അന്വേഷിച്ചുപോകാൻ പാപസുഖങ്ങളുടെ കൂടാരങ്ങളിൽനിന്നും പുറത്തുകടക്കാൻ കഴിയുന്നില്ലേ? നക്ഷത്രങ്ങളുടെ ശോഭയെക്കാളും ഗ്ലോറിയാ ഗാനങ്ങളുടെ മാധുര്യത്തെക്കാളും എത്രയോ മനോഹരമായിരിക്കും രക്ഷകന്റെ സാന്നിധ്യം! അവിടുത്തെ സാന്നിധ്യം തേടി നമുക്ക് പ്രാർത്ഥിക്കാം. ഒരു രക്ഷയുടെ അനുഭവം അതുമല്ലെങ്കിൽ 51-ാം സങ്കീർത്തനത്തിൽ ദാവീദ് പരാമർശിക്കുന്ന ”അങ്ങയുടെ രക്ഷയുടെ സന്തോഷം” സ്വന്തമാക്കാൻ ഇനിയും വൈകരുത്.

പ്രാർത്ഥന
കർത്താവായ യേശുവേ… എന്നെ പാപത്തിൽനിന്നും ശാപത്തിൽനിന്നും നിത്യനാശത്തിൽനിന്നും രക്ഷിക്കാൻ അങ്ങ് മനുഷ്യനായി പിറന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയെ വ്യക്തിപരമായി കണ്ടുമുട്ടാൻ എന്നെ സഹായിക്കണമേ. ക്രിസ്മസിനെക്കുറിച്ചുള്ള എല്ലാ സന്ദേശങ്ങൾക്കും ചിന്തകൾക്കും ഉപരിയായി ഒരു ക്രിസ്മസ് അനുഭവം എന്റെ ഹൃദയത്തിന് നല്കി എന്നെ അനുഗ്രഹിച്ചാലും – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

1 Comment

  1. Tomy Joseph says:

    It has been a touching article. Thank you Brother for keeping us alive spiritually.

Leave a Reply

Your email address will not be published. Required fields are marked *