ഈ കഥ കേട്ടാൽ…

കുട്ടികളുടെ കൂട്ടച്ചിരി കേട്ട് ബോർഡിൽ എഴുതുകയായിരുന്ന ടീച്ചർ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഒരു അപ്പൂപ്പൻ ക്ലാസിന്റെ വാതില്ക്കൽ നില്ക്കുന്നതാണ്. വഴിതെറ്റി ആശുപത്രിയാണെന്ന് കരുതി വന്ന ആ അപ്പൂപ്പന്റെ കൈപിടിച്ച് അടുത്തുള്ള ആശുപത്രിയിൽ ആക്കി ടീച്ചർ തിരിച്ചുവന്നപ്പോഴും കുട്ടികളുടെ സംസാരം അദ്ദേഹത്തെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു. ടീച്ചർ ക്ലാസ് നിർത്തി അവരോട് ഒരു കഥ പറഞ്ഞു.

സോമപുരം ഗ്രാമത്തിന്റെ വിശാലമായ കൃഷിയിടങ്ങളുടെ നടുവിലൂടെ പോകുന്ന നീണ്ട പാതയുടെ അരികിലായി വലിയ മുത്തശിവൃക്ഷം ഉണ്ടായിരുന്നു. പണ്ട് വളരെ ഫലങ്ങൾ നല്കിയിരുന്ന മുത്തശിമരത്തിന് പ്രായമായപ്പോൾ അത് കായ്ക്കാതെയായി. പക്ഷേ നടന്ന് ദൂരയാത്ര ചെയ്യുന്നവർ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പരസ്പരം കണ്ടുമുട്ടാനുമെല്ലാം ഈ മുത്തശിമരത്തിന്റെ തണലിനെയാണ് ആശ്രയിച്ചിരുന്നത്. മുത്തശിമരത്തിനരികിലുള്ള കൃഷിയിടങ്ങളിൽ ധാരാളം ഫലങ്ങൾ നല്കുന്ന ചെറിയ മരങ്ങളുണ്ടായിരുന്നു. അതിലെ ഫലങ്ങളെല്ലാം പറിച്ച് മുത്തശിമരത്തിന്റെ കീഴെ വച്ച് ആളുകൾ കഴിച്ചിരുന്നു.

ഒരു ദിവസം സോമപുരം ഗ്രാമത്തിലൂടെ രാജാവ് കടന്നുപോകുമ്പോൾ മുത്തശിമരത്തിന്റെ അരികിലെത്തി രാജാവ് മുകളിലേക്ക് നോക്കിയപ്പോൾ, ഇലകൾ മാത്രമേ ഉള്ളൂ. രാജാവ് മന്ത്രിയോട് പറഞ്ഞു ”ഇത്ര വലിയ മരമായിട്ടും ഇതിൽ ഫലങ്ങളൊന്നുമില്ലല്ലോ. അടുത്തുള്ള ചെറുമരങ്ങളിൽപ്പോലും ധാരാളം കായ്കൾ ഉണ്ടുതാനും. ഒരു പ്രയോജനവുമില്ലാത്ത മുത്തശിമരത്തെ വെട്ടിക്കളയാം.”

ഇതുകേട്ട മുത്തശിമരത്തിന് സങ്കടമായി. അനേക വർഷം ഫലങ്ങളും ഇപ്പോൾ അനേകർക്ക് തണലും നല്കിക്കൊണ്ടിരിക്കുന്ന മുത്തശിമരത്തിന്റെ ദുഃഖം കണ്ട് മരത്തിൽ കൂടു കൂട്ടിയിരിക്കുന്ന കിളികൾക്ക് വലിയ വിഷമമായി. ഇനി എവിടെപ്പോയി കൂടുകൂട്ടും.

മുത്തശിമരമാകട്ടെ വിഷമിച്ച് വിഷമിച്ച് ഇലകളെല്ലാം കൊഴിഞ്ഞ് തണൽ ഒട്ടും ഇല്ലാത്ത ഒരു വലിയ മരക്കൊമ്പ് മാത്രമായി മാറി. വഴിയാത്രക്കാർക്ക് വിശ്രമിക്കാൻ തണൽ ഇല്ലാതായതോടെ ആളുകൾ രാജാവിനോട് പരാതി പറയാൻ തുടങ്ങി. പരാതികൊണ്ട് പൊറുതി മുട്ടിയപ്പോൾ രാജാവ് വീണ്ടും മുത്തശിമരത്തിന്റെ അരികിലേക്ക് വന്നു. മുത്തശിമരത്തിന്റെ ചുറ്റുപാടും ചൂടുകൊണ്ട് വരണ്ടിരിക്കുന്നു. ശക്തമായ ചൂടും സൂര്യപ്രകാശവും കാരണം മുത്തശി മരത്തിന്റെ മുകളിലേക്ക് നോക്കുവാൻപോലും രാജാവിന് കഴിഞ്ഞില്ല. അപ്പോഴാണ് മുത്തശിമരത്തിന്റെ സേവനം രാജാവിന് മനസിലായത്. മുത്തശിമരത്തെ പ്രത്യേകം സംരക്ഷിക്കാനും പരിപാലിക്കാനും ഉടൻതന്നെ രാജാവ് ഉത്തരവിട്ടു.

കഥ പറഞ്ഞു നിർത്തിയ ടീച്ചർ കുട്ടികളോട് പറഞ്ഞു: ”ദൈവം സൃഷ്ടിച്ച ഓരോരുത്തർക്കും ഓരോ പ്രായത്തിലും പല തരത്തിലുള്ള ദൗത്യമാണ് ചെയ്യാനുള്ളത്. അവർ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. പ്രായമായവർ ഇത്രയും കാലം നമുക്ക് നല്കിയ നന്മകൾക്ക് നാം പകരമായി അവരെ പ്രത്യേകം സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യണം.”

കഥ കേട്ടുകഴിഞ്ഞപ്പോൾത്തന്നെ കുട്ടികൾക്ക് കാര്യം മനസ്സിലായി. ക്ലാസ് കഴിഞ്ഞ സമയത്ത് അവർ ആശുപത്രിയിൽ പോയി ആ അപ്പൂപ്പനെ കാണുകയും ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ട്, ചെയ്തുപോയ തെറ്റിന് മാപ്പ് ചോദിച്ചു.

ടാനി പാറേക്കാട്ട്

Leave a Reply

Your email address will not be published. Required fields are marked *