ഇങ്ങനെ ചോദിച്ചിട്ടുെങ്കിൽ…

രണ്ടുദിവസത്തെ ഒരു ബസ് ട്രിപ്പ് ആയിരുന്നു അത്. യാത്രക്കാർ ഓരോരുത്തരായി ബസിലേക്ക് കയറിക്കൊണ്ടിരുന്നു. ഇതിനിടെ എല്ലാവരും യാത്രയ്ക്ക് വന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചു. രണ്ട് ഊന്നുവടികളും കൊണ്ടാണ് അവർ യാത്രയ്ക്ക് വന്നത്. നടക്കുവാൻ കുറച്ചു പ്രയാസം ഉണ്ടായിരുന്നു. അവരുടെ ഭർത്താവും കൂടെ സഹായത്തിനുണ്ടായിരുന്നു. ബസിൽ ഇരുന്ന ഉടൻതന്നെ അവർ ഫോട്ടോ എടുക്കൽ ആരംഭിച്ചു. സ്വാഭാവികമായും മറ്റുള്ളവർ അവരെ പരിഹസിച്ചു തുടങ്ങി. ചിലർ പരിഹസിച്ചുകൊണ്ട് പറഞ്ഞു, ഇവർ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ഈ യാത്രയ്ക്ക് വന്നത്? മറ്റു ചിലർ പറഞ്ഞു, ഇവർ എന്തിനാണ് ഇത്രയധികം ഫോട്ടോ എടുത്തു കൂട്ടുന്നത്? ആരെ കാണിക്കാനാണ് ഇത്ര ബുദ്ധിമുട്ടി ഫോട്ടോ എടുക്കുന്നത്? ഇങ്ങനെ പോയി പരിഹാസ ചോദ്യങ്ങൾ…

കുറച്ചു കഴിഞ്ഞ് ഒരാൾ ആ സ്ത്രീയോട് നേരിട്ട് ചോദിച്ചു എന്താണ് കാലുകൾക്ക് കുഴപ്പം? ആ സ്ത്രീ പറഞ്ഞു ബോൺ കാൻസർ മൂലം ഒരു ഓപ്പറേഷൻ ചെയ്തു. ഇനിയും കൂടുതൽ ഓപ്പറേഷൻ ചെയ്യേണ്ടിവരും എന്ന് ഡോക്ടർമാർ ആ സ്ത്രീയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചെയ്യാനിരിക്കുന്ന ഓപ്പറേഷനിലെ അപകടസാധ്യതകളും അവർ വിവരിച്ചുകൊടുത്തിരുന്നു.

കൂടാതെ വേദന കുറവുള്ള സമയമായിരുന്നു അത്. അടുത്ത ഓപ്പറേഷനുമുൻപ് അവരുടെ ഭർത്താവിനോടൊപ്പം കുറച്ചു സ്ഥലങ്ങൾ കാണുവാനുള്ള വ്യഗ്രതയിൽ ആയിരുന്നു അവർ. പിന്നീടാരും ചോദ്യങ്ങളുന്നയിച്ചില്ല.

ഡയസ് പോൾ മഞ്ഞളി

Leave a Reply

Your email address will not be published. Required fields are marked *