ഒരു വൈദികൻ തിരുവചനം പങ്കുവയ്ക്കുന്നതിനിടെ പറഞ്ഞ കഥ. ഗൾഫിൽ ജോലി ചെയ്യുന്ന ഒരു യുവാവ് അവധിക്ക് വീട്ടിലേക്ക് വരുകയാണ്. വരുന്ന വിവരം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. സുഹൃത്തുക്കൾക്ക് അദ്ദേഹത്തിന്റെമേൽ വളരെ സ്വാതന്ത്ര്യമുള്ളവരായിരുന്നു. അതിനാൽത്തന്നെ അവർക്ക് അദ്ദേഹത്തിന്റെ വീട്ടിലും വ്യക്തിപരമായ കാര്യങ്ങളിലും ഇടപെടാം. അദ്ദേഹത്തിന്റെ വരവ് അവർ അക്ഷമയോടെ കാത്തിരിക്കുകയാണ്. അങ്ങനെ ആ ദിവസം വന്നെത്തി.
സുഹൃത്ത് വിമാനം ഇറങ്ങുന്നതിനു മുൻപേതന്നെ അവരെല്ലാവരും അവിടെ എത്തിച്ചേർന്നു. സുഹൃത്ത് വന്നിറങ്ങി, വീട്ടിലേക്ക് പോരുന്ന വഴി ആദ്യംതന്നെ സുഹൃത്തിന്റെതന്നെ ചെലവ്. ഒരു ഹോട്ടലിൽ കയറി സമൃദ്ധമായ ഭക്ഷണം കഴിച്ചു. അതിനുശേഷം അതിവേഗം കാറുകൾ വീട്ടിലേക്ക് പാഞ്ഞു. വീട്ടിലെത്തിയ ഉടനെതന്നെ കൂട്ടുകാർ ലഗേജ് എല്ലാം സുഹൃത്തിന്റെ മുറിയിലേക്ക് എടുത്തുവച്ചു. അതിനുശേഷം പെട്ടികളെല്ലാം പൊട്ടിച്ച് അവരവർക്ക് ആവശ്യമായതെല്ലാം സ്വന്തം കാറുകളിലേക്ക് കൊണ്ടുവച്ചു.
അതിനുശേഷം സുഹൃത്തിനോട് ഞങ്ങൾക്ക് അല്പം തിരക്കുണ്ട്. നിന്നോട് കാര്യമായൊന്നും സംസാരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല, അടുത്ത ദിവസംതന്നെ വീണ്ടും വരാമെന്ന് പറഞ്ഞ് അവർ തിരക്കിട്ട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. തല്ക്കാലം അവരുടെ ആവശ്യങ്ങളെല്ലാം സാധിച്ചു. അവർ പോയതിനുശേഷം ആ സുഹൃത്ത് മുറിയിൽ കയറി വാതിലടച്ച് കുറെനേരം വിങ്ങിവിങ്ങി കരഞ്ഞു. ഞാൻ കൊണ്ടുവന്ന സാധനങ്ങൾമാത്രം ആവശ്യമുള്ള എന്റെ സുഹൃത്തുക്കൾ. അവർക്ക് എന്റെ വിശേഷങ്ങൾ അറിയാൻ താല്പര്യമില്ല. എന്നോടൊത്തിരുന്ന് സംസാരിക്കാൻപോലും സമയമില്ലാത്തവർ. ഇതാണോ ശരിയായ സുഹൃത്ബന്ധം?
കൂടുതൽ അടുക്കാമോ?
എന്റെ ഒരു സഹപാഠിയെ കുറച്ചു നാളുകൾക്കു മുൻപ് കണ്ടുമുട്ടി. അദ്ദേഹം വളരെ താല്പര്യത്തോടെ എന്നോട് സംസാരിക്കുവാൻ തുടങ്ങി. വിഷയം ഇതാണ്: ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന കുറച്ചുപേർ അതിനു മുൻപത്തെ മാസം ഒന്നിച്ചുകൂടി. നാളുകൾ കഴിഞ്ഞ് കണ്ടതിനാൽ എല്ലാവർക്കും വളരെ സന്തോഷമായിരുന്നു. പിന്നെ അത്യാവശ്യം മദ്യസല്ക്കാരവും നടന്നു. ഉടനെ ഞാൻ ചോദിച്ചു ‘നീ കുടിക്കുമോ?’ ഉത്തരം: ‘വല്ലപ്പോഴും, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാത്രം.’ അദ്ദേഹം കൂട്ടിച്ചേർത്തു. ”അടുത്തുതന്നെ വീണ്ടും ഞങ്ങൾ കൂടുവാൻ തീരുമാനിച്ചിട്ടുണ്ട്. നീയും വരണം.”
ഞാൻ പറഞ്ഞു, സുഹൃത്തേ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് എന്നെ വിളിക്കാതിരിക്കുന്നതാണ് നല്ലത്. തന്നെയുമല്ല, ആഴ്ചയിൽ മൂന്നു ദിവസമേ എനിക്ക് ജോലിക്കായി പോകേണ്ടതുള്ളൂ. അതിനാൽ ബാക്കി ദിവസങ്ങൾ എനിക്കാവുന്ന വിധത്തിലുള്ള സുവിശേഷവേലയിലാണ് ഞാൻ. ഉടനെ ചോദ്യം ‘നീ പെന്തക്കോസ്ത് സഭയിൽ ചേർന്നോ?’ ഉത്തരം, ‘ഇല്ല ഞാൻ കത്തോലിക്ക സഭയിൽത്തന്നെയാണ്.’ ‘ഞാൻ വിചാരിച്ചു, നീ സഭ മാറിയോ എന്ന്. അവനവന്റെ സഭയിൽത്തന്നെ നിന്നാൽ മതി കേട്ടോ!’ വീണ്ടും ആശ്വസിപ്പിക്കാനെന്നോണം സുഹൃത്ത് പറഞ്ഞു, ‘ഞങ്ങളു കൂടുമ്പോ നീ അവിടംവരെ വന്നാൽ മതി. മദ്യമൊന്നും കഴിക്കണ്ട.
എല്ലാവരെയും കാണുന്നത് ഒരു സന്തോഷമല്ലേ?’
ഞാൻ പറഞ്ഞു, ”ആ സന്തോഷത്തിൽ പങ്കുചേരാൻ എനിക്കൊരു താല്പര്യവുമില്ല.” അദ്ദേഹത്തിന്റെ മുഖത്ത് അതുവരെയും ഉണ്ടായിരുന്ന സന്തോഷം മാറി. ഒരു ഉപദേശംകൂടി- ”കൂടുതൽ അടുക്കുന്നത് നല്ലതിനല്ല, ആവശ്യത്തിനുള്ള അടുപ്പം മതി കേട്ടോ!” ഞാൻ പറഞ്ഞു, കൂടുതൽ അടുക്കാതിരുന്നാലും കുഴപ്പമാ. അവസാന വിധിയുടെ സമയത്തേ അതു മനസിലാകൂ. പറഞ്ഞു മുഴുമിപ്പിക്കുന്നതിനുമുൻപേ എന്റെയടുത്ത് സംസാരിച്ചുകൊണ്ടിരുന്ന ആ പഴയ സുഹൃത്തിനെ കാണാനേയുണ്ടായിരുന്നില്ല.
തിരിച്ചുള്ള യാത്രയിൽ അവൻ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിലേക്ക് കടന്നുവരാൻ തുടങ്ങി. ‘കൂടുതൽ അടുക്കുന്നത് നല്ലതിനല്ല. ആവശ്യത്തിനുള്ള അടുപ്പം മതി.’ ഞാൻ ഏറെ നേരം ചിന്തിച്ചു. ശരിയാണ്, ഈശോയോട് കൂടുതൽ അടുക്കുവാൻ കൊള്ളില്ല. കാരണമിതാണ്, അവനോട് കൂടുതൽ അടുക്കുമ്പോൾ നമ്മൾ പലതും ഉപേക്ഷിക്കേണ്ടിവരും. എന്റെ സുഹൃത്ത് പറഞ്ഞ രണ്ടാമത്തെ കാര്യമിതാണ്. ആവശ്യത്തിനുള്ള അടുപ്പം മതി. എന്താണ് ഈ ആവശ്യത്തിനുള്ള അടുപ്പം?
ആവശ്യത്തിനുള്ള അടുപ്പം
ഇതുതന്നെയാണ് നമ്മുടെ ധ്യാനകേന്ദ്രങ്ങളിലെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. മക്കളുടെ പഠനം, ജോലിയില്ലായ്മ, ഒരു ഭവനമില്ലാത്ത അവസ്ഥ, കടബാധ്യത എന്നീ ആവശ്യങ്ങൾക്കുവേണ്ടിയല്ലേ നാം പലപ്പോഴും ധ്യാനം കൂടുവാനായി പോകുന്നത്. ധ്യാനാവസരത്തിൽ നമ്മുടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് പുതിയൊരു വ്യക്തിയായിത്തീരുമ്പോൾ ഈശോ നമ്മുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിത്തരും.
ആവശ്യങ്ങളെല്ലാം നിറവേറ്റി കിട്ടിയാൽ പിന്നെ നമുക്ക് ഈശോയുടെ ആവശ്യമില്ല. നമ്മുടെ തിരക്കേറിയ ജീവിതത്തിൽ കുറച്ചു സമയംപോലും ഈശോയോടൊത്ത് ചെലവഴിക്കാനില്ല. ഈശോ ഗത്സെമനിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ ഉറങ്ങുന്നതുകണ്ട് പത്രോസിനോട് ചോദിക്കുന്ന ചോദ്യമിതാണ് ”ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിനക്ക് കഴിഞ്ഞില്ലേ?” (മർക്കോസ് 14:37).
ധ്യാനംകൂടി അനുഗ്രഹങ്ങളെല്ലാം വാരിക്കൂട്ടിയശേഷം അതിരാവിലെ എഴുന്നേറ്റ് ഒരു മണിക്കൂറെങ്കിലും ഈശോയോടൊത്ത് ചെലവഴിക്കാത്ത കുടുംബങ്ങളെ കാണുമ്പോൾ ഈശോ, ആ കുടുംബത്തിലെ ‘ഞാൻ’ എന്ന വ്യക്തിയോട് വ്യക്തിപരമായാണ് ഇന്നും ഈ ചോദ്യം ചോദിക്കുന്നത്. ആവശ്യമുള്ള കാര്യങ്ങൾമാത്രം നേടിയെടുത്തശേഷം ഈശോയോട് വ്യക്തിപരമായി സംസാരിക്കാൻ നാം തയാറാകാതിരിക്കുമ്പോൾ ഈശോയുടെ ആത്മാവ് മാറിയിരുന്ന് നെടുവീർപ്പിടുകയാണ്.
സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയശേഷം ഗൾഫിൽനിന്ന് വന്ന സഹോദരനെ ഉപേക്ഷിച്ചുപോയ ആ സുഹൃത്തുക്കളെപ്പോലെയാണോ ഇന്നു നമ്മൾ? അതോ ജീവിതത്തിലെ തിരക്കിനിടയിൽ അല്പനേരമെങ്കിലും ഞാൻ ഈശോയുമായി ചേർന്നിരിക്കുവാനുള്ള സമയം കണ്ടെത്തുന്നുണ്ടോ? നമ്മൾ ആരോടു കൂട്ടുചേരുന്നുവോ ആ വ്യക്തിയിലെ സ്വഭാവഗുണങ്ങൾ നമ്മൾ അറിയാതെതന്നെ നമ്മിലേക്ക് പകരപ്പെടും. ഈശോയുമായുള്ള ഈ അടുപ്പമാണ് നമ്മിലെ ഉപേക്ഷിക്കേണ്ടതായ തിന്മകളെ കണ്ടെത്താൻ സഹായിക്കുന്നത്.
ജാക്സൺ ജോൺ
1 Comment
Correct the title…
അധികം അടുപ്പം വേണ്ടാത്ത സുഹൃത്ത്