ഇത് പെയ്തു തോരല്ലേ…

രാത്രിയുടെ നിശബ്ദതയിൽ, ചാറ്റൽ മഴയത്ത് ദൂരയാത്ര കഴിഞ്ഞ് വീടിനെ ലക്ഷ്യമാക്കി നടന്ന സുഹൃത്തിന് എന്തോ പാതവക്കിൽ ചലിക്കുന്നതായി തോന്നിയെങ്കിലും അതു ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു. വീട്ടിൽ ചെന്നിട്ടും മനസ് അസ്വസ്ഥതപ്പെടുന്നതായി അനുഭവപ്പെട്ടു. ഒടുവിൽ ആ പാതവക്കിലേക്ക് ഒന്ന് പോയി നോക്കുവാനുള്ള അതിശക്തമായ ഉൾപ്രേരണ കാരണം ടോർച്ചുമായി ഇറങ്ങിനടന്നു. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന അടുത്ത ഹൈന്ദവഭവനത്തിലെ അച്ഛൻ മഴയത്ത് വഴിയിൽ വീണു കിടക്കുന്നു. കൈയിൽ മരുന്നുകുപ്പി മുറുകെ പിടിച്ചിട്ടുണ്ട്. കുട ദൂരെ പറന്നുപോയിരിക്കുന്നു. പുല്ലുകൾക്കിടയിലെവിടെയോ കിടന്ന് മൊബൈൽ ഫോൺ മണിയടിക്കുന്നു. ആ വൃദ്ധനെ താങ്ങിയെടുത്ത് ചുമലിലേറ്റി അവരുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ പ്രായമായ ഭാര്യ ഭർത്താവിനെ കാണാതെ ആകുലയായി കാത്തിരിക്കുകയായിരുന്നു.

നനഞ്ഞ വസ്ത്രങ്ങൾ മാറ്റി അവരെ ആശ്വസിപ്പിച്ചശേഷം അയാൾ തിരിച്ചുപോയി. സംഭവിച്ച കാര്യങ്ങൾ ഭാര്യയോടും മക്കളോടും വിവരിച്ചു. പിറ്റേന്ന് രാവിലെ അദ്ദേഹം ആ ഭവനം സന്ദർശിച്ചപ്പോൾ ആ വയോധികൻ പറഞ്ഞു: ”പ്രായവും മഴക്കാലരോഗവും ബാധിച്ചതിനാൽ ഭാര്യ ഡോക്ടറെ കാണുവാൻ പറഞ്ഞയച്ചതാണ്. മടങ്ങിവരുമ്പോൾ വഴിയിൽ വീണുപോയി. ഒരു കൈത്താങ്ങ് കിട്ടിയിരുന്നെങ്കിൽ എനിക്ക് എഴുന്നേല്ക്കാമായിരുന്നു. എന്നാൽ അതിലേ കടന്നുപോയ ആരും സഹായിച്ചില്ല, മദ്യപിച്ചതാണെന്ന് കരുതിക്കാണണം. നീ വന്നില്ലായിരുന്നെങ്കിൽ ഞാനവിടെ കിടന്ന് മരവിച്ച് മരിച്ചുപോയേനേ. ഈശ്വരനാണ് എന്നെ രക്ഷിക്കാൻ നിനക്ക് പ്രേരണ നല്കിയത്.”

ഹൃദയം വായിക്കാൻ
പിറ്റേന്ന് സുഹൃത്ത് ഈ അനുഭവം പങ്കുവച്ചപ്പോൾ നല്ല സമരിയാക്കാരന്റെ കഥ പഴങ്കഥയായി അവസാനിച്ചിട്ടില്ല എന്ന് എനിക്ക് തോന്നി. കരുണ ദൈവദാനമാണ്. ദൈവത്തിന്റെ ഹൃദയത്തിൽനിന്ന് കരുണയുടെ നീർച്ചാലുകൾ മനുഷ്യഹൃദയത്തിലേക്ക് ഒഴുകുമ്പോഴാണ് നാം കർമനിരതരാകുന്നത്. ഇരുൾ നിറഞ്ഞ രാത്രിയിൽ കൂടെ നടക്കുന്നവനും അപരന്റെ ഇരുളിലേക്ക് വെളിച്ചമായി കടന്നുചെല്ലാൻ ധൈര്യം കാട്ടുന്നവനുമാണ് ക്രിസ്താനുയായി എന്ന് മറക്കാതിരിക്കാം.
അങ്ങനെയാകുമ്പോൾ ക്രൈസ്തവജീവിതം കരുണയുടെ ആഘോഷമായി മാറുന്നു. എന്തെന്നാൽ കാരുണ്യംകൊണ്ട് കണ്ടുമുട്ടിയവരുടെ ഹൃദയത്തെ വായിക്കുകയും അവരുടെ ആവശ്യങ്ങളോട് പ്രത്യുത്തരിക്കുകയും ചെയ്ത ദൈവത്തെയാണ് യേശുവിൽ നാം ദർശിക്കുന്നത്. അവിടുത്തെ കരുണ നമ്മിലൂടെ അയൽക്കാരനിലേക്ക് പെയ്തിറങ്ങട്ടെ, തോരാതെ…

സിസ്റ്റർ റെജി ജോസഫ് യു.എം.ഐ.

Leave a Reply

Your email address will not be published. Required fields are marked *