ഒരിക്കൽ ഒരു അമ്മച്ചി പറഞ്ഞത് ഓർക്കുകയാണ്. ധാരാളം മക്കളും മരുമക്കളും കൊച്ചുമക്കളുമുള്ള കുടുംബമാണ് അമ്മച്ചിയുടേത്. പെൺമക്കളെയെല്ലാം കെട്ടിച്ചയച്ചു. ആൺമക്കളും മാറി താമസിക്കുന്നു. നല്ലൊരു മോനും മോനെക്കാൾ നല്ല മരുമകളുമൊത്താണ് താമസം. എന്നുംതന്നെ വിരുന്നുകാരുണ്ടാവും വീട്ടിൽ. അവർ വരുമ്പോൾ പല പല വർത്തമാനങ്ങൾ പറയും. രസമുള്ളതും അത്ര രസകരമല്ലാത്തതും കുറ്റങ്ങളും കുറവുകളുമൊക്കെയുണ്ടാവും കേൾക്കാൻ. പിന്നെ, കുഞ്ഞുമക്കളൊക്കെ കിടക്കയിലും സെറ്റിയിലുമൊക്കെ കയറി ചവിട്ടി മെതിക്കും. അവരുടെ പിരിപിരിപ്പൊക്കെ കണ്ടില്ലെന്ന് നടിക്കും. മുതിർന്നവരുടെ പിറുപിറുപ്പിനൊന്നും മറുപടി പറയാതെ എല്ലാം കേൾക്കുന്ന മാതിരിയിരിക്കും.
ഒരു കുറുക്കുവഴി
എന്നാൽ ഇഷ്ടമില്ലാത്ത കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിൽ എന്റെ മനസിൽ ‘ഞാൻ മരിച്ചുപോയി’ എന്ന് കരുതും. മരിച്ചയാൾക്ക് ഒന്നും കേൾക്കാൻ സാധിക്കില്ല, ഒന്നും കാണാൻ സാധിക്കില്ല, ഒന്നിനും മറുപടി പറയേണ്ടതുമില്ല. അതെല്ലാം തീരുംവരെ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചുപോയിരിക്കയാണല്ലോ. അപ്പോൾ കേൾക്കേണ്ടിവരുന്ന രസകരമല്ലാത്ത കാര്യങ്ങളും കാണേണ്ടിവരുന്ന കുരുത്തക്കേടുകളും എന്നെ ബാധിക്കില്ല. അങ്ങനെ ശീലിച്ച്, ഇപ്പോൾ ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ചെയ്താലും എനിക്ക് ഒരു പ്രശ്നവുമില്ല!
ഇങ്ങനെ സ്വന്തം മനസിനെ പാകപ്പെടുത്താമെന്ന് ഈ അമ്മച്ചി നമ്മെ പഠിപ്പിക്കുന്നു. മനുഷ്യമനസ് തിന്മയിലേക്ക് എപ്പോഴും ചാഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള പ്രവണത നമ്മുടെ മനസിലുള്ളത്. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നവരും കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നവരും കുടുംബഭാരം മുഴുവൻ ചുമക്കേണ്ടിവരുന്നവരും ജീവിതപങ്കാളിയുടെ അപ്രതീക്ഷിതമായ വേർപാടിനെ തുടർന്ന് മക്കളാൽ അകറ്റപ്പെട്ടുപോകുന്നവരും എല്ലാം നന്നായി ചെയ്യാൻ രാപകൽ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടും കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഏല്ക്കേണ്ടിവരുന്നവരും നിരവധിയാണ്. അങ്ങനെയുള്ള ജീവിതത്തിലെ കയ്പ്പനുഭവങ്ങളാൽ മുറിവേല്ക്കുന്നവർക്കുള്ളതാണ് ഈ അമ്മച്ചിയുടെ സുവിശേഷം.
”നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?” (1 കോറിന്തോസ് 3:16). ദൈവാത്മാവിനാൽ നിറഞ്ഞ ഒരാളെ നമുക്ക് വിശുദ്ധൻ അഥവാ വിശുദ്ധ എന്ന് വിളിക്കാം. ഞാൻ വിശുദ്ധനാണെന്നുള്ള അവബോധം എന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും ആകമാനം മാറ്റിമറിക്കും. അപ്പോൾ ഞാൻ എന്റെ വാക്കുകളെ സൂക്ഷിക്കും, ആഗ്രഹങ്ങളെ പരിമിതപ്പെടുത്തും, എന്റെ കാലടികളെ നിയന്ത്രിക്കും. എല്ലാ രീതിയിലും എനിക്ക് മാറ്റം വരുത്തിയേ പറ്റൂ. എനിക്ക് ഒരു ആത്മീയ പക്വത അനിവാര്യമായിത്തീരും. കാരണം അത്ര വലിയ ഉത്തരവാദിത്വമാണ് ദൈവം എന്നെ ഏല്പിച്ചിരിക്കുന്നത്. വളരെ ജാഗ്രതയോടെ വേണം ഞാൻ എന്റെ ജീവിതത്തെ ക്രമപ്പെടുത്താൻ. കാരണം, ഞാനൊരു ദൈവമകനാണ്, ദൈവമകളാണ്. അത്ര വലിയൊരു ദൈവവിളിയാണ് ദൈവം എനിക്ക് തന്നിരിക്കുന്നത്. ഒരു വിശുദ്ധന്റെ/വിശുദ്ധയുടെ സ്റ്റാറ്റസ് അത്ര ചെറുതൊന്നുമല്ലല്ലോ!
കാത്തുസൂക്ഷിക്കേണ്ട ബോധ്യം
ഈ ബോധ്യവും ആത്മധൈര്യവും കാത്തുസൂക്ഷിച്ചാൽ നമ്മോടു പിണക്കമുള്ളവരുടെ ഭവനങ്ങളിലേക്കും നമുക്ക് പിണക്കമുള്ളവരുടെ ഭവനങ്ങളിലേക്കും സധൈര്യം കടന്നുചെല്ലാനാകും. കാരണം നമ്മുടെ മനസിൽ ഞാനെന്ന വ്യക്തിയല്ല കടന്നുചെല്ലുന്നത്; പ്രത്യുത ഒരു ദൈവമകനോ ദൈവമകളോ വിശുദ്ധനോ വിശുദ്ധയോ ആണ്. അതായത് ഒരു പുണ്യാത്മാവാണ്.
അവർ എങ്ങനെയൊക്കെ പ്രതികരിച്ചാലും നമുക്ക് ഒരു കുഴപ്പവുമില്ല. പിണങ്ങി കഴിയുന്ന വീട്ടിലേക്ക് വിശുദ്ധ ഫ്രാൻസിസ് അസീസിയോ വിശുദ്ധ കൊച്ചുത്രേസ്യയോ വിശുദ്ധ മദർ തെരേസയോ എങ്ങനെയായിരിക്കും കയറിച്ചെല്ലുക? നിറപുഞ്ചിരിയോടെ, നിഷ്കളങ്ക സ്നേഹത്തോടെ, പ്രാർത്ഥനയോടെ, മാലാഖമാരുടെ അകമ്പടിയോടെ, അല്ലേ? കൈയിലിരിക്കുന്ന കുഷ്ഠരോഗി ഈശോയാണെന്ന് വിശുദ്ധ മദർ തെരേസ മനസിൽ കണ്ടു. വസൂരി പിടിപെട്ട് മരിച്ചുകൊണ്ടിരിക്കുന്ന രോഗിയെ വാരിയെടുത്ത് സ്വന്തം മഠത്തിലേക്ക് ഓടിയപ്പോൾ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കണ്ടതും മുറിവേറ്റ ക്രിസ്തുവിനെയാണ്!
ചെറിയ ചെറിയ പഴയകാല പിണക്കങ്ങളുടെ പേരിൽ തലമുറകളോളം വെറുപ്പും വൈരാഗ്യവും പകയുമായി ജീവിതം ജീർണിപ്പിച്ചുകളയുന്ന എത്രയോ കുടുംബങ്ങളുണ്ട് ക്രൈസ്തവരുടെ ഇടയിൽ! നിസാര തമാശപോലും തെറ്റിദ്ധരിക്കപ്പെട്ട് വിവാഹമോചനത്തിനായി മുറവിളി കൂട്ടുന്നവരും കുറവല്ല. ആ അമ്മച്ചിയെപ്പോലെ, ഇടയ്ക്കിടയ്ക്ക് ആവശ്യാനുസരണം നമ്മൾ നമ്മുടെ ഈശോയോടുകൂടി മരിക്കണം. നമ്മുടെ ചില നല്ല നിർബന്ധങ്ങളോടും മരിക്കണം.
നിത്യജീവനായുള്ള നേട്ടങ്ങൾ
ഈ ലോകത്തിന്റെ മുൻപിൽ തന്നെത്തന്നെ ശൂന്യനാക്കി ലോകത്തോട് മുഴുവനായി മരിച്ച യേശുവാണ് നമ്മുടെ നാഥനെങ്കിൽ, ഈ താല്ക്കാലിക മരണങ്ങൾ തീർച്ചയായും നമുക്ക് നിത്യജീവനുവേണ്ടിയുള്ള നേട്ടങ്ങളാണ്. പീലാത്തോസിന്റെ അരമനമുറ്റത്ത് ഇരുകൈകളും ബന്ധിക്കപ്പെട്ട്, അവഹേളിതനായി, തലയിൽ മുൾമുടി ധരിച്ച് നില്ക്കുന്ന നമ്മുടെ ഈശോയുടെ രൂപം മനസിൽ ധ്യാനിച്ചാൽ ആർക്കാണ് അല്പം താഴ്ന്നുകൊടുക്കാൻ സാധിക്കാത്തത്?
തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടുമെന്ന് പറഞ്ഞവൻ തന്നെയാണ് അതിനുള്ള ശക്തി നമുക്ക് തരിക. ക്രിസ്തുവിന്റെ സമാധാനം പരത്തേണ്ട നമുക്ക് ലഭിച്ചിരിക്കുന്ന ദൈവികവിളിയുടെ അന്തസ് നമ്മുടെ പെരുമാറ്റത്തിൽ പ്രതിഫലിപ്പിക്കണം. ഇങ്ങനെയുള്ള ജീവിതശൈലി, നരകത്തെപ്പറ്റിയുള്ള പേടികൊണ്ടോ സ്വർഗം കിട്ടുമെന്നുള്ള പ്രതീക്ഷകൊണ്ടോ ആകാതിരിക്കട്ടെ. മറിച്ച്, എന്നോടുള്ള സ്നേഹത്തെപ്രതി സ്വജീവൻ ഹോമിച്ച എന്റെ ഈശോയോടുള്ള സ്നേഹമാവട്ടെ പ്രേരണ!
സ്നേഹിച്ചു സ്നേഹിച്ച് ശത്രുക്കളെ മിത്രങ്ങളാക്കാമെങ്കിൽ അവരോട് ക്ഷമിക്കുക, അതെല്ലാം മറക്കുക എന്നത് ആ വിജയത്തിന്റെ ആദ്യപടിയാണ്. ക്ഷമ എന്നത് ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും ദുഷ്കരവുമായ പുണ്യമാണ്. ക്ഷമ ആട്ടിൻസൂപ്പിനെക്കാൾ ഗുണം ചെയ്യുമെന്ന് കാരണവന്മാർ പറഞ്ഞത് വെറുതെയാണോ?
ജോൺ തെങ്ങുംപള്ളിൽ