മിഴി തുറക്കൂ, പുത്തൻ സ്‌നേഹവുമായ്

പെട്ടെന്നാണ് അന്തോണിച്ചൻ അതു ശ്രദ്ധിച്ചത്. ഏഴുവയസുള്ള തന്റെ ഇളയമകൻ മുറ്റത്തിനു താഴെയുള്ള പറമ്പിൽ ശ്രദ്ധയോടെ എന്തോ തിരയുന്നു. വല്ല കളിപ്പാട്ടവുമായിരിക്കുമെന്ന് അയാൾ ആദ്യം കരുതി. അയാൾ വിളിച്ചു ചോദിച്ചു, ജോയിമോനേ നീ എന്താ അവിടെ തിരയുന്നത്? ”ഒന്നൂല്ല അപ്പാ, ഞാനൊരു സാധനം നോക്കുകയാ.” അവസാനം അവനത് കണ്ടെത്തി, പറമ്പിലെ കുറ്റിച്ചെടികളുടെ ഇടയിൽ ആ ചളുങ്ങിയ അലൂമിനിയം പാത്രം. വർധിച്ച സന്തോഷത്തോടെ അവനതും കൈയിൽ പിടിച്ചുകൊണ്ട് വരാന്തയിലേക്കോടിക്കയറി. താൻ എറിഞ്ഞുകളഞ്ഞ ആ പാത്രവുമായി വീട്ടിനകത്തേക്കോടി കയറുന്ന ജോയിമോനോട് അപ്പൻ ചോദിച്ചു, നിനക്കെന്തിനാ ആ വൃത്തികെട്ട പാത്രം? ഞാനത് എറിഞ്ഞുകളഞ്ഞതല്ലേ? ഒരു സങ്കോചവും കൂടാതെ അവൻ പറഞ്ഞു, ഇത് അപ്പന് വയസാകുമ്പോൾ കഞ്ഞി തരാനാ. അമ്മ ഇന്നാളു പറഞ്ഞു ഇതുപോലുള്ള അലൂമിനിയം പാത്രങ്ങൾ ഇപ്പോൾ കിട്ടാനില്ലെന്ന്. തന്റെ കൊച്ചുമോന്റെ മറുപടി കേട്ട് അന്തോണിച്ചൻ ഒന്നു ഞെട്ടി. അയാൾക്ക് നാവിറങ്ങിപ്പോയതുപോലെ ആയി. ജോയിമോനോട് ഒന്നും തിരിച്ചുപറയാനാവാതെ അയാൾ തൊട്ടടുത്തുള്ള കസേരയിലേക്ക് ഇരുന്നുപോയി.

മൂന്നുനാലു ദിവസങ്ങൾക്കുമുൻപാണ് അന്തോണിച്ചൻ ആ പാത്രം മുറ്റത്തിന് താഴെയുള്ള പറമ്പിൽ തെങ്ങിൻചുവട്ടിലേക്ക് വലിച്ചെറിഞ്ഞത്. അനേകനാൾ രോഗിയായി കിടപ്പിലായിരുന്ന തന്റെ അപ്പന് കഞ്ഞി കൊടുക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു മുൻപറഞ്ഞ പാത്രം. ആ പാത്രം ഒന്നിൽനിന്നും അറിയാമല്ലോ ഏതു രീതിയിലുള്ള പരിചരണമാണ് അപ്പന് ആ വീട്ടിൽനിന്ന് കിട്ടിയിരുന്നതെന്ന്. അപ്പൻ മരിച്ച് ഏഴിന് എല്ലാവരും ഒന്നിച്ചുകൂടുമ്പോൾ അപ്പൻ കിടന്നിരുന്ന മുറി വൃത്തിയാക്കുന്നതിനിടയിലായിരുന്നു അയാൾ ആ പാത്രം താഴത്തെ പറമ്പിലെ തെങ്ങിൻചുവട്ടിലേക്ക് വലിച്ചെറിഞ്ഞത്. ജോയിമോൻ അന്നത് കണ്ടിരുന്നു.
ഇളയമകനായ താനാണ് അപ്പനെയും അമ്മയെയും വയസുകാലത്ത് നോക്കേണ്ടതെന്ന് മൂത്തവർ പറയുന്നത് ജോയിമോൻ കേട്ടിരുന്നു. അതുകൊണ്ടാണ് അവൻ തന്റെ അപ്പൻ വലിച്ചെറിഞ്ഞുകളഞ്ഞ ചളുങ്ങിയ ആ അലൂമിനിയം പാത്രം പാടുപെട്ട് തേടിപ്പിടിച്ച് വീടിനകത്തേക്ക് ഓടിയത്. വയസുചെന്നവർക്ക് കഞ്ഞി കൊടുക്കേണ്ടത് ഇത്തരം പാത്രത്തിലാണെന്നും അവർക്ക് കൊടുക്കേണ്ട പരിചരണം ഏതു വിധത്തിലുള്ളതാണെന്നും ജോയിമോന്റെ മനസിൽ നന്നായി പതിഞ്ഞിരുന്നു. തികഞ്ഞ അവഗണനയും ആട്ടും തുപ്പും എല്ലാംകൊണ്ട് ഒറ്റപ്പെട്ടവനായി ഒരിരുട്ടുമുറിയിൽ കിടത്തിയിരുന്ന തന്റെ വല്യപ്പന് തന്റെ അപ്പനും അമ്മയും മറ്റു സഹോദരങ്ങളും നല്കിയ പരിചരണത്തിൽനിന്ന് വയസായവരെ എങ്ങനെയാണ് നോക്കേണ്ടതെന്ന് ജോയിമോൻ നന്നായി പഠിച്ചിരുന്നു. അതുകൊണ്ട് ജോയിമോനെ അവൻ ചെയ്ത പ്രവൃത്തിക്ക് ഒരിക്കലും തെറ്റുപറയാനാവില്ല. ഇതുപോലുള്ള ജോയിമോന്മാർ കണ്ടും കേട്ടും മനസിലാക്കിയും നമ്മുടെ വാർധക്യത്തിൽ നമ്മെ ശുശ്രൂഷിക്കാനായി അഭിഷേകം പ്രാപിച്ച് വളർന്നു വരുന്നുണ്ടെന്നുള്ള കാര്യം ഇതു വായിക്കുന്നവർ ഒന്ന് ഓർക്കണേ.

ഒരു കൊച്ചുസ്വർഗം
ജോയിമോന്റെ കുടുംബത്തിൽ അങ്ങനെയൊന്നു നടന്നുവെങ്കിൽ അതിന് നേരെ വിപരീതമായി വയസായ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന കുടുംബങ്ങളും ഈ കേരളക്കരയിൽ ഉണ്ട്. അതിലൊന്നാണ് അല്ലിയുടെയും ലില്ലിയുടെയും ഭവനം. അല്ലിയും ലില്ലിയും ഇരട്ട സഹോദരങ്ങളാണ്. അവർ മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഒന്നാം ക്ലാസുമുതൽ അവർ ആ സ്‌കൂളിൽത്തന്നെയാണ് പഠിക്കുന്നത്. അതുകൊണ്ട് അല്ലിയുടെയും ലില്ലിയുടെയും വല്യപ്പനെയും വല്യമ്മയെയും ആ സ്‌കൂളിലെ എല്ലാ അധ്യാപകർക്കും അറിയാം. കാരണം വീട്ടിലെ വിശേഷങ്ങൾ ചോദിച്ചാൽ അവർ ആദ്യം പറയുക, തങ്ങളുടെ വല്യപ്പന്റെയും വല്യമ്മയുടെയും കാര്യമാണ്.

ഒരു ദിവസം ഞങ്ങൾ കുറച്ച് അധ്യാപകർ അല്ലിയുടെയും ലില്ലിയുടെയും വീട്ടിൽ അവരുടെ വലിയ മാതാപിതാക്കളെ കാണാൻ പോയി. കാരണം അവർ പല തരത്തിലും സ്‌കൂളിനെ സഹായിക്കുന്നവരായിരുന്നു. കോളിംഗ് ബെൽ അടിച്ചപ്പോൾ ആദ്യം വാതിൽ തുറന്ന് പുറത്തുവന്നത് അവരുടെ വല്യമ്മച്ചിയായിരുന്നു. വടി കുത്തിപ്പിടിച്ച് കുനിഞ്ഞ് അല്പം വിറച്ചുകൊണ്ടാണ് നടക്കുന്നതെങ്കിലും ആ വല്യമ്മച്ചിയുടെ മുഖത്ത് നല്ല പ്രസാദവും പ്രസരിപ്പും ഉണ്ടായിരുന്നു. കൊച്ചുമക്കളുടെ അധ്യാപകരാണ് ഞങ്ങളെന്ന് പറഞ്ഞപ്പോൾ വല്യമ്മച്ചിക്ക് വലിയ സന്തോഷമായി. ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് വല്യമ്മച്ചി മരുമകളെ വിളിക്കാൻ അടുക്കളയിലേക്ക് പോയി. ആ വയസായ അമ്മച്ചിയുടെ എടുപ്പും നടപ്പും ഊർജസ്വലതയും കണ്ടാൽ തോന്നും അവരാണ് ഇപ്പോഴും ആ കുടുംബം നിയന്ത്രിക്കുന്നതെന്ന്. ഞങ്ങൾ കൊണ്ടുചെന്ന പലഹാരപ്പൊതി വല്യമ്മച്ചിയുടെ കൈയിൽ വച്ചുകൊടുത്തു. അപ്പോഴേക്കും അല്ലിയും ലില്ലിയും ട്യൂഷൻ കഴിഞ്ഞ് എത്തിയിരുന്നു. വല്യമ്മച്ചി അത് അവരുടെ കൈയിൽ വച്ചുകൊടുത്തിട്ട് പറഞ്ഞു, മക്കളേ, ഇത് നിങ്ങൾ എല്ലാവർക്കും കൊടുക്ക്. കേട്ടപാതി കേൾക്കാത്ത പാതി അവർ പലഹാരപ്പൊതിയുംകൊണ്ട് കിടപ്പുരോഗിയായ വല്യപ്പച്ചന്റെ അടുത്തെത്തി. അവർ കൈയിലുണ്ടായിരുന്ന പലഹാരത്തിൽ നിന്നൊരെണ്ണം വല്യപ്പച്ചന്റെ വായിൽ വച്ചുകൊടുത്തു. ഒരെണ്ണം വല്യമ്മച്ചിയുടെ വായിലും. പിന്നീടത് ഞങ്ങളുടെ ഓരോരുത്തരുടെയും മുൻപിൽ കൊണ്ടുവന്നു. അവസാനം ഓരോന്ന് രണ്ടുപേരും എടുത്തതിനുശേഷം ബാക്കിയുള്ളത് അവരുടെ അമ്മയുടെ (കുഞ്ഞുമേരി) കൈയിൽ കൊടുത്തു. ഇതു കണ്ട ഞങ്ങൾ സന്തോഷത്തോടെ പറഞ്ഞു, കൊള്ളാം നന്നായിരിക്കുന്നു. അല്ലിമോളേ, ലില്ലിമോളേ എന്നും ഇങ്ങനെതന്നെ ആയിരിക്കണം.

അതുകഴിഞ്ഞ് അല്ലിമോളും ലില്ലിമോളുംകൂടി ഞങ്ങളെ കിടപ്പുരോഗിയായ വല്യപ്പച്ചന്റെ അടുത്തേക്ക് നയിച്ചു. നല്ലവണ്ണം വൃത്തിയാക്കി അടുക്കിലും ചിട്ടയിലും ഉള്ള ഒരു മുറി. മലവും മൂത്രവും എടുക്കുന്ന ഒരു കിടപ്പുരോഗിയുടെ മുറിയാണതെന്ന് ആരും പറയുകയില്ല. അത്രമാത്രം വൃത്തി. വല്യപ്പച്ചന് പ്രഷർ കൂടി സ്‌ട്രോക്ക് വന്നതാണത്രേ. ഒരു വശം തളർന്നുപോയി. കൂട്ടത്തിൽ കടുത്ത പ്രമേഹവും. തന്നത്താൻ എഴുന്നേല്ക്കാൻ വയ്യ. പ്രാഥമിക ആവശ്യങ്ങൾക്കുപോലും മക്കളെ ആശ്രയിക്കണം. പക്ഷേ, ആ മുഖത്ത് ഒരു പരാതിയോ പരിഭവമോ ഇല്ല. വലിയ സന്തോഷമാണ്. വല്യപ്പച്ചൻ പറഞ്ഞുതുടങ്ങി. സാറന്മാരേ, കാര്യം കിടപ്പിലായെങ്കിലും ഞാനൊരു ഭാഗ്യവാനാ. എന്റെ മക്കളും കുഞ്ഞുമക്കളും എന്നെയും അവളെയും പൊന്നുപോലെ നോക്കുന്നു. എന്റെ മോൻ വക്കച്ചനാകട്ടെ ഇത്രയും പ്രായമായ കിടപ്പുരോഗിയായ എന്നോട് ഇപ്പോഴും ഓരോ കാര്യങ്ങൾക്ക് ആലോചന ചോദിക്കുന്നു. ഞാനൊരു കാര്യം വേണ്ട മോനേയെന്ന് പറഞ്ഞാൽ ഇപ്പോഴും അവനത് ചെയ്യുകയില്ല. പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അവൻ ഇപ്പോഴും എന്നോടും അവന്റെ അമ്മയോടും പ്രാർത്ഥന ചോദിച്ചിട്ടേ മുന്നോട്ട് കാലെടുത്തുവയ്ക്കുകയുള്ളൂ. അതിന്റെ ഐശ്വര്യം അവന്റെ ബിസിനസിൽ ഉണ്ടുതാനും. എല്ലാം അടിയ്ക്കടി മെച്ചപ്പെട്ടുതന്നെയാ വരുന്നത്.
അപ്പോൾ ഞാൻ ചോദിച്ചു, വല്യപ്പച്ചാ അല്ലിയും ലില്ലിയും എങ്ങനെയുണ്ട്? കുഞ്ഞുമക്കളും അങ്ങനെതന്നെയാ. ഇപ്പം നിങ്ങളു കണ്ടില്ലേ. ഒരു മിഠായിയോ മറ്റോ കിട്ടിയാൽ രണ്ടുപേർക്കും മത്സരമാണ് അത് തല്ലിപ്പൊട്ടിച്ച് ആദ്യത്തെ കഷണം ഞങ്ങൾക്ക് തരാൻ. കുഞ്ഞുമേരി അങ്ങനെയാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. കൈയ്‌ക്കോ കാലിനോ വേദനയാണെന്നു പറഞ്ഞാൽ തിരുമ്മിത്തരാനും ചൂടുവയ്ക്കാനുമൊക്കെ രണ്ടുപേർക്കും മത്സരമാണ്. അതുകൊണ്ട് വക്കച്ചൻ ചൂടുവയ്ക്കുന്ന രണ്ട് ബാഗ് (ഹോട്ട് വാട്ടർ ബാഗ്) വാങ്ങിച്ചുകൊടുത്തിരിക്കുകയാ. ഒരാൾ എന്റെ കാലിൽ ചൂടുവയ്ക്കുമ്പോൾ മറ്റേയാൾ വല്യമ്മയുടെ കാലിൽ ചൂടുവയ്ക്കും. എല്ലാം ഞങ്ങളുടെ കുഞ്ഞുമേരിയുടെ മനോഗുണംകൊണ്ടാ ഇങ്ങനെയെല്ലാം വരുന്നത്. അവളാ മക്കളെയും ഭർത്താവിനെയുമെല്ലാം ഇങ്ങനെയൊക്കെ ചെയ്യാൻ പറഞ്ഞു പഠിപ്പിക്കുന്നത്. കാര്യം സഹായത്തിന് വേലക്കാരിയൊക്കെയുണ്ടെങ്കിലും ഞങ്ങളുടെ കാര്യങ്ങളെല്ലാം അവളുതന്നെയാ ഞങ്ങൾക്ക് ചെയ്തുതരുന്നത്.

വല്യപ്പച്ചൻ ഇതു പറഞ്ഞുതീരുന്നതിനുമുമ്പ് വല്യമ്മച്ചി ഇടയിൽ കയറി പറഞ്ഞു, അതേയ് മാതാവ് ഞങ്ങൾക്കുതന്ന വലിയ അനുഗ്രഹമാണ് ഞങ്ങളുടെ കുഞ്ഞുമേരി! അതിനൊരു കാരണവുമുണ്ട്. എന്റെ അമ്മായിയപ്പനേം അമ്മായിയമ്മയേം ഞാൻ നന്നായി നോക്കി. എട്ടുമക്കളെ പെറ്റുവളർത്തുന്നതിനിടയിലാണ് ഞാനവരെ നോക്കിയതെങ്കിലും തമ്പുരാന്റെ കാരുണ്യത്താൽ ഒരു കുറവും അവർക്ക് വരുത്താതെയാണ് അവരെ യാത്രയാക്കിയത്. പോകാൻ നേരം അവർ രണ്ടുപേരും ഞങ്ങളെ തലയിൽ കൈവച്ച് അനുഗ്രഹിച്ചിട്ടാണ് പോയത്. മാതാവ് നിങ്ങൾക്ക് ഒരു കുറവും വരുത്തുകയില്ലെന്ന് പറഞ്ഞ് അവർ കടന്നുപോയി. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു.

എല്ലാവരെയും കണ്ടും കേട്ടും കാപ്പി കുടിച്ചും പലഹാരം തിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഞങ്ങളുടെ മനസും സംതൃപ്തമായിരുന്നു. ഒരു സ്വർഗീയഭവനം സന്ദർശിച്ച് തിരികെ പോരുന്ന സംതൃപ്തി. എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഭാഗ്യപ്പെട്ട കാരണവന്മാർ. ഭാഗ്യപ്പെട്ട മക്കളും. പക്ഷേ, ഇങ്ങനെയുള്ള വീടുകൾ വളരെ ചുരുക്കമാണ്. ”പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും; കർത്താവിനെ അനുസരിക്കുന്നവൻ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു. ദാസൻ എന്നപോലെ അവൻ മാതാപിതാക്കന്മാരെ സേവിക്കും. പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച് അവന്റെ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും” (പ്രഭാഷകൻ 3:6-9).

ഒറ്റപ്പെടലിന്റെ തടവറയിൽ
ഒരു സമ്പന്ന കുടുംബത്തിലെ ഒരമ്മച്ചി തന്റെ കണ്ണുനീരിനെക്കുറിച്ച് പറഞ്ഞതോർക്കുന്നു. ”എന്റെ മോളേ, ദൈവം സഹായിച്ചിട്ട് എനിക്ക് എണ്ണയ്ക്കും കുഴമ്പിനും ഭക്ഷണത്തിനുമൊന്നും ഒരു കുറവുമില്ല. പക്ഷേ, അമ്മയാണെന്നു കരുതി സ്‌നേഹത്തോടെ ഒരു വാക്കു പറയാൻ ആരുമില്ല. എല്ലാവരും അവരവരുടേതായ തിരക്കിൽ. ഞാനെന്ന ഒരു പ്രായംചെന്ന അമ്മ അവിടെ ജീവനോടെ ഇരുപ്പുണ്ടെന്നോ ഞാനും ഒരു മനുഷ്യത്തിയാണെന്നോ ഉള്ള ഒരു വിചാരവും എന്റെ മക്കൾക്കോ ചെറുമക്കൾക്കോ ഇല്ല. ഒന്നും വേണ്ടായിരുന്നു എന്നെ നേരെ ചൊവ്വേ ‘അമ്മേ’ എന്ന് ഒന്നു വിളിച്ചാൽ മതിയായിരുന്നു. അതും ഇല്ല. എല്ലാവരും അവരവരുടെ ലോകത്ത്. ഇപ്പോൾ ശാലോം ടിവി വന്നപ്പോൾ വലിയൊരാശ്വാസമായി. എല്ലാനേരവും ദൈവകാര്യങ്ങൾ കേൾക്കുകയും കുർബാന കാണുകയും ചെയ്യാമല്ലോ.”
ജീവിക്കാൻ മറന്ന് മക്കളെ പോറ്റിയവർ
ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും കടക്കെണിയിലും ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവൻ കൈയിലെടുത്ത് പന്താടി മക്കളേ ശരണം, മക്കളുടെ നല്ല ഭാവിയേ ശരണം എന്നു കരുതി ജീവിക്കാൻ മറന്നുപോയ, ഒരു പരിധിവരെ സ്വന്ത ജീവനെക്കുറിച്ചോർക്കാൻതന്നെ മറന്നുപോയ രണ്ടു വൃദ്ധരായ മാതാപിതാക്കൾ. നാല് ആൺമക്കളുടെ അപ്പനും അമ്മയും. ദൈവത്തോടുകൂടിയുള്ള അവരുടെ അരപ്പട്ടിണിയും കഠിനാധ്വാനവുംമൂലം ദൈവം അവരെ അനുഗ്രഹിച്ചു. മക്കൾക്ക് നാലുപേർക്കും നല്ല നിലയിൽ വിദേശത്ത് ജോലിയായി. അവരെല്ലാം തക്കസമയത്ത് വിവാഹിതരുമായി. അവർക്കും മിടുക്കരായ മക്കളെ കൊടുത്ത് ദൈവം അനുഗ്രഹിച്ചു. ഇളയ മകന് പെണ്ണ് കണ്ടുപിടിക്കാൻനേരം അവർ പ്രത്യേകം ശ്രദ്ധിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടി മതി. എന്നാലേ നമ്മളെ നോക്കൂ. പക്ഷേ, ഫലം വിപരീതമായിരുന്നു. രണ്ടു പ്രാവശ്യം അമേരിക്കയിൽ പോയി അവധിക്ക് ഭർത്താവിന്റെ അപ്പന്റെയും അമ്മയുടെയും കൂടെ നിന്നപ്പോൾ അവൾക്കൊരു തോന്നൽ, ഭർത്താവിന്റെ അമ്മയ്ക്കും അപ്പനും കൾച്ചർ ഇല്ല. ഇവരെങ്ങാനും കൂടെ വന്നാൽ ഞങ്ങൾ നാണംകെടും. അവൾ സൂത്രത്തിൽ അമ്മയോടൊരു ചോദ്യം – അമ്മേ, നിങ്ങൾ അപ്പായും അമ്മയും ഓൾഡ് ഏജ് ഹോം വല്ലതും കണ്ടുവച്ചിട്ടുണ്ടോ?

”ഇല്ലല്ലോ മോളേ” അവർ പ്രത്യുത്തരിച്ചു. ഇല്ലെങ്കിൽ അതുടനെ ചെയ്യണം. എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. ചങ്കിൽ കുത്തിക്കയറിയ പിച്ചാത്തി വലിച്ചൂരാനാകാതെ അറ്റാക്കുവന്ന അമ്മ ഐ.സി.യുവിൽ! തിരിച്ചെത്തിയപ്പോഴേക്കും ഒരു മാസം മുൻപുതന്നെ അമ്മ അവർക്കുവേണ്ടി ഉണ്ടാക്കി കരുതിയിരുന്ന അവലോസുണ്ടയും കുഴലപ്പവും പക്കാവടയും അച്ചപ്പവും ചീപ്പപ്പവും അച്ചാറുകളും എല്ലാം പായ്ക്ക് ചെയ്ത ടിന്നുകളുമെടുത്ത് ഒരു വാക്കുപോലും അമ്മയോട് ആശ്വാസകരമായി ഉരിയാടാതെ മക്കളും ചെറുമക്കളും യു.എസിൽ. അമ്മയുടെ അസുഖം മാറാൻ നിന്നാൽ രണ്ടുപേരുടെയും ജോലി നഷ്ടമാകുമത്രേ! കണ്ണുനീരോടെ ആ അമ്മ എന്നോട് ചോദിച്ചു, മോളേ, ആരോടു ഞാൻ പറയും ഈ വേദന? എന്റെ കെട്ടിയവനോടുപോലും ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്റെ മരുമകളുടെ ഈ വാക്കുമൂലമാണ് ഞാൻ അറ്റാക്കുവന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായതെന്ന്. ഇത്തരം എത്രയോ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ ഹൃദയങ്ങൾ ഒറ്റപ്പെടലിന്റെ വേദനയുമായി ഈ ഭൂമിയിൽ കഴിയുന്നു. തിരുവചനങ്ങൾ നമ്മോട് പറയുന്നത് കേൾക്കൂ. ”പിതാവിനെ പരിത്യജിക്കുന്നത് ദൈവദൂഷണത്തിന് തുല്യമാണ്. മാതാവിനെ പ്രകോപിപ്പിക്കുന്നവൻ കർത്താവിന്റെ ശാപമേല്ക്കും” (പ്രഭാഷകൻ 3:16).
മോശവഴി നല്കിയ നിയമത്തിലൂടെ ദൈവം ഇസ്രായേൽ ജനത്തെ ഉദ്‌ബോധിപ്പിച്ചു ”നീ ദീർഘനാൾ ജീവിച്ചിരിക്കുവാനും നിന്റെ ദൈവമായ കർത്താവ് തരുന്ന നാട്ടിൽ നിനക്ക് നന്മയുണ്ടാകാനുംവേണ്ടി അവിടുന്ന് കല്പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക” (നിയമാവർത്തനം 5:16). പിതാവിനെയും മാതാവിനെയും അധിക്ഷേപിക്കുന്നതും ശപിക്കുന്നതും വധശിക്ഷ അർഹിക്കുന്ന പാപമായിട്ടാണ് മോശയുടെ നിയമങ്ങളിലൂടെ ദൈവം വെളിപ്പെടുത്തിയിട്ടുള്ളത്. ”പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവൻ വധിക്കപ്പെടണം” (പുറപ്പാട് 21:17).

തന്റെ ചുറ്റുംനിന്ന് തന്നോടു തർക്കിക്കുന്ന നിയമജ്ഞരോടും ഫരിസേയരോടും യേശു പറഞ്ഞു ”നിങ്ങളുടെ പാരമ്പര്യം പാലിക്കുവാൻവേണ്ടി നിങ്ങൾ കൗശലപൂർവം ദൈവകല്പന അവഗണിക്കുന്നു. എന്തെന്നാൽ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചുപറയുന്നവൻ മരിക്കട്ടെയെന്ന് മോശ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരുവൻ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങൾക്ക് എന്നിൽനിന്നും ലഭിക്കേണ്ടത് കൊർബാൻ- അതായത് വഴിപാട്- ആണ് എന്ന് പറഞ്ഞാൽ മതി എന്ന് നിങ്ങൾ പറയുന്നു. പിന്നെ പിതാവിനോ മാതാവിനോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. അങ്ങനെ നിങ്ങൾക്ക് ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങൾ നിരർത്ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു” (മർക്കോസ് 7:9-13).

ഇങ്ങനെയൊക്കെ ചിന്തിക്കുകയും ചെയ്യുകയും ചെയ്യുന്നവർ നമ്മുടെ ഇടയിലുമില്ലേ! വീതം വയ്പു കഴിഞ്ഞാൽ പിന്നെ അപ്പന്റെയും അമ്മയുടെയും വീതം കിട്ടിയവർ അവരെ നോക്കട്ടെ എന്ന കണക്കുകൂട്ടലിൽ വല്ലപ്പോഴുമൊന്ന് അവരെ പോയി കാണുവാനോ ഒരു സന്തോഷവാക്ക് പറയുവാനോ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് തിരക്കുവാനോ തുനിയാത്ത എത്രയെത്ര മക്കൾ ഇതു വായിക്കുന്ന, നമ്മുടെ ഇടയിൽ ഉണ്ടായിരിക്കാം. അമ്മേ, അപ്പാ സുഖമാണോ? അപ്പന്റെ കാലുവേദന എങ്ങനെയുണ്ട് എന്നൊന്നു ചോദിച്ചുപോയാൽ അപ്പൻ വല്ല കുഴമ്പും മേടിക്കാൻ പറഞ്ഞാലോ എന്നു കരുതി അതുപോലും ചോദിക്കാൻ മടിക്കുന്ന അപ്പന്റെയും അമ്മയുടെയും വീതം കിട്ടാത്ത മക്കൾ (കിട്ടിയവരും) നമ്മുടെ ഇടയിലുണ്ടെന്ന് ഒന്ന് ആത്മശോധന ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ പലതും പലതും നമ്മൾ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നു! ഇന്നത്തെ ഡിസ്‌പോസിബിൾ സംസ്‌കാരത്തിന്റെ പിടിവലിയിൽ ദൈവത്തിന്റെ വചനവും ദൈവഹിതവും ആരു വകവയ്ക്കുന്നു?!

ഒരുപക്ഷേ, മാതാപിതാക്കളുടെ ഗദ്ഗദങ്ങളെക്കുറിച്ചും അവരുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളെക്കുറിച്ചും അറിവില്ലാത്തതിനാലാകാം നമ്മൾ ഇതുവരെ അങ്ങനെയൊക്കെ വ്യാപരിച്ചുപോയത്. ദൈവവചനം നമ്മളോടു പറയുന്നു ”അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 17:30). അറിവില്ലായ്മയുടെ കഴിഞ്ഞ വത്സരങ്ങളിൽ നാം അങ്ങനെയൊക്കെ ആയിരുന്നിരിക്കാം. എന്നാൽ കഴിഞ്ഞ ലക്കത്തിലും ഈ ലക്കത്തിലുമുള്ള ലേഖനങ്ങളിലൂടെ മാതാപിതാക്കളുടെ ഹൃദയമെങ്ങനെയെന്ന് അല്പമൊന്ന് നാം അറിഞ്ഞിട്ടുണ്ടാകണം. അതിന്റെ വെളിച്ചത്തിൽ നമുക്ക് അല്പമെങ്കിലുമൊന്ന് അനുതപിക്കാൻ തയാറാകാം.
കഴിഞ്ഞ നാളുകളിൽ അവർക്ക് നല്കാൻ കഴിയാതെപോയ സ്‌നേഹത്തെയും കരുതലിനെയുംകുറിച്ച് ദൈവത്തോടും മാതാപിതാക്കളോടും നമുക്ക് മാപ്പു പറയാം. പുതിയ വത്സരം മിഴി തുറക്കുമ്പോൾ പുതുമയുള്ള സ്‌നേഹം നമുക്ക് നമ്മുടെ അപ്പനമ്മമാർക്ക് നല്കാൻ ശ്രദ്ധ വയ്ക്കാം. നാമും ഒരിക്കൽ ഈ വഴികളിലൂടെ കടന്നുപോകേണ്ടവരാണെന്ന് ഓർക്കാം. സ്വന്തം സ്വാർത്ഥതയെപ്രതിയെങ്കിലും നമുക്ക് നമ്മുടെ ചെയ്തികളെ തിരുത്താം.

കാരണം നമ്മൾ നമ്മുടെ മാതാപിതാക്കന്മാർക്ക് അളക്കുന്ന നാഴികൊണ്ടുതന്നെ നമുക്കുവേണ്ടി തിരിച്ചു തരാനുള്ള അഭിഷേകം ലേഖനത്തിൽ ആദ്യം നമ്മൾ കണ്ട ജോയിമോന്മാർ നമുക്കുവേണ്ടി നേടിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമെങ്കിലും നമ്മുടെ മിഴികളെ തുറക്കാൻ ഇടയാക്കിത്തീർക്കട്ടെ. നന്മയും നീതിയും നിറഞ്ഞ പുതുവത്സരം ആശംസിച്ചുകൊണ്ട് യേശുവിന്റെ സ്‌നേഹത്തിൽ നിങ്ങളുടെ സോദരി.

സ്റ്റെല്ല ബെന്നി

 

Leave a Reply

Your email address will not be published. Required fields are marked *