ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങൾ

മൂന്നാമത്തെ കുഞ്ഞിന് മീസിൽസ് വാക്‌സിൻ കൊടുക്കേണ്ട സമയവും കഴിഞ്ഞു. അന്നും നഴ്‌സ് വിളിച്ച് ‘നാളെയെങ്കിലും കുഞ്ഞിന് വാക്‌സിനേഷൻ കൊടുക്കണം’ എന്ന് ഓർമിപ്പിച്ചു. ‘വരാം’ എന്നു പറഞ്ഞ് ഫോൺ വച്ചുവെങ്കിലും പിറ്റേന്നും ദൈവശുശ്രൂഷയുമായി ബന്ധപ്പെട്ട തിരക്കിനാൽ പോകാൻ സാധിക്കുമായിരുന്നില്ല. മനസ് വിങ്ങാൻ തുടങ്ങി. ശാരീരികാസ്വസ്ഥതകളുള്ള അമ്മയോട് പറയാനും മടി. പ്രാർത്ഥിച്ചെങ്കിലും കൃത്യമായ ഒരു വഴി കിട്ടാതെ ആ രാത്രി ഒരുതരത്തിൽ നേരം വെളുപ്പിച്ചു.

രാവിലെ അമ്മയോട് ഈ കാര്യം പങ്കുവച്ചപ്പോൾ അമ്മ പറഞ്ഞു: ‘കുഞ്ഞിനെയുംകൊണ്ട് ഞാൻ പൊയ്‌ക്കോളാം’ എന്ന്. മനസില്ലാ മനസോടെ സമ്മതിച്ച് വാഹനമെല്ലാം ഏർപ്പാടാക്കി ഞാൻ പോയി. യാത്രയിൽ മനസ് വളരെയധികം വേദനിക്കുന്നുണ്ടായിരുന്നു. ഞാൻ ചെയ്തത് ശരിയായോ? ആലോചിച്ചുകൊണ്ടിരിക്കവേ ഒരു വചനം പെട്ടെന്ന് മനസിലേക്കെത്തി. ”നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും” (മത്തായി 6:33). അപ്പോൾ മനസ് വളരെയധികം ശാന്തമായി.

ശുശ്രൂഷയിലെ തിരക്കുകൾ അല്പമൊന്ന് അടങ്ങിയപ്പോൾ കാര്യങ്ങൾ എന്തായി എന്നറിയാൻ വീട്ടിലേക്ക് വിളിച്ചു. അന്ന് സ്‌കൂൾ അവധിയായിരുന്നതിനാൽ അമ്മച്ചിക്കൊപ്പം അഞ്ചുവയസുകാരിയായ രണ്ടാമത്തെ മകളും പോയി. അവളെ കണ്ടപ്പോൾ അവൾക്ക് അഞ്ചാം വയസിലെ വാക്‌സിനേഷന് സമയമായെന്ന് മനസ്സിലാക്കിയ നഴ്‌സ് അവളെ മടിയിൽ പിടിച്ചിരുത്തി അവൾപോലുമറിയാതെ ഇൻജക്ഷൻ എടുത്തു. മൂന്നാമത്തെ കുഞ്ഞിനും വാക്‌സിൻ എടുത്തു.
ഞാനുള്ളപ്പോൾ കരയാറുള്ളതുപോലെ കുഞ്ഞ് കരഞ്ഞില്ലെന്നും അമ്മ പറഞ്ഞു. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ അവർ വീട്ടിലെത്തി. ഇൻജക്ഷനെ പേടിക്കുന്ന അഞ്ചുവയസുകാരിയുടെ വാക്‌സിനേഷൻകൂടി ഈ ദിവസം കൊടുക്കുവാൻ സാധിച്ചുവെന്നത് എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു. ഞാനായിരുന്നെങ്കിൽ അവളെ കൊണ്ടുപോകുകയില്ലല്ലോ എന്നും ഓർത്തുപോയി.

ദൈവത്തിന്, ദൈവശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് നാം എടുക്കുന്ന തീരുമാനങ്ങളിൽ ദൈവം നമ്മുടെ കൂടെയുണ്ടാകും. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ മനഃപൂർവം മറന്നുകൊണ്ട് ശുശ്രൂഷാജീവിതം നയിക്കണമെന്നല്ല ഇതിനർത്ഥം. എന്നാൽ അതിനെക്കാൾ പ്രാധാന്യം ദൈവിക ശുശ്രൂഷകൾക്ക് കൊടുക്കേണ്ട ചില സാഹചര്യങ്ങൾ വരുമ്പോൾ മുൻഗണന കൊടുക്കേണ്ടത് ശുശ്രൂഷയ്ക്കുതന്നെയായിരിക്കണം.

”തന്നെ സ്‌നേഹിക്കുന്നവരെ കർത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും ചുടുകാറ്റിൽ അഭയകേന്ദ്രവും പൊരിവെയിലിൽ തണലും ഇടറാതിരിക്കാൻ സംരക്ഷണവും വീഴാതിരിക്കാൻ ഉറപ്പും ആണ്” (പ്രഭാഷകൻ 34:16).

ബിന്ദു ജോബി

Leave a Reply

Your email address will not be published. Required fields are marked *