പ്രശസ്ത അമേരിക്കൻ ഗായികയും എണ്ണമറ്റ ‘ഗ്രാമി’ (ഏൃമാാ്യ- ലോകത്തിലെ ഏറ്റവും മികച്ച സംഗീതത്തിന് നല്കപ്പെടുന്നു) സംഗീത അവാർഡുജേതാവുമാണ് നഥാലി കോൾ (ചമമേഹശല ഇീഹല). പിതാവ് നഥാനിയേൽ ആഡംസ് കിങ് കോൾ സംഗീതലോകത്തെ പ്രമുഖനായിരുന്നതിനാൽ അനിയന്ത്രിതമായ തിരക്കും യാത്രകളും മാതാപിതാക്കളെ നഥാലിയിൽ നിന്നും ചെറുപ്പത്തിൽത്തന്നെ അകറ്റി. അതിന്റെ പരിണതഫലങ്ങൾ അവൾ വിവരിക്കുന്നു: ‘എപ്പോഴും സങ്കടം, നിരന്തരമായ കരച്ചിൽ, ആർക്കും വേണ്ടെന്ന തോന്നൽ, മറ്റുള്ളവരുടെ ശ്രദ്ധനേടാനുള്ള ശ്രമങ്ങൾ, ആശ്ലേഷിക്കപ്പെടാനും സ്‌നേഹംലഭിക്കാനുമുള്ള അദമ്യമായ കൊതി, എല്ലാമെല്ലാം എന്നെ വല്ലാതെ വലച്ചു. മാതാപിതാക്കളിൽ നിന്നും അവ ലഭിക്കാതെ വന്നപ്പോൾ ഞാനത് മറ്റുള്ളവരിൽ തേടി. എന്നാൽ എന്റെ ഈ സ്‌നേഹക്കൊതി എന്നെ നാശത്തിലേക്കാണ് നയിച്ചത്. മുഖമോ പേരോ ഓർമിക്കാനാകാത്തവിധം എണ്ണമില്ലാത്തത്ര കാമുകന്മാർ. അവരോടൊപ്പം എവിടെയൊക്കെ ദിനങ്ങളും ആഴ്ചകളും ചെലവഴിച്ചെന്നുപോലും എനിക്കറിയില്ല.’
14-ാം വയസിൽ പിതാവിന്റെ മരണം നഥാലിയുടെ ജീവിതം വീണ്ടും തകിടം മറിച്ചു. കൊക്കെയ്ൻ, ഹെറോയ്ൻ തുടങ്ങിയ മയക്കുമരുന്നുകൾ അവളുടെ ജീവിതം ഏറ്റെടുത്തു. അവയുടെ അമിതോപയോഗം മരണത്തിന്റെ വക്കോളവും എത്തിച്ചു. 1973-ൽ ഹെറോയ്ൻ കേസിൽ കാനഡയിൽ വച്ച് ജയിലിലുമായി. മറുവശത്ത് വിവാഹങ്ങളുടെയും ഡിവോഴ്‌സുകളുടെയും പരമ്പര… ജീവിതം ഇങ്ങനെ തകർന്നിഴയുമ്പോൾ, സംഗീതലോകത്ത് ഉയർന്ന് പ്രശോഭിച്ചിരുന്ന നഥാലി കോൾ എന്ന നക്ഷത്രം ശോഭയറ്റ് നിലംപറ്റാറായിക്കഴിഞ്ഞിരുന്നു.
ഒടുവിൽ, ബേയ് ആന്റി എന്നു നഥാലി വിളിക്കുന്ന പിതൃസഹോദരി ഈവ്‌ലിൻ ആണ് നഥാലിയുടെ സഹായത്തിനെത്തുന്നത്. ‘ആന്റിയുടെ പങ്കുവയ്ക്കലുകളിലൂടെ യേശു വ്യക്തിപരമായി എന്റെ ജീവിതത്തിലേക്കു വന്നു. കൂടുതൽ അറിയുംതോറും എനിക്കു വ്യക്തമായി- ഇവനെത്തന്നെയാണ് ഇത്രകാലവും ഞാൻ തേടി അലഞ്ഞത്. ഈ സ്‌നേഹവും ആനന്ദവുമാണ് ആഗ്രഹിച്ചിട്ടും ഇന്നോളം എനിക്ക് ലഭിക്കാതെപോയത്. അന്നുമുതൽ ദൈവം എന്റെ പിതാവാകുകയായിരുന്നു; എന്നും കൂടെ ആയിരിക്കാൻ ഞാൻ കൊതിച്ച, സ്‌നേഹിച്ചും അടുത്തിരുന്നും മതിവരാത്ത പിതൃവാത്സല്യം ആവോളം ദൈവപിതാവിൽ നിന്ന് എനിക്കു ലഭിച്ചു. ഞാൻ എന്നെത്തന്നെ ഒരു പിഞ്ചുകുഞ്ഞായി അവിടുത്തെ കൈകളിലേകി. പിന്നീടെല്ലാം ത്വരിതഗതിയിലായിരുന്നു. സർവശക്തനായ എന്റെ സ്വർഗീയ പിതാവ് എനിക്കാവശ്യമുള്ളതെല്ലാം പറഞ്ഞുതന്നു പരിശീലിപ്പിച്ചു, പ്രോത്സാഹിപ്പിച്ചു, പരീക്ഷണങ്ങളെയും വെല്ലുവിളികളെയും നേരിടാൻ ബലപ്പെടുത്തി. സകല അടിമത്തങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചു. അവിടുത്തെ പ്രിയമകളെന്ന് അഭിമാനിക്കത്തക്കവിധം രൂപാന്തരപ്പെടുത്തി. പിന്നെ ദൈവമല്ലാതെ ആരെയും, ഒന്നും എനിക്കാവശ്യമില്ലാതായി.’ നഥാലി ആത്മാഭിമാനത്തോടെ വെളിപ്പെടുത്തി.
പണ്ട്, ഒരിറ്റു സ്‌നേഹത്തിനുവേണ്ടി അനേകരുടെ മുൻപിൽ കെഞ്ചിയ നഥാലിക്ക് പിന്നീട് ആരുടെയടുക്കലും യാചിച്ചുനില്‌ക്കേണ്ടി വന്നിട്ടില്ല. ആരുടെയും സ്‌നേഹത്തിനുമുൻപിൽ അവൾ പിന്നെ വീണുപോയതുമില്ല. ദൈവം അവൾക്ക് ആവശ്യത്തിലും അധികമായിരുന്നു. പിന്നെന്തിന് മറ്റുള്ളവരിലേക്ക് ചായണം? ദൈവപിതാവ് തന്റെ പൊന്നുമോൾക്കുവേണ്ടി എല്ലാം ചെയ്തു. ശോഭയറ്റിരുന്ന സംഗീതലോകത്ത് അവാർഡുകളുടെ പെരുമഴ പെയ്യിച്ചു. നഥാലിക്കു നഷ്ടപ്പെട്ടതെല്ലാം ആരോഗ്യവും സ്‌നേഹംപോലും അവിടുന്ന് അനേകമടങ്ങായി നിറച്ചുനല്കി. സർവാധിപനായ ദൈവത്തിന്റെ പ്രിയമകളായി, അവിടുത്തെ മഹത്വപ്പെടുത്തിക്കൊണ്ടായിരുന്നു നഥാലിയുടെ തുടർന്നുള്ള സ്റ്റേജ് ഷോകളും സംഗീത ആൽബങ്ങളും. ദൈവത്തിന്റെ സ്‌നേഹവും പുത്രിസ്ഥാനവും നല്കിയ ആന്തരികകരുത്തിലൂടെ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക് നഥാലി കുതിച്ചു. അവൾക്കു വേദികൾ നിഷേധിച്ചവരുടെയും മാറ്റിനിർത്തിയവരുടെയും മുൻപിൽ ദൈവം അവളെ മഹത്വത്തിന്റെ കിരീടമണിയിച്ച് ആദരിച്ചു. ‘എന്റെ ശത്രുക്കൾക്കു മുമ്പിൽ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു’ എന്ന സങ്കീർത്തനം (23:5) അവൾ ഏറ്റുപാടി.
നോക്കൂ, ദൈവത്തിന്റെ തുലനം ചെയ്യാനാകാത്ത സ്‌നേഹവും വാത്സല്യവും അനുഭവിച്ച്, അവിടുത്തെ പിതാവായി സ്വീകരിച്ചപ്പോൾ എത്ര ഉന്നതമാംവിധമാണ് ജീവിതം മാറ്റിമറിക്കപ്പെടുക? ”അപ്പോൾ നീ കർത്താവിൽ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാൻ സവാരിചെയ്യിക്കും” (ഏശയ്യാ 58:14). യാഥാർത്ഥ്യമാക്കും അവിടുന്ന് ഈ വചനം നമ്മുടെ ജീവിതത്തിലും. നഥാലിയെപ്പോലെ ദൈവമക്കളായി ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുയരേണ്ടവരാണ് നാം. അതിനു വേണ്ടിയല്ലേ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ? കാരണം അത്യുന്നതനും സർവശക്തനും സർവാധികാരിയുമായ ദൈവത്തിന്റെ പ്രിയങ്കരരായ മക്കളാണ് നാം. ”ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രൻമാരും പുത്രികളും ആയിരിക്കും എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു” (2 കോറിന്തോസ് 6:18). ”അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്, ഇന്നു ഞാൻ നിനക്കു ജന്മം നല്കി. എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ നിനക്ക് ജനതകളെ അവകാശമായിത്തരും. ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും” (സങ്കീർത്തനങ്ങൾ 2:8).
തലയൂരാൻ പറ്റുന്നില്ലേ?
എന്നാൽ നഥാലിയുടെ ആദ്യകാലംപോലെ, നിരന്തരം കണ്ണുനീരൊഴുക്കിയും സങ്കടപ്പെട്ടുമാണോ നാം ഇന്ന് ജീവിക്കുന്നത്? ആരുമില്ലെന്ന ഭാരം തകർത്തുകളയുന്നുണ്ടോ? അല്പം സ്‌നേഹിക്കപ്പെടാൻവേണ്ടി അനേകരുടെ മുൻപിൽ യാചിക്കേണ്ടി വന്നോ? ശ്രദ്ധപിടിച്ചുപറ്റാൻ ഇനി ചെയ്യാനൊന്നുമില്ലേ? സമ്പത്തിനും പേരിനും കീർത്തിക്കുംവേണ്ടി ജീവിതം തീറെഴുതിപ്പോയോ? രോഗം മരണത്തോളമെത്തിച്ചോ? ജോലിയും സമ്പത്തും സുഹൃത്തുക്കളും നഷ്ടമായോ? പാപത്തിന്റെ അടിമത്തത്തിൽ നിന്ന് തലയൂരാൻ പറ്റുന്നില്ലേ? ഇല്ല, ഇങ്ങനെ ജീവിക്കേണ്ടവരല്ല നാം. നഥാലിയുടെ രണ്ടാം ജന്മത്തിലേക്കു നോക്കൂ. അവൾക്ക് നഷ്ടമായതെല്ലാം, മാത്രമല്ല അവൾ ആഗ്രഹിച്ചതിലധികവും ദൈവപിതാവ് അവൾക്ക് സമൃദ്ധമായി നല്കി. അവയും അധികവും അവിടുന്ന് നിനക്കുനല്കും.
സ്വർഗത്തിനും ലോകംമുഴുവനും ഉൾക്കൊള്ളാനാകാത്ത വലിയ കടലുപോലെ, സ്‌നേഹമാണ് നിന്റെ പിതാവ്. ആ സ്‌നേഹം സ്വന്തമാക്കിയാൽ പിന്നൊരിക്കലും മറ്റുള്ളവരുടെയടുക്കൽ സ്‌നേഹത്തിനുവേണ്ടി കെഞ്ചില്ല നീ. മനുഷ്യരുടെ സ്‌നേഹപ്രകടനങ്ങളിൽ വീണുപോകയുമില്ല. നിനക്കുവേണ്ടതെല്ലാം അപ്പന്റെ പക്കലുണ്ട്. നിന്റെ ആവശ്യവും കഴിഞ്ഞ് മറ്റുള്ളവർക്ക് കൊടുക്കാൻ കൂടി അവിടുന്ന് സമൃദ്ധമായി നല്കും. ഒന്നുമാത്രം, അവിടുത്തെ അപ്പനായി സ്വീകരിക്കുക. ബാക്കിയെല്ലാം നിനക്കുവേണ്ടി അവിടുന്നു ചെയ്തുകൊള്ളും. ”ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക” (മത്തായി 22:44). അത്രമാത്രമേ നാം ചെയ്യേണ്ടതുള്ളൂ. അപ്പന്റെയടുക്കൽ കൊച്ചുകുഞ്ഞിനെപ്പോലെ സ്‌നേഹിച്ച്, മക്കളുടെ അവകാശമായ വലതുവശത്ത് അവിടുത്തോടു ചേർന്ന് ശാന്തമായി ഇരുന്നാൽ മതി. നമുക്കുവേണ്ടതെല്ലാം അപ്പൻ ചെയ്തുകൊള്ളും; നാം ഒന്നും അറിയുകയേ വേണ്ടതില്ല. പക്ഷേ അവിടുത്തോട് ചേർന്നിരിക്കണം.
സ്വർഗം എനിക്ക് വേണ്ടേ വേണ്ടാട്ടോ..
ഫ്രാൻസിലെ ഗബ്രിയേലെ എന്ന പെൺകുട്ടി ഒരിക്കൽ ഈശോയോട് പറഞ്ഞു: എനിക്ക് സ്വർഗമല്ല എന്റെ ഈശോ, അങ്ങയെയാണ് വേണ്ടത്. അങ്ങയോടൊപ്പം നരകത്തിൽ വരാനും ഞാൻ റെഡി. അങ്ങില്ലെങ്കിൽ സ്വർഗം എനിക്ക് വേണ്ടേ വേണ്ടാട്ടോ… ഈശോ പ്രതിവചിച്ചു: ‘ഞാൻ എന്നെ മുഴുവനായും എന്റെ കുഞ്ഞുങ്ങൾക്കു നല്കി. എന്നെ പൂർണമായി സ്വീകരിക്കുന്നവർക്ക് എന്നെ ലഭിക്കും, മാത്രമല്ല മുഴുവൻ സ്വർഗവും സ്വന്തമാകും. കാരണം ഞാൻതന്നെയാണ് സ്വർഗം.’
തിരുവചനം പറയുന്നു: ”നാം മക്കളെങ്കിൽ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും” (റോമാ 8:17). നിസ്സാരരല്ല, ദൈവത്തെതന്നെ അവകാശമായി ലഭിച്ച ശ്രേഷ്ഠർ! പുത്രനായ ദൈവത്തിന്റെ ഒപ്പത്തിനൊപ്പം അവകാശമുള്ളവർ. അതുകൊണ്ടുതന്നെ അപ്പന്റെമേൽ മാത്രമല്ല അപ്പന്റെ മുഴുവൻ സ്വത്തുക്കൾക്കും അവകാശികളും. സ്വർഗം അപ്പന്റെയാണെങ്കിൽ അതു മക്കളുടെ അവകാശമാണല്ലോ. നാം ദൈവത്തെ പൂർണമായും സ്വീകരിച്ച് സ്‌നേഹിക്കുന്നെങ്കിൽ സ്വർഗംമുഴുവനായും നമുക്കു ലഭിക്കും, അവിടത്തെ ഒരു ചെറിയ സ്ഥലമോ ഒരു ഭവനമോ മാത്രമല്ല എന്നല്ലേ ഇതു വിവക്ഷിക്കുന്നത്? ”ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാൽ, നിങ്ങൾക്ക് രാജ്യം നല്കാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു”(ലൂക്കാ 12: 32). അതുകൊണ്ടല്ലേ പൗലോസ് ശ്ലീഹാ ഉറപ്പിക്കുന്നത്: ”സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി അവനെ ഏൽപിച്ചുതന്നവൻ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നൽകാതിരിക്കുമോ?” (റോമാ 8:32). ഇല്ല, അവനു തരാതിരിക്കാനാകില്ല, എന്നല്ല അവിടുന്ന് അവയെല്ലാം ലോകസ്ഥാപനത്തിനുമുൻപേ നമുക്കു തന്നുകഴിഞ്ഞു. കാരണം ഇവയെല്ലാം സൃഷ്ടിച്ചതുതന്നെ അവിടുത്തെ മക്കളായ നമുക്കുവേണ്ടിയാണ്. ”തന്റെ മുൻപാകെ സ്‌നേഹത്തിൽ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാൻ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവിൽ തെരഞ്ഞെടുത്തു” (എഫേസോസ് 1:4).
നമ്മെ തെരഞ്ഞെടുത്തതിനു ശേഷമാണ് ലോകവും അതിലെ സമസ്തവും അവിടുന്ന് സൃഷ്ടിക്കുന്നത്. മക്കളായ നമുക്കുവേണ്ടതെല്ലാം സ്ഥാപിച്ചശേഷം ദൈവം തന്നെപ്പോലെതന്നെ നമ്മെയും സൃഷ്ടിച്ചു. എന്നിട്ട് ഇങ്ങനെ അനുഗ്രഹിച്ചു: ”ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ” (ഉല്പത്തി 1:28). ലോകത്തെയും അതിലെ സകലത്തെയും കീഴടക്കി ഭരിച്ച്, അവയ്‌ക്കെല്ലാം മുകളിൽ ജീവിക്കേണ്ടവരാണ് ഓരോ ദൈവമക്കളും. കാരണം ദൈവദത്തമായ അധികാരമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. ദൈവത്തിന്റെ അവകാശികൾ മാത്രമല്ല, അവിടുത്തെ അധികാരവും അവിടുന്നു മക്കൾക്ക് നല്കിയിട്ടുണ്ട്. ആ ദൈവിക അധികാരത്തോടെയാണ് നാം ജീവിക്കേണ്ടത്. പാട്രിക്, വിൻസെന്റ് ഫെറർ, ഫ്രാൻസിസ് സേവ്യർ തുടങ്ങി നിരവധി വിശുദ്ധാത്മാക്കൾ, ദൈവമക്കളുടെ ദൈവികാധികാരത്തോടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തവരാണ്. അവർ പൂർണമായും ദൈവമക്കളായതിനാൽ പ്രകൃതിയും പക്ഷിമൃഗാദികളും രോഗവും മരണവും സാത്താനുമെല്ലാം അവർക്കു വിധേയപ്പെട്ടു.
ഉടമകൾ അടിമകൾ, അടിമകൾ ഉടമകൾ
3-ാം നൂറ്റാണ്ടിൽ വിശുദ്ധ പാട്രിക് അയർലണ്ടിൽ നിന്നും പാമ്പുകളെ തുരത്തി. ഇന്നും പാമ്പുകളില്ലാത്ത ഏകരാജ്യം അയർലണ്ടാണ്. വിശുദ്ധ വിൻസെന്റ് ഫെറർ ഒരു തെരുവിലൂടെ പോവുകയായിരുന്നു. ആ പ്രദേശത്തെ സകല പിശാചുബാധിതരും അപ്പോൾതന്നെ മോചിക്കപ്പെട്ടു. ആ ദൈവമകന്റെ സാന്നിധ്യത്തിൽ പിശാചുക്കൾ പേടിച്ചോടി. ”പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല” (ലൂക്കാ 10:19) എന്ന് ഈശോ ഉറപ്പു തന്നില്ലേ? പിന്നെ ആരെയാണ്, എന്തിനെയാണ് നാം ഭയപ്പെടേണ്ടത്? ദൈവത്തെ ഭയപ്പെടുന്നവന് ഒന്നിനെയും ആരെയും ഭയമില്ല. അവിടുത്തെ ഭയപ്പെടാത്തവന് സകലതിനെയും ഭയമായിരിക്കും. നിസാര ഉറുമ്പുമുതൽ കൊതുകിനെയും പാറ്റയെയും പുഴുവിനെവരെ ഭയമാണ്.
”സമസ്തവും അവന്റെ പാദ ങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോൾ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല. എന്നാൽ, എല്ലാം അവന് അധീനമായതായി നാം കാണുന്നില്ല” (ഹെബ്രായർ 2:8). അതിന് കാരണക്കാർ നാം തന്നെ. സമസ്തവും നമ്മുടെ പാദങ്ങൾക്ക് കീഴിലാക്കിത്തന്നിട്ടും നാമിന്ന് സകലത്തിന്റെയും കീഴിലാണെങ്കിൽ അനുതപിച്ച്, ദൈവപിതാവിലേക്കും ആ സ്‌നേഹത്തിലേക്കും മടങ്ങിവരണം. അപ്പോൾ ദൈവപുത്രസ്ഥാനത്തിന് വീണ്ടും അർഹരാകും, സകലതും നമുക്കധീനമാകുകയും ചെയ്യും. പിന്നെ ആർക്കും നമ്മെ പരാജയപ്പെടുത്താനോ തകർക്കാനോ സാധിക്കില്ല. ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അവയൊന്നും നമ്മെ തളർത്തില്ല, കുലുക്കില്ല. കാരണം നാം ദൈവത്തിന്റെ മക്കളാണ്. അവിടുത്തെ അതേ കരുത്തും ബലവും സ്വന്തമായുള്ളവർ.
പ്രതികൂലങ്ങളെ അനുകൂലമാക്കുന്നവർ
ഏതു വിപരീത സാഹചര്യങ്ങളും അനുകൂലമാക്കാൻ ദൈവമക്കൾക്ക് കഴിയും. അതിന്റെ തെളിവാണ് പരിശുദ്ധ അമ്മ. എവിടെയും അമ്മ പതറിയിട്ടുണ്ടോ? ദൈവത്തിന്റെ ഉത്തമപുത്രിയായി അവിടുത്തെ തിരുമനസ് തിരിച്ചറിഞ്ഞ്, പ്രതികൂലങ്ങളെല്ലാം അമ്മ അനുകൂലങ്ങളാക്കി. അപ്പന്റെ സ്‌നേഹത്തിൽ നിരന്തരം വസിച്ചിരുന്നതിനാൽ അപ്പന്റെ മനസറിഞ്ഞ മകളായിരുന്നു പരിശുദ്ധ അമ്മ. അതിനാൽ അപ്പൻ തന്റെ സകല മനുഷ്യമക്കളിലും ശ്രേഷ്ഠസ്ഥാനം നല്കി അനുഗ്രഹിച്ചില്ലേ? പരിശുദ്ധ ത്രിത്വം കഴിഞ്ഞാൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലും ഏറ്റം സമുന്നതസ്ഥാനവും അധികാരവും രാജ്ഞിപദവും പരിശുദ്ധ അമ്മയ്ക്കല്ലേ. കാരണം അമ്മ ദൈവത്തിന്റെ മകളായി ജീവിച്ചു.
ദൈവത്തിന്റെ മക്കൾ ദൈവത്തിന്റെ മക്കളെപ്പോലെ ജീവിക്കണം. ദാസനെയോ അടിമയെയോപോലെ അല്ല. അതിന് പരിശുദ്ധ അമ്മയുടെ സഹായം തേടാം.
ആൻസിമോൾ ജോസഫ്