ഏറ്റവും ശക്തിയുള്ള അടയാളം

അത് 2013-ന്റെ അവസാനദിനങ്ങളായിരുന്നു. അന്ന് എന്റെ കൊച്ചുമകൾക്ക് ഏതാണ്ട് മൂന്നുവയസ് പ്രായം വരും. ഒരു ദിവസം സന്ധ്യ മുതൽ കുഞ്ഞ് ശാരീരികമായി എന്തൊക്കെയോ അസ്വസ്ഥതകൾ കാണിക്കുവാൻ തുടങ്ങി. ഇടയ്ക്കിടെ കരച്ചിലും. രാത്രി പത്തുമണിയോടെ മരുമകൾ രണ്ട് കുഞ്ഞുങ്ങളുമായി അവരുടെ മുറിയിലും ഞാനും ഭാര്യയും ഞങ്ങളുടെ മുറിയിലും ഉറങ്ങുവാൻ പോയി. മകൻ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണ്.

ഞാൻ കട്ടിലിലേക്ക് കിടന്നപാടെ ഉറങ്ങിപ്പോയി. രാത്രി വൈകുന്നതനുസരിച്ച് കുഞ്ഞിന്റെ കരച്ചിലും വർധിച്ചുകൊണ്ടിരുന്നു. രാത്രി ഒരു മണി സമയം. ഭാര്യ എന്നെ വിളിച്ചുണർത്തി പറഞ്ഞു ‘അന്നാമോൾ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുകയാണ്, വേഗം എഴുന്നേല്ക്ക്.’ മരുമകളും ഒട്ടും ഉറങ്ങിയിരുന്നില്ല. കരയുന്ന കുഞ്ഞിനെയുംകൊണ്ടവൾ സമയം തള്ളിനീക്കുകയാണ്. ഞാൻ ചാടി എഴുന്നേറ്റ് വീടിന്റെ പ്രധാന മുറിയിലേക്ക് വന്നപ്പോഴേക്കും മരുമകളും പ്രധാന മുറിയിലെത്തി.

കുഞ്ഞ് കരഞ്ഞുകരഞ്ഞ് വാടിത്തളർന്ന് അവളുടെ കൈയിൽ കിടപ്പുണ്ട്. അപ്പോഴും കുഞ്ഞ് ശക്തമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. മരുമകൾ എന്നോട് പറഞ്ഞു, ‘പപ്പാ വേഗം ഒരുങ്ങ്, കുഞ്ഞിനെയുംകൊണ്ട് ഡോക്ടറുടെ അടുത്ത് പോകാം, വേഗം ഒരുങ്ങ്, വേഗം ഒരുങ്ങ്.’ ഇങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഭാര്യയും അപ്പോഴേക്കും പ്രധാന മുറിയിലെത്തി. അവളും പറഞ്ഞു, വേഗം ഡ്രസ് ചെയ്യ്. കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകൂ.

ഒരു നിമിഷം ഞാൻ ചിന്തിച്ചു, രാത്രി ഒരുമണി കഴിഞ്ഞിരിക്കുന്നു. അന്നാമോളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ വീട്ടിൽനിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് താമസം. കുഞ്ഞിനെ എത്രയും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കണമെങ്കിൽ ഞാൻ കാർ ഒരുവിധം നല്ല സ്പീഡിൽതന്നെ ഓടിക്കണം. അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെ. അഥവാ കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് എത്തിച്ചാൽത്തന്നെ നിലക്കാതെ കരയുന്ന കുഞ്ഞിന് തന്റെ രോഗം എന്താണെന്ന് പറയാൻ കഴിയില്ല.
ഞങ്ങൾക്കും കുഞ്ഞിന്റെ കരച്ചിലിന്റെ കാരണം എന്താണെന്ന് അറിയില്ല. കുഞ്ഞിന് രോഗം എന്താണെന്ന് ഡോക്ടർ എങ്ങനെ അനുമാനിക്കും? ഡോക്ടർ ഊഹാപോഹം വച്ച് എന്തെങ്കിലും മരുന്ന് തന്നാൽ നില്ക്കാതെ കരയുന്ന കുഞ്ഞിന് എങ്ങനെ കൊടുക്കും? കൊടുത്താൽത്തന്നെ കുഞ്ഞിന്റെ കരച്ചിൽ അടങ്ങണം എന്നും ഇല്ലല്ലോ.

അസ്വസ്ഥതയുടെ നേരങ്ങളിൽ
പെട്ടെന്ന് എന്റെ മനസ് മന്ത്രിച്ചു, വിളിച്ചുതീരുന്നതിനുമുമ്പ് ഉത്തരം നല്കുന്ന ദൈവം നിന്നോടുകൂടെയുള്ളപ്പോൾ (ഏശയ്യാ 65:24) സകല വൈദ്യന്മാരെക്കാൾ മതിയായ വൈദ്യൻ നിന്റെ വീട്ടിലുള്ളപ്പോൾ, നീ എന്തിന് പാതിരാത്രി കഴിഞ്ഞ ഈ സമയം കുഞ്ഞിനെയുംകൊണ്ട് 15 കിലോമീറ്റർ അപ്പുറം മറ്റൊരു വൈദ്യനെ അന്വേഷിച്ചുപോകണം?

ഞാൻ പെട്ടെന്ന് കുഞ്ഞിനെ മരുമകളുടെ കൈയിൽനിന്ന് ബലമായി പിടിച്ചുവാങ്ങി. അവിടെത്തന്നെ ഇരുന്ന് കുഞ്ഞിനെ മടിയിൽ കിടത്തി യേശുനാമം വിളിച്ചപേക്ഷിച്ച് വിശ്വാസത്തോടെയും പൂർണരൂപത്തിലും കുഞ്ഞിന്റെ നെറ്റിയിലും നെഞ്ചത്തും തോളത്തും കുരിശടയാളം വരച്ചുകൊണ്ടിരുന്നതിനോടൊപ്പം അവളുടെ കരച്ചിലിനെ ശാസിച്ചുകൊണ്ടിരുന്നു. ‘കുഞ്ഞേ, നീ യേശുവിന്റെ നാമത്തിൽ ശാന്തമാകൂ, യേശുനാമത്തിൽ കുഞ്ഞിന്റെ ബന്ധനം വിട്ടുപോകട്ടെ’ എന്നൊക്കെ പ്രാർത്ഥിച്ചു. ഇതിനോടകം എന്റെ ജപമാല ഊരിയെടുത്ത് അതിന്റെ കുരിശ് കുഞ്ഞിന്റെ നെറ്റിയിൽ അമർത്തിവക്കുകയും ചെയ്തു.
രണ്ടുമൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ കുഞ്ഞ് പൂർണമായും ശാന്തമായി. കരച്ചിൽ തീർത്തും അടങ്ങി. ”വിശ്വാസത്തോടുകൂടിയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും” (യാക്കോബ് 5:15). ഞാൻ മരുമകളോട് പറഞ്ഞു, നീ പോയിക്കിടന്ന് ഉറങ്ങിക്കോ. കുഞ്ഞ് എന്റെ കൂടെ കിടക്കട്ടെ! ഞാൻ കുഞ്ഞിനെ എന്റെ ബെഡിൽ കൊണ്ടുപോയി വിശുദ്ധ ബൈബിൾ അവളുടെ തലയുടെ ഭാഗത്ത് എടുത്തുവച്ച് ജപമാലയും അവളുടെ കഴുത്തിലിട്ട് കിടത്തി. രാവിലെ എട്ടുമണിവരെ അവൾ ശാന്തമായി കിടന്നുറങ്ങി. ”ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു, ഉണർന്നെഴുന്നേല്ക്കുന്നു; എന്തെന്നാൽ, ഞാൻ കർത്താവിന്റെ കരങ്ങളിലാണ്” (സങ്കീർത്തനങ്ങൾ 3:5).

വിശ്വാസിയാണെന്ന് നീ സ്വയം അഭിമാനിക്കുകയാണോ? അതോ നിനക്ക് ഉറച്ച വിശ്വാസമുണ്ടോ? എന്ന് പരീക്ഷിക്കുവാനായി ‘അന’വസരങ്ങളിൽ ദൈവം ബോധപൂർവം ഇത്തരം പരീക്ഷകൾ നമ്മുടെ മുൻപിൽ ഇട്ടുതരാറുണ്ട്. നമ്മുടെ വിശ്വാസം പരീക്ഷിക്കുവാനായിട്ടാണ് ദൈവം അപ്രകാരം ചെയ്യുന്നത്. ഈ പ്രതിസന്ധിയെ ആത്മീയമായി അഭിമുഖീകരിക്കുവാനുള്ള ശക്തി നിനക്കുണ്ടോ? നീ ഇതിനെ എപ്രകാരം ആത്മീയമായി നേരിടുന്നു? അതോ ഈ പ്രതിസന്ധിയുടെ നടുവിൽ നീ ഇടറി വീണുപോകുമോ?

എല്ലാ സന്ദർഭങ്ങളിലും കുരിശടയാളം ഉപയോഗിച്ച് യേശുനാമം ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നത് അത്യന്തം അനുഗ്രഹപ്രദമെന്ന് ഓർക്കാം. മരുന്ന് കഴിക്കുമ്പോൾ, മരുന്ന് എടുത്തുകൊടുക്കുമ്പോൾ, ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ, കുഞ്ഞുങ്ങൾ സ്‌കൂളിൽ പോകുമ്പോൾ… അങ്ങനെ ഏതു സമയത്തും അനുയോജ്യമാണ് ഇവ്വിധമുള്ള പ്രാർത്ഥന.

പ്രതിസന്ധികളിൽ നാം കർത്താവിന്റെ മുഖത്തേക്കുതന്നെ നോക്കേണ്ടവരാണ്. വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിന് മീതെ കർത്താവിന്റെ മുൻപിലേക്ക് നടന്നടുക്കുമ്പോൾ പത്രോസ് കർത്താവിന്റെ മുഖത്തുനിന്ന് ദൃഷ്ടി മാറ്റി ഓളപ്പരപ്പിലേക്ക് നോക്കിയ നിമിഷം പത്രോസിന്റെ കാലിടറി വെള്ളത്തിലേക്ക് താഴാൻ തുടങ്ങിയ നിമിഷം, കർത്താവ് പത്രോസിന്റെ കരം കടന്നുപിടിച്ച് അവനെ ‘അല്പവിശ്വാസീ’ എന്നത്രേ വിളിച്ചത്.

നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നമുക്ക് കർത്താവിനോട് ഈ വിധം പ്രാർത്ഥിക്കുവാൻ സാധിക്കണം ”ഇടറി വീഴുവാൻ ഇടയാക്കരുതേ യേശുനാഥാ… എന്റെ ജീവനാഥാ…”

പി.സി തോമസ്

Leave a Reply

Your email address will not be published. Required fields are marked *