അത്ഭുതങ്ങൾ ആരംഭിക്കുന്നതെവിടെനിന്ന്?

ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വളരെ ശക്തമായ കത്തോലിക്കാ ടെലിവിഷൻ ചാനലാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് അതിന് 264 ദശലക്ഷം പ്രേക്ഷകരുണ്ട്. നമ്മുടെ ശാലോം ടെലിവിഷൻപോലെ ദൈവപരിപാലനയിൽമാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നതും സഭയുടെ പഠനങ്ങളോട് തികച്ചും വിശ്വസ്തത പുലർത്തുന്നതുമാണ് ഈ ചാനൽ.

ഇത്രയും ശക്തമായ ഒരു ടെലിവിഷൻ ചാനൽ ആരംഭിക്കുവാൻ ദൈവം ഉപകരണമാക്കിയതോ ഒരു സാധാരണ കന്യാസ്ത്രീയെ. അവരുടെ പേര് മദർ ആഞ്ചലിക്ക. 2016-ലെ ഈസ്റ്റർ ദിനത്തിലാണ് അവർ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. അവർ മരിച്ച ദിവസം ഫ്രാൻസിസ് മാർപാപ്പ മുകളിലേക്ക് വിരൽ ചൂണ്ടി മദർ നിശ്ചയമായും സ്വർഗത്തിലാണ് എന്ന് പറഞ്ഞത് വളരെയധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ഇത്രയും ശക്തമായി ദൈവം ഉപയോഗിച്ച മദർ ആഞ്ചലിക്കായുടെ തുടക്കം വളരെ സാധാരണ മട്ടിലായിരുന്നു. എന്നുമാത്രമല്ല, വലിയ സഹനങ്ങളിലൂടെയും തകർച്ചകളിലൂടെയും അവർക്ക് കടന്നുപോകേണ്ടതായി വന്നു.

ഉയരങ്ങളിലേക്കുള്ള വഴികൾ
വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് റീത്ത (മദറിന്റെ ആദ്യത്തെ പേര്) ജനിച്ചത്. അവൾക്ക് ആറ് വയസുള്ളപ്പോൾ അപ്പൻ അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ അമ്മ വളരെ പ്രയാസപ്പെട്ടിരുന്നുവെന്ന് മദർ ഓർക്കാറുണ്ട്. കൂനിന്മേൽ കുരുവെന്ന വണ്ണം റീത്തയുടെ അമ്മയ്ക്ക് ഒരു മാനസിക ഡിപ്രഷൻ ഉണ്ടായി.

താൻ ആത്മഹത്യ ചെയ്യുമെന്ന് പലപ്പോഴും അവർ മകളോട് പറഞ്ഞിരുന്നു. റീത്ത സ്‌കൂളിൽ പോയിരുന്നുവെങ്കിലും ക്ലാസുകളിൽ ശ്രദ്ധിക്കുവാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. കാരണം താൻ തിരിച്ച് വീട്ടിൽ വരുമ്പോൾ അമ്മയെ ജീവനോടെ കാണുവാൻ സാധിക്കുമോ എന്നായിരുന്നു അവളുടെ ഉത്ക്കണ്ഠ.
ഇതിന് പുറമെ മറ്റൊരു വലിയ സഹനത്തിലൂടെയും അവൾക്ക് കടന്നുപോകേണ്ടി വന്നു. അവൾക്ക് പതിനാറ് വയസുള്ളപ്പോൾ ശക്തമായ വയറുവേദന ആരംഭിച്ചു. പരിശോധനയിൽ വയറ്റിൽ വലിയൊരു മുഴ വളരുന്നതായി കണ്ടെത്തി. പല ചികിത്സകളും നടത്തിനോക്കി. പക്ഷേ, ഫലമുണ്ടായില്ല. അങ്ങനെ അവൾ അക്കാലത്തെ അറിയപ്പെടുന്ന രോഗശാന്തി ശുശ്രൂഷകയായ റോൺഡ വൈസ് എന്ന വനിതയുടെ അടുത്തെത്തി. അവർക്ക് കിട്ടിയ പരിശുദ്ധാത്മ പ്രചോദനപ്രകാരം വിശുദ്ധ കൊച്ചുത്രേസ്യയുടെ മാധ്യസ്ഥം തേടി ഒരു നൊവേന നടത്തുവാൻ പറഞ്ഞു. റീത്ത അത് കണ്ണടച്ച് വിശ്വസിച്ച് നൊവേന പ്രാർത്ഥന തുടങ്ങി. വിശ്വസിക്കുന്നവർക്കാണല്ലോ ദൈവമഹത്വം ദർശിക്കുവാൻ സാധിക്കുന്നത്. അത്ഭുതമെന്ന് പറയട്ടെ നൊവേനയുടെ അവസാനദിവസം അവളുടെ വയറുവേദന പൂർണമായും സുഖപ്പെട്ടു. മുഴ അപ്രത്യക്ഷമായി.

കാര്യം കാണുവാനുള്ള പ്രാർത്ഥനയാണ് നൊവേന എന്ന് പലരും വിമർശിക്കാറുണ്ട്. എന്നാൽ എല്ലാ മനുഷ്യർക്കും അവരുടെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. ജീവിതം വഴിമുട്ടി നില്ക്കുന്ന ഒരു സാഹചര്യം. അവിടെ മുന്നോട്ട് പോകുവാനുള്ള വഴി കാണിച്ചുകൊടുത്തില്ലെങ്കിൽ വിശ്വാസികൾ ഒന്നുകിൽ നിരാശയിൽ വീണുപോയേക്കാം. അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടിപ്പോകാം. മാത്രവുമല്ല, പലർക്കും ദൈവം തങ്ങളെ കാണുന്നുണ്ടെന്നും അറിയുന്നുണ്ടെന്നുമുള്ള ആ തിരിച്ചറിവ് ഇതിലൂടെയാണ് ലഭിക്കുന്നത്. റീത്തയുടെ അനുഭവവും മറ്റൊന്നായിരുന്നില്ല.

വിശുദ്ധ കൊച്ചുത്രേസ്യയുടെ പ്രാർത്ഥനയിലൂടെ തന്നെ സുഖപ്പെടുത്തിയത് ഇന്നും ജീവിക്കുന്ന യേശുവാണെന്ന് അവൾ തിരിച്ചറിഞ്ഞു. നന്ദിയുടെ ഒരു നദി അവളെ വന്ന് മൂടി. പ്രതിസ്‌നേഹം കാണിക്കുവാൻ അവളുടെ മനസ് വെമ്പൽകൊണ്ടു. അങ്ങനെ അവളുടെ ഇരുപത്തിയൊന്നാം വയസിൽ ജീവിതം പൂർണമായും യേശുവിന് സമർപ്പിക്കുവാനായി അവൾ മഠത്തിൽ ചേർന്നു. മേരി ആഞ്ചലിക്ക എന്ന പേര് സ്വീകരിച്ചുകൊണ്ട്.

ഒരു വിജയരഹസ്യം
മേരി ആഞ്ചലിക്കയുടെ അസാധാരണമായ വിജയത്തിന്റെ രഹസ്യം ദൈവം തനിക്കായി ഒരുക്കിയ പ്രത്യേക മേഖല കണ്ടെത്തുവാൻ സാധിച്ചു എന്നതാണ്. തന്റെ പ്രവർത്തനരംഗം മാധ്യമമേഖലയാണെന്ന് അവർ മനസിലാക്കി. പ്രസംഗിക്കുവാനും എഴുതുവാനുമുള്ള ദൈവദത്തമായ കഴിവുകൾ ദൈവമഹത്വത്തിനായി ഉപയോഗിക്കണമെന്ന് അവർ നിശ്ചയിച്ചു. ആരെയും ആകർഷിക്കുന്ന വാഗ്‌വിലാസം അവർക്കുണ്ടായിരുന്നു. ദൈവമഹത്വത്തിനായി പ്രവർത്തിക്കുവാൻ ജീവിതം സമർപ്പിക്കുന്നവരെ ദൈവം എക്കാലത്തും ശക്തമായി ഉപയോഗിക്കുകയും വഴിനടത്തുകയും ചെയ്തു.

മദറിന്റെ കാര്യത്തിലും ദൈവം ഇടപെട്ടു. മദറിന്റെ ഉജ്വല പ്രഭാഷണങ്ങൾ കേട്ട ഒരാൾ ഇപ്രകാരം പറഞ്ഞു: ‘മദറിന്റെ പ്രസംഗങ്ങൾ എത്ര പ്രചോദനാത്മകമാണ്. എന്നാൽ അവ ഇപ്പോൾ ഞങ്ങൾ മാത്രമേ കേൾക്കുന്നുള്ളല്ലോ. അവ റെക്കോർഡ് ചെയ്ത് വിതരണം ചെയ്താൽ അനേകായിരങ്ങൾക്ക് പ്രയോജനപ്രദമാകും. അതൊരു നല്ല നിർദേശമായി മദറിന് തോന്നി.

അങ്ങനെ 1969-ൽ മദറിന്റെ പ്രസംഗങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടു. മദർ കൂടുതൽ പ്രശസ്തയായി, കൂടുതൽ ശ്രോതാക്കളുണ്ടായി. അപ്പോൾ ദൈവം അടുത്ത തലത്തിലേക്ക് നയിച്ചു. റേഡിയോ നിലയംഅധികൃതർ മദറിന്റെ പ്രസംഗങ്ങൾ ശ്രദ്ധിച്ചു. അവർ ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് വർഷങ്ങൾക്കുശേഷം അതായത് 1971-ൽ മദർ റേഡിയോ പ്രഭാഷണങ്ങൾ ആരംഭിച്ചു.

ടെലിവിഷൻ പതിയെ പ്രചാരം നേടുന്ന കാലമായിരുന്നു അത്. റേഡിയോ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മദറിന് ടെലിവിഷൻ മേഖലയിൽ കടന്നുചെല്ലുവാനും ദൈവം വഴിയൊരുക്കി. 1978-ൽ അവരുടെ ടെലിവിഷൻ പ്രോഗ്രാമുകൾ ആരംഭിച്ചു. ‘നമ്മുടെ പൈതൃകം’ എന്ന ശീർഷകത്തിലുള്ള അരമണിക്കൂർ പ്രോഗ്രാം നല്കിക്കൊണ്ടായിരുന്നു തുടക്കം. മദറിന്റെ പ്രോഗ്രാം പ്രേക്ഷകരുടെ സജീവശ്രദ്ധ ആകർഷിച്ചു.

വൻകാര്യങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർ
യേശുവിന് ഒന്നാം സ്ഥാനം നല്കുവാൻ എല്ലാ നാളുകളിലും തീരുമാനിക്കുന്നവരെ മാത്രമേ അവിടുന്ന് കൂടുതൽ വലിയ കാര്യങ്ങൾക്കായി നിയോഗിക്കാറുള്ളൂ. ദൈവത്തിന്റെ പ്രീതി അന്വേഷിക്കണമോ അതോ മനുഷ്യന്റെ നല്ല അഭിപ്രായം തേടണമോ എന്ന കാര്യം തീരുമാനിക്കുവാൻ പലപ്പോഴും നമ്മുടെ ജീവിതത്തിൽ സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. നമ്മൾ രണ്ടാമത്തെ വഴിയാണ് സ്വീകരിക്കുക. കാരണം അതാണ് എളുപ്പവും റിസ്‌ക്ക് ഇല്ലാത്തതും. പക്ഷേ ദൈവത്തിനുവേണ്ടി റിസ്‌ക്ക് എടുക്കുവാൻ തയാറാകുന്നവർ വളരെ ചുരുക്കമാണ്. പക്ഷേ അവരാണ് ദൈവനാമത്തിൽ ലോകത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. മദർ ആഞ്ചലിക്കയുടെ ജീവിതത്തിൽ അത്തരമൊരു സന്ദർഭമുണ്ടായി.

അവർ പ്രോഗ്രാം ചെയ്തുകൊണ്ടിരുന്ന ടെലിവിഷൻ ചാനലുകൾ യേശുവിനെ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രോഗ്രാം ടെലിക്കാസ്റ്റ് ചെയ്യുവാൻ തീരുമാനിച്ചു. യേശുവായിരുന്നു മദറിന് പരമപ്രധാനം. യേശുവിനുണ്ടാകുന്ന വേദന സ്വന്തം വേദനയായി കണ്ട മദർ അതിനെ ശക്തിയുക്തം എതിർത്തു. എന്നാൽ അവർ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. ആ ചാനലിൽ പ്രോഗ്രാം തുടർന്ന് ചെയ്യില്ലെന്ന് മദർ പ്രഖ്യാപിച്ചു. മദറിന് ഇനി ഇതുപോലെ ഒരു അവസരം കിട്ടുകയില്ലായെന്ന് അവർ പറഞ്ഞപ്പോൾ മദർ ഇപ്രകാരം പറഞ്ഞത്രേ ”ഞാൻ സ്വന്തമായി ഒരു ചാനൽ തുടങ്ങും.”

യേശുവിൽ പൂർണമായി വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടവരാരും ഒരു കാലത്തും നിരാശരായിട്ടില്ല. അസാധ്യകാര്യങ്ങൾ സാധ്യമാക്കുന്ന സർവശക്തനാണ് അവിടുന്ന്. ഒരു കന്യാസ്ത്രീക്ക് ഒരിക്കലും ചെയ്യുവാൻ സാധിക്കുകയില്ലെന്ന് ലോകം വിധിയെഴുതിയ കാര്യം അങ്ങനെ നടന്നു. 1981 ഓഗസ്റ്റ് 15-ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ ദിവസം ഇ.ഡബ്ല്യു.റ്റി.എൻ പിറന്നുവീണു. കാലിത്തൊഴുത്തിൽ പിറന്ന രക്ഷകന്റെ പിറവിക്ക് സദൃശമെന്നോണം ഒരു കാർഷെഡിലാണ് അത് ജന്മമെടുത്തത്. ചാനൽ ആരംഭിച്ചപ്പോഴുള്ള മൂലധനമോ വെറും ഇരുന്നൂറ് ഡോളർമാത്രവും. അതെ, ദൈവത്തിന് ലോകത്തിന്റെ പരിമിതികൾ ഒരു തടസമല്ല. ദൈവത്തിന്റെ സർവശക്തിയിലുള്ള വിശ്വാസവും ദൈവപരിപാലനയിലുള്ള പൂർണമായ ആശ്രയത്വവുമായിരുന്നു മദറിന്റെ ഏകമൂലധനം. ആ കാർഷെഡിൽ ആരംഭിച്ച ചാനലാണ് ഇന്ന് ലോകമെമ്പാടും പ്രകാശം പരത്തുന്ന ഒന്നായി ദൈവം ഉയർത്തിയത്.

ആഞ്ചലിക്ക, ഒരു സന്ദേശം
ദൈവത്തെ നിഷേധിക്കുന്ന ഈ കാലഘട്ടത്തിൽ മദർ ആഞ്ചലിക്കയുടെ ജീവിതം വലിയ സന്ദേശം നല്കുന്നുണ്ട്. ദൈവത്തിന് എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും മനോഹരമായ ഒരു പദ്ധതിയുണ്ട്. മദർ ആഞ്ചലിക്കയുടെ ജീവിതത്തിലുണ്ടായ വലിയ സഹനങ്ങൾ അത് നിറവേറ്റുവാൻ ഒരു തടസമായിരുന്നില്ല. അതിനാൽ എപ്പോഴും നമുക്ക് ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണാം. ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്ന് ലോകത്തിന്റെ നാനാഭാഗത്തുണ്ട്. അവരൊക്കെ ജീവിക്കുന്ന ദൈവത്തിന്റെ സാക്ഷികളാണ്. കാരണം ദൈവം ഉള്ളതുകൊണ്ടാണല്ലോ ദൈവപരിപാലന ഉള്ളത്. ഈ ലേഖനം വായിക്കുന്ന നിങ്ങൾ ഏതെങ്കിലും ഒരു പ്രശ്‌നത്തിലൂടെ കടന്നുപോകുന്നുണ്ടാകാം. നാളെയെക്കുറിച്ചുള്ള ഉൽക്കണ്ഠ നിങ്ങളെ ഭാരപ്പെടുത്തുന്നുണ്ടാകാം. ഓർക്കുക, ദൈവം നിങ്ങളുടെ തൊട്ടടുത്തുണ്ട്. കണ്ണ് തുറന്ന് അവിടുത്തെ നോക്കുക. അവിടുന്ന് നിങ്ങൾക്ക് മതിയായവനാണ്.

ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം:
പിതാവേ, അങ്ങയെ കാണുവാൻ എനിക്ക് കൃപ നല്കണമേ. എന്റെ ഭാരങ്ങളെ ഏറ്റെടുത്താലും. ഞാൻ ഇപ്പോൾ പൂർണമായും അങ്ങയിൽ ആശ്രയിക്കുന്നു. എന്നെ ഏറ്റെടുക്കണമേ. അങ്ങേക്ക് മാത്രം നല്കുവാൻ സാധിക്കുന്ന സമാധാനത്താൽ എന്റെ മനസിനെ ഇപ്പോൾ നിറച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കണമേ, ആമ്മേൻ.

കെ.ജെ. മാത്യു

1 Comment

  1. joy says:

    very impressive and inspirational article. thank you brother and God bless you

Leave a Reply

Your email address will not be published. Required fields are marked *