വരപ്രസാദം പൂക്കുന്ന നാളുകൾ

കേരളനാട്ടിലെ ആദ്യത്തെ ആശ്രമത്തിന് അടിത്തറ പാകിയത് വിശുദ്ധ ചാവറയച്ചനാണ്. സ്റ്റെബിലിനി മെത്രാനിൽനിന്ന് അനുവാദപത്രവും വാങ്ങി ഗുരുഭൂതരായ പോരൂക്കരയച്ചന്റെയും പാലയ്ക്കലച്ചന്റെയും അടുത്തെത്തിയപ്പോൾ അന്ന് സന്തോഷത്തിന് അതിരില്ലായിരുന്നു. കാലങ്ങളായി സ്വപ്നം കണ്ടതും പ്രാർത്ഥിച്ചതും ഇതിനുവേണ്ടിയായിരുന്നു.

പക്ഷേ മറ്റ് അധികൃതരിൽനിന്ന് ആശ്രമഭൂമിക്കടുത്തേക്ക് സ്ഥലംമാറ്റം ലഭിച്ചില്ല. ഗുരുഭൂതർക്കൊപ്പം പ്രവർത്തിക്കാനുള്ള സാഹചര്യങ്ങളും അനുവദിക്കപ്പെട്ടില്ല. പക്ഷേ അധികൃതരെ അദ്ദേഹം അനുസരിച്ചു. അപേക്ഷ തുടർന്നുകൊണ്ടുമിരുന്നു. തന്റെ ആശ്രമജീവിതം അന്നവിടെ തുടങ്ങിയെന്നാണ് ആ പുണ്യപുരുഷൻ തന്റെ ഓർമക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.

സാവൂളും പാദ്രേപിയോയും
ഇസ്രായേലിന്റെ രാജാവായിരുന്നു സാവൂൾ. കിഷിന്റെ ഇഷ്ടപുത്രൻ. വീട്ടിലെ കഴുതയെ കാണാതെ വന്നപ്പോൾ അന്വേഷിച്ച് കണ്ടെത്താൻ ഭൃത്യനൊപ്പം പറഞ്ഞുവിട്ടതാണ് അവനെ. കഴുതയെ ലക്ഷ്യംവച്ചുള്ള യാത്ര അവനെ രാജകൊട്ടാരത്തിലെത്തിച്ചു. എന്തെന്നാൽ ദൈവത്തിനവൻ പ്രിയനായിരുന്നു. രാജാവായ സാവൂളിന്റെ കീഴിൽ ഇസ്രായേൽ സന്തോഷത്തോടെ മുന്നേറുമ്പോഴാണ് ശത്രുക്കളായ അമലേക്യരുമായുള്ള യുദ്ധം ആരംഭിക്കുക. വിജയത്തിന് സൈന്യബലം മാത്രം പോരെന്നും വിജയം കൊടുക്കുന്ന കർത്താവ് വേണമെന്നും സാവൂളിനറിയാം. ജനം സാവൂളിനൊപ്പം പ്രാർത്ഥിക്കാൻ തുടങ്ങി. ദൈവമവർക്ക് വിജയം വാഗ്ദാനം ചെയ്തു. അതിന് ഒരു വ്യവസ്ഥമാത്രം: ‘അവരുടെ സ്വന്തമായതൊന്നും നിന്റേതാക്കരുത്. നിനക്കാവശ്യമായതെല്ലാം ഞാൻ തരും.’ അന്ന് തലയാട്ടി സമ്മതിച്ചവർ വിജയത്തിന്റെ ലഹരിയിൽ വ്യവസ്ഥ മറന്നു. അമലേക്യരുടെ തടിച്ച ആടുമാടുകളിലും കുഞ്ഞാടുകളിലും കണ്ണുടക്കി. എന്തിനിവയെ നശിപ്പിക്കണം? ദൈവത്തിന് ഒരു പങ്ക് കൊടുക്കുകയും ചെയ്‌തേക്കാം. കവർച്ചവസ്തുക്കൾ പലതും കൈവശമാക്കി.

വാഗ്ദാനങ്ങളുടെ ദൈവം അന്ന് രാത്രി സാവൂളിനെ ഓർത്ത് കരഞ്ഞു. ദൈവത്തിന്റെ വ്യവസ്ഥകളിൽ തന്നിഷ്ടം കലർത്തുമ്പോൾ സാവൂളിനെ ഓർത്തു മാത്രമല്ല, എന്നെയുമോർത്ത് അവൻ കരയും. സാമുവേലിനെ ദൈവം വിവരമറിയിച്ചു: സാവൂളിനെ രാജാവാക്കിയതിൽ എന്റെ മനം നോവുന്നുവെന്ന് (1 സാമുവൽ 15:11). ദൈവത്തിനൊപ്പം സാമുവേലും അന്നുരാത്രി പൊട്ടിക്കരഞ്ഞു. ദൈവേഷ്ടത്തിന്റെ കുറുകെ തന്നിഷ്ടത്തിന്റെ ആലോചനകളും ചെയ്തികളും നടക്കുമ്പോൾ തളരുന്നത് വാഗ്ദാനങ്ങളുടെ ദൈവത്തിന്റെ നെഞ്ചകമാണെന്നോർക്കുക.

പിറ്റേന്ന് രാജകൊട്ടാരത്തിലെത്തി, സാമുവേൽ. ‘ഞാൻ കർത്താവിന്റെ കല്പന നിറവേറ്റി’ എന്ന വീരവാദം മുഴക്കിയാണ് സാവൂളന്ന് സാമുവേലിനെ സ്വീകരിച്ചത്. എന്നാൽ അപ്പുറത്ത് ആടുകളുടെ നിലവിളിയും കാളകളുടെ മുക്രയിടലും എന്താണർത്ഥമാക്കുന്നത്? സാവൂൾ കാര്യം പറഞ്ഞു, അമലേക്യരുടെ നാട്ടിൽനിന്നും കൊണ്ടുവന്നതാണ്. കവർച്ചവസ്തുക്കളിൽ മേന്മയേറിയതിൽ കണ്ണുടക്കിയ സാവൂളിന്റെ ചെയ്തികൾ എത്രകണ്ട് ദൈവം വെറുക്കുന്നുവെന്ന് സാമുവേൽ പലതവണ പറഞ്ഞിട്ടും അവനത് ബോധ്യമായില്ല. സാവൂൾ പറഞ്ഞു: ‘കർത്താവിന് ബലിയർപ്പിക്കാൻ ഞങ്ങളൊരുങ്ങുകയാണ്. നല്ല കാളകളെയും ആടുകളെയും ഞങ്ങളിന്ന് ദഹനബലിയായി കൊടുക്കും.’ സാമുവേൽ പ്രതികരിച്ചു. തന്റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു കാഴ്ചകളും അർപ്പിക്കുന്നതോ കർത്താവിന് പ്രീതികരം? ”അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസിനെക്കാൾ ഉത്കൃഷ്ടം” (1 സാമുവൽ 15:22).

വിലയുള്ള ദൈവത്തെ ദഹനബലികൾകൊണ്ടു വിലയ്ക്ക് വാങ്ങാമെന്നു ആരാണവനെ തെറ്റിദ്ധരിപ്പിച്ചത്? ‘തന്നിഷ്ടം’ ബലി ചെയ്യാതെ ബലിപീഠമൊരുക്കിയതാണ് സാവൂളിന്റെ തെറ്റ്. അന്നുവരെ അവന് നല്കപ്പെട്ടതെല്ലാം അവന് നഷ്ടമായി. സ്ഥാനവും സൽപേരും സമ്പത്തും എല്ലാം.

ദൈവത്തിനായി ചെയ്യുന്നതിന്റെ വലുപ്പത്തിലല്ല, അവൻ പറയുന്നത് ചെയ്യുന്നതിന്റെ വലുപ്പത്തിലാണ് വരപ്രസാദം അടങ്ങുക. പുത്തനാണ്ടിൽ അവനായി വലിയ കാര്യങ്ങൾ ചെയ്യുക എന്നതിലുപരി, അവൻ പറയുന്നത് ചെയ്യുക. അവനാണ് നമുക്ക് വലുപ്പവും ചെറുപ്പവും നിശ്ചയിക്കുന്നത്.

പാദ്രേ പിയോ, പഞ്ചക്ഷതധാരിയായ മഹാവിശുദ്ധൻ. അതിസ്വാഭാവികദാനങ്ങൾ അദ്ദേഹത്തിൽ പ്രബലമായപ്പോൾ അദ്ദേഹത്തെ പൊതുവായി ബലിയർപ്പിക്കുന്നതിൽനിന്നും വിലക്കി. പാദ്രേ പിയോയെ കാണാൻ ജനം തിരക്കുകൂട്ടുമായിരുന്നു. എന്നിട്ടും ഒരാളെയും കാണാതെ അനുസരണത്തിന്മേൽ ആശ്രമത്തിനകത്ത് കഴിഞ്ഞുകൂടി. ഒന്നോ രണ്ടോ ദിവസമല്ല, നീണ്ട അഞ്ചുവർഷക്കാലം. അദ്ദേഹത്തിന്റെ അനുസരണം അധികാരികളുടെ കണ്ണു തുറപ്പിച്ചു. വിലക്കിൽനിന്നും ഒഴിവ് കൊടുത്തു. അന്ന് കുർബാനയർപ്പിച്ചപ്പോൾ അഞ്ചുവർഷക്കാലം ഉള്ളിൽ ഒതുക്കിയ വേദന ക്രൂശിതൻ ഈ പുരോഹിതന്റെ ശരീരത്തിൽ വെളിവാക്കി. ക്രൂശിതന്റെ മുറിവുകൾ പാദ്രേ പിയോയുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. തലേ രാത്രി മുതൽ പിന്നീട് ക്യൂ ആയിരുന്നു ഇദ്ദേഹത്തിന്റെ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ.

ആരെ അനുസരിക്കണം?
എന്നെക്കാൾ വിദ്യാഭ്യാസമുള്ള ഒരധ്യാപകനെ ഞാൻ അനുസരിച്ചേക്കും. ഡോക്ടറുടെ വാക്കുകൾ രോഗത്തെ കരുതി അനുസരിക്കും. വൈദികന്റെ വാക്കിനെ ദൈവഭയംകൊണ്ട് അനുസരിച്ചേക്കും. എന്നാൽ ദൈവം ചില എളിയ മനുഷ്യരിലൂടെ പറയുന്നവ നാം അനുസരിക്കുമോ? നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് അനുസരിക്കുന്നതല്ല ബലി. മറിച്ച്, സ്‌നേഹത്തോടെ സമർപ്പിക്കുന്നതാണത്. നമ്മെ താഴ്ത്തിക്കെട്ടാനാണെന്നും നശിപ്പിക്കാനാണെന്നും തോന്നിയാൽ നാം അനുസരിക്കുമോ? തെറ്റിദ്ധാരണയാൽ ചിലതു നമുക്കുനേരെ കല്പിച്ചാൽ അനുസരിക്കുമോ?

അനുസരണയുടെ തറക്കല്ലിൽ വിശുദ്ധ ചാവറയച്ചൻ ആദ്യാശ്രമത്തിന് തുടക്കം കുറിച്ചു. സ്വർഗമതിനെ വാഴ്ത്തി. മാന്നാനം കൊവേന്തയായത് മാറി. ദൈവമാണെന്റെ ഓഹരിയെന്നു പറഞ്ഞ് കല്ലുകൾ പെറുക്കിവച്ചപ്പോൾ ആർച്ച് ബിഷപ്പുതന്നെ എല്ലാ അംഗീകാരവും ആശ്രമത്തിന് നൽകി. അനുസരണമാണ് ഏറ്റം ശ്രേഷ്ഠമായ സുകൃതം. ബലിയിൽ നമുക്കുള്ളത് നല്കും; അനുസരണത്തിൽ നമ്മെത്തന്നെയും. അനുസരണക്കേടാണ് പാപം, അനുസരണമാണ് പുണ്യം.
ആത്മീയ ജീവിതത്തിന്റെ ആദ്യപടിയും അവസാനപടിയും ഇതുതന്നെയാണ്. തന്നിഷ്ടത്തെക്കാൾ താതന്റെ ഇഷ്ടം തേടുക, ചെറിയ കാര്യത്തിലും വലിയ കാര്യത്തിലും. ചെറിയ കാര്യത്തിൽ അനുസരിക്കാൻ പഠിക്കാത്തവന് വലിയ കാര്യത്തിൽ അനുസരണം കാട്ടാനുള്ള വെളിച്ചം ഉണ്ടാകണമെന്നില്ല.
അനുസരിക്കുന്നവന്റെ ആത്മാവ് ബലിപീഠത്തെക്കാൾ ശ്രേഷ്ഠംതന്നെ. ഉള്ള് നല്കാതെ ഉള്ളത് നല്കിയതു കൊണ്ട് കാര്യമായില്ലല്ലോ. കുരിശുമരണത്തോളം അനുസരണയുള്ളവനായിരുന്ന ക്രിസ്തുതന്നെയാണ് നമ്മുടെ മോഡൽ. അനുസരിപ്പിക്കേണ്ടവൻ അന്ന് അനുസരിച്ചു, നമുക്കുവേണ്ടി. നമ്മളിന്ന് അനുസരിപ്പിക്കുന്നുണ്ട് പലരെയും, പക്ഷേ അനുസരിക്കുന്നില്ല. പ്രാർത്ഥിക്കാം, ആ കൃപയ്ക്കായി; അനുസരണത്തിന്റെ കൃപ.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *