2017-ൽ നിങ്ങളുടെ ജീവിതത്തിൽ ഉറപ്പായും സംഭവിക്കുന്ന മൂന്നു കാര്യങ്ങൾ

ഇത് പ്രവചനങ്ങളുടെ കാലമാണ്. പക്ഷേ എല്ലാ പ്രവചനങ്ങളും ശരിയാകാറില്ല. ഇലക്ഷൻ പ്രവചനങ്ങൾ എത്രയോ തവണ തെറ്റിപ്പോയിരിക്കുന്നു. കാലാവസ്ഥാപ്രവചനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല. ജ്യോത്സ്യന്മാരുടെയും പ്രവചന വരങ്ങളുള്ളവരുടെയും വാക്കുകൾ വിശ്വസിച്ച എത്രയോ പേരുടെ ജീവിതങ്ങൾ വഴിതെറ്റിപ്പോയിട്ടുണ്ട്. എന്നാൽ, ഒരിക്കലും തെറ്റിപ്പോകാത്ത, ഉറപ്പായും വിശ്വസിക്കാവുന്ന മൂന്നു കാര്യങ്ങൾ പുതുവർഷത്തിലുണ്ടാകും!
ഭാവി എങ്ങനെയുള്ളതായിരിക്കും എന്ന ആശങ്ക പലപ്പോഴും നമുക്കുണ്ടാകാം. കഴിഞ്ഞകാലത്തെ ദുരനുഭവങ്ങൾമൂലം പലർക്കും ഭാവിയെക്കുറിച്ച് ശുഭമായി ചിന്തിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാം. രോഗങ്ങൾ, സാമ്പത്തിക തകർച്ച, പ്രൊഫഷനിലുണ്ടാകാവുന്ന തകർച്ചയുടെ സാധ്യതകൾ, വിവാഹബന്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭയം, വാർധക്യം, മരണം, മക്കൾ, വിവാഹം, ജോലി, പഠനം ഇങ്ങനെ എല്ലാ മേഖലകളെക്കുറിച്ചും നമുക്കു വേണമെങ്കിൽ ആശങ്കപ്പെടാം. പുതിയ വർഷം, പുതിയ സ്ഥലം, പുതിയ ജോലി, പുതിയ കുടുംബജീവിതം, പുതിയ കോഴ്‌സ് ഇവയിലേക്കെല്ലാം പ്രവേശിക്കുമ്പോൾ കാര്യങ്ങൾ എങ്ങനെയാകും എന്നോർത്ത് ഉത്ക്കണ്ഠപ്പെടുക സ്വാഭാവികമാണ്.

ജോഷ്വായും ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലായിരുന്നു. ഇത്രയും കാലം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഉപദേശം തേടിച്ചെല്ലാൻ മോശയുണ്ടായിരുന്നു. എല്ലാത്തിന്റെയും ഉത്തരവാദിത്വം മോശയ്ക്കായിരുന്നതിനാൽ ജോഷ്വയ്ക്ക് അനുസരിച്ചാൽ മാത്രം മതി. ഉൽക്കണ്ഠപ്പെടേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ ഇതാ മോശ മരിച്ചു. ഇസ്രായേൽ ജനത്തിന് വാഗ്ദാനദേശം അവകാശമാക്കിക്കൊടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ജോഷ്വായുടെമേൽ വന്നിരിക്കുന്നു. അവന്റെ ഹൃദയവ്യഥ മനസിലാക്കിയ കർത്താവ് പറയുകയാണ്:

”ഞാൻ മോശയോട് കൂടി എന്നപോലെ നിന്നോട് കൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക” (ജോഷ്വാ 1:5-6).
കഴിഞ്ഞ വർഷം പലതും സംഭവിച്ചിരിക്കാം. പ്രിയപ്പെട്ടവരുടെ വേർപാട്, പരീക്ഷയിൽ പരാജയം, ജോലിനഷ്ടം ഇതൊക്കെ ഉണ്ടായിട്ടുണ്ടാകാം. അബദ്ധങ്ങളിലും തെറ്റുകളിലും വീണുപോയതിനാൽ മനസ് ദുർബലമായിട്ടുണ്ടാകാം. എന്നാൽ ജീവിതം പുതിയൊരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഭയപ്പെടരുത്. ദൈവം പുതിയൊരു വർഷത്തിലേക്ക് നമ്മുടെ ആയുസ് നീട്ടിത്തന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം അവിടുത്തേക്ക് ഇനിയും നമ്മുടെ ജീവിതത്തെക്കുറിച്ച് പദ്ധതികൾ ഉണ്ട് എന്നാണ്.

നമ്മുടെ ഭാവിയെക്കുറിച്ച് പുതിയ പ്രതീക്ഷകൾ ദൈവത്തിനില്ലെങ്കിൽ അവിടുന്നൊരിക്കലും പുതുവർഷം നമുക്ക് നല്കില്ലായിരുന്നു. അതിനാൽ പ്രത്യാശയോടെ പുതുവർഷത്തെ നമുക്ക് സ്വാഗതം ചെയ്യാം. പുതിയ വർഷം എങ്ങനെയുള്ളതാണെങ്കിലും നമുക്ക് ഭയപ്പെടേണ്ടതില്ല. കാരണം സർവശക്തനായ ദൈവം നമ്മുടെ കൂടെയുണ്ടായിരിക്കും. പുതിയ മേഖലകളിലെല്ലാം വിജയം വരിക്കാൻ കർത്താവ് നമുക്ക് കൃപ തരും. പക്ഷേ, അതിനൊരു നിബന്ധനകൂടിയുണ്ട്, അതിതാണ്-
”എന്റെ ദാസനായ മോശ നല്കിയിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. അവയിൽനിന്ന് ഇടംവലം വ്യതിചലിക്കരുത്. നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും. ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതിൽ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാൻ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോൾ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും” (ജോഷ്വാ 1:7-9).

പുതിയ കാലഘട്ടത്തിൽ, പുതിയൊരു ദൗത്യവുമായി, പുതിയൊരു ദേശത്തേക്ക് പോകുന്ന ജോഷ്വായ്ക്ക് ദൈവം നല്കിയ വചനങ്ങൾ പുതിയ വർഷത്തിൽ നമുക്കും സ്വീകാര്യമാണ്.

വെല്ലുവിളികൾ ഓർത്ത് ഭയപ്പെടരുത്. സ്വന്തം പരിമിതികൾ ഓർത്ത് തളരരുത്. പരാജയപ്പെടുമോ എന്ന് ശങ്കിക്കരുത്. കാരണം പുതു വർഷത്തിൽ മൂന്ന് കാര്യങ്ങൾ ഉറപ്പായും നമ്മുടെ ജീവിതത്തിലുണ്ടായിരിക്കും.

ഒന്ന് – നിന്റെ ദൈവം എപ്പോഴും നിന്റെ കൂടെയുണ്ടായിരിക്കും. അവൻ നിനക്ക് മതിയായവനാണ്.

രണ്ട് – നീ വീണുപോകുമോ എന്നോർത്ത് ഭാരപ്പെടരുത്. വീണാലും വീണ്ടും എഴുന്നേല്പിച്ചു നിർത്താൻ കഴിവുള്ള കർത്താവ് ഒരിക്കലും നിന്നെ കൈവിടുകയില്ല.

മൂന്ന് – ദൈവം ഏല്പിച്ചിട്ടുള്ള ദൗത്യങ്ങൾ എത്ര വിഷമമേറിയതാണെങ്കിലും അതു പൂർത്തീകരിക്കാനുള്ള കൃപ ഉറപ്പായും നിനക്ക് ലഭിച്ചിരിക്കും.
അതിനാൽ പ്രത്യാശയോടെ പുതിയ വർഷത്തിലേക്ക് നമുക്ക് പ്രവേശിക്കാം. ഹാപ്പി ന്യൂ ഇയർ.

പ്രാർത്ഥന
കർത്താവേ, അങ്ങ് നല്കിയിരിക്കുന്ന പുതിയ വർഷത്തിനായി ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ വർഷത്തിലെ വീഴ്ചകൾ എന്നെ തളർത്താത്തവിധം എന്റെ വിശ്വാസത്തെ ബലപ്പെടുത്തണമേ. പുതിയ വർഷത്തിൽ അങ്ങയുടെ കൈയിൽ മുറുകെ പിടിച്ച് ആത്മധൈര്യത്തോടെ മുന്നോട്ട് പോകുവാൻ എന്നെ സഹായിച്ചാലും – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *