അനുസരണത്തിന്റെ പര്യായമായിരിക്കണം തന്റെ മകൾ ക്യാര എന്ന് മരിയയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അനുസരണക്കേട് വലിയ പാപമായിത്തന്നെ മരിയ മകളെ പഠിപ്പിച്ചു. എന്നാൽ ഒരു ദിവസം ക്യാര വീട്ടിലേക്ക് വന്നപ്പോൾ അവളുടെ കൈയിൽ ഒരു നല്ല ചുവന്ന ആപ്പിൾ. മരിയ ചോദിച്ചു, ഇതെവിടെനിന്നാണ് നിനക്ക് ലഭിച്ചത്? ആപ്പിൾ ഏറെ ഇഷ്ടമുള്ള ക്യാര ഒരു നുണ പറഞ്ഞു- താഴെ വീട്ടിലെ ജിയന്ന ചേച്ചി തന്നതാണ്. താമസിക്കുന്ന വീടിന് താഴെ ഒരു പഴയ മില്ലാണ്. അതിന്റെ ഉടമയാണ് ജിയന്നാ.
അവരുടെ വീടിനു മുമ്പിൽ ഒരു ആപ്പിൾ മരമുണ്ട്. അതു നിറയെ ആപ്പിൾ ആണ്. അതിൽനിന്നും ഒരെണ്ണം ക്യാര പറിച്ചുകൊണ്ടു വന്നതാണെന്ന് മരിയയ്ക്ക് മനസ്സിലായി. ജിയന്നായുടെ അനുവാദം പോലും ക്യാര വാങ്ങിയിട്ടില്ല എന്നറിഞ്ഞപ്പോൾ മരിയ ക്യാരായെയും കൂട്ടി താഴെ ജിയന്നായുടെ വീട്ടിലെത്തി. കതകു തുറന്നുവന്ന ജിയന്നയോട് ചെയ്ത തെറ്റിന് മാപ്പു ചോദിക്കാൻ മരിയ ആവശ്യപ്പെട്ടു.
ക്യാര മാപ്പു ചോദിച്ചു. ജിയന്നാ ആന്റിയുടെ അനുവാദമില്ലാതെ ആപ്പിൾ പറിച്ചത് തെറ്റാണെന്ന് ക്യാരായ്ക്ക് മനസ്സിലായിരുന്നു. മാപ്പ് പറയാൻ ആദ്യം മടി തോന്നിയെങ്കിലും അത് ചെയ്യുന്നതാണ് ശരിയെന്ന് മമ്മി പഠിപ്പിച്ചപ്പോൾ അവൾക്ക് ബോദ്ധ്യമായി. പക്ഷേ ജിയന്ന ഒന്നും പറഞ്ഞില്ല.
കുഞ്ഞുങ്ങളല്ലേ, അതൊന്നും സാരമില്ല എന്നു മാത്രം പറഞ്ഞു. മാപ്പുചോദിച്ച് മരിയയും കൊച്ചു ക്യാരായും സ്വന്തം ഭവനത്തിൽ തിരിച്ചെത്തി. അൽപ്പം കഴിഞ്ഞപ്പോൾ കതകിൽ മുട്ടുകേട്ടു. വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു കുട്ട ആപ്പിളുമായി ജിയന്നാ… ഇത് ക്യാരായ്ക്കുള്ള സമ്മാനം. കാരണം ക്യാരായും എന്റെ കുഞ്ഞുങ്ങളെ ഇന്നു വലിയൊരു പാഠം പഠിപ്പിച്ചു. അനുസരണത്തിന്റെ നല്ല പാഠം.
(‘വാഴ്ത്തപ്പെട്ട ക്യാരാ ലൂച്ചെ’)
ഫാ. ജോൺ പുതുവ