ജറെമിയായെ പ്രവാചകനായി വിളിച്ച് വിശുദ്ധീകരിച്ച് അയക്കുന്ന കർത്താവ് ഇസ്രായേലിന് അനുതപിക്കാനുള്ള ആഹ്വാനം നല്കുകയാണ്. അല്ലെങ്കിൽ ശിക്ഷാപരമ്പരയാണ് വരാൻ പോകുന്നത് എന്ന് മുന്നറിയിപ്പും കൊടുത്തു. എന്നാൽ ഇസ്രായേൽജനം അനുതപിക്കുന്നില്ല. ഈ സാഹചര്യത്തിൽ കർത്താവ് ചോദിക്കുന്ന ചോദ്യമാണ് ഈ ലേഖനത്തിന്റെ ശീർഷകം: എത്ര നാളാണ് നീ ദുഷിച്ച ചിന്തകളും പേറി നടക്കുക? (ജറെമിയ 4:14).
രണ്ട് കാര്യങ്ങളാണ് ഇവിടെ കർത്താവ് ഓർമപ്പെടുത്തുന്നത്. ഒന്ന്, ജനങ്ങളുടെ മനസിൽ ദുഷിച്ച ചിന്തകളാണ്. രണ്ട്, വളരെക്കാലമായി ദുഷിച്ച ചിന്തകളുമായാണ് അവരുടെ ജീവിതം. എന്ത് സംഭവിച്ചാലാണ്, ഈ ദുഷിച്ച ചിന്തകളും പേറി നടക്കുന്നത് അവസാനിപ്പിക്കുക? തകർച്ചകൾ ഉണ്ടാകുന്നതുവരെയോ അല്ലെങ്കിൽ ദൈവം ശിക്ഷിക്കുന്നതുവരെയോ? രണ്ടായാലും ഫലം സഹനവും നഷ്ടവും. അതിനാൽ അതുവരെ ഈ ദുഷിച്ച ചിന്തകളുമായി ജീവിക്കണമോ?
അത് മണ്ടത്തരമല്ലേ? അതിനുമുമ്പ് ചില കാര്യങ്ങൾ ചെയ്തുകൂടേ എന്ന് കർത്താവ് ചോദിക്കുകയാണ്. ഏത് കാര്യങ്ങളാണവയെന്നു ശ്രദ്ധിക്കാം. മനസിൽനിന്നും ഹൃദയത്തിൽനിന്നും ദുഷിച്ച ചിന്തകൾ ഉപേക്ഷിക്കുക. ദൈവികമായ ചിന്തകൾകൊണ്ട് മനസും ഹൃദയവും നിറയ്ക്കുക. അതിനായി പാപങ്ങൾ ഓർത്ത് അനുതപിക്കുകയും പാപവഴികൾ ഉപേക്ഷിച്ച് മാനസാന്തരപ്പെടുകയും ചെയ്യുക. എന്തൊക്കെയാണ് ഹൃദയത്തിലും മനസിലും ഉള്ള ദുഷിച്ച ചിന്തകൾ?
ശത്രുത, പക, പ്രതികാരചിന്ത, ജഡികാസക്തികൾ, വിഗ്രഹാരാധന, വ്യാജപ്രവാചകന്മാരുടെ വഴിതെറ്റിക്കുന്ന പ്രബോധനങ്ങൾ. ഇത്തരം ദുഷിച്ച ചിന്തകൾ വച്ചുപുലർത്തുന്നവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആ വിധത്തിലായിരിക്കും. തൽഫലമായി ചിന്തയിലും പ്രവൃത്തിയിലും വാക്കിലും പാപം ഉണ്ടാകും. അതിന് മാറ്റം വരണമെങ്കിൽ മാനസാന്തരം വേണം. മാനസാന്തരം ഉണ്ടാക്കാത്ത ഒരു നവീകരണവും ഗുണം ചെയ്യില്ല. അനുതപിച്ച് മാനസാന്തരപ്പെട്ടാൽ ദൈവം ക്ഷമിക്കുകയും മറക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. ജോഷ്വാ 3:5: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; നാളെ നിങ്ങളുടെയിടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും.
ഏശയ്യാ 1:16-19: കർത്താവ് അരുളിചെയ്യുന്നു: വരുവിൻ, നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും. ഏശയ്യാ 55:8: ദുഷ്ടൻ തന്റെ മാർഗവും അധർമി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്ക് തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; അവിടുന്ന് ഉദാരമായി ക്ഷമിക്കും.
ദുഷിച്ച ചിന്തകൾ ഇല്ലാതെ ജീവിച്ചാൽ ദൈവം നമ്മെയും കൂടുതൽ അനുഗ്രഹിക്കും!
ഫാ. ജോസഫ് വയലിൽ CMI