ആകുലതകൾ അകലുന്ന നേരം

എന്റെ തുടയുടെ കീഴ്ഭാഗത്ത് മാംസം വളർന്ന് ഒരു ചെറിയ മുഴപോലെ രൂപപ്പെട്ടത് പെട്ടെന്നാണ്. ഒരുപക്ഷേ, അത് സംഭവിച്ചു കഴിഞ്ഞിട്ട് വളരെ ദിവസങ്ങൾ കഴിഞ്ഞിരിക്കാം. ഉരസി വേദനിച്ചപ്പോഴാണ് അത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ദിവസങ്ങൾ ചെന്നപ്പോൾ അതിന്റെ വലിപ്പം കൂടുകയും ഒപ്പം വേദന വർധിക്കുകയും ചെയ്തു. നടക്കുമ്പോൾ മറുതുടയിൽ ഉരസി ബുദ്ധിമുട്ടാകാനും തുടങ്ങി.

ഡോക്ടറെ കാണാൻ ഞാൻ തീരുമാനിച്ചു. അത് ചീന്തിക്കളഞ്ഞാൽ പ്രശ്‌നം തീർന്നു. ഒരു ദിവസത്തെ മെനക്കേട്. ഞാൻ ഈ വിവരം ഭാര്യയോട് പറഞ്ഞു. ഭാര്യ ശകാരിച്ചു: ”വെട്ടുകാട് ക്രിസ്തുരാജന്റെ എണ്ണ ഇവിടിരിപ്പുള്ളതറിയില്ലേ? അതൊന്ന് തൊട്ടിട്ടാലെന്താ? പിന്നീട് പോകാം ആശുപത്രീലും ഡോക്ടറുടെയടുത്തും.”
ഞാൻ എണ്ണ ഒരു നേരം പുരട്ടി. അടുത്ത ദിവസം വേദന കുറഞ്ഞതായി അനുഭവപ്പെട്ടു. നോക്കിയപ്പോൾ ഞെട്ടുഭാഗം നാലുചുറ്റും അവിടവിടെ കുഴിഞ്ഞിരിക്കുന്നതായി കണ്ടു. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. പിറ്റേദിവസം രാവിലത്തെ കുർബാനയ്ക്കുപോകാൻ വസ്ത്രം ധരിക്കുമ്പോൾ അത്ഭുതം! തുടയിൽ ആ ഭാഗത്ത് വേദനയില്ല. എന്തോ ഒരു വ്യത്യാസം. നോക്കുമ്പോഴുണ്ട് ആ മുഴ അവിടെയില്ല!

ഭാര്യയോട് പറഞ്ഞപ്പോൾ ‘ക്രിസ്ത്യാനിയാണെന്നു പറഞ്ഞാൽ പോരാ, ക്രിസ്തുവിനെ അറിയണം’ എന്നായിരുന്നു അവളുടെ മറുപടി.
”കർത്താവിൽ വിശ്വാസമർപ്പിക്കുക; അവിടുന്ന് നോക്കിക്കൊള്ളും”
(സങ്കീർത്തനങ്ങൾ 37:5)

വട്ടപ്പാറ ശശി

Leave a Reply

Your email address will not be published. Required fields are marked *