എ.ഡി. 605-ലാണ് വിശുദ്ധ ഡിംഫ്‌ന ജനിച്ചത്. പിതാവ് ഡേമൻ ആ പ്രദേശത്തിന്റെ രാജാവായിരുന്നു. പിതാവിന് സത്യദൈവത്തിൽ വിശ്വാസമില്ലായിരുന്നെങ്കിലും ഉത്തമ ക്രിസ്തുവിശ്വാസിയായ അമ്മയുടെ വിശ്വാസജീവിതവും മാതൃഭക്തിയും കുഞ്ഞുഡിംഫ്‌നയെ ഏറെ സ്വാധീനിച്ചു. അവളും അമ്മയെപ്പോലെ ഈശോയ്ക്കും പരിശുദ്ധ കന്യാമറിയത്തിനും സ്വയം സമർപ്പിച്ചു. പതിനാലാം വയസിൽ തന്റെ മനസും ശരീരവും ക്രിസ്തുവിന് സമർപ്പിച്ച് നിത്യകന്യകയായി ജീവിക്കുവാൻ ഈ രാജകുമാരി തീരുമാനമെടുത്തു.
അമ്മയുടെ പെട്ടെന്നുള്ള മരണം പിതാവ് ഡേമനെ മാനസികമായി ആകെ തകർത്തു. രാജാവിന്റെ ഗുരുതരമായ മാനസിക വിഭ്രാന്തി മനസിലാക്കിയ കൊട്ടാര ഉപദേഷ്ടാക്കൾ വീണ്ടുമൊരു വിവാഹം കഴിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അതീവ സുന്ദരിയായിരുന്ന തന്റെ ഭാര്യയെപ്പോലെയുള്ള ഒരു സ്ത്രീക്കുവേണ്ടിയുള്ള തിരച്ചിൽ ഒടുവിൽ മകൾ ഡിംഫ്‌നയിലെത്തി. തന്റെ ഭാര്യയുടെ രൂപസാദൃശ്യമുള്ള മകളെ ഭാര്യയായി സ്വീകരിക്കുവാനുള്ള തന്റെ ഉപദേഷ്ടാക്കളുടെ നിർദേശം മാനസിക വിഭ്രാന്തിയിലായിരുന്ന ഡേമന് സ്വീകാര്യമായി തോന്നി.
പിതാവിന്റെ പാപകരമായ നീക്കങ്ങളിൽനിന്ന് ഓടി രക്ഷപെടാനായി തന്റെ കുമ്പസാരക്കാരൻ ഗെരെബ്രാൻ അച്ചനോടും വിശ്വസ്തരായ രണ്ടു സഹായികളോടുമൊപ്പം ഡിംഫ്‌ന കൊട്ടാരം വിട്ടിറങ്ങി. അവർ ബെൽജിയത്തിലേക്ക് കപ്പൽ കയറി, ഗീൽ എന്ന പട്ടണത്തിൽ ഒളിവിൽ താമസിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡേമനും സംഘവും ഗീലിലെത്തി, ഫാ. ഗെരെബ്രാനെ വാളിനിരയാക്കി. തന്നോടൊപ്പം നാട്ടിലേക്ക് മടങ്ങി തന്റെ ഭാര്യയായി കൊട്ടാരത്തിൽ കഴിയുവാൻ അയാൾ മകളോട് ആജ്ഞാപിച്ചു. തന്റെ പ്രാണനാഥനായ ഈശോയെ വേദനിപ്പിച്ച് തനിക്കൊരു സുഖജീവിതം വേണ്ടെന്ന ഉറച്ച തീരുമാനമെടുത്തിരുന്ന ഡിംഫ്‌ന പിതാവിന്റെ ഇച്ഛാശക്തിക്ക് വഴങ്ങിയില്ല. സ്വന്തം ജീവൻ വിലകൊടുക്കേണ്ടിവന്നാലും പാപം ചെയ്ത് ഈശോയെ വേദനിപ്പിക്കില്ല എന്നവൾ തീരുമാനിച്ചിരുന്നു. തന്റെ ആഗ്രഹം ഡിംഫ്‌ന നിരസിച്ചപ്പോൾ, അതിൽ കുപിതനായ ഡേമൻ തന്റെ ഉറയിൽനിന്നും വാൾ ഊരിയെടുത്ത് ഡിംഫ്‌നയുടെ ശിരസ് വെട്ടിമാറ്റി, വഴിയിൽ ഉപേക്ഷിച്ചു. നാട്ടുകാർ രണ്ടുപേരുടെയും മൃതശരീരങ്ങൾ ഒരു ഗുഹയിൽ സംസ്‌കരിച്ചു.
പിന്നീട് നൂറ്റാണ്ടുകളായി ഇവിടെ എത്തി പ്രാർത്ഥിക്കുന്നവർക്ക് അത്ഭുത രോഗസൗഖ്യം ലഭിക്കുവാൻ ദൈവം ഇടയാക്കി. രോഗശാന്തിക്കായി അവിടെ എത്തിയവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരുന്നു. രോഗികളെയും തീർത്ഥാടകരെയും ഉൾക്കൊള്ളുവാൻ അവിടുത്തെ സൗകര്യങ്ങൾക്ക് കഴിയാതെ വന്നതിനാൽ പൊതുജനം സ്വന്തം ഭവനങ്ങളിൽ ഇവരെ സ്വീകരിക്കുവാൻ തുടങ്ങി. ഏകദേശം ആറു നൂറ്റാണ്ടുകൾക്കുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ, ക്യാൻബ്രേ രൂപതയുടെ മെത്രാന്റെ അന്വേഷണപ്രകാരം ഈ യുവരക്തസാക്ഷിയെ വിശുദ്ധയായും മാനസികരോഗികളുടെ മധ്യസ്ഥയായും തിരുസഭ പ്രഖ്യാപിക്കുകയും ചെയ്തു. മാനസിക രോഗികളുടെയും മനോവേദന അനുഭവിക്കുന്നവരുടെയും മാനസികസംഘർഷം, നിരാശ, ഉൽക്കണ്ഠ, ഭയം, ചിന്താക്കുഴപ്പം, ഗാർഹിക പീഡനം എന്നിവയാൽ ദുരിതമനുഭവിക്കുന്നവരുടെയും ശക്തയായ മധ്യസ്ഥയാണ് ‘അഗ്നിയുടെ ലില്ലിപ്പൂവ്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിശുദ്ധ ഡിംഫ്‌ന.
ജോൺ തെങ്ങുംപള്ളിൽ