അതെ, അവൻ ഭാഗ്യവാനാണ് !

നാല്പത്തിയഞ്ച് വർഷങ്ങളോളംമുൻപ് ഒരു ദിവസം. ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നില്ലെന്ന് മനസിലായി. അക്കാര്യം വീട്ടിൽ അമ്മയോട് പറഞ്ഞു. അമ്മ ഒരു ഉപദേശം തന്നു. ആരും അറിയാതെ രഹസ്യമായി, എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തതെന്ന് ചോദിച്ചറിയണമെന്ന്.
അവളെ വേദനിപ്പിക്കാതെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആദ്യം അവൾ ഒഴിഞ്ഞുമാറി; നുണ പറഞ്ഞ് രക്ഷപെട്ടു. എന്നാൽ മൂന്നാം ദിവസം സ്‌നേഹപൂർവം നിർബന്ധിച്ചപ്പോൾ അവൾ സത്യം പറഞ്ഞു. ദാരിദ്ര്യംതന്നെ കാരണം. രോഗിയായ അപ്പൻ കിടപ്പിലാണ്. അമ്മയ്ക്ക് ചിലപ്പോൾ മാത്രമേ കൂലിപ്പണി ലഭിച്ചിരുന്നുള്ളൂ. നാല് മക്കളുണ്ട്. അവളുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകി വീണു.

അമ്മയോട് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ പിറ്റേദിവസം മുതൽ ഒരു പൊതിച്ചോറുകൂടി അമ്മ തന്നയക്കുമായിരുന്നു. അവളുടെ ബാഗിൽ ആ പൊതിച്ചോറ് രഹസ്യമായി വയ്ക്കും. വിവരം അവളെ അറിയിക്കുകയും ചെയ്തു. അങ്ങനെ അവൾ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണു കഴിക്കാൻ തുടങ്ങി.

രണ്ടാം പാതിയിൽ…
കല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് കുട്ടികളായതിനുശേഷം അവർ ഹൈസ്‌കൂളിൽ എത്തിയപ്പോൾ അമ്മ പഠിപ്പിച്ച കാരുണ്യത്തിന്റെ പാഠങ്ങൾ ഞങ്ങളുടെ മക്കളെയും പഠിപ്പിച്ചു. അവരുടെ ഹൈസ്‌കൂൾ കാലഘട്ടത്തിലും ചില സഹപാഠികൾ പട്ടിണിമൂലം പൊരിയുന്ന വയറുമായി ക്ലാസിൽ ഇരിക്കുന്നുവെന്ന് അറിഞ്ഞു. ആ കുട്ടികൾക്ക് ഞങ്ങളുടെ മക്കൾവഴി ഭക്ഷണം എത്തിച്ചുനല്കി.

വർഷങ്ങൾ കഴിഞ്ഞുപോയി. ”ദരിദ്രരോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും” (സുഭാഷിതങ്ങൾ 19:17) എന്ന വചനം ഞങ്ങളുടെ ജീവിതത്തിലും മാംസമായിത്തീരുന്ന നാളുകളെത്തി. എന്റെ ഭർത്താവ് ജോലി ചെയ്തിരുന്ന കമ്പനി ലോക്കൗട്ട് ചെയ്തപ്പോൾ മറ്റനേകം കുടുംബങ്ങളെപ്പോലെ ഞങ്ങളുടെ കുടുംബവും സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിപ്പോയി. മൂന്ന് പറമ്പും മൂന്ന് വീടും ഉണ്ടായിരുന്നത് പലപ്പോഴായി വില്‌ക്കേണ്ടിവന്നു. വരുമാനം നിന്നുപോവുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു.

ആ അവസരത്തിൽ ഞങ്ങളുടെ ഒരു അടുത്ത ബന്ധുവിന്റെ സഹായം ലഭിക്കുവാൻ കർത്താവ് സാഹചര്യം ഒരുക്കിത്തന്നു. അങ്ങനെ താമസവും ഭക്ഷണവും ബന്ധുവിന്റെ വീട്ടിൽനിന്നായി. രണ്ട് അവസരങ്ങളിലായി രണ്ടുവർഷം മാത്രമാണ് മറ്റ് കുട്ടികൾക്ക് ഞങ്ങൾ ഭക്ഷണം നല്കിയത്. എന്നാൽ ഞങ്ങൾക്ക് സാമ്പത്തിക തകർച്ച സംഭവിച്ചപ്പോൾ കർത്താവ് ഞങ്ങളുടെ കുടുംബത്തെ പതിനാല് വർഷമാണ് തീറ്റിപ്പോറ്റി സംരക്ഷിച്ചത്.

ദരിദ്രരോട് കാരുണ്യം കാണിക്കുന്നവർക്ക് നല്കുന്നതിനായി വലിയ സമ്മാനങ്ങളുമായി കർത്താവ് കാത്തിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലമർന്നുപോയ ഞങ്ങൾക്കുവേണ്ടി സഹായഹസ്തവുമായി കടന്നുവന്ന ബന്ധുവിന്, ഞങ്ങൾക്കുവേണ്ടി ചെലവാക്കിയ തുക മുഴുവൻ പിന്നീട് തിരിച്ചുനല്കാൻ കാരുണ്യവാനായ കർത്താവ് അനുഗ്രഹം നല്കുകയും ചെയ്തു.

”ദരിദ്രരോട് ദയ കാണിക്കുന്നവൻ ഭാഗ്യവാൻ. കഷ്ടതയുടെ നാളുകളിൽ അവനെ കർത്താവ് രക്ഷിക്കും. കർത്താവ് അവനെ പരിപാലിക്കുകയും അവന്റെ ജീവൻ സംരക്ഷിക്കുകയും ചെയ്യും.” (സങ്കീർത്തനങ്ങൾ 41:1-2).

ബിന്നി ജോർജ് മുരിങ്ങൂർ

Leave a Reply

Your email address will not be published. Required fields are marked *