വിജയത്തിന്റെ ദാമ്പത്യവീഥി

”നിങ്ങളുടെ മണവറ മലിനമാകാതിരിക്കട്ടെ” (ഹെബ്രായർ 13:4). കൗൺസിലിങ്ങിനിടയിൽ ബൈബിൾ തുറന്നപ്പോൾ ലഭിച്ച ഈ വചനം ശ്രവിച്ചുകൊണ്ടിരുന്ന യുവതി പരിഭ്രമിക്കുന്നത് കണ്ടു. ഏകദേശം 35 വയസു തോന്നിക്കുന്ന വലിയ വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാത്ത, കായലോര ഗ്രാമത്തിൽ ജനിച്ചു വളർന്ന സ്ത്രീ.

കക്കാ വാരി ജീവനമാർഗം നടത്തുന്ന ഭർത്താവിനെ സഹായിക്കുവാനും കുടുംബത്തിന്റെ പ്രാരാബ്ധങ്ങളെ അതിജീവിക്കുവാനുമായി ടൗണിലുള്ള ഒരു സ്ഥാപനത്തിൽ തയ്യൽ പരിശീലനത്തിന് പോവുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിലാണ് യാത്ര. സ്ഥിരമായി കാണുകയും ചിരിക്കുകയും ചെയ്യുന്ന ഡ്രൈവറുമായി ഫോണിലൂടെ അടുത്തു. ഭാര്യയും കുഞ്ഞുങ്ങളുമൊത്ത് താമസിക്കുന്ന അദ്ദേഹം, ഈ യുവതിയെ പല സ്ഥലങ്ങളിലും ക്ഷണിക്കുവാൻ തുടങ്ങി. ആദ്യമാദ്യം വിസമ്മതിച്ചെങ്കിലും ക്രമേണ ആ യുവതി പോകാൻ തയാറായി.

പറഞ്ഞ സ്ഥലത്ത് കുറെയധികം നേരം കാത്തുനിന്നിട്ടും അയാളെ കാണാതായപ്പോൾ ഏതോ കുറ്റബോധത്താൽ നയിക്കപ്പെട്ട് ആ യുവതി അടുത്തുകണ്ട കുരിശടിയിൽ ചെന്ന് കർത്താവിനോട് മാപ്പപേക്ഷിച്ച് കരയാൻ തുടങ്ങി. വീട്ടിലേക്ക് തിരിച്ചുനടന്നു. എങ്കിലും ഫോണിലൂടെയുള്ള നിരന്തരവിളികളും ഭീഷണികളും യുവതിയുടെ മാനസിക നില വഷളാക്കി. ആ ചേട്ടനെ മറക്കാനും വെറുക്കാനും പറ്റുന്നില്ലെന്നാണ് അവൾ എന്നോട് പറയുന്നത്. ‘ഇപ്പോഴും എനിക്കയാളോട് സ്‌നേഹമാണ്.’

രണ്ടാഴ്ചകൾക്കുശേഷം ഞാനറിഞ്ഞത് ആ സ്ത്രീ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ്. കർത്താവ് അരുൾചെയ്യുന്നു. എന്റെ ജനം രണ്ടു തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു. (ജറെമിയ 2:13)

ദാമ്പത്യസ്‌നേഹമൊഴുക്കുന്ന ആത്മസ്വരം
എന്നെ ജപമാലഭക്തിയിലേക്ക് ആകർഷിക്കുകയും പ്രാർത്ഥനാജീവിതത്തിൽ എന്നും ഉൽപ്രേരകമായി വർത്തിക്കുകയും ചെയ്യുന്ന എന്റെ ഒരു സ്‌നേഹിതയുടെ അനുഭവം. ഭർത്താവില്ലാത്ത നേരങ്ങളിൽ അദ്ദേഹത്തിന്റെ ഫോണിലെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും ഫലിതങ്ങളും വായിച്ചു രസിക്കുന്ന പതിവ് അവൾക്കുണ്ടായിരുന്നു. അദ്ദേഹം ഏതോ ഒരു പെൺസുഹൃത്തുമായി നടത്തിയ ചാറ്റിങ്ങ് അവൾ കാണാനിടയായി.

ഇതിലൂടെ എന്റെ സ്‌നേഹിതയുടെ ഹൃദയത്തിൽ പിശാച് അസ്വസ്ഥതയുടെ വിത്തുകൾ വിതയ്ക്കാൻ തുടങ്ങി. സംശയത്തിന്റെയും അതൃപ്തിയുടെയും മുൾമുനയിൽ കുത്തുവാക്കുകളായി അതൊഴുകുവാൻ തുടങ്ങി. ”മറ്റൊരുവളിൽ ഭാര്യയ്ക്ക് തോന്നുന്ന അസൂയ ഹൃദയവേദനയും ദുഃഖവും ഉണ്ടാക്കുന്നു. അവളുടെ വാക്പ്രഹരം അത് പരസ്യമാക്കുന്നു.”(പ്രഭാഷകൻ 26:6)

ഭാര്യയ്ക്ക് ദർശനവരമുള്ളതിനാൽ അവളെല്ലാം അറിയുന്നുവെന്ന് തെറ്റിദ്ധരിച്ച ഭർത്താവ്, ഭാര്യയിൽനിന്ന് അല്പം മാറി നടക്കാൻ തുടങ്ങി. ചാറ്റിങ്ങ് ഭവനത്തിനു പുറത്തേക്കും ആളൊഴിഞ്ഞ ബീച്ചിലേക്കും മാറ്റി. രാവിലെ നേരത്തേയിറങ്ങി, റെയിൽവേ സ്റ്റേഷനിൽ ചെന്ന് തന്റെ ട്രെയിൻ വരുന്നതുവരെയും ചാറ്റിങ്ങ് തുടർന്നു. ഭർത്താവിന്റെ ചാറ്റിങ്ങും ഭാര്യയുടെ ചീറ്റലുമൊക്കെയായി ഭവനത്തിലെ സ്‌നേഹാന്തരീക്ഷം ദുഃഖപൂർണമായി.

അനേകം ആത്മാക്കളെ യേശുവിലേക്ക് നയിക്കുന്ന എന്റെ സ്‌നേഹിതയുടെ മനസ്സിൽ പരിശുദ്ധാത്മാവ് താക്കീതു നല്കി. പതിവുപോലെ ഫോണെടുത്ത് പരിശോധിക്കുവാൻ തുടങ്ങിയപ്പോൾ ഉള്ളിൽനിന്ന് ഒരു സ്വരം: ”തൊട്ടുപോകരുത്.” ആ സ്വരമനുസരിച്ചപ്പോൾ ദൈവസ്വരത്തിന് കാതോർക്കുന്ന ആ സഹോദരിയുടെ ഹൃദയത്തിൽ ദാമ്പത്യസ്‌നേഹത്തിന്റെ ഒഴുക്ക് നിലച്ചുപോയത് കർത്താവ് അവൾക്ക് തിരികെ നല്കി. ”വിലകെട്ടവ പറയാതെ സദ്‌വചനങ്ങൾമാത്രം സംസാരിച്ചാൽ നീ എന്റെ നാവുപോലെയാകും.” (ജറെമിയ 15:19)

തോബിത്തിന്റെ പുസ്തകത്തിൽ സാറായുടെ മണവറയിലേക്ക് നിരന്തരം പ്രവേശിക്കുകയും അവളുടെ ഏഴു ഭർത്താക്കന്മാരെയും ശവക്കല്ലറകളിലേക്ക് നയിക്കുകയും ചെയ്ത അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ഇന്നത്തെ മൊബൈൽ യുഗത്തിൽ വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നമ്മുടെ മണവറകളിലേക്കും ഈ ദുർഭൂതം എത്തിനോക്കുന്നുണ്ട്.

മത്സ്യത്തിന്റെ ചങ്കും കരളും പുകച്ചതുപോലെ കുടുംബപ്രാർത്ഥനയിൽനിന്നും ജപമാലകളിൽനിന്നുമുയരുന്ന ധൂപം ഭവനത്തിൽ നിരന്തരമായി പുകച്ചുകൊണ്ട് ഇത്തരത്തിലുള്ള ദുർഭൂതങ്ങളെ പുറത്താക്കുവാൻ നമുക്ക് സാധിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള നിരവധി പ്രശ്‌നങ്ങളിൽ സഹായമെത്തിക്കാൻ ദൈവം റഫായേൽ മാലാഖയെ നിയുക്തനാക്കിയിട്ടുണ്ട്.

ദാമ്പത്യസ്‌നേഹത്തിലൂടെ ഗൗരവമേറിയതും പരിശുദ്ധവുമായ ജീവോല്പാദനത്തിലേക്കും അതിന്റെ അനന്തര കടമകളിലേക്കും ദൈവം പ്രവേശിപ്പിക്കേണ്ടതിന് മണവറകളെ ദൈവത്തിനു മുൻപിൽ തുറന്നു വയ്‌ക്കേണ്ടതുണ്ട്. ജീവനിലേക്കുള്ള തുറവി നഷ്ടപ്പെടുമ്പോൾ ദാമ്പത്യസംയോഗങ്ങൾ അതിൽതന്നെ നിർജീവമായിപ്പോകും.

ഒന്നുകിൽ സ്‌നേഹത്തിന്റെ വേഷത്തിലുള്ള വിഷയലമ്പടത്വം. അല്ലെങ്കിൽ മറ്റുള്ളവരുടെ കാമാസക്തിയിൽ വശീകരിക്കപ്പെട്ട് പങ്കാളി നഷ്ടപ്പെട്ടെങ്കിലോ എന്ന ഒരിക്കലും വിട്ടുമാറാത്ത ഭയം. കാമാസക്തി ലോകത്തിൽ പ്രവേശിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ഭയം. ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ ഹൃദയം തന്റെ സ്വന്തമാണ് എന്ന ഉറപ്പ് ഒരിക്കലുമില്ല. അതിനാൽ നിങ്ങൾ വിറയ്ക്കുകയും കരയുകയും ചെയ്യുന്നു. അസൂയകൊണ്ട് അന്ധരാകുന്നു. ചിലർക്ക് മനസ് ദുർബലമായി മാനസികരോഗം തന്നെ ഉണ്ടാകുന്നു. (ദൈവമനുഷ്യസ്‌നേഹഗീത വാല്യം 1, 49).

ഭാര്യയെയും ഭർത്താവിനെയും ഒന്നിപ്പിക്കുവാൻ വിവാഹമെന്ന കൂദാശ പരികർമം ചെയ്യപ്പെടുമ്പോൾ ആ ദമ്പതികൾക്കുവേണ്ടി തന്റെ ഹൃദയരക്തം ഒഴുക്കിക്കൊണ്ട് നിഗൂഢമായ ഒരു രക്തബന്ധം അവരുടെ ഇടയിൽ കർത്താവ് സ്ഥാപിക്കുന്നുണ്ട്. സംശയത്തിന്റെയും അവിശ്വസ്തതയുടെയും കാർമേഘങ്ങൾ നമ്മുടെ ദാമ്പത്യങ്ങളിൽ ഉരുണ്ടുകൂടുമ്പോൾ കുടുംബക്കോടതികളിലേക്കും സഭാകോടതികളിലേക്കും പോകുന്നതിനു പകരം കൗദാശികരക്തം പകർന്നു നൽകുന്ന ക്രിസ്തുവിന്റെ ബലിയിലേക്ക് നാം കടന്നുചെല്ലണം. ”അങ്ങയിൽ ശക്തി കണ്ടെത്തിയവർ ഭാഗ്യവാന്മാർ, അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. ബാക്കാ താഴ്‌വരയിലൂടെ കടന്നുപോകുമ്പോൾ അവർ അതിനെ നീരുറവകളുടെ താഴ്‌വരയാക്കുന്നു. ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങൾകൊണ്ട് നിറയ്ക്കുന്നു. അവർ കൂടുതൽ കൂടുതൽ ശക്തിയാർജിക്കുന്നു. അവർ ദൈവത്തെ സീയോനിൽ ദർശിക്കും” (സങ്കീർത്തനങ്ങൾ 84:5-7).

വിശുദ്ധമായ മണവറകൾ
ഇന്നത്തെ കുടുംബങ്ങളിലെ പല ഭർത്താക്കന്മാരും അവരുടെ ലൈംഗികതൃഷ്ണയുടെയും ഭാവനയുടെയും ഉത്തേജകമരുന്നായി പോർണോഗ്രാഫിയെന്ന വിഗ്രഹാരാധന നടത്തുന്നുണ്ട്. ഇതിനെ പിൻതുണയ്ക്കുന്ന ഭാര്യമാരെയും നമുക്ക് ചുറ്റും കാണാൻ സാധിക്കും. ”മനുഷ്യപുത്രാ ഭിത്തി തുരക്കുക, ഞാൻ ഭിത്തി തുരന്നു. അതാ, ഒരു വാതിൽ… അകത്ത് പ്രവേശിച്ച് അവർ അവിടെ ചെയ്തുകൂട്ടുന്ന നികൃഷ്ടമായ മ്ലേച്ഛതകൾ കാണുക. ഞാൻ അകത്തു കടന്നുനോക്കി. അതാ, എല്ലാത്തരും ഇഴജന്തുക്കളും അറപ്പുണ്ടാക്കുന്ന ജീവികളും. ഇസ്രായേൽ ഭവനത്തിന്റെ എല്ലാ വിഗ്രഹങ്ങളും ചുറ്റുമുള്ള ഭിത്തിയിൽ ചിത്രീകരിച്ചിരിക്കുന്നു… മനുഷ്യപുത്രാ ഇസ്രായേൽ ഭവനത്തിലെ ശ്രേഷ്ഠന്മാർ ഇരുളിൽ, ചിത്രങ്ങൾ നിറഞ്ഞ മുറിയിൽ ചെയ്യുന്നതെന്തെന്നു നീ കാണുന്നുണ്ടോ? അവർ പറയുന്നു കർത്താവ് ഞങ്ങളെ കാണുന്നില്ല… അതാ അവിടെ തമ്മൂസിനെക്കുറിച്ച് വിലപിക്കുന്ന സ്ത്രീകൾ… ഇവയെക്കാൾ വലിയ മ്ലേച്ഛതകൾ നീ കാണും” (എസെക്കിയേൽ 8:9-15).
അശ്ലീല ചിത്രങ്ങൾ ഇരുളിന്റെ മറവിൽ കണ്ടു രസിക്കുകയും മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്യുന്നവരുണ്ട്. നാം കാണുന്ന ഈ ചിത്രങ്ങൾ നമ്മുടെ ചിന്താമണ്ഡലങ്ങളിലും ബോധ-അവബോധ മനസുകളിലും ആഴത്തിൽ വേരോടുന്നുണ്ട്. ആത്മാവിന്റെ ഉൾഭിത്തികളിൽ കൊത്തുശില്പങ്ങൾപോലെ ആലേഖനം ചെയ്യപ്പെടുന്നു. നമ്മുടെ സ്വാഭാവിക ലൈംഗികചോദനകളുടെ മേൽ കാമാസക്തി അധികാരം നേടുന്നു. അത്തരത്തിലുള്ള അധമ വികാരങ്ങളുടെയും ലൈംഗിക വൈകൃതങ്ങളുടെയും പരീക്ഷണശാലകളായി നമ്മുടെ മണവറകൾ അധഃപതിച്ചുപോയിരിക്കുന്നു.

ദമ്പതികൾ തമ്മിലുള്ള പരസ്പര സ്‌നേഹത്തിലൂടെയും നോട്ടത്തിലൂടെയും ഭാവത്തിലൂടെയും തലോടലുകളിലൂടെയും കടന്നുവരുന്ന ലൈംഗികത ദാമ്പത്യസ്‌നേഹത്തിന്റെ ഇഴയടുപ്പം കൂട്ടുന്ന നറുംപശയായിത്തീരുന്നു. അത്തരം വിശുദ്ധമായ മണവറകൾക്ക് ചുറ്റും മാലാഖമാർ കാവൽ നില്ക്കും. വ്യവസ്ഥകളില്ലാത്ത ദാമ്പത്യസ്‌നേഹത്തിൽ നിന്നുത്ഭവിക്കുന്ന കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ മാത്രമല്ല, സഭയുടെയും സമൂഹത്തിന്റെയും മുതൽക്കൂട്ടായിത്തീരുന്നു. കത്തോലിക്ക സഭയുടെ മതഗ്രന്ഥം പഠിപ്പിക്കുന്നതുപോലെ ലൈംഗികതയുടെ ദൈവികലക്ഷ്യങ്ങൾ പൂർത്തിയാക്കപ്പെടുകയും ചെയ്യുന്നു.

മാർപാപ്പ സ്‌നേഹത്തിന്റെ ആനന്ദമെന്ന തന്റെ ചാക്രികലേഖനത്തിൽ പറയുന്നതുപോലെ ഒരു കുടുംബവും പൂർണമല്ല. പക്ഷേ, പൂർണതയിലേക്ക് വളരേണ്ടതാണ് കുടുംബം. നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മാനുഷിക ബലഹീനതകളുടെ പാപക്കറ നമുക്ക് കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വൃത്തിയാക്കിയിട്ട് നമ്മുടെ ദാമ്പത്യവിളികളെ സ്വർഗത്തിലേക്കുയർത്താം. കാരണം അവസാനയുദ്ധം ആരംഭിച്ചിരിക്കുന്നു. അത് വിവാഹമെന്ന കൂദാശയ്ക്കും കുടുംബങ്ങൾക്കുമെതിരായതിനാൽ നമ്മുടെ മണവറകൾ മലിനമാകാതിരിക്കട്ടെ.

ഡോ. മാലതി ഡി.

Leave a Reply

Your email address will not be published. Required fields are marked *