ഭക്തയും വിശുദ്ധയും ആയ ഒരമ്മയായിരുന്നു വിശുദ്ധ മോനിക്കാ. അവൾക്കൊരു മകൻ ജനിച്ചു. അഗസ്തിനോസ് – മഹാസുന്ദരൻ, മഹാബുദ്ധിമാൻ, സമപ്രായക്കാരായ യുവജനങ്ങളുടെ സിരകളിലെ ആവേശം. പക്ഷേ മഹാപാപി. വിശുദ്ധയായ അമ്മയുടെ വിശുദ്ധമായ മാതൃകയും ശിക്ഷണവും ലഭിച്ചിട്ടും അഗസ്തിനോസ് നടന്ന വഴി വേറെയായിരുന്നു. പാപത്തിന്റെ മ്ലേച്ഛതകൾ തിങ്ങിയ വഴി. ദൈവത്തെ തള്ളിപ്പറയുന്ന വഴി, അവിഹിതബന്ധത്തിൽ ഒരു കുട്ടിപോലും ഉണ്ടായ പാപവഴി.
മോനിക്ക കരഞ്ഞു. കർത്താവിന്റെ പാദത്തിങ്കലിരുന്നു കരഞ്ഞു. തന്റെ പാപത്തെ ഓർത്തല്ല തന്റെ പുത്രന്റെ പാപവഴികളെ ഓർത്ത് അവനു നഷ്ടമാകുന്ന നിത്യജീവനെ ഓർത്ത് അവളുടെ കൂടെ സന്തത സഹചാരിയെന്നവണ്ണം ഒരു തൂവാലയുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസമല്ല, മൂന്നോ നാലോ മാസമല്ല, അഞ്ചോ ആറോ വർഷമല്ല. നീണ്ട പതിനെട്ടു വർഷങ്ങൾ! മകന്റെ ആത്മരക്ഷയെ ഓർത്തുള്ള ത്യാഗോജ്ജ്വലമായ, സുകൃതപൂർണ്ണമായ, പ്രാർത്ഥന. ആ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി. അവസാനം അഗസ്തിനോസ് മാനസാന്തരപ്പെട്ടു. ഒരു ദൈവവചനം അതിന് നിമിത്തമായി. പൂർണ്ണമായ മാനസാന്തരം. അതുവരെ പിൻചെന്ന പാപവഴികളെ നൂറു ശതമാനവും വെറുത്തുപേക്ഷിച്ചുകൊണ്ടുള്ള മാനസാന്തരം. അവൻ ഓടി. പാപങ്ങളെയും പാപ വഴികളെയും വിട്ട് ഓടി. പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി ദൂരെ വലിച്ചെറിഞ്ഞുകൊണ്ട് ഓടി. യേശുവിനെ മുൻനിർത്തി ഓടി. യേശുവിനെ മാത്രം നോക്കി മുന്നോട്ട് ഓടി.
അവസാനം അവനെത്തി. നിതാന്ത സ്‌നേഹത്തിന്റെ, നിത്യവിശുദ്ധിയുടെ ഉറവിടത്തിലേക്ക്. അഗസ്തിനോസ് വിശുദ്ധനായി. മഹാവിശുദ്ധൻ. തിരുസഭ അൾത്താരയിൽ വണങ്ങുന്ന വിശുദ്ധൻ. പ്രിയപ്പെട്ട യുവാവേ, യുവതീ, നീയും വിളിക്കപ്പെട്ടിരിക്കുന്നത് അഗസ്തിനോസ് സ്വന്തമാക്കിയ വിശുദ്ധിയുടെ പൂർണ്ണതയിലേക്കാണ്.