പിന്നോട്ടല്ല മുന്നോട്ട്

അമേരിക്കൻ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കണെക്കുറിച്ച് കേൾക്കാത്തവർ വളരെ വിരളമായിരിക്കും. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം നിർത്തലാക്കി കറുത്ത വർഗക്കാർക്ക് സ്വാതന്ത്ര്യവും സമാധാനവും സുരക്ഷിതത്വവും നേടിക്കൊടുത്ത വിപ്ലവകരമായ ഭരണത്തിന്റെ ഉടമയായ അബ്രഹാം ലിങ്കന്റെ മുൻകാല ചരിത്രം വളരെ വേദന നിറഞ്ഞതായിരുന്നു.

അബ്രഹാം ലിങ്കൺ ചെറുപ്പമായിരിക്കുമ്പോൾ തന്നെ അമ്മ മരിച്ചു പോയി. സ്‌നേഹം പ്രകടിപ്പിക്കാൻ അറിഞ്ഞുകൂടാത്ത അപ്പന്റെ വേദനനിറഞ്ഞ പരിപാലനയിലായിരുന്നു ലിങ്കന്റെ ബാല്യകൗമാരഘട്ടങ്ങൾ.

പെറ്റമ്മയുടെ ലാളനയോ ശിക്ഷണമോ ലഭിക്കാതെ വളർന്നു വന്ന ലിങ്കന്റെ ജീവിതം ചെറുപ്പം മുതൽ തന്നെ അടുക്കും ചിട്ടയും ഇല്ലാത്തതായിരുന്നു. ദാരിദ്ര്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ ഇരുന്ന് പഠിച്ചാണ് ലിങ്കൺ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വക്കീൽ പരീക്ഷ പാസായി ഉദ്യോഗത്തിലേക്ക് കടന്നു വന്ന ലിങ്കന്റെ ഔദ്യോഗിക ജീവിതം വലിയ പരാജയമായിരുന്നു. കുടുംബജീവിതത്തിലേക്ക് എത്തിനോക്കുമ്പോൾ പല തലങ്ങളിലും പരാജയത്തിന്റെ കയ്പുനീർ കുടിച്ചിരുന്നു എന്ന് കാണുവാൻ കഴിയും.

ശുദ്ധ മനസാക്ഷിയോടുകൂടി രാഷ്ട്രീയത്തിൽ ഇറങ്ങിയ അബ്രഹാം ലിങ്കണ് പരാജയങ്ങളുടെ ഒരു നീണ്ട നിരയെതന്നെ അഭിമുഖീകരിക്കേണ്ടതായി വന്നു. ഏറ്റവും ഒടുവിൽ തന്റെ അറുപത്തി ആറാമത്തെ വയസിൽ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ ഒരുപാട് പരാജയങ്ങളിലൂടെയും തിക്താനുഭവങ്ങളിലൂടെയുമാണ് ലിങ്കന്റെ ജീവിതം കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. പക്ഷേ തകരാത്ത പ്രത്യാശയോടെ തളരാത്ത കാലുകളുമായി പിന്നിലുള്ള പരാജയങ്ങളെ മറന്ന് മുന്നിലുള്ള വിജയങ്ങളെ ലക്ഷ്യമാക്കി ഓടിയ ലിങ്കണ് അവസാനം വിജയത്തിന്റെ ഉന്നത തലങ്ങളിൽ വ്യാപരിക്കുവാനുള്ള അനുഗ്രഹം ദൈവം കൊടുത്തു. അമേരിക്കൻ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ലിങ്കണിന്റെ പ്രസിഡന്റു ജീവിതം മഹത്തായ മനുഷ്യസ്‌നേഹത്തിന്റെ വിപ്ലവമായിരുന്നു. അമേരിക്കയിൽ അടിമത്തം നിർത്തലാക്കിക്കൊണ്ട് ലിങ്കൺ പുറപ്പെടുവിച്ച ഉത്തരവ് കറുത്ത വർഗക്കാരുടെ വിമോചനത്തിന് കാരണമായിത്തീർന്നു. അതുവഴി അമേരിക്കയുടെ ചരിത്രത്തിൽ മാത്രമല്ല ലോക മനസാക്ഷിയുടെ ചരിത്രത്തിൽ തന്നെ മനുഷ്യസ്‌നേഹത്തിന്റെ വിപ്ലവകാരിയായ നേതാവായി അബ്രഹാം ലിങ്കൺ ഇന്നും ജീവിക്കുന്നു. പിന്നിലുള്ള പരാജയങ്ങളെ മറന്ന് മുന്നിലുള്ള വിജയത്തെ ലക്ഷ്യമാക്കി തളരാതെ ഓടാനുള്ള ഉൾക്കരുത്ത് ദൈവമാണ് അദ്ദേഹത്തിന് നല്കിയത്.

നമ്മുടെ ജീവിതത്തിൽ
നമ്മുടെയൊക്കെ ജീവിതത്തിലും ലിങ്കൺ തന്റെ ജീവിതത്തിൽ പ്രകടമാക്കിയ പിന്നിലുള്ളവയെ വിസ്മരിച്ച് മുന്നിലുള്ളവയെ ലക്ഷ്യമാക്കി ഓടാനുള്ള ഉൾക്കരുത്ത് ജീവിത വിജയത്തിന് അത്യാവശ്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ജീവിതത്തിൽ സ്വീകരിച്ചിരുന്ന വിജയ സൂത്രവും ഇതു തന്നെ ആയിരുന്നു. ദൈവാത്മാവിനാൽ പ്രേരിതനായി അദ്ദേഹം ഇപ്രകാരം എഴുതിയിരിക്കുന്നു. ”പാപികളിൽ ഒന്നാമനാണ് ഞാൻ. എങ്കിലും എനിക്ക് കാരുണ്യം ലഭിച്ചു. അത് നിത്യ ജീവൻ ലഭിക്കാൻ, യേശുക്രിസ്തുവിൽ വിശ്വസിക്കാനിരിക്കുന്നവർക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളിൽ ഒന്നാമനായ എന്നിൽ അവിടുത്തെ പൂർണ്ണമായ ക്ഷമ പ്രകടമാക്കുന്നതിനുവേണ്ടിയാണ്” (1 തിമോത്തിയോസ് 1:16).

ഈ വചനത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹ പാപങ്ങളെയും ഇപ്പോൾ നിലനിൽക്കുന്ന പാപാവസ്ഥയെയും തിരിച്ചറിയുകയും അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. പക്ഷേ അദ്ദേഹം അതിൽ കുടുങ്ങി അവിടെതന്നെ കിടക്കുന്നില്ല. പഴയകാല ജീവിതത്തിൽ വന്നുപോയ പാപാവസ്ഥകളിൽ നിന്നും ഒളിച്ചോടുന്നുമില്ല. പിന്നെയോ മുന്നോട്ടുനോക്കി അത് അനേകരുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറയുന്നു. ”അത് നിത്യജീവൻ പ്രാപിക്കാൻ, യേശുക്രിസ്തുവിൽ വിശ്വസിക്കാതിരിക്കുന്നവർക്ക് ഒരു മാതൃകയാകത്തക്കവിധം പാപികളിൽ ഒന്നാമനായ എന്നിൽ അവന്റെ പൂർണ്ണമായ ക്ഷമ പ്രകടമാക്കുന്നതിനുവേണ്ടിയാണ്” അതായത് ക്രിസ്തുവിനെ അറിയാമായിരുന്ന നാളുകളിൽ, ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ട് ഓടിനടന്ന നാളുകളിൽ അദ്ദേഹം ചെയ്ത പാപങ്ങളും പാപാവസ്ഥകളും ഒരു പരാജയമല്ല പിന്നയോ വരുംകാലങ്ങളിൽ തന്നെപ്പോലുള്ള കഠിനപാപികൾക്ക് പോലും ക്രിസ്തുവിൽ പ്രത്യാശയർപ്പിക്കാനും അതുവഴി നിത്യജീവൻ പ്രാപിക്കുവാനും ഉള്ള കാരണമായിത്തീരും എന്നാണ് അദ്ദേഹം മുൻപറഞ്ഞ വചനത്തിന്റെ പൂർണ്ണമായ അർത്ഥം.

പിന്നിലുള്ളവയെ മറന്ന് മുന്നോട്ട്
ഫിലിപ്പിയാക്കാർക്കെഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമായി ഇപ്രകാരം എഴുതിയിരിക്കുന്നു. ”ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാൻ പരിപൂർണ്ണനായെന്നോ അർത്ഥമില്ല. ഇത് സ്വന്തമാക്കാൻ വേണ്ടി ഞാൻ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാൻതന്നെ ഇനിയും ഇത് സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാൽ, ഒരു കാര്യം ഞാൻ ചെയ്യുന്നു: എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട് മുന്നിലുള്ളവയെ ലക്ഷ്യമാക്കി ഞാൻ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.” (ഫിലിപ്പി 3:12-14). യേശുവിൽ പുതിയ സൃഷ്ടിയായിത്തീർന്ന പൗലോസ് ശ്ലീഹായുടെ പാപവും പാപാവസ്ഥകളും പിന്നിലേക്കല്ല പൗലോസ് ശ്ലീഹായെ നയിച്ചത്. പിന്നയോ മുന്നോട്ട് മുന്നോട്ട്. അതായത് യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം ലോകത്തിനുമേൽ ചൊരിഞ്ഞ അപാരമായ കാരുണ്യത്തിലേക്കും അതിന്റെ ഉപരിയായ സാദ്ധ്യതകളിലേക്കും ആണ്.

അതുകൊണ്ട് കഠിനമെന്നു തോന്നുന്ന നമ്മുടെ പാപങ്ങളും പാപങ്ങളും പാപാവസ്ഥകളും നമ്മെ നയിക്കേണ്ടത് നിരാശ, കുറ്റബോധം, പരാജയബോധം എന്നിവയിലേക്കല്ല. പിന്നയോ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം ഓരോ പാപിക്കും വേണ്ടി സൗജന്യമായി നല്കുന്ന പാപക്ഷമയിലേക്കും പ്രത്യാശയിലേക്കും നിത്യജീവനിലുള്ള പങ്കുചേരലിലേക്കുമാണ്. ”എന്തെന്നാൽ, അവനിൽ (യേശുവിൽ) വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹന്നാൻ 3:16).

തുടർന്ന വരുന്ന വചനങ്ങളിൽ എന്തിനുവേണ്ടിയാണ് പിതാവായ ദൈവം പുത്രനെ (യേശുവിനെ) മനുഷ്യപാപത്തിനുള്ള പരിഹാര ബലിയായി ഈ ലോകത്തിലേക്ക് അയച്ചതും കുരിശിൽ തറച്ചുകൊല്ലാൻ വിട്ടുകൊടുത്തതെന്നും ദൈവം വ്യക്തമാക്കുന്നു. ”ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്ക് വിധിക്കാനല്ല പ്രത്യുത, അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്. അവനിൽ വിശ്വസിക്കുന്ന ഒരുവനും ശിക്ഷക്ക് വിധിക്കപ്പെടുന്നില്ല.” (യോഹന്നാൻ 3:17) അതായത് നമ്മുടെ പാപങ്ങളെക്കുറിച്ചും പാപാവസ്ഥകളെക്കുറിച്ചും ദൈവം നമുക്ക് തിരിച്ചറിവും ബോധ്യവും തരുന്നത് നമ്മെ കുറ്റബോധത്തിൽ കുടുക്കി നിരാശയിലേക്കും ആത്മഹത്യയിലേക്കും നരകശിക്ഷയിലേക്കും ഒന്നും നയിക്കാനല്ല. പിന്നെയോ യേശുവിലുള്ള വിശ്വാസത്തിലൂടെ ഉദാരമായ പാപക്ഷമയിലേക്കും നിത്യരക്ഷയിലേക്കും സ്വർഗീയ സൗഭാഗ്യത്തിലേക്കും നയിക്കാനാണ്.

മനുഷ്യന്റെ രക്ഷക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഇത്രമേൽ ഉദാരവും സൗജന്യവുമായ പദ്ധതി തിരിച്ചറിഞ്ഞിട്ടും ബോധപൂർവ്വം അതിനെ തള്ളിക്കളയുകയോ മനപ്പൂർവ്വം അതിനെ അവഗണിക്കുകയോ ചെയ്യുന്നവർക്ക് മാത്രമാണ് ശിക്ഷാവിധിയെ നേരിടേണ്ടതായി വരുന്നത്. ”അവനിൽ (യേശുവിൽ) വിശ്വസിക്കുന്ന ഒരുവനും ശിക്ഷക്ക് വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തിൽ വിശ്വസിക്കായ്കമൂലം, നേരത്തേ തന്നെ ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നു” (യോഹന്നാൻ 3:18). ഇവിടെ വ്യക്തമാകുന്ന ഒരു സംഗതിയുണ്ട്. ദൈവം ഈ ലോക ജീവിതത്തിൽ വച്ച് ഒരു മനുഷ്യനെയും ശിക്ഷക്ക് വിധിക്കുന്നില്ല. പിന്നയോ രക്ഷ നല്കുന്ന തന്റെ പുത്രനിൽ, യേശുക്രിസ്തുവിൽ, വിശ്വസിക്കാൻ കൂട്ടാക്കാത്തതു നിമിത്തം ഓരോരുത്തനും തന്നെ തന്നെ ശിക്ഷാവിധിക്ക് ഏല്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ”ഇതാണ് ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യർ പ്രകാശത്തെക്കാൾ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു” (യോഹന്നാൻ 3:19)

നാമെവിടെ എത്തി നിൽക്കുന്നു
അതിനാൽ ഇപ്പോൾ നമ്മുടെ അവസ്ഥയേതെന്ന്, നാമെവിടെ എത്തിനിൽക്കുന്നു എന്ന് തിരിച്ചറിയുന്നത് മുന്നോട്ടുള്ള നമ്മുടെ ഓട്ടത്തിന് ഏറെ സഹായിക്കും. ഓരോരുത്തനും താഴെകാണുന്ന ചോദ്യത്തിന് ആത്മാർത്ഥമായി ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നത് ആവശ്യമാണ്. എന്റെ പാപങ്ങൾക്കുവേണ്ടി യേശുക്രിസ്തു പീഡകളേറ്റ് കുരിശിൽ മരിച്ചുവെന്ന് വിശ്വസിക്കുവാൻ വ്യക്തിപരമായി എനിക്ക് കഴിയുന്നുണ്ടോ? ഉണ്ട് എങ്കിൽ യേശുക്രിസ്തുവിനെ സ്വന്ത ജീവിതത്തിൽ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നു എന്ന് അവിടുത്തോട് പറയുക. അവനോട് ഹൃദയവ്യഥയോടെ നിന്റെ പാപങ്ങൾ ഏറ്റുപറയുക. പാപിയായ (പാപിനിയായ) എനിക്കുവേണ്ടി ചിന്തിയ അവിടുത്തെ തിരുരക്തത്താൽ എന്റെ പാപങ്ങൾ കഴുകികളഞ്ഞ് എനിക്ക് വിടുതലും വിമോചനവും നല്കണമേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. യേശുവിന്റെ രക്ഷ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. കുമ്പസാരം ലഭ്യമായിട്ടുള്ള വ്യക്തികളാണെങ്കിൽ ആത്മശോധന ചെയ്ത് ഒരു നല്ല കുമ്പസാരം നടത്തുന്നത് ഉത്തമമായിരിക്കും.

എന്നാൽ കുമ്പസാരത്തിനുള്ള ലഭ്യതയും സൗകര്യങ്ങളും ഇല്ലാത്ത വ്യക്തികളാണെങ്കിൽ നിങ്ങൾ എവിടെയായിരിക്കുന്നുവോ അവിടെയിരുന്ന് യേശുവിനെ ജീവിതത്തിന്റെ കർ ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞ് അവന്റെ വിശുദ്ധ രക്തത്താൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേയെന്ന് പ്രാർത്ഥിക്കുക. അടിസ്ഥാനപരമായി ഈ ഒരവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ മുന്നോട്ടു നോക്കി ഓടാൻ എളുപ്പമാണ്. നാമൊരു പക്ഷേ തോമാശ്ലീഹായുടെ കാലത്തെ പാരമ്പര്യം പറയുന്ന പാരമ്പര്യക്രിസ്ത്യാനികളായിരിക്കാം. പക്ഷേ ഇപ്പോഴെങ്കിലും ഈ ഒരവസ്ഥയിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് ഉത്തമമായിരിക്കും. ഒരു പക്ഷേ നിങ്ങൾ ഒരു ജയിലിലോ വേശ്യാഗൃഹത്തിലോ കടത്തിണ്ണയിലോ വായനശാലയിലോ ബാർബർഷോപ്പിലോ ഒക്കെയിരുന്നായിരിക്കാം യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം നല്കുന്ന ഈ പാപക്ഷമയെക്കുറിച്ചും സൗജന്യ രക്ഷയെക്കുറിച്ചും നീതീകരണത്തെക്കുറിച്ചും ആദ്യമായി തിരിച്ചറിയുന്നത് എവിടെ വച്ചാണോ നിങ്ങളിത് തിരിച്ചറിയുന്നത് അവിടെ വച്ച് പാപവിമോചകനും രക്ഷകനും ആയ യേശുവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക. അവനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച് അവിടുത്തെ രക്തത്താൽ പാപങ്ങൾ കഴുകിക്കളഞ്ഞ് ഇന്ന് ഇപ്പോൾ മുതൽ പിന്നിലുള്ളവയെ വിസ്മരിച്ച് മുന്നിലുള്ളവയെ ലക്ഷ്യമാക്കി ഓടാൻ തുടങ്ങുക.

ഒരുപക്ഷേ നിങ്ങൾ പരോളിൽ ഇറങ്ങിയ ഒരു കുറ്റവാളിയോ കുറ്റകൃത്യങ്ങൾ ഒത്തിരി ചെയ്തിട്ടും പിടിക്കപ്പെടാത്ത ഒരു പിടികിട്ടാപ്പുള്ളി തന്നെയും ആയിരിക്കാം. പിടിക്കപ്പെട്ടാൽ വധശിക്ഷ തന്നെ ലഭിക്കാവുന്ന തെറ്റുകൾ നിങ്ങൾ ചെയ്തിട്ടുണ്ടാകാം. എങ്കിലും ഭയപ്പെടേണ്ട. നിന്റെ പാപങ്ങൾക്കു പകരമായി ശിക്ഷിക്കപ്പെട്ട ഒരുവൻ, നിനക്ക് പകരക്കാരനായി മരിച്ച ഒരുവനുണ്ട്. അവനാണ് യേശുക്രിസ്തു. അവന്റെ നാമത്തിൽ വിശ്വസിക്കുകയും അവന്റെ രക്തത്താൽ നിന്റെ പാപങ്ങൾ കഴുകിക്കളയുകയും ചെയ്യുക. അവിടുന്ന് നീ ഭയപ്പെട്ടോടുന്ന മരണ ശിക്ഷയിൽ നിന്നും നിന്നെ രക്ഷിക്കും. കാരണം അവൻ നിനക്ക് പകരമായി മരിച്ചവനാണ്. ഇന്നു മുതൽ അവനെ, യേശുവിനെ, നോക്കി മുന്നോട്ടോടുക. നീ വിജയിക്കും. നിത്യജീവൻ അവകാശമാക്കുകയും ചെയ്യും. കാരണം തിരുവചനം യേശുവിന്റെ മരണത്തെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ”നാം ബലഹീനനായിരിക്കേ നിർണ്ണയിക്കപ്പെട്ട സമയത്ത് ക്രിസ്തു പാപികൾക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരു പക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നു വരാം. എന്നാൽ, നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കു വേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.” (റോമാ 5:6-8)
അതിനാൽ പ്രിയ സഹോദരാ, സഹോദരീ, പിന്നോട്ടു നോക്കി നിന്റെ പാപങ്ങളിലും അതേക്കുറിച്ചുള്ള കുറ്റബോധത്തിലും ശിക്ഷയെക്കുറിച്ചുള്ള ഭീതിയിലും കുടുങ്ങി പിന്നോട്ടോടുന്നവനാകാതിരിക്കുക. യേശു നല്കുന്ന പാപക്ഷമയും രക്ഷയും നവജീവനും സ്വീകരിച്ച് മുന്നോട്ടുനോക്കി മുന്നോട്ട് ഓടുന്നവനാകാം. നീ ഒറ്റക്കല്ല ഇങ്ങനെ മുന്നോട്ടോടി ജീവിതത്തിൽ വിജയിച്ച അനേകരുണ്ട്. അവരെക്കുറിച്ച് ദൈവവചനം ഇപ്രകാരം പറയുന്നു. ”നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാൽ നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്ക് നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീർക്കാം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണ്ണതയിൽ എത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ട് വേണം നാം ഓടാൻ” (ഹെബ്രായർ 12:1-2)

പാപിനി നല്കുന്ന സാക്ഷ്യം
യേശുവിന്റെ പരസ്യജീവിത കാലത്ത് ജീവിച്ചിരുന്ന പാപിനിയായ ഒരുവളായിരുന്നു മഗ്ദലനക്കാരി മേരി. യേശു അവളിൽ നിന്നും ഏഴു പിശാചുക്കളെ പുറത്താക്കിയെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. അവൾ പാപികളോടൊത്ത് വസിക്കുന്ന, പാപികളോടും ചുങ്കക്കാരോടും ഒപ്പം ഭക്ഷണം കഴിക്കുന്ന, പാപികളെ സ്‌നേഹിക്കുന്ന, പാപവിമോചകനായ യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞു. അവൾ ഓടി. ഒരു കുപ്പി നിറയെ സുഗന്ധ്രദ്രവ്യവുമായി യേശുവിന്റെ പാദത്തിങ്കലേക്ക്. യേശു അന്ന് ഒരു ഫരിസേയന്റെ വീട്ടിൽ വിരുന്നിനിരിക്കുകയായിരുന്നു. അവൾ യേശുവിന്റെ കാൽക്കലിരുന്നു. അവിടുത്തെ പാദങ്ങൾ കണ്ണീരുകൊണ്ട് കഴുകി. അവളുടെ പാപപങ്കിലമായ ജീവിതത്തെ ഓർത്തുള്ള കരച്ചിൽ! കണ്ണീരുകൊണ്ട് നനഞ്ഞ അവന്റെ പാദങ്ങൾ അവളുടെ തലമുടികൊണ്ട് തുടച്ചു. ചുംബനം കൊണ്ട് ആ പാദങ്ങൾ പൊതിഞ്ഞു. അവന്റെ കാൽക്കീഴിലിരുന്ന് അവൾ ഏങ്ങലടിച്ചു. അവൾ ഒന്നും പറഞ്ഞില്ല. കരയുക മാത്രം ചെയ്തു.
പക്ഷേ കണ്ടു നിന്നിരുന്നവർ മനസിൽ പറഞ്ഞു. ഇവൻ ഒരു യഥാർത്ഥ പ്രവാചകനാണെങ്കിൽ ഈ സ്ത്രീ ഏതു തരക്കാരിയെന്ന് തിരിച്ചറിയുമായിരുന്നില്ലേ? അവൾ തന്റെ ശരീരത്തിൽ സ്പർശിക്കുന്നത് തടയുമായിരുന്നില്ലേ എന്ന്. പക്ഷേ യേശു അവളെ തടഞ്ഞില്ല. വിലക്കിയില്ല. അനുവദിച്ചു. മതിയാകുവോളം കരയാൻ. മതിയാകുവോളം തന്റെ പാദങ്ങൾ ചുംബിക്കാൻ അവൻ അനുവദിച്ചു. കൂടിനിന്നവരുടെ ഹൃദയവിചാരങ്ങൾ തിരിച്ചറിഞ്ഞ യേശു അവരോടു പറഞ്ഞു. ഇവൾ അധികമായി സ്‌നേഹിച്ചു. അതിനാൽ ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അന്നു മുതൽ അവൾ തന്റെ പിന്നോട്ടുള്ള ഓട്ടം നിർത്തി. മുന്നോട്ടു നോക്കി ഓടുന്നവളായി മാറി. അവൾ മാനസാന്തരപ്പെട്ട് ഒരു വിശുദ്ധയായി തീർന്നു. തിരുസഭ അൾത്താരയിൽ വണങ്ങുന്ന ഒരു വിശുദ്ധ.
അവൾ സ്വയം ആയതല്ല. യേശു അവളെ ആക്കിത്തീർത്തതാണ്. യേശു തന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും ഉയിർത്തെഴുന്നേല്പിനും ശേഷം ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലന മേരിക്കാണ്. താൻ ഏറ്റവും സ്‌നേഹിച്ചിരുന്ന തന്റെ അമ്മയ്ക്കുപോലും പ്രത്യക്ഷനാകുന്നതിനുമുമ്പ് പാപജീവിതമുപേക്ഷിച്ച് തന്നെ അനുഗമിച്ച തന്നെ നോക്കി ഓടിയ മഗ്ദലനമേരിക്ക് പ്രത്യക്ഷനായി. അവളാണ് ഉത്ഥിതനായ യേശുവിന്റെ ആദ്യത്തെ പ്രേഷിത. തന്റെ ശിഷ്യന്മാരെക്കാൾ അധികമായി യേശു അവളെ ഉയർത്തി.

പ്രിയസോദരീ, നിന്റെ ജീവിതം എത്ര മ്ലേച്ഛത നിറഞ്ഞതാകട്ടെ, നിന്റെ പാപങ്ങളെ ഓർത്ത് മഗ്ദലന മേരി കരഞ്ഞതുപോലെ യേശുവിന്റെ പാദത്തിലിരുന്ന് കരയാൻ നീ ഒരുക്കമാണോ? അവിടുന്ന് തന്റെ രക്തത്താൽ, ഓരോ പാപിക്കുംവേണ്ടി കുരിശിൽ ചിന്തിയ തന്റെ രക്തത്താൽ, നിന്റെ പാപങ്ങൾ നിന്നിൽ നിന്നും നീക്കിക്കളയും. വിശുദ്ധയായ മഗ്ദലനായെപ്പോലെ വിശുദ്ധയാക്കി രൂപാന്തരപ്പെടുത്തും. നിന്റെ പാപജീവിതം കൊണ്ട് നീ അനേകരെ പാപത്തിൽ വീഴ്ത്തിയിട്ടുണ്ടാകാം. പല കുടുംബങ്ങളെയും നീ തകർത്തിട്ടുണ്ടാകാം. അവരെയെല്ലാം യേശുവിന്റെ രക്ഷയിലേക്കു നയിക്കാനുള്ള കൃപയും ദൈവം നിനക്ക് നല്കും. പാപിനിയായ മഗ്ദലന അനേക പാപികളെ യേശുവിന്റെ രക്ഷയിലേക്കു നയിക്കുന്ന ഉത്ഥിതനായ കർത്താവിന്റെ ആദ്യത്തെ പ്രേഷിതയും മഹാ വിശുദ്ധയും ആയിത്തീർന്നില്ലേ? പിന്നെ നീ എന്തിന് മടിക്കുന്നു. എന്തിന് വൈകുന്നു. കർത്താവായ യേശുവിനെ സ്വന്തജീവിതത്തിൽ നാഥനും രക്ഷിതാവുമായി സ്വീകരിച്ച് അവിടുത്തെ രക്തത്താൽ നിന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് ഇന്നു മുതൽ അവനെ നോക്കി ഓടുക. പിന്നോട്ടല്ല മുന്നോട്ട്, അത്യാനന്ദകരമായ വിശുദ്ധിയിലേക്ക്. വിശുദ്ധരുടെ പദവിയിലേക്ക്. ”എന്തെന്നാൽ തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ അവന് കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കു വേണ്ടി മാധ്യസ്ഥം വഹിക്കുന്നു” (ഹെബ്രായർ 7:25).

നിന്റെ പാപങ്ങളെക്കുറിച്ച് കരയാൻ നീ തയ്യാറാകുമെങ്കിൽ പാപവഴികളെ ഉപേക്ഷിച്ച് യേശുവിനെ നോക്കി ഓടാൻ നീ തയ്യാറാകുന്നുവെങ്കിൽ ഇനിയും എന്തിനു വൈകണം? നിന്റെ പാപങ്ങൾ യേശുവിനോട് ഏറ്റുപറഞ്ഞ് അവന്റെ രക്തം നല്കുന്ന വിശുദ്ധീകരണം സ്വീകരിക്കുക. പാപങ്ങളെ വിട്ടുപേക്ഷിച്ച് യേശുവിനെ നോക്കി മുന്നോട്ടോടുക. ”നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നും രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ. നിങ്ങൾ മനസിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ” (എഫേസോസ് 4:22-24)

പിമ്പോട്ടല്ല മുമ്പോട്ട്
പ്രിയ വായനക്കാരേ, നമുക്കും വേണ്ടേ മുമ്പോട്ടൊരോട്ടം. 2016 ന്റെ ദിനങ്ങൾ എന്നത്തേക്കുമായി നമ്മിൽ നിന്നും അകന്നു പോയി. 2017-ന്റെ ഉമ്മറത്ത് നമ്മൾ കാലുകൾ എടുത്തു വച്ചു കഴിഞ്ഞു. ഇന്നലെകൾ മറന്ന് നാളെകൾ നല്കുന്ന വിജയത്തെ ലക്ഷ്യമാക്കി ഇന്നുകളിൽ ജീവിക്കാനായി ദൈവം നമുക്കു തന്ന ഈ പുതു വർഷം ഒരു അനുഗ്രഹത്തിന്റെ വർഷമാകട്ടെ. ഇതുവരെയുള്ള ജീവിതത്തിൽ നീ പരാജിതനായിരിക്കാം. പരാജിതയായിരിക്കാം. എബ്രഹാം ലിങ്കണെ ഉയർത്തിയ ദൈവം നിന്റെ ഈ വർഷത്തെ ജീവിതത്തെ ഒരു വലിയ വിജയമാക്കി മാറ്റും. ഇന്നലെകളിലെ പരാജയങ്ങളിലേക്കല്ല മുന്നോട്ട് യേശുവിനെ നോക്കി അവനിൽ നിന്നും പാപക്ഷമയും രക്ഷയും സ്വീകരിച്ച് മുമ്പോട്ടോടൂ. വിജയം നിശ്ചയമാണ്.

നിങ്ങളുടെ ജീവിതം പാപത്തിന്റെ മ്ലേച്ഛതയിലും ഇന്നലെകളിൽ വന്നു പോയ പാപജീവിതത്തിന്റെ തിക്തഫലങ്ങളിലും കുടുങ്ങി മുന്നോട്ടു നോക്കി ഓടാൻ കഴിയാത്ത വിധത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? മഗ്ദലനയെ വിശുദ്ധീകരിച്ച് വിശുദ്ധയാക്കിയ യേശു, അവിഹിത വേഴ്ചയിൽ ഒരു കുഞ്ഞുപോലും ജനിച്ച അഗസ്തീനോസിനെ വിശുദ്ധീകരിച്ച് അൾത്താരയിൽ വണങ്ങപ്പെടുന്ന വിശുദ്ധനാക്കിയ യേശു, നിന്റെ കൺമുമ്പിലുണ്ട്. രോഗഭാരവും പാപഭാരവും കടഭാരവും സാമ്പത്തിക പ്രതിസന്ധികളും കുടുംബതകർച്ചയും ജോലിനഷ്ടവും അഭിമാനക്ഷതവും കൊണ്ട് നിങ്ങൾ തളർന്നിരിക്കുന്നുവോ?

”അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും” (മത്തായി 11: 28-29) എന്നു പറഞ്ഞ വാക്കു മാറാത്തവൻ, യേശുക്രിസ്തു, നിങ്ങളുടെ മുമ്പിലുണ്ട് അവന്റെ പാദാന്തികത്തിൽ നമ്മുടെ ഭാരങ്ങൾ എന്തുതന്നെയുമാകട്ടെ നമുക്ക് ഇറക്കി വയ്ക്കാം. അവനത് ഏറ്റെടുത്ത് സ്വാതന്ത്ര്യത്തിലേക്ക് പൂർണ്ണമായ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കും. ഇന്നു തന്നെ അവിടുത്തെ വിളിക്കുവിൻ. നാളെ നാളെയെന്ന് നീട്ടി വയ്ക്കരുത്. ഈയൊരാണ്ട് ദൈവം നമുക്ക് നല്കിയിരിക്കുന്നു. അടുത്ത ഒരാണ്ട് നാം കാണുമോ എന്ന് നമുക്ക് ഉറപ്പില്ല. രക്ഷ അത്രമേൽ സമീപസ്ഥമായിരിക്കുന്നു.

ഇപ്പോൾത്തന്നെ യേശുവിന്റെ നാമം വിളിച്ച് അവന്റെ രക്തത്താൽ നമ്മുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മുമ്പോട്ടു നോക്കി യേശുവിനെ നോക്കി ഓടാൻ നമുക്കും തുടങ്ങാം. ‘കർത്താവിനെ കണ്ടെത്തുവാൻ കഴിയുന്ന ഇപ്പോൾ തന്നെ അവിടുത്തെ അന്വേഷിക്കുവിൻ. അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ മാർഗവും അധർമ്മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്ക് തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.” (ഏശയ്യാ 55: 6-8). പ്രിയപ്പെട്ടവരെ നമുക്ക് പിന്നോട്ടല്ല മുന്നോട്ടു നോക്കി മുന്നോട്ടു തന്നെ ഓടാം. നമുക്ക് ഒന്നിച്ച് ഇങ്ങനെ പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങയെ കണ്ടെത്താൻ കഴിയുന്ന ഈ നാളുകളിൽ തന്നെ ഞങ്ങളങ്ങയെ വിളിച്ചപേക്ഷിക്കുവാനുള്ള വരം ഞങ്ങൾക്ക് നല്കണമേ. ഞങ്ങളുടെ ജീവിതത്തിലേക്ക് അവിടുന്ന് കടന്നു വരണമേ. അവിടുന്ന് കഠിനപീഡകളിലൂടെയും കുരിശുമരണത്തിലൂടെയും നേടിയെടുത്ത മനുഷ്യരക്ഷ അങ്ങയിലുള്ള വിശ്വാസത്താൽ സ്വന്തമാക്കാനും മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കുവാനും വിശ്വാസത്തിന്റെ വരം നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.
സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *