സന്തോഷം തരുന്ന വീട്

ആദ്യമായി വീടിന്റെ പണിയെക്കുറിച്ച് ആലോചിച്ചപ്പോൾ, പലവിധ തടസ്സങ്ങൾ ഉയർന്നുവരാൻ തുടങ്ങി. അനേകം നാളുകളായി എഞ്ചിനീയറോട് പ്ലാനിനെപ്പറ്റി സംസാരിച്ചിരുന്നുവെങ്കിലും അദ്ദേഹം ആവശ്യപ്പെട്ട തുക നല്കാൻ സാധിക്കാത്തതിനാൽ നീണ്ടുനീണ്ടു പോവുകയായിരുന്നു. അപ്പോഴാണ് ഒരു ചിന്തയുണ്ടായത്.
തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് മാധ്യസ്ഥം യാചിക്കാം. എറണാകുളം കണ്ണമാലി ദേവാലയത്തിൽ പോയി പ്രാർത്ഥിക്കുകയും അവിടുന്ന് യൗസേപ്പിതാവിന്റെ ഒരു രൂപം വാങ്ങി വീട്ടിൽ വയ്ക്കുകയും ചെയ്തു. വീടിനായി നൊവേന പ്രാർത്ഥന ചൊല്ലുവാനും തുടങ്ങി. അപ്പോൾ മുതൽ ഓരോ തടസങ്ങൾ നീങ്ങുന്നതായി അനുഭവപ്പെട്ടു. ഈ പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽത്തന്നെ പ്ലാൻ രൂപപ്പെട്ടു. അവരുടെ മനസിനിണങ്ങിയ പ്ലാൻ പണം ചെലവാക്കാതെതന്നെ ചെയ്‌തെടുക്കാനും കഴിഞ്ഞു. എന്റെ ഒരു സുഹൃത്തിന്റെ അനുഭവമാണ് പങ്കുവച്ചത്.

ഏറ്റം മനോഹരമായ മുറി
സുഹൃത്തിന്റെ വീടിനുള്ള പ്ലാനിൽ വളരെ പ്രത്യേകതകളുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ടത് മനോഹരമായ പ്രാർത്ഥനാമുറിയായിരുന്നു. അത് ഉണ്ടാകാനുള്ള പ്രധാന കാര്യം ഞാൻ വായിച്ച കാറ്റലിനയുടെ സാക്ഷ്യമെന്ന പുസ്തകമാണ്. അതിൽ ഈശോ ഇപ്രകാരം പറയുന്നുണ്ട്: ”നിന്റെ വീട്ടിൽ എല്ലാ പ്രവർത്തനങ്ങൾക്കും പ്രത്യേകം മുറികളുണ്ടല്ലോ? ഉറങ്ങുവാൻ, പാചകം ചെയ്യുവാൻ, ഭക്ഷണത്തിന്- അങ്ങനെ എല്ലാറ്റിനും ഓരോരോ മുറിയുണ്ട്. പക്ഷേ, നീ എനിക്കുവേണ്ടി ഉണ്ടാക്കിയ സ്ഥലം ഏതാണ്?

ഒരു സ്വരൂപം പൊടി പിടിച്ചു കിടക്കുന്ന മുറിയായിരിക്കരുത് അത്. പ്രത്യുത എല്ലാ ദിവസവും ഒരു അഞ്ചുമിനിറ്റെങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചുചേർന്ന് ‘ജീവൻ’ എന്ന വലിയ ദാനത്തെയോർത്തും ദൈവം ആ ദിവസം നല്കിയ നന്മകളെപ്രതി നന്ദി പറയുന്നതിനും അനുഗ്രഹങ്ങൾ, സംരക്ഷണം, ആരോഗ്യം തുടങ്ങി അന്നന്നത്തെ നമ്മുടെ ആവശ്യങ്ങളെ അവതരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക സ്ഥലം ആയിരിക്കണം. നിന്റെ ഭവനത്തിൽ എല്ലാറ്റിനും ഓരോ സ്ഥലമുണ്ട്. എനിക്കുമാത്രം സ്ഥലമില്ല.

വീടുപണിക്കായി കോൺട്രാക്ടർമാരെ സമീപിച്ചു. അവരുടെ പ്ലാൻപ്രകാരം ഏതെങ്കിലും അല്പസ്വല്പം സ്ഥലം മിച്ചം വരുന്നുണ്ടെങ്കിൽ പ്രാർത്ഥനാമുറിക്കായി അതുപയോഗിക്കാം. അതായത് അത്ര പ്രാധാന്യമില്ലാത്ത സ്ഥലമായിട്ടാണ് അവർ മനസിൽ കണ്ടത്. പ്ലാൻ നിർമിച്ചയാളും സുഹൃത്തും പ്രാർത്ഥനാമുറി ഒഴിവാക്കിയിട്ട് ഒരു വീട് വയ്ക്കുന്നില്ലെന്ന് തീരുമാനിച്ചു. അങ്ങനെ അവസാനം ആ കോൺട്രാക്ടറെ വേണ്ടെന്ന് തീരുമാനിച്ചു. പ്രാർത്ഥനകൾ തുടർന്നുകൊണ്ടേയിരുന്നു.

അവസാനം യൗസേപ്പിതാവുതന്നെ കൊണ്ടുവന്നു എന്നു പറയത്തക്ക രീതിയിൽ മനസിനിണങ്ങിയ ഒരാളെ ലഭിച്ചു. പണികൾ ആരംഭിച്ചപ്പോൾ അല്പം അസ്വസ്ഥതയുണ്ടായെങ്കിലും അസ്വസ്ഥതയുണ്ടാക്കിയ വ്യക്തികൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അവരൊക്കെ വലിയ സുഹൃത്തുക്കളായി മാറി. പ്രാർത്ഥനയുടെ വലിയ ഫലം ലോൺ എടുക്കുന്ന കാര്യങ്ങളിലൊക്കെ കാണാൻ സാധിച്ചു. സാധാരണ ലോൺ എടുക്കണമെങ്കിൽ ബാങ്കിലേക്ക് കുറെയധികം പേപ്പറുകൾ വേണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുൻ ആധാരം. അതും ഏകദേശം 15 വർഷത്തിനുമുൻപുള്ളതുവേണം. പക്ഷേ, സുഹൃത്തിന് ഇതൊന്നുമില്ലാതെതന്നെ അത്ഭുതകരമായി ലോൺ അനുവദിച്ചുകിട്ടി.

വീടിന്റെ പണി തുടങ്ങിയപ്പോൾത്തന്നെ വലിയൊരു ഷീറ്റിൽ വചനം എഴുതിയൊട്ടിച്ചു. മാതാവിന്റെയും വിശുദ്ധ മിഖായേലിന്റെയും ചിത്രങ്ങളും വച്ചിരുന്നു. വീടു പണിയുന്ന സമയത്ത് ധാരാളം പേർ ഈ സ്ഥലത്തുവന്ന് പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥനയുടെ ഏറ്റവും വലിയ ഫലം ഈ വീടിന്റെ ജോലിയ്ക്കാവശ്യമുള്ള ജോലിക്കാരെയെല്ലാം യഥാസമയത്ത് ലഭിച്ചുവെന്നുള്ളതാണ്. പിന്നെയൊരു പ്രത്യേകത വന്നവരാരുംതന്നെ മദ്യപിക്കുന്നവരായിരുന്നില്ല എന്നതാണ്. ധാരാളം സുഹൃത്തുക്കളെ ഓരോ കാര്യങ്ങൾക്കായി സമയാസമയത്തുതന്നെ സഹായത്തിന് ലഭിച്ചുകൊണ്ടിരുന്നു. ഏഴു മാസത്തിനുള്ളിൽ പണി പൂർത്തിയായി.

ലാഭവും നേടാം
വീടുപണിയിൽ ധാരാളം പണം ആവശ്യമില്ലാതെ ചെലവാകും. ഈ വീടിന്റെ പ്രത്യേകത യാതൊരുവിധ അനാവശ്യമായ ചെലവുകളും ഉണ്ടായില്ല എന്നതാണ്. മാത്രമല്ല, പണലാഭമുണ്ടാകുകയും ചെയ്തു. ഉദാഹരണത്തിന്, ജനലും കട്ടിളയും തടികൊണ്ട് ചെയ്യാൻ പ്ലാൻ ചെയ്തിട്ടും അവസാനം അത് ഇരുമ്പ് ഉപയോഗിച്ച് ചെയ്തതിനാൽ വലിയ തുക ലാഭമുണ്ടായി. അതുപോലെതന്നെ ഇന്റീരിയർ ജോലികളും. വേറൊരു പ്രത്യേകത ഈ വീടിന്റെ ഒരിഞ്ചു സ്ഥലംപോലും വെറുതെ പോയില്ല.

ഏറ്റവും അവസാനം വീടുവെഞ്ചരിപ്പിന്റെ തലേദിവസം എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, മഴക്കാലമായിരുന്നു അത്. മുറ്റവും വശങ്ങളുമെല്ലാം പുതിയ മണ്ണ് എടുത്തിട്ടതുകൊണ്ട് ആകെ ചെളിയായി കിടക്കുകയായിരുന്നു. സുഹൃത്തിന്റെ അമ്മ ഇപ്രകാരം പ്രാർത്ഥിച്ചു: ഈ വീടിന്റെ അവസ്ഥ ഒന്നു ശരിയാക്കിത്തരുവാൻ പരിശുദ്ധാത്മാവേ ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് നല്ലൊരു ബുദ്ധി തോന്നിപ്പിക്കണമേ എന്ന്.
പ്രാർത്ഥനയ്ക്കുത്തരം ലഭിച്ചു. ഈ നിർമാണ പ്രവർത്തനങ്ങളിൽ സഹായിച്ചിരുന്ന വ്യക്തിയുടെ ഉള്ളിലേക്ക് പരിശുദ്ധാത്മാവ് ഒരു ആശയം കൊടുത്തു. കുഴഞ്ഞുകിടക്കുന്ന ചെളിയെല്ലാം വാരിക്കളഞ്ഞ് ടാർപായ് വാങ്ങി നിലത്തിട്ട് അതിന്റെ മുകളിൽ ബേബി മെറ്റൽ വിരിച്ച് രാത്രിയോടെ എല്ലാം ക്രമീകരിച്ചു. പിറ്റേദിവസം വെഞ്ചരിപ്പിന്റെ സമയമായപ്പോൾ മഴയും നിന്നു. അങ്ങനെ എല്ലാം ഭംഗിയായി നടന്നു. ഇത് മനുഷ്യബുദ്ധിക്ക് മനസിലാക്കുവാൻ സാധിക്കാത്ത കാര്യങ്ങളാണ്.
നാം വിലകൊടുത്ത് പരിഹാരത്തോടെ പ്രാർത്ഥിക്കുന്ന ഏതൊരു ആവശ്യവും ദൈവം തന്റെ സമയത്തിന്റെ പൂർത്തീകരണത്തിൽ നമുക്ക് ചെയ്തുതരും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സുഹൃത്ത് കരുണയുടെ ശുശ്രൂഷകൾ ചെയ്യുന്ന വ്യക്തിയാണ്. കരുണയുടെ വർഷത്തിൽ ദൈവം നല്കിയ സമ്മാനമാണ് ഇതെന്നാണ് സുഹൃത്തിനും കുടുംബത്തിനും പറയാനുള്ളത്. ഈ സാക്ഷ്യജീവിതം ദൈവത്തിന് കുടുംബത്തിൽ നല്കുന്ന സ്ഥാനവും പ്രാധാന്യവും എത്രയോ മാതൃകാപരം!

തോമസ് ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *