ദൈവം ആദരിക്കാൻ സൂത്രമാർഗ്ഗം

പോളണ്ടിലെ കീവ് നഗരം ടാർടാറിക് കൊള്ളക്കാർ ആക്രമിച്ച് തീയിട്ടു. തത്സമയം വിശുദ്ധ ഹൈസിന്ധ് ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കുകയായിരുന്നു. ബലിയർപ്പണം കഴിഞ്ഞപ്പോഴാണ് അദ്ദേഹം സംഭവം അറിഞ്ഞത്. അപ്പോഴേക്കും തീനാളങ്ങൾ ദൈവാലയത്തിലേക്കും പടർന്നുകഴിഞ്ഞിരുന്നു. കൊള്ളക്കാർ ദൈവാലയത്തിൽ കടന്ന് സക്രാരി തകർക്കുകയും ദിവ്യകാരുണ്യ ഈശോയെ അവഹേളിക്കുകയും ചെയ്യുമല്ലോയെന്നോർത്തപ്പോൾ വിശുദ്ധനിലും ‘അഗ്നി’ പടർന്നു. അദ്ദേഹം തിരുവസ്ത്രംപോലും മാറാതെ സക്രാരിയിൽ നിന്നും ദിവ്യകാരുണ്യമടങ്ങിയ കുസ്‌തോതി കയ്യിലെടുത്തു. പുറത്തേക്ക് ഓടാനൊരുങ്ങവേ പിറകിൽ നിന്നൊരു ദയനീയ സ്വരം – ”എന്റെ കുഞ്ഞേ, ഹൈസിന്ധ്, നീ എന്തേ എന്നേക്കൂടെ കൊണ്ടുപോകാത്തത്? എന്റെ രൂപം ശത്രുക്കൾക്ക് അവഹേളിക്കാൻ വിട്ടുകൊടുക്കുന്നതെന്തേ?”

ഹൈസിന്ധ് തിരിഞ്ഞുനോക്കിയപ്പോൾ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിൽ നിന്നുമായിരുന്നു ആ സ്വരം. വിശുദ്ധൻ നിസ്സഹായനായി നിന്നുപോയി. കാരണം പരിശുദ്ധ അമ്മയുടെ ആ രൂപം അസാമാന്യ വലുപ്പവും ഭാരവുമുള്ളതായിരുന്നു. അത് മനസിലാക്കിയ അമ്മ പറഞ്ഞു: ”ഞാനതിന്റെ ഭാരം ലഘുവാക്കിത്തരാം കുഞ്ഞേ.” അങ്ങനെ മറുകയ്യിൽ മാതാവിനെ അദ്ദേഹം കോരിയെടുത്തു. ദിവ്യകാരുണ്യ നാഥനെയും ദിവ്യകാരുണ്യ നാഥയെയും വിശുദ്ധൻ നെഞ്ചോടു ചേർത്തു; തീനാളങ്ങൾക്കിടയിലൂടെ ദേവാലയത്തിൽ നിന്നും പുറത്തേക്കോടി. ചുറ്റും അക്രമികൾ ഓടിയടുക്കുന്നു. മുമ്പിൽ നീപ്പർ നദി. എന്തുചെയ്യുമെന്ന് ചിന്തിക്കാൻ നേരമില്ല, അദ്ദേഹം നീപ്പർ നദിക്കുനേരെ ഓടി, വെള്ളത്തിനു മുകളിലൂടെ. എന്നാൽ അദ്ദേഹം വെള്ളത്തിലാഴുകയോ വീഴുകയോ ചെയ്യാത്തതുമാത്രമല്ല അത്ഭുതം- വിശുദ്ധന്റെ കാലിൽ ഒരു തുള്ളിവെള്ളംപോലും പറ്റാതെ, വരണ്ട നിലത്തെന്നപോലെ ഓടി മറുകര കടന്നു, ഈശോയെയും മാതാവിനെയും കൊള്ളക്കാർക്ക് കാണാൻപോലും കിട്ടിയില്ല.

ദിവ്യകാരുണ്യ ഈശോയും മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളുമെല്ലാം നൂറ്റാണ്ടുകളായി പലവിധത്തിൽ ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ അത്തരം ആക്രമണങ്ങളിൽനിന്നും അവഹേളനങ്ങളിൽനിന്നും ദിവ്യകാരുണ്യത്തിനും തിരുസ്വരൂപങ്ങൾക്കും സംരക്ഷണം നല്കാൻ നമുക്ക് സാധിച്ചിട്ടുള്ളൂ. ഐ.എസ് ഭീകരരുടെ പിടിയിലാകുംമുൻപേ ഫാ. ടോം ഉഴുന്നാലിൽ സക്രാരിയിലെ തിരുവോസ്തി മുഴുവൻ അതിവേഗം ഉൾക്കൊണ്ടുകൊണ്ട് അക്രമികളുടെ അവഹേളനത്തിൽ നിന്നും ദിവ്യകാരുണ്യനാഥനെ സംരക്ഷിച്ചു. ഒറീസയിലെ കാണ്ടമാൽ ആക്രമണത്തിൽ തകർക്കപ്പെട്ട സക്രാരിയിൽനിന്നും നിലത്തു ചിതറിവീണ തിരുവോസ്തി മുഴുവൻ വന്ദ്യവയോധികയായ ഒരു സിസ്റ്റർ നിലത്തുനിന്ന് നാവുകൊണ്ട് ഉൾക്കൊള്ളുകയുണ്ടായി. ചുരുക്കം സംഭവങ്ങൾ.

എന്തേ ഇങ്ങനെ സംഭവിക്കുന്നു? സർവ്വശക്തനായ ദൈവമല്ലേ തിരുവോസ്തിയിൽ വസിക്കുന്നത്? എന്നിട്ടും ഇത്ര നിസാരരായ മനുഷ്യരുടെ ആക്രമണങ്ങളിൽനിന്നും സ്വയം രക്ഷിക്കാത്തത്? ഇതേ ചോദ്യം ഈശോ കുരിശിൽ കിടക്കുമ്പോൾ മുതൽ കേട്ടു തുടങ്ങിയതാണല്ലോ…
”ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കിൽ കുരിശിൽനിന്നിറങ്ങി വരുക. …ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. …കുരിശിൽനിന്നിറങ്ങിവരട്ടെ… ഞാൻ ദൈവപുത്രനാണ് എന്നാണല്ലോ ഇവൻ പറഞ്ഞിരുന്നത്” (മത്തായി 27: 40-43).

സ്വരക്ഷയ്ക്കും സ്വന്തം ആവശ്യങ്ങൾക്കുംവേണ്ടി അവിടുന്ന് ഒരിക്കലും ഒരത്ഭുതവും പ്രവർത്തിച്ചില്ല; അവിടുത്തെ അത്ഭുതങ്ങളെല്ലാം മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു. അതുകൊണ്ടാണല്ലോ മറ്റുള്ളവരാൽ ചവിട്ടിത്തേക്കപ്പെടുമ്പോഴും അവഹേളിക്കപ്പെടുമ്പോഴും കുരിശിലെ അതേ ശാന്തതയോടെ അവരെയും സ്‌നേഹിക്കുന്നത്. സാത്താൻ ആരാധകർ കാട്ടിക്കൂട്ടുന്ന പറയാൻകൊള്ളില്ലാത്ത മ്ലേച്ഛതകൾപോലും ഒന്നും പ്രതികരിക്കാതെ നിശബ്ദനായി സഹിക്കുന്നത്. അവിടുത്തേക്ക് അവയെല്ലാം നിശ്ശൂന്യമാക്കാൻ നിമിഷംപോലും വേണ്ടല്ലോ. താൻ സ്‌നേഹിക്കുന്ന മനുഷ്യമക്കൾ തനിക്കെതിരെ എന്തു ചെയ്താലും അവിടുന്ന് യാതൊരു പ്രതികാരവും ചെയ്യുന്നില്ല. എന്നാൽ അവർക്കുവേണ്ടി അവിടുന്ന് എന്തത്ഭുതവും പ്രവർത്തിക്കുകയും ചെയ്യും.
എത്രയെത്ര ദിവ്യകാരുണ്യ അത്ഭുതങ്ങൾ, നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി അവിടുന്നു പ്രവർത്തിക്കുന്നു. 1240-ൽ അസീസിയിലെ സാൻ ഡാമിയാനോ കോൺവെന്റിലേക്ക് പട്ടാളം ഓടിയടുത്തപ്പോൾ, രോഗക്കിടക്കയിലായിരുന്ന വിശുദ്ധ ക്ലാര ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ മുട്ടിൽവീണ് കണ്ണുനീരോടെ പ്രാർത്ഥിച്ചു: ‘ഞങ്ങളുടെ ആത്മീയ മണവാളനായ ദിവ്യകാരുണ്യ ഈശോ, അവിടുത്തെ ഹിതമെങ്കിൽ ഞങ്ങളെ സൈന്യത്തിന്റെ കിരാതകരങ്ങളിൽനിന്നും രക്ഷിക്കണമേ.”

ഈശോ മറുപടി കൊടുത്തു: ”തീർച്ചയായും എന്റെ കുഞ്ഞേ, നിങ്ങൾ സുരക്ഷിതരായിരിക്കും. ധൈര്യമായിരിക്കുക, എന്റെ സ്‌നേഹത്തിൽ വിശ്വസിക്കുക മാത്രം ചെയ്യുക. ഞാൻ നിങ്ങളെ സംരക്ഷിക്കും.” അവൾ സഹസന്യാസിനിമാരെ ധൈര്യപ്പെടുത്തി. ശേഷം അരുളിക്ക സധൈര്യം കരങ്ങളിലെടുത്തു. ദിവ്യകാരുണ്യ നാഥനെ വഹിച്ചുകൊണ്ട് ക്ലാരയും സന്യാസിനിമാരും പട്ടാളത്തിനു നേരെ നീങ്ങി. ആർത്തിരച്ചു വന്ന സൈന്യം ഒന്നടങ്കം നിലംപതിച്ചു. കാരണം ദിവ്യകാരുണ്യത്തിൽ നിന്നും അതിശക്ത പ്രകാശം അവിടംമുഴുവൻ വ്യാപിച്ചു. അതു താങ്ങാൻ പട്ടാളക്കാർക്ക് സാധിച്ചില്ല. സൈന്യത്തിന് അവിടെനിന്നും തോറ്റു പിൻവാങ്ങാതെ തരമില്ലാതായി. ക്ലാരയും സന്യാസിനിമാരും കോൺവെന്റും ദിവ്യകാരുണ്യ ഈശോയുടെ പ്രഭാവലയത്തിൽ സംരക്ഷിക്കപ്പെട്ടു.
”…നീ എന്റേതാണ്. ..അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേൽക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. ഞാൻ നിന്റെ ദൈവമായ കർത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്” (ഏശയ്യ 43:1,3).

നേപ്പിൾസിലെ ഫെറാന്റെ രാജാവ് വിശുദ്ധ ഫ്രാൻസിസ് പവോളയെ ബന്ധിക്കാൻ സൈന്യത്തെ അയച്ചു. വിശുദ്ധൻ ദിവ്യകാരുണ്യ സന്നിധിയിൽ മുട്ടുകുത്തി, ‘ഈശോ, അങ്ങയുടെ ഹിതം നിറവേറ്റുക’ എന്നു മാത്രം പ്രാർത്ഥിച്ചു. സൈന്യം ദേവാലയത്തിനുള്ളിൽ കടന്ന് നിരവധി തവണ അൾത്താരയ്ക്കു മുൻപിലൂടെ കടന്നുപോയെങ്കിലും വിശുദ്ധനെ അവർക്കു കാണാൻ സാധിച്ചില്ല. ദിവ്യകാരുണ്യ നാഥൻ തന്റെ ദിവ്യരശ്മികളാൽ അദ്ദേഹത്തെ മറച്ചു സംരക്ഷിക്കുകയായിരുന്നു. ”തന്റെ തൂവലുകൾകൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴിൽ നിനക്ക് അഭയം ലഭിക്കും” (സങ്കീർത്തനങ്ങൾ 91:4).
വിശുദ്ധ എവുപ്രാസ്യാമ്മയുടെ ജീവിതം മാത്രം നോക്കിയാൽ മതി, പരിശുദ്ധ ദൈവമാതാവ് എത്രപ്രാവശ്യമാണ് വിശുദ്ധയുടെ സഹായത്തിന് ഓടിയെത്തുന്നത്! എന്നാൽ അനേക ഇടങ്ങളിൽ അമ്മ അവഹേളിക്കപ്പെടുന്നെങ്കിലും ഒരിടത്തും സ്വന്തം രക്ഷയ്ക്കായ് അമ്മ ഒന്നും ചെയ്തിട്ടില്ല. ഈശോയും മാതാവുമൊക്കെ നമുക്കായ് എല്ലാം ചെയ്തു തരുമ്പോൾ ഭൂമിയിൽ അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്; അല്ല, സ്‌നേഹമുണ്ടെങ്കിൽ നാമത് ചെയ്തിരിക്കും. നമുക്കേറെ പ്രിയപ്പെട്ടവർ ആരും ആക്രമിക്കപ്പെടാനോ അവഹേളിക്കപ്പെടാനോ നാം അനുവദിക്കില്ല. ഈശോയും അമ്മയുമെല്ലാം നമുക്കെത്രമാത്രം പ്രിയങ്കരരാണെന്ന് അവരോടും നമ്മോടും ലോകത്തോടും പ്രഖ്യാപിക്കാനുള്ള അവസരംകൂടിയാണിവയെല്ലാം.

മനുഷ്യരുടെ നിന്ദാപമാനങ്ങളിൽ നിന്ന് മറയ്ക്കപ്പെടാൻ ദൈവം എത്ര ആഗ്രഹിക്കുന്നെന്ന് അവിടുന്ന് ഗബ്രിയേലെ ബോസിസിന് വെളിപ്പെടുത്തിയിട്ടുണ്ട്. ”പ്രിയ ഗബ്രിയേലാ, മനുഷ്യരുടെ നന്ദികേടും അനാദരവും നിന്ദയും പരിഹാസവും അക്രമങ്ങളും ഏല്ക്കാതെ നീ എന്നെ സംരക്ഷിക്കില്ലേ? നിന്റെ ഹൃദയത്തിൽ എന്നെ ഒളിച്ചുപിടിക്കില്ലേ?” എന്ന് അവിടുന്നു ചോദിച്ചു. വിശുദ്ധ ഹൈസിന്ധിനോട് പരിശുദ്ധ അമ്മ ദീനമായി അപേക്ഷിച്ചതും അതുതന്നെയല്ലേ? നമ്മുടെ എല്ലാമെല്ലാമായ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും മഹത്വം ഉയർത്തിപ്പിടിക്കാനും നാമം കളങ്കിതമാകാതിരിക്കാനും നാം ബദ്ധശ്രദ്ധരായിരിക്കണം. അതു ചെയ്യാൻ നമുക്കു മാത്രമേ സാധിക്കൂ, മറ്റാരും ചെയ്യാനില്ല. മക്കളായ നാമത് ചെയ്തില്ലെങ്കിൽ ആരത് ചെയ്യും?

ദേവാലയത്തിലും ദിവ്യകാരുണ്യ സന്നിധിയിലും ദിവ്യകാരുണ്യ സ്വീകരണത്തിലും അതിനുശേഷവും എത്ര സ്‌നേഹവും ആദരവും നമുക്ക് ഈശോയോടുണ്ട്? അവിടുന്ന് അർഹിക്കുംവിധം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടോ? ഇല്ലെങ്കിൽ അധികമധികം സ്‌നേഹിക്കണം, ആദരിക്കണം. കൂടാതെ, എവിടെയെല്ലാം ഈശോയും മാതാവും അവഹേളിക്കപ്പെടുന്നോ അതിനെല്ലാം പരിഹാരമായി കൂടുതൽ കൂടുതൽ നാം അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തേപറ്റൂ, സ്‌നേഹിക്കാത്തവർക്കു പകരമായി. അങ്ങനെ നമുക്കവരെ ആശ്വസിപ്പിക്കണം. ”എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവന് വെളിപ്പെടുത്തുകയും ചെയ്യും. … ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും” (യോഹന്നാൻ 14:21,23). ”എന്നെ ആദരിക്കുന്നവരെ ഞാനും ആദരിക്കും (1 സാമുവൽ 2:30).

അതിനിതാ തെളിവ്: വിശുദ്ധ ഹൈസിന്ധ് മരിക്കുന്നതിന്റെ തലേന്നുവരെ പരിശുദ്ധ അമ്മ അൾത്താരയിൽ വിശുദ്ധനെ സന്ദർശിച്ചു. അമ്മയുടെ ശിരസിലെ കിരീടം വിശുദ്ധന്റെ ശിരസിൽ വയ്ക്കുകയും സ്വർഗീയാനന്ദത്താൽ നിറച്ച് ആദരിക്കുകയും ചെയ്തു. പിറ്റേന്ന് മാതാവിന്റെ സ്വർഗാരോപണ തിരുന്നാളിനുതന്നെ അമ്മ പരിശുദ്ധ മാലാഖമാരാൽ പരിസേവിതയായി നേരിട്ടെത്തി വിശുദ്ധനെ സ്വർഗത്തിലേക്ക് സംവഹിച്ചു.

ആൻസിമോൾ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *