ഈ കണക്ഷൻ എടുത്തതാണോ?

കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന മകൻ ജോലിസംബന്ധമായി മൂന്നു ദിവസം വീട്ടിൽ താമസിക്കുന്ന സമയം. പകൽ മുഴുവൻ കമ്പനിയുടെ മീറ്റിങ്ങുകളിലും ടൂറുകളിലും സമയം ചെലവഴിച്ച് ക്ഷീണിച്ചവശനായി വൈകുന്നേരങ്ങളിൽ വീട്ടിൽ എത്തുന്നു. ഒരു ദിവസം രാത്രി അവനോടൊപ്പം കുറച്ചുസമയം ചെലവഴിക്കാൻ ശ്രമിച്ചപ്പോൾ, മകൻ വളരെ കാര്യമായി എന്തോ എഴുതുന്നതും അതിനുശേഷം വളരെ സമയം ഫോൺ ചെയ്യുന്നതും കാണുവാനിടയായി. രണ്ടു ദിവസത്തേക്ക് വീട്ടിൽ വന്നാലെങ്കിലും നിനക്ക് ഈ ഓഫിസ് കാര്യങ്ങൾ മാറ്റിവയ്ക്കുവാൻ സാധിക്കുന്നില്ലല്ലോ എന്നു പറഞ്ഞ് ഞാൻ പരിഭവിച്ചു.

പക്ഷേ, അവൻ പറഞ്ഞു: ”ഞാൻ ഈ കമ്പനിയിൽ ഉള്ളിടത്തോളം കാലം എവിടെയാണെങ്കിലും എന്റെ ഓരോ പ്രവൃത്തിയും എന്റെ കമ്പനിയുടെ എം.ഡിയെ അറിയിക്കണം. അതിന് വീഴ്ച വരുത്തിയാൽ, ആ നല്ല കമ്പനിയിൽനിന്ന് ഞാൻ പുറത്തു പോകേണ്ടിവരും.”

ഉടനെ എന്റെ മനസിലേക്ക് മിന്നൽപോലെ ഒരു കാര്യം കടന്നുവന്നു. ഈ ആധുനിക കാലത്ത് മകന് അവന്റെ കമ്പനിയുടെ എം.ഡിയുമായി ആശയങ്ങൾ കൈമാറാൻ ഫോണും ഇ-മെയിലും വാട്ട്‌സ് ആപ്പും അനുവദിച്ചിട്ടുണ്ടെങ്കിൽ, അതിനെക്കാൾ എത്രയോ ഇരട്ടി വേഗതയിൽ ഒരു തടസവും കൂടാതെ ചിന്തയാകുന്ന പ്രാർത്ഥനവഴി പിതാവായ ദൈവത്തിന് നമ്മുടെ ഓരോ നിമിഷവും സമർപ്പിക്കാൻ കഴിയും.

പിതാവായ ദൈവത്തിന്റെ കമ്പനിയിൽ മാത്രം ജോലി ചെയ്യുവാനും തിരിച്ച് അവിടെ ചെന്നെത്തുന്ന കാലംവരെ ഓരോ നിമിഷവും ദൈവവുമായി ബന്ധം പുലർത്തുവാനും നമുക്ക് ശ്രമിക്കാം.

1 തെസലോനിക്ക 5:17 വചനം പറയുന്നു ”ഇടവിടാതെ പ്രാർത്ഥിക്കുവിൻ”

പ്രേമ ജോൺ

Leave a Reply

Your email address will not be published. Required fields are marked *