കുരിശിന്റെ വിശുദ്ധ യോഹന്നാൻ ലോകമെങ്ങും അറിയപ്പെടുന്ന മഹാത്മാവാണ്. ഇദ്ദേഹത്തിന്റെ രചനകൾ ക്രിസ്തീയ ലോകത്ത് മാത്രമല്ല, ദൈവത്തെ തേടുന്ന അനേകം സഞ്ചാരികൾ ചേർത്തുപിടിക്കുന്നവയാണ്. ഈ വിശുദ്ധൻ കടന്നുപോയ പീഡാനുഭവത്തിന്റെ കഥകൾ അധികമൊന്നും നാം ധ്യാനിക്കാറില്ല. ആശ്രമത്തിലെ വീട്ടുതടങ്കലിലായിരുന്നു അന്നദ്ദേഹം. തെറ്റിദ്ധാരണയുടെ പേരിലുള്ള ശിക്ഷ അനുഭവിക്കുന്ന സമയം. പുതിയ ആശ്രമാധിപൻ തിരഞ്ഞെടുക്കപ്പെട്ടു. ആശ്രമത്തിലെ അംഗങ്ങൾക്ക് അവരുടെ വലുതും ചെറുതുമായ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനും നേടിയെടുക്കാനുമുള്ള അവസരം കൂടിയാണത്.
പലരും അവരുടെ സ്വകാര്യ ഇഷ്ടങ്ങൾ പങ്കുവച്ചു. വീട്ടുതടങ്കലിൽ കഴിയുന്നവർ സ്വാഭാവികമായും അതിൽനിന്നുള്ള മോചനമാണ് ആവശ്യപ്പെടാറുള്ളത്. പക്ഷേ, കുരിശിന്റെ വിശുദ്ധ യോഹന്നാൻ ആവശ്യപ്പെട്ടത് ഒരു പേനയും കുറച്ച് വെള്ളക്കടലാസുമാണ്. ആ ഇരുണ്ട മുറിയിലിരുന്ന് അദ്ദേഹം തന്റെ ജ്ഞാനചിന്തകൾ അക്ഷരങ്ങളായി പകർത്തി. ‘ആത്മാവിന്റെ ഇരുണ്ട രാത്രികൾ’ എന്ന പ്രസിദ്ധമായ ഗ്രന്ഥം അവിടെനിന്നും രൂപമെടുത്തു.
നിഷ്‌ക്രിയരാകാതെ മുന്നോട്ടു പോകാൻ
സാഹചര്യങ്ങളെ പഴിച്ച് നിഷ്‌ക്രിയരാകുന്നവരുണ്ട്. വിപരീത സാഹചര്യത്തിലും ദൈവത്തെ നോക്കി മുന്നേറുന്നവരുമുണ്ട്. ചെങ്കടൽ പകുത്ത് ഇസ്രായേലിനെ ദൈവം വഴിനടത്തിയ സംഭവം എത്ര വായിച്ചാലും മതിവരാത്തതാണ്. വിക്കനെങ്കിലും ദൈവത്തിൽമാത്രം ശരണം വച്ച മോശയുടെ പിന്നാലെ അണിനിരന്നവർ പിന്നിട്ട പ്രതിസന്ധികളും സാധ്യതകളും ഇന്നും നമുക്ക് പ്രത്യാശ പകരുന്നവയാണ്.
മുമ്പിൽ ചെങ്കടലും പുറകിൽ ഫറവോയുടെ സൈന്യവും. ഇതിനിടെ പിറുപിറുക്കുന്ന ജനവും: ‘വലിയ വാഗ്ദാനം നല്കി ഈജിപ്തിൽനിന്നും മോശ മോചിപ്പിച്ചത് ഇതിനായിരുന്നോ? അടിമവേലയായിരുന്നു മരുഭൂമിയിലെ അലച്ചിലിനെക്കാളും ഭേദം.’ ശകാരവാക്കുകൾ കേട്ട് ഹൃദയം തകർന്നെങ്കിലും ജനത്തെ ബലപ്പെടുത്തുകയാണ് മോശ. ”നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനില്ക്കുവിൻ. നിങ്ങൾക്കുവേണ്ടി ഇന്നു കർത്താവ് ചെയ്യാൻ പോകുന്ന രക്ഷാകൃത്യം നിങ്ങൾ കാണും” (പുറപ്പാട് 14:13).
ഇതു പറയുമ്പോഴും എങ്ങനെ ദൈവം പ്രവർത്തിക്കുമെന്ന് വ്യക്തതയില്ല, മോശയ്ക്ക്. ഇന്നലെകളിൽ മേഘസ്തംഭവും അഗ്നിതൂണും നല്കിയവൻ, നിലവിളിച്ചപ്പോൾ ശത്രുവിനെതിരെ ബാധകളുടെ മഹാമാരി വർഷിച്ചവൻ ഇടപെടും എന്ന ഉറപ്പ്, അത്രമാത്രം. നേതാവിന്റെ ഉറപ്പ് അണികൾക്ക് മനസിലാകുന്നില്ല. അവരെ ശാന്തരാക്കാൻ പറഞ്ഞ വീരവാക്കുകൾ മാത്രമായവർ കരുതി. ജനം ബഹളം വയ്ക്കുമ്പോൾ മോശ കരയാൻ തുടങ്ങി. ഒരു നല്ല നേതാവ് കരയാൻ മടിയില്ലാത്തവനാകണം, ദൈവത്തിനു മുൻപിൽ.
വിശുദ്ധ പൗലോസ് തന്റെ രചനകളിൽ മുഖ്യമായ പലതും നിർവഹിച്ചത് റോമിലെ ജയിലിൽ കഴിയുമ്പോഴാണ്. ജയിലിലെ ഇത്തിരി വെളിച്ചത്തിൽ തന്റെ അരുമശിഷ്യനായ തിമോത്തിയോസിന് അവൻ എഴുതി. ബലം പകരുന്ന വാക്കുകളായിരുന്നു പൗലോസിന്റേത്. ബലഹീനത അവഗണിച്ചും ബലവാനായ കർത്താവിന് ശുശ്രൂഷ ചെയ്യാൻ മറക്കരുതെന്ന് അവൻ ഓർമപ്പെടുത്തി. ”നിന്റെ കണ്ണീരിനെപ്പറ്റി ഓർക്കുമ്പോഴൊക്കെ നി ന്നെ ഒന്നുകണ്ട് സന്തോഷഭരിതനാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു” (2 തിമോത്തിയോസ് 1:4)
ജയിലിലെ ഏകാന്തതയിലും കഷ്ടതയിലും കഴിയുന്നവന് കണ്ണീരുണങ്ങുന്ന ദിവസമില്ലല്ലോ. എന്നിട്ടും അരുമശിഷ്യന്റെ ശുശ്രൂഷാവഴികളിലെ കണ്ണീർ തുടയ്ക്കാനുള്ള തിടുക്കം നമ്മെ ഉത്തേജിപ്പിക്കുന്നതാണ്. ജയിലിലെ ഭീകരതക്കും മരണത്തിന്റെ വായ്മുഖത്തുള്ള ജീവിതത്തിനും മധ്യത്തിൽ നിർഭയം ദൈവവേല ചെയ്യാൻ പൗലോസ് നല്കുന്ന കരുത്ത് കാണുക. എന്റെ കണ്ണീരിന്റെ കാരണങ്ങൾ എല്ലാം തുടച്ചുനീക്കിയിട്ട് കണ്ണീർ തുടയ്ക്കുന്ന ശുശ്രൂഷ തുടങ്ങാൻ എനിക്കാവില്ല. ഒരു കൈകൊണ്ട് എന്റെ കണ്ണീർ തുടച്ചും മറുകൈകൊണ്ട് സഹോദരങ്ങളുടെ കണ്ണീർ തുടച്ചും ഞാൻ മുന്നേറണം.
എന്റെ ബാധ്യതകൾ എല്ലാം തീർന്നിട്ട് ദൈവസേവ നടത്താനാവില്ല. ദൈവശുശ്രൂഷയ്ക്ക് പറ്റിയ സമയം ഇന്നാണ്. ഇപ്പോൾത്തന്നെ! നാളെകൾ നമ്മുടെ കൈയിലില്ല; ഇന്നലെകൾ കൈവിട്ടുപോയി. ശേഷിക്കുന്നത് ഇന്ന് മാത്രമാണ്. നിഷ്‌ക്രിയത്വം വെടിയുക. അവനായി ജീവിക്കുക.
ദൈവത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ”നീ എന്തിന് എന്നെ വിളിച്ച് കരയുന്നു? മുൻപോട്ട് പോകാൻ ഇസ്രായേൽക്കാരോട് പറയുക” (പുറപ്പാട് 14:15). കൂടാരത്തിന്റെ കുറ്റികൾ പറിക്കാനും ഭാണ്ഡങ്ങൾ തോളിലേറ്റാനും മോശ ജനത്തോട് പറഞ്ഞു. ഓർക്കുക, കൂടാരത്തിന്റെ കുറ്റികൾ വലിച്ചൂരുമ്പോഴും ഇനി എവിടെ ആ കുറ്റികൾ നാട്ടുമെന്ന് അവർക്ക് ഉറപ്പില്ല. ഇന്ന് ഈ സംഭവം ധ്യാനിക്കുമ്പോൾ ദൈവം ചെങ്കടൽ പകുത്തേക്കാം എന്ന് നമുക്കറിയാം. എന്നാൽ, അന്ന് അത്തരമൊരു കൃത്യത്തെക്കുറിച്ച് അവർക്ക് കേട്ടുകേൾവിപോലുമില്ല. ഭാണ്ഡങ്ങൾ തലയിലേന്തുമ്പോഴും കടലിലെ തിരമാലയ്ക്ക് കുറവൊന്നുമില്ല.
മോശയുടെ നെഞ്ചിൽ തീയായിരുന്നിരിക്കണം ആ സമയത്ത്. ദൈവം പറഞ്ഞതു ചെയ്തു. ഇതിനപ്പുറം അവനൊന്നും അറിയില്ല. സന്ധ്യയിൽ തെക്കൻകാറ്റ് വീശുമ്പോൾ ജനം ചെങ്കടൽ കടക്കണമെങ്കിൽ, പകൽ സകല ഒരുക്കങ്ങളും പൂർത്തിയായിരിക്കണം. സംഘർഷങ്ങളുടെ കടൽത്തീരത്തും ഒരുക്കത്തോടെ ഇരിക്കുന്നവർക്കാണ് ദൈവകൃപയുടെ സാധ്യതകൾ തെളിയുന്നത് എന്നോർക്കുക.
കൂടാരങ്ങളുടെ കുറ്റി പറിക്കുക
യാത്രയ്ക്കുള്ള ഭാണ്ഡം കെട്ടുന്ന തിരക്കിലായിരുന്നു പകൽ മുഴുവൻ അവർ. മോശയാകട്ടെ ചങ്കു പറിയുന്ന പ്രാർത്ഥനയിലും. ഒരു നല്ല നേതാവിന്റെ നിയോഗം ഇതാണ്. ജനം യത്രയുടെ ആവേശത്തിലായിരിക്കും, എന്നും. നയിക്കുന്നവൻ ജാഗ്രതയാർന്ന പ്രാർത്ഥനയിലും.
അവർ കടലിനെ സമീപിക്കുമ്പോഴും തിരമാലകളുടെ അലടയിക്ക് കുറവൊന്നുമില്ല. പെട്ടെന്നാണ് ദൈവം മോശയോട് കല്പിക്കുന്നത്, നിന്റെ വടിയെടുത്ത് കടലിനുനേരെ നീട്ടുക. അതിനെ വിഭജിക്കുക. തെക്കൻകാറ്റിനെ തുറന്നുവിട്ട ദൈവം കടൽ രണ്ടായി പകുത്തു. കടലിന്റെ വിഭജനം നടന്നശേഷമല്ല കൂടാരങ്ങളുടെ കുറ്റി പറിക്കുന്നത്.
ദൈവം അയക്കുന്ന തെക്കൻകാറ്റിൽ പ്രതിസന്ധികളുടെ ചെങ്കടൽ പിന്നിടണമെങ്കിൽ നാം ആദ്യം കൂടാരങ്ങളുടെ കുറ്റി പറിക്കണം. വിശ്വാസത്തിന്റെ ആദ്യപ്രവൃത്തി രണ്ടാമത്തേതിന് വഴിമാറുന്നു. മുഴുവൻ സാധ്യതകളും എതിരായി നില്ക്കുമ്പോഴും നിഷ്‌ക്രിയരാകാതെ അവൻ പറയുന്നത് കേട്ടവർ ഭാഗ്യവാന്മാരായി. ദൈവകൃപയുടെ തെക്കൻകാറ്റ് ഇന്നും വീശുന്നുണ്ട്, നമുക്കിടയിൽ. പക്ഷേ, നമ്മുടെ സുരക്ഷിതകേന്ദ്രങ്ങളുടെ കുറ്റിപറിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് മുന്നോട്ട് കുതിച്ച് നീങ്ങാൻ നമുക്കാകുന്നില്ല. ചെങ്കടലിന്റെ ഭീകരതയും ദാസ്യവേലയുടെ നൈമിഷികസുഖവും പറഞ്ഞ് കൂടാരങ്ങളിൽ ചടഞ്ഞിരിക്കുന്നു, നാം.
ലോകത്തിന്റെ വെല്ലുവിളികളും ജീവിതക്ലേശങ്ങളുടെ സങ്കടങ്ങളും എണ്ണിയിരിക്കാതെ, ലോകത്തെ ജയിച്ചവനെ ചേർത്തുപിടിച്ചിരിക്കുക. കുതിരയെയും കുതിരക്കാരനെയും കടലിലെറിഞ്ഞ്, ശത്രുകരങ്ങളിൽനിന്നും ദൈവജനത്തെ കാക്കുന്ന ഇസ്രായേലിന്റെ ദൈവം ഇന്നുമുണ്ട്, നമുക്കിടയിൽ.
നല്ല സമയം നോക്കിയിരുന്ന് സമയം പാഴാക്കുന്നവർ നിരവധിയാണ്. എല്ലാം ശരിയായിക്കഴിയുമ്പോൾ ദൈവത്തിനായി ജീവിക്കാമെന്ന് കരുതുന്നവരുണ്ട്. അറുപതു കഴിഞ്ഞിട്ട് വിശുദ്ധ ജീവിതം ആരംഭിക്കണം എന്നു തീരുമാനിച്ചവരുമുണ്ട്. വീടുപണിയുടെ കടംകൂടി വീട്ടിയിട്ട് ശുശ്രൂഷകളിൽ പങ്കുചേരാം, മകളുടെ കല്യാണം കഴിഞ്ഞിട്ട് ദൈവസേവ ചെയ്യാം…. ഇങ്ങനെ ഏറെ കാര്യങ്ങൾ പറഞ്ഞ് കൂടാരത്തിന്റെ കുറ്റിയിൽ തങ്ങളെത്തന്നെ തളച്ചിടുന്നവരുണ്ട്. സഭാപ്രസംഗകന്റെ വാക്കുകൾ എത്രയോ ശ്രദ്ധേയം: ”കാറ്റു നോക്കിയിരിക്കുന്നവൻ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവൻ കൊയ്യുകയോ ഇല്ല” (11:4).
എല്ലാം ശരിയായതിനുശേഷം എഴുതാമെന്ന് കരുതിയാൽ നീയൊരിക്കലും എഴുതില്ല. ഒന്നും ശരിയാകാത്തപ്പോഴും ദൈവം തരുന്ന വെളിച്ചത്തിൽ മുന്നോട്ടുപോവുക. അങ്ങേയറ്റത്ത് രക്ഷകൻ ഉള്ളതിനാൽ ചെറുവെളിച്ചത്തിലും നമുക്ക് സഞ്ചരിക്കാനാകും. ഒരു കൈകൊണ്ട് ജനത്തെ ബലപ്പെടുത്തുമ്പോഴും മറുകൈ ഉയർത്തി കരുണയ്ക്കായി കരയുകയാണ് നേതാവിന്റെ നിയോഗം. വിതയ്ക്കാൻ ഇറങ്ങുമ്പോൾ കാറ്റിനെ തടഞ്ഞുനിർത്തുമെന്നും കൊയ്യാനിറങ്ങുമ്പോൾ മഴമേഘങ്ങളെ മാറ്റി അയക്കുമെന്നും വിശ്വസിക്കുന്നവർക്കേ വിശ്വാസജീവിതത്തിൽ മുന്നേറാനാകൂ. കാലഭേദങ്ങൾ മറന്നും കാനാനിലേക്ക് നടക്കുന്നവർക്ക് പ്രപഞ്ചത്തിന്റെ നായകനായ കർത്താവ് അനുകൂലമായ വഴിയൊരുക്കും. കഷ്ടതയിലും അവനായി പാടുക; ദുരിതത്തിലും അവനായി പ്രത്യാശയെക്കുറിച്ച് പ്രസംഗിക്കുക; നഷ്ടങ്ങളിലും എല്ലാം ലാഭമാക്കുന്നവനായി ജീവിക്കുക.
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ