ഒരു സൗന്ദര്യവർധക രഹസ്യം

തണുപ്പുള്ള ഡിസംബർ മാസം, കിടന്നുറങ്ങാൻ നല്ല രസം. എന്നാലതാ അലാം ക്ലോക്ക് ശബ്ദിക്കുന്നു. അത് ഓഫ് ചെയ്തിട്ട് ഒന്നുകൂടി മറിഞ്ഞു കിടന്നു. അഞ്ചു മിനിട്ട് കഴിയുമ്പോൾ എഴുന്നേല്ക്കാം എന്നു കരുതി. പിന്നെ കണ്ണു തുറന്നത് അരമണിക്കൂർ കഴിഞ്ഞാണ്. അതിവേഗം പല്ലുതേച്ച് കൈയിൽ കിട്ടിയ വസ്ത്രം ധരിച്ചു. വേഗത്തിൽ വാഹനം ഓടിച്ച് ജോലി ചെയ്യുന്ന കാൻസർ ആശുപത്രിയിൽ എത്തി. ഭംഗിയായി മുടി കെട്ടാനോ ഒരുങ്ങാനോ ഒന്നും സാധിച്ചില്ല. ഇന്ന് രോഗികളുടെ മുൻപിൽ മിടുക്കിയായി നില്ക്കാൻ ഒരുക്കക്കുറവുണ്ടല്ലോ എന്ന ഇച്ഛാഭംഗം എന്നെ അലട്ടിക്കൊണ്ടിരുന്നു.

ഒരു സൗന്ദര്യചിന്ത
അങ്ങനെയിരിക്കെ മുറിയിലേക്ക് ആദ്യത്തെ രോഗി കടന്നുവരുന്നു. കീമോതെറാപ്പി ആറുവട്ടം പൂർത്തിയാക്കിയാണ് അവൾ വന്നിരിക്കുന്നത്. അവളുടെ മുഖത്തേക്ക് ഞാൻ ഒന്നു നോക്കി. മുപ്പതുവയസുമാത്രം പ്രായമുള്ള മകൾ. തലയിൽ ഒരു മുടിപോലും ഇല്ല. പിങ്ക് നിറത്തിലുള്ള ഒരു സ്‌കാർഫുകൊണ്ട് തല മൂടിയിട്ടുണ്ട്. എന്തിനേറെ, കൺപീലികളും പുരികവും കൊഴിഞ്ഞുപോയിരിക്കുന്നു. പക്ഷേ അവൾക്ക് ഒരു പരാതിയും ഇല്ല.

വേണ്ടവിധം ഒരുങ്ങാൻ സാധിച്ചില്ല എന്ന ചിന്തയുമായി ഞാൻ നില്ക്കുമ്പോൾ, എന്റെ മനസറിഞ്ഞതുപോലെ ആ മകൾ എന്നോട് പറഞ്ഞു; മുടിയൊക്കെ പോയാലും വേണ്ടില്ല, എന്റെ കാൻസർ മാറിയാൽ മതിയെന്ന്. ഒരു ഇടിമിന്നൽപോലെ ആ വാക്കുകൾ എന്റെ ഹൃദയത്തിലൂടെ കടന്നുപോയി. ഇന്നും തലമുടിയും കൺപീലിയും ഒക്കെയായി എന്റെ കർത്താവ് എന്നെ നിർത്തിയിരിക്കുന്നത് അവിടുത്തെ കാരുണ്യം ഒന്നുകൊണ്ടുമാത്രം ആണല്ലോ എന്ന് ഓർത്തുപോയി.
പല മുഖങ്ങളോ?

ആദ്യത്തെ രോഗിയെ കണ്ടിട്ട് ആ മുറിയിൽനിന്നിറങ്ങിയപ്പോൾ ക്ലിനിക്കിന്റെ രജിസ്‌ട്രേഷൻ ഓഫിസിന്റെ മുൻപിൽ ഭയങ്കര ബഹളം. കാര്യം അന്വേഷിച്ചപ്പോൾ ഒരു രോഗി ബഹളം വച്ചതാണ്. ഡോക്ടർ മുറിയിൽ ചെല്ലാൻ താമസിച്ചു എന്നതാണ് പരാതി. ഫ്രണ്ട് ഓഫീസിൽനിന്ന് എല്ലാവരോടും രോഗി വഴക്കുണ്ടാക്കി. അതുകഴിഞ്ഞ് അല്പസമയത്തിനു ശേഷമാണ് ഡോക്‌ടേഴ്‌സും നഴ്‌സും തെറാപ്പിസ്റ്റും എല്ലാം അടങ്ങുന്ന അഞ്ചംഗ ടീം ആ രോഗിയുടെ മുറിയിലേക്ക് കടന്നുചെല്ലുന്നത്. വളരെ ശാന്തനായ രോഗി, നേരത്തേ ബഹളംവച്ച അതേ രോഗിയാണോ ഇത്? എത്ര വ്യത്യസ്തമായ പെരുമാറ്റം. അതിശയം തോന്നിപ്പോയി.
നൂറുമുഖങ്ങൾ ഉള്ളവന്റെ പേര് ലെഗിയോൻ എന്നാണെങ്കിൽ എന്നെ എന്തു വിളിക്കണം എന്ന് സ്വയം ചോദിക്കുകയായിരുന്നു അപ്പോൾ. എത്ര മുഖങ്ങളുണ്ട് എനിക്കെന്ന് തനിയെ ചിന്തിച്ചുനോക്കുന്നത് നല്ലതല്ലേ എന്നു തോന്നി. വീട്ടിൽ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് ഒരു മുഖം, മക്കളുടെ അടുത്ത് വേറൊരു മുഖം, ജോലിസ്ഥലത്ത് ഒരു മുഖം, പ്രാർത്ഥനാകൂട്ടായ്മയിൽ ശാന്തശീലമായ വേറൊരു മുഖം… പല അവസരങ്ങളിൽ പല തരത്തിൽ പ്രത്യക്ഷപ്പെടുന്ന, പല മുഖങ്ങൾ ഉള്ളവൾ അല്ലേ ഞാനും. എങ്കിൽ എന്നെയും എന്ത് വിളിക്കണം….?

എന്റെ യഥാർത്ഥ മുഖം ഏതെന്ന് സ്വന്തം കുടുംബാംഗങ്ങൾക്ക് ഒരു പരിധിവരെ അറിയാം. അവർ ഒരുപക്ഷേ നമ്മോട് ഒന്നും പറയുന്നില്ലായിരിക്കാം. പുറവും അകവും ഒരുപോലെ മേക്കപ്പിട്ടാണ് നാം നടക്കുന്നതെങ്കിൽ, നമുക്ക് നമ്മോടുതന്നെ ചോദിക്കാം. എന്റെ കർത്താവ് സൃഷ്ടിച്ച യഥാർത്ഥ മുഖം കൈമോശം വന്നുപോയോ? പലരുടെയും മുൻപിൽ മേക്കപ്പിട്ട് എന്റെ യഥാർത്ഥ മുഖം ഞാൻ മറച്ചുപിടിക്കാൻ ശ്രമിച്ചാലും ഉള്ള് അറിയുന്ന കർത്താവിന് എന്റെ യഥാർത്ഥ മുഖം നന്നായിട്ടറിയാം.

മുഖകാന്തി വർധിപ്പിക്കാം
മത്തായി 23:27- നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ സർവവിധ മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു. നമ്മുടെ അകവും പുറവും ഒരുപോലെ അറിയുന്ന കർത്താവ് വളരെ വ്യക്തമായി തിരുവചനങ്ങളിലൂടെ നമ്മോട് സംസാരിക്കുന്നു. 1 സാമുവൽ 16:7 ”മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു. കർത്താവാകട്ടെ ഹൃദയഭാവത്തിലും.”

പുറപ്പാട് 34:29-35 ദൈവത്തെ മുഖാമുഖം കണ്ട മോശയുടെ മുഖം പ്രകാശിച്ചു. ദൈവവുമായി സംസാരിച്ചതിനാൽ തന്റെ മുഖം തേജോമയമായി. നമുക്കും ദൈവത്തെ ഒന്നു മുഖാമുഖം കാണാം. അവിടുത്തെ പരിശുദ്ധാത്മാവിന്റെ സൗജന്യമേക്കപ്പ് ആകുന്ന സ്‌നേഹം, ക്ഷമ, ദയ എന്നിവകൊണ്ട് നിറയാം.
ഓ, നല്ല ദൈവമേ, മാറ്റങ്ങൾ ഏറെയുള്ള ലോകത്ത്, മാറ്റമില്ലാത്ത ദൈവത്തിന്റെ തിരുവചനം മുറുകെ പിടിച്ച് വരുത്തേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ട് ജീവിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു. എന്നാൽ അത് പ്രാബല്യത്തിലാക്കുവാൻ പരാജയപ്പെട്ടുപോകുന്നു. നിന്നെ കണ്ടമാത്രയിൽ മോശയുടെ ത്വക്ക് പ്രകാശിച്ചതുപോലെ പരിശുദ്ധാത്മ ഫലങ്ങളാൽ നിറഞ്ഞ് ഞങ്ങളുടെ മുഖകാന്തിയും വർധിക്കട്ടെ. എന്റെ യഥാർത്ഥ മുഖം അവിടുത്തെ ദീപ്തികൊണ്ട് ജ്വലിപ്പിക്കാൻ കർത്താവേ സഹായിക്കണേ…

ജെസി വിരുത്തകുളങ്ങര

Leave a Reply

Your email address will not be published. Required fields are marked *