അന്നൊരു ഞായറാഴ്ചയായിരുന്നു. വിശുദ്ധ കുർബാനയിൽ അമ്മച്ചിയോടൊപ്പം പങ്കെടുക്കുകയായിരുന്നു ആ പത്തുവയസുകാരൻ. വിശുദ്ധ കുർബാന ഉയർത്തുന്ന സമയത്ത് പുറകോട്ട് തിരിഞ്ഞിരുന്ന് കളിച്ചുകൊണ്ടിരുന്ന അവനെ അമ്മച്ചി പെട്ടെന്ന് എഴുന്നേല്പിച്ച് ചേർത്തുപിടിച്ച് ആ ഇളംകൈകൾ കൂട്ടിപ്പിടിപ്പിച്ച് പറഞ്ഞു: ”മോനേ, അച്ചൻ ഉയർത്തിപ്പിടിച്ചിരിക്കുന്ന ആ വെളുത്ത അപ്പം ഈശോയാണ്.” പിറ്റേദിവസം മുതൽ എന്നും അവൻ വിശുദ്ധ കുർബാനയ്ക്ക് പോയിത്തുടങ്ങി. സ്‌കൂളിൽ പോകുന്നതിനുമുൻപും തിരിച്ചും വരുമ്പോഴുമെല്ലാം സ്‌കൂളിനടുത്തുള്ള ദേവാലയത്തിൽ ഈശോയെ കാണുവാൻ പോകാൻ തുടങ്ങി.
ആദ്യകുർബാന സ്വീകരണത്തിനുശേഷം ഒരു അൾത്താരബാലനായി. അവധിക്ക് വരുന്ന സെമിനാരി വിദ്യാർത്ഥികളെ പരിചയപ്പെട്ടപ്പോൾ അവരെ അനുകരിച്ച് വസ്ത്രം ധരിക്കാൻ തുടങ്ങി. ആ പരിചയം വൈദികനാകണമെന്നുള്ള ഒരു തീവ്രമായ ആഗ്രഹം മനസിൽ രൂപപ്പെടുത്തി. നാളുകൾ കഴിഞ്ഞു. ഇന്ന് ആ ബാലൻ ഒരു ശെമ്മാശനാണ്. അത് മറ്റാരുമല്ല ഞാൻതന്നെ.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ക്രൈസ്തവ കുടുംബങ്ങളെ സംബോധന ചെയ്തുകൊണ്ട് പറയുന്നു: ”എല്ലാ കാലത്തും ചെയ്തിരുന്നതുപോലെ തന്നെ ദൈവത്തിന്റെ സ്‌നേഹം ലോകത്തിൽ വ്യാപിപ്പിക്കുന്നതിന് നിങ്ങളുടെ കുട്ടികളിൽ ഒരാളെ കർത്താവിന് വിട്ടുകൊടുക്കാനുള്ള ആഗ്രഹം സൂക്ഷിക്കുക. ദാമ്പത്യസ്‌നേഹത്തിന്റെ ഏതൊരു ഫലമാണ് ഇതിലേറെ സുന്ദരമായിട്ടുള്ളത്?”
ഡീക്കൻ ജോസഫ് ഫിലിപ്പ്, യു.കെ.