സ്‌നേഹഭരിതരാകാൻ…

വായനക്കാരുടെ മനസുകളെ പൊള്ളിക്കുന്ന ഒരു സംഭവവിവരണമുണ്ട് കാത്തലിക് ഹെരാൾഡ് എന്ന ഇംഗ്ലീഷ് മാസികയുടെ 2015 ഡിസംബർ ലക്കത്തിൽ. ദൈവസ്‌നേഹത്താൽ പ്രേരിതയായി ഒരു അമ്മ എടുത്ത ധീരമായ തീരുമാനത്തിന്റെ വീരഗാഥയാണത്. നിഷ്‌കളങ്കയായ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും ആ കുഞ്ഞിനെ വളരെ ക്രൂരമായ രീതിയിൽ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത കൊലയാളിയോട് നിരുപാധികം ക്ഷമിച്ച ഒരു അമ്മയുടെ കഥ.

നമ്മളൊക്കെ ചെറുതും വലുതുമായ പിണക്കങ്ങളും വൈരാഗ്യങ്ങളും മനസിൽ സൂക്ഷിക്കുന്നവരാണ്. ക്ഷമിക്കാതിരിക്കുവാനുള്ള കാരണങ്ങൾ നാം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ അവസ്ഥയുണ്ട്. ഒരു ശരീരവും മനസുമാകുവാൻ വിളിക്കപ്പെട്ട ഭാര്യാ-ഭർത്താക്കന്മാർക്ക് അനേക നാളുകൾ സംസാരിക്കാതെ കഴിയുന്നതിൽ ഒരു മടിയുമില്ല. മാതാപിതാക്കളും മക്കളും തമ്മിൽ, സഹോദരന്മാരുടെ ഇടയിൽ, ഓഫിസിലെ സഹപ്രവർത്തകരുടെ ഇടയിൽ, എന്തിനധികം സന്യാസസമൂഹങ്ങളിൽപ്പോലും വെറുപ്പ് തീർക്കുന്ന ഭിത്തികൾ ഉയരാറുണ്ട്. എന്നിട്ടും മുടങ്ങാതെ പ്രാർത്ഥിക്കുവാനും വിശുദ്ധ കുർബാന സ്വീകരിക്കുവാനും നമുക്കൊരു മടിയുമില്ല. അങ്ങനെ നിസംഗമായ ഒരു ആത്മീയജീവിതം നയിക്കുന്ന നമ്മുടെ മുൻപിൽ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട് സാധാരണക്കാരിയായ ഈ വീട്ടമ്മ.

കയ്പനുഭവം
അവരുടെ പേര് മരിയറ്റ എന്നാണ്. സംഭവം നടക്കുന്നത് അവരുടെ കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിലാണ്. മരിയറ്റയും അഞ്ചു കുഞ്ഞുങ്ങളും ഒരു പിക്‌നിക്കിന് പോയതായിരുന്നു. പ്രകൃതിരമണീയമായ മനോഹരമായ ഒരു സ്ഥലമാണ് അതിന് അവർ തിരഞ്ഞെടുത്തത്. സന്ധ്യയായപ്പോൾ അവിടെത്തന്നെ ടെന്റ് കെട്ടി കിടക്കുവാൻ തീരുമാനിച്ചു. മരിയറ്റയ്ക്കും അഞ്ച് കുഞ്ഞുങ്ങൾക്കും കഷ്ടിച്ച് കിടക്കുവാനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളൂ ആ കുഞ്ഞുടെന്റിനകത്ത്. അതിൽ ബെഡ് വിരിച്ച് കുഞ്ഞുങ്ങളെ നിരയായി കിടത്തി, പുതപ്പ് പുതപ്പിച്ച് കിടത്തിയുറക്കുകയാണ് സ്‌നേഹമയിയായ അമ്മ.
ഏറ്റവും ഇളയ കുഞ്ഞ് അങ്ങേ അറ്റത്താണ് കിടന്നിരുന്നത്. കുഞ്ഞിന്റെ പേര് സൂസി എന്നാണ്. അമ്മ അങ്ങേ അറ്റത്ത് നിന്ന് കൈനീട്ടി കുഞ്ഞിന്റെ കവിളിൽ വാത്സല്യത്തോടെ ഒന്ന് തലോടി. അമ്മയ്ക്ക് ആ സ്‌നേഹം അപ്പോൾത്തന്നെ തിരിച്ചുകൊടുക്കുവാൻ സൂസിക്ക് തിടുക്കമായി. അവൾ എന്തു ചെയ്‌തെന്നോ? സഹോദരങ്ങളുടെ മുകളിൽക്കൂടെ ഇഴഞ്ഞ് അമ്മയുടെ അടുത്തുചെന്ന് അമ്മയുടെ ഇരുകവിളുകളിലും മാറിമാറി ചുംബിച്ചു. അതിനുശേഷം സ്വസ്ഥാനത്ത് വന്ന് ശാന്തമായി ഉറങ്ങുവാൻ തുടങ്ങി.

ഈ കുടുംബത്തെ ദുഷ്ടലാക്കോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു യുവാവ് അവിടെ പതിയിരിപ്പുണ്ടായിരുന്നു. അർദ്ധരാത്രിയായപ്പോൾ എല്ലാവരും ഗാഢനിദ്രയിലാണ്ടപ്പോൾ, അവൻ അറ്റത്ത് ശാന്തമായി കിടന്നുറങ്ങിക്കൊണ്ടിരുന്ന ആ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. നിഗൂഢകേന്ദ്രത്തിൽ കൊണ്ടുപോയി. കുഞ്ഞിനെവച്ച് വിലപേശി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു അവന്റെ ലക്ഷ്യം.

അടുത്ത ഒന്നരയാഴ്ച അവൻ ആ കുഞ്ഞിനെവച്ച് വിലപേശി. പക്ഷേ അവൻ എവിടെയാണെന്നുള്ള സൂചനകളൊന്നും പോലിസിന് ലഭിച്ചില്ല. അതിനാൽ അവൻ ആ കാലാവധിക്കുശേഷം കുഞ്ഞിനെ കഴുത്ത് ഞെക്കി കൊന്നു. മരിയറ്റയ്ക്ക് കുഞ്ഞ് എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല. കരഞ്ഞും ആധിയോടെ അന്വേഷിച്ചും മാസങ്ങൾ അവൾ തള്ളിനീക്കി. ഏകദേശം ഒരു വർഷം ആയപ്പോൾ കൊലയാളി മരിയറ്റയെ ഫോണിൽ വിളിച്ചു. കുഞ്ഞിനെ താൻ കൊന്ന വിവരം അവൻ അറിയിച്ചു. അവന്റെ ഇപ്പോഴത്തെ ലക്ഷ്യം ആ ദുഃഖവാർത്ത അറിയിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന വലിയ വേദനയും കരച്ചിലും കേട്ട് സന്തോഷിക്കുക എന്നതായിരുന്നു. ഏതായാലും അവന്റെ സംഭാഷണത്തിൽനിന്ന് അവനെ അറസ്റ്റ് ചെയ്യുവാൻ തക്ക സൂചനകൾ പോലിസിന് ലഭിച്ചു.
അന്നുമുതൽ മരിയറ്റയുടെ മനസിൽ വലിയൊരു ആത്മീയസംഘർഷം തുടങ്ങി. നിഷ്‌കളങ്കയായ തന്റെ കുഞ്ഞിനെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞെക്കിക്കൊന്ന, അതിൽ രസം കണ്ടെത്തിയ കൊലയാളിയോട് ക്ഷമിക്കണമോ? അവന്റെ ഫോൺസന്ദേശം ലഭിച്ച സമയത്തെക്കുറിച്ച് മരിയറ്റ പിന്നീട് പങ്കുവച്ചു. അവളുടെ മനസ് പിടഞ്ഞു. കുഞ്ഞിനെ കൊന്നുവെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ച അവന്റെ കഴുത്ത് ഞെരിക്കുവാൻ അവളുടെ കൈകൾ നീണ്ടു.
മനസിൽ വെറുപ്പ് നിറഞ്ഞപ്പോൾ അവൾക്ക് വലിയൊരു ഭാരം അനുഭവപ്പെടുവാൻ തുടങ്ങി. മനസ് കൂടുതൽ അസ്വസ്ഥമായി. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ക്ഷമിക്കേണ്ടത് തന്റെ കടമയാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. ഈ സംഘർഷംകൊണ്ട് അവളുടെ മനസ് ഞെളിപിരി കൊണ്ടു. ‘ഇല്ല എനിക്കാവില്ല’ അവൾ പലവട്ടം പറഞ്ഞു. പക്ഷേ ആഗ്രഹമുള്ള വ്യക്തിയെ സഹായിക്കുന്ന ദൈവം അവളുടെകൂടെ ഉണ്ടായിരുന്നു. ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ അവളെ ശക്തിപ്പെടുത്തുന്നുണ്ടായിരുന്നു. അങ്ങനെ അവൾ പൂർണക്ഷമയോടെ അതിന്റെ ഫലമായുള്ള പൂർണ വിടുതലിലേക്കുള്ള ഒരു യാത്ര ആരംഭിച്ചു.

മധുരത്തിലേക്ക്…
മരിയറ്റയുടെ മനസും ശാന്തമാകുവാൻ ആരംഭിച്ചു. അവൾ കൊലയാളിക്ക് നിരുപാധിക ക്ഷമ നല്കി. അവൻ ചെയ്തത് വധശിക്ഷ അർഹിക്കുന്ന വളരെ നീചകൃത്യമാണ്. എന്നാൽ മരിയറ്റ കോടതിയിൽ അവനുവേണ്ടി വാദിച്ചു. അവന് വധശിക്ഷ ഒരിക്കലും നല്കരുതെന്നും ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നും അവൾ കോടതിയോട് അപേക്ഷിച്ചു.

മരിയറ്റയുടെ ഈ നിലപാട് എല്ലാവരിലും അത്ഭുതവും ഞെട്ടലും ഉളവാക്കി. ഒരമ്മയ്ക്ക് എങ്ങനെ ഈ രീതിയിൽ ക്ഷമിക്കുവാൻ കഴിഞ്ഞു? ഇതാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. മരിയറ്റ അതിന് വളരെ വ്യക്തമായ മറുപടി നല്കി. അവനോട് ക്ഷമിക്കുക എന്നത് എനിക്ക് വലിയ പ്രയാസമായിരുന്നു. എന്നാൽ ക്ഷമിക്കുവാൻ ഞാൻ രണ്ട് കാരണങ്ങൾ കണ്ടെത്തി. ഒന്നാമത്തേത്: അവൻ ഇപ്പോഴും ദൈവത്തിന്റെ മകനാണ്. അവൻ ചെയ്തത് ദുഷ്ടകൃത്യമാണെങ്കിലും ദൈവത്തിന്റെ മകൻ അല്ലാതാകുന്നില്ല. രണ്ടാമത്തെ കാരണം അവൻ എന്റെ സൂസിയെപ്പോലെ ദൈവസന്നിധിയിൽ വിലപ്പെട്ടവനാണ്. ദൈവം വിലമതിക്കുന്ന ഒരാളെ ഞാൻ എങ്ങനെ വെറുക്കും? ഇതായിരുന്നു മരിയറ്റയുടെ ചോദ്യം. ആർക്കും മറുപടി പറയാനില്ലായിരുന്നു.

ഇന്ന് മരിയറ്റ വളരെ സന്തോഷപൂർണമായ ജീവിതം നയിക്കുന്നു. മാത്രവുമല്ല അവൾ തന്റെ ജീവിതദൗത്യവും കണ്ടെത്തിയിരിക്കുന്നു. ഇന്ന് മരിയറ്റ ‘പ്രത്യാശയുടെ യാത്ര’ (ഖീൗൃില്യ ീള ഒീുല) എന്ന സംഘടനയിലെ അംഗമാണ്. ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ജീവിതത്തിൽ എത്ര വലിയ തകർച്ചയുണ്ടായാലും പ്രത്യാശാഭരിതമായ ജീവിതം നയിക്കാമെന്നതിനെക്കുറിച്ചൊക്കെ സ്വന്തം അനുഭവത്തിലൂടെ അനേകരോട് പ്രഘോഷിക്കുന്നു.

അതെ, മരിയറ്റയുടെ ജീവിതം ഒരു സുവർണമാതൃകയാണ്. ഒരു യഥാർത്ഥ പുണ്യവതിയെ നാം ഇവിടെ കാണുന്നില്ലേ? പുണ്യജീവിതത്തെക്കുറിച്ച് നമുക്കൊക്കെ ചില കാഴ്ചപ്പാടുകളുണ്ട്. കൂടുതൽ പ്രാർത്ഥിക്കുക, ജപമാല ചൊല്ലുക, ഉപവസിക്കുക, അനുദിന ദിവ്യബലിയിൽ സംബന്ധിക്കുക, നന്മപ്രവൃത്തികൾ ചെയ്യുക ഇവയൊക്കെ. എന്നാൽ ഇവ ശരിയായ മനോഭാവത്തിലേക്ക് നമ്മെ നയിച്ചില്ലെങ്കിൽ ഈ പ്രവൃത്തികൾ ദൈവസന്നിധിയിൽ വിലയില്ലാത്തവയായിത്തീരാം.

ഏറ്റം വലിയ പുണ്യം
എന്താണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി? അത് സ്‌നേഹത്തിന്റെ പ്രവൃത്തിതന്നെയാണ് – ദൈവത്തെയും സഹോദരനെയും സ്‌നേഹിക്കുക. ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നത് വലിയൊരു വൈരുദ്ധ്യമാണല്ലോ. അതിനാൽത്തന്നെ ഏറ്റവും വലിയ പാപം മനസിൽ വെറുപ്പ് സൂക്ഷിക്കുക എന്നതാണ്. ഒരു ക്രൂരമനഃസാക്ഷിയിൽനിന്നാണ് അത് വരുന്നത്. നമ്മുടെ മനോഭാവങ്ങളെ പരിശോധിക്കുവാൻ ഈ സാധാരണക്കാരിയായ വീട്ടമ്മയുടെ ധീരപ്രവൃത്തി നമ്മെ പ്രചോദിപ്പിക്കട്ടെ. ”സ്‌നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്ന് ജനിച്ചവനാണ്” (1 യോഹന്നാൻ 4:7) എന്ന തിരുവചനം നിരന്തരം മനസിൽ സൂക്ഷിക്കുവാൻ, അത് പ്രാവർത്തികമാക്കുവാൻ, കൃപയ്ക്കായി പ്രാർത്ഥിക്കാം:

സ്‌നേഹനിധിയായ സ്വർഗീയ പിതാവേ, അവിടുന്ന് ഞങ്ങളെ വ്യവസ്ഥകളില്ലാതെയാണല്ലോ സ്‌നേഹിക്കുന്നത്. പക്ഷേ, ഞങ്ങൾ പലപ്പോഴും സ്‌നേഹിക്കുന്നത് വ്യവസ്ഥകൾ വച്ചുകൊണ്ടാണെന്ന് ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളുടെ ബലഹീനതകളിൽ സഹായമായി കടന്നുവരണമേ. ക്ഷമിക്കുവാൻ സാധിക്കാതെ നൊമ്പരപ്പെടുകയും പ്രയാസപ്പെടുകയും ചെയ്യുന്ന അവസരങ്ങളിൽ അങ്ങയുടെ കൃപ സമൃദ്ധമായി ഞങ്ങളിലേക്ക് ഒഴുക്കുവാൻ തിരുമനസാകണമേ. ഞങ്ങളെ വേദനിപ്പിക്കുന്ന ഓരോ വ്യക്തിയും ചെയ്യുന്നത് തെറ്റാണെങ്കിലും അവർ അങ്ങയുടെ സന്നിധിയിൽ വിലയേറിയവരാണെന്ന് ഞങ്ങളെ എപ്പോഴും അനുസ്മരിപ്പിച്ചാലും. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ, എന്ത് വിലകൊടുത്തും സ്‌നേഹത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുവാൻ ഞങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കണമേ ആമ്മേൻ.

കെ.ജെ.മാത്യു

Leave a Reply

Your email address will not be published. Required fields are marked *