30 വർഷങ്ങൾക്കുമുൻപുള്ള ആ ദിവസം ഞാനിന്നും കൃത്യമായി ഓർമിക്കുന്നു. ഒരു ബാങ്കുദ്യോഗസ്ഥനായി ജീവിക്കുന്ന നാളുകൾ. സുഹൃത്തായ ഒരു അധ്യാപകൻ വലിയ സന്തോഷത്തോടെ ബാങ്കിനുള്ളിലേക്ക് കയറിവന്നു. കൂട്ടത്തിൽ ഭാര്യയും മക്കളുമുണ്ട്. എല്ലാവരുടെയും മുഖത്ത് ലോട്ടറി അടിച്ചതുപോലുള്ള ആഹ്ലാദം. സുഹൃത്ത് തന്റെ ബാഗിൽനിന്ന് സൂക്ഷിച്ചു പുറത്തെടുത്ത അമ്പതിനായിരം ലിറായുടെ കറൻസി നോട്ട് എന്റെ നേരെ നീട്ടിക്കൊണ്ട് ചോദിച്ചു: ”ഇതൊന്ന് മാറ്റി കാഷ് തരാമോ?”
യൂറോപ്യൻ യൂണിയനും യൂറോയും ഉണ്ടാകുന്നതിനുമുമ്പുള്ള ഇറ്റലിയുടെ കറൻസിയുടെ പേരാണ് ‘ലിറ.’ റോമിലുള്ള ബന്ധുവായ വൈദികൻ അയച്ചുകൊടുത്ത സമ്മാനമാണ് ഈ അമ്പതിനായിരം ‘ലിറ.’ ”ഇത് എത്ര രൂപയുണ്ടാകും?” ആകാംക്ഷയോടെ സുഹൃത്ത് വീണ്ടും ചോദിച്ചു. ഞാൻ ‘ലിറ’യുടെ വിനിമയ നിരക്ക് നോക്കി കൂട്ടിപ്പറഞ്ഞു: ”854 രൂപ.”
ങേ? 854 രൂപയോ? അവിശ്വസനീയമായ എന്തോ കേട്ടതുപോലെ അദ്ദേഹം ഞെട്ടി. ഞാൻ വീണ്ടും കൂട്ടിനോക്കി പറഞ്ഞു: ”854 രൂപ.” ലിറായ്ക്ക് വിനിമയനിരക്ക് കുറവാണ്. പക്ഷേ, അദ്ദേഹത്തിന് വിശ്വാസം വന്നില്ല. യൂറോപ്യൻ രാജ്യത്തെ ഒരു കറൻസിയുടെ വിനിമയ മൂല്യം ഇന്ത്യൻ രൂപയെക്കാൾ താഴെയാണെന്ന് അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. തന്റെ കൈയിലിരിക്കുന്ന അമ്പതിനായിരം ലിറയെ ചുരുങ്ങിയത് പത്തുകൊണ്ടെങ്കിലും ഗുണിച്ചാൽ കിട്ടുന്ന ലക്ഷക്കണക്കിന് രൂപ കൈയിൽ കിട്ടിയ സന്തോഷത്തിൽ കടന്നുവന്ന അദ്ദേഹത്തിന്റെ മുഖം മ്ലാനമായി. ഞാൻ പറഞ്ഞത് വിശ്വസിക്കാനാകാത്തതുകൊണ്ട് അദ്ദേഹം ആ കറൻസിനോട്ട് തിരിച്ചുവാങ്ങിച്ച് മറ്റു ബാങ്കുകളിലും കൊണ്ടുപോയി അന്വേഷിച്ചു. ഒടുവിൽ ലിറയുടെ മൂല്യം കുറവാണെന്ന സത്യം ഉൾക്കൊണ്ട് അവർ ആ 854 രൂപയും വാങ്ങി പോയി. തങ്ങൾക്ക് കിട്ടാൻപോകുന്ന ലക്ഷക്കണക്കിന് രൂപയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തകർന്നുവീണപ്പോഴുണ്ടായ ഞെട്ടലിൽനിന്നും കര കയറാൻ അവർക്ക് ഏറെ സമയം വേണ്ടിവന്നു.
ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം മറ്റൊരു രാജ്യത്ത് ചെല്ലുമ്പോൾ അതിനുണ്ടാകണമെന്നില്ല. ഉദാഹരണത്തിന് ഏഴായിരം രൂപയുംകൊണ്ട് അമേരിക്കയിൽ ചെന്നാൽ അതിന് ഏകദേശം നൂറ് ഡോളർ മാത്രമേ വിലയുണ്ടാവുകയുള്ളൂ. ഇതുപോലെ ഈ ലോകത്ത് നാം ഒരുപാട് വിലമതിക്കുന്ന കാര്യങ്ങൾക്ക് ദൈവരാജ്യത്തിൽ വിലയുണ്ടാകണമെന്നില്ല. ദൈവരാജ്യത്തിലേക്ക് വിളിക്കപ്പെട്ട നാം നമ്മുടെ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും അവിടെ എത്രമാത്രം മൂല്യം ഉണ്ടാകും എന്ന് പലപ്പോഴും ചിന്തിക്കാറുപോലുമില്ല.
ആത്മീയ മനുഷ്യരാണ് തങ്ങളെന്ന് വിചാരിക്കുമ്പോഴും നാം നിത്യതയുടെ ലോകത്ത് വിലയില്ലാത്ത കാര്യങ്ങൾക്കായി ജീവിതം നഷ്ടപ്പെടുത്തുന്നത് എത്രയോ ഭോഷത്തരമാണ്. വിലയില്ലാത്തവയുടെ പിന്നാലെ പോകുന്ന ജീവിതങ്ങൾ വിലയില്ലാത്തതായിത്തീരും. വിലയുണ്ടെന്ന് വിചാരിക്കുന്നവയ്ക്ക് വിലയില്ലെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ നഷ്ടബോധത്തിന്റെയും ശൂന്യതയുടെയും നിലയില്ലാക്കയത്തിലേക്ക് നമ്മെ തള്ളിവിടുന്നതിനുമുൻപ് നമുക്ക് തിരിച്ചുപോകാം. വിലയുള്ളവയ്ക്കുവേണ്ടി ഓട്ടം പുനരാരംഭിക്കാം.
വൈക്കോലിനെ വൈക്കോലായും മണ്ണിനെ മണ്ണായും സ്വർണത്തിനെ സ്വർണമായും കാണാൻ നാം പഠിക്കണം. അഗ്നിശോധനയിൽ കത്തിച്ചാമ്പലാകുന്ന വൈക്കോൽ സ്വന്തമാക്കാനാണോ ഞാൻ അധ്വാനിക്കുന്നതെന്ന് വിവേചിച്ചറിയണം. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു: ”ആരെങ്കിലും സ്വർണമോ വെള്ളിയോ രത്‌നങ്ങളോ തടിയോ പുല്ലോ വൈക്കോലോ ഉപയോഗിച്ചു പണിതാലും ഓരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അത് വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനില്ക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും” (1 കോറിന്തോസ് 3:13-15). നിത്യതയിൽ വൈക്കോലിന്റെ മൂല്യമുള്ളവയെ ഈ ലോകം സ്വർണമായി നമുക്ക് മുന്നിൽ അവതരിപ്പിച്ചേക്കാം. തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ.
കർത്താവായ യേശുവേ, അർത്ഥമില്ലാത്ത കാര്യങ്ങളും വിലയില്ലാത്ത നേട്ടങ്ങളും എന്നെ പ്രലോഭിപ്പിച്ച് വീഴ്ത്താതിരിക്കട്ടെ. നിത്യരാജ്യത്തിൽ മൂല്യമുള്ളവയ്ക്കുവേണ്ടി ജീവിക്കുവാൻ അങ്ങ് എന്നെ പഠിപ്പിക്കുകയും ചെയ്യണമേ – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ