പുണ്യഗുരുവിന്റെ മികച്ച വിദ്യാർത്ഥി

ഗുരുവിന്റെ പാത പിന്തുടർന്ന്, വിയറ്റ്‌നാമിന്റെ മണ്ണിൽ രക്തം ചിന്തി ക്രിസ്തുവിന് സാക്ഷ്യം നൽകിയ മതബോധകനാണ് വിശുദ്ധ ജോസഫ് കാംഗ്. ഒരിക്കൽ വൈദികനാകാൻ ആഗ്രഹിച്ച് സെമിനാരിയിൽ ചേർന്ന അദ്ദേഹത്തിന് പക്ഷേ ആ ആഗ്രഹം പൂർത്തീകരിക്കാനായില്ല. ക്രൈസ്തവമതത്തെ പീഡിപ്പിച്ചിരുന്ന അധികാരികൾ സെമിനാരികളും കോളജുകളുമെല്ലാം അടച്ചുപൂട്ടി. ഒരു പുരോഹിതനാകാൻ സാധിച്ചില്ലെങ്കിലും ക്രിസ്തുവിന്റെ ബലിയിൽ അതിന്റെ പൂർണതയിൽ പങ്കുചേരുവാനുള്ള അവസരം ആ മതപീഡകരിലൂടെ ദൈവം ഒരുക്കുകയായിരുന്നു.

1832ൽ കാവോ മൈയിലുള്ള ക്രൈസ്തവ സമൂഹത്തിലാണ് ജോസഫ് കാംഗിന്റെ ജനനം. സെമിനാരി പഠനത്തിനുള്ള അവസരം ഇല്ലാതായതിനെ തുടർന്ന് അദ്ദേഹം വിശുദ്ധനായ ബിഷപ് ജെറോം ഹെർമോസില്ലായുടെ സഹായിയായി സേവനം ആരംഭിച്ചു. ബിഷപ്പിന്റെ ശിക്ഷണത്തിൽ ജോസഫ് ഒരു മികച്ച മതബോധകനായി മാറി. രണ്ട് വിശുദ്ധാത്മാക്കൾ ഒരുമിച്ചുള്ള അവരുടെ സുവിശേഷയാത്രകൾ വിയറ്റ്‌നാമിലെ തരിശു ഭൂമിയെ വിശ്വാസത്തിന്റെ വളക്കൂറുള്ള മണ്ണാക്കി മാറ്റി. അനുകൂലസാഹചര്യമാകുന്ന ശുദ്ധജലം ഇല്ലാതായപ്പോൾ ഇരുവരും തങ്ങളുടെ ചുടുനിണം ചിന്തിയാണ് ആ വിശ്വാസസമൂഹത്തെ പരിപോഷിപ്പിച്ചത്.
ബിഷപ്പിന്റെ നിഴലായി എപ്പോഴും കൂടെയുണ്ടായിരുന്ന ജോസഫ് ഇങ്ങനെ പറയുമായിരുന്നത്രേ-ബിഷപ് വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചാൽ ഞാനും രക്തസാക്ഷിയാകും. ജോസഫിന്റെ ആഗ്രഹം പോലെ തന്നെ നടന്നു. ആദ്യം ബിഷപ്പിനെയാണ് അധികാരികൾ അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ ജയിലിൽനിന്ന് രക്ഷപെടാൻ സഹായിക്കാനുള്ള ശ്രമത്തിനിടയിൽ ജോസഫ് കാംഗും പിടിയിലായി.

ക്രൂരമായ ചാട്ടവാറടിയും മർദ്ദനങ്ങളുമേറ്റിട്ടും ഒരു പരാതിയോ രോദനമോ ആ നാവിൽനിന്നുയർന്നില്ല എന്നദ്ദേഹത്തിന്റെ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബിഷപ് ജെറോം ശിരച്ഛേദനം ചെയ്യപ്പെട്ട് കുറച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ അതേ വിധി ജോസഫിനെയും തേടിയെത്തി. 1861 ഡിസംബർ ആറിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ജോസഫ് കാംഗിനെ 1988-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *