വിശ്വസ്തതയും അവിശ്വസ്തതയും: ഇതാണ് ഇവിടെ വിഷയം. ഒരുവൻ വിവാഹിതനായശേഷം ഭാര്യയിൽ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാൽ, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയക്കട്ടെ. അവൾ വീണ്ടും വിവാഹിതയായി രണ്ടാമത്തെ ഭർത്താവ് അവളെ വെറുത്ത് ഉപേക്ഷാപത്രം കൊടുത്ത് വീട്ടിൽനിന്ന് പറഞ്ഞയക്കുകയോ അവൻ മരിച്ചുപോവുകയോ ചെയ്താൽ, അവളെ ആദ്യം ഉപേക്ഷിച്ച ഭർത്താവിന് അശുദ്ധയായിത്തീർന്ന അവളെ വീണ്ടും പരിഗ്രഹിച്ചുകൂടാ; അത് കർത്താവിന് നിന്ദ്യമാണ് എന്നാണ് നിയമം അനുശാസിക്കുന്നത്.
ഈ കാലത്താണ് അവൾ, അവിശ്വസ്തയായ ഇസ്രായേൽ, ചെയ്തത് എന്താണെന്ന് നീ കണ്ടോ എന്ന് കർത്താവ് ചോദിക്കുന്നത്. എന്താണ് ഇസ്രായേൽ ചെയ്തത്? ഇസ്രായേൽ ജനം ദൈവത്തെ ആരാധിക്കുന്നതിനുപകരം അന്യദൈവങ്ങളെ ആരാധിക്കാൻ തുടങ്ങി. ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ച് വേറെ പുരുഷന്റെ കൂടെ പോകുന്നതുപോലെ.
അതിനാൽത്തന്നെ ഇസ്രായേൽജനം മടങ്ങിവന്നാലും അവരെ സ്വീകരിക്കുവാനുള്ള കടമ ദൈവത്തിനില്ല. എന്നാൽ, തുടർന്നുവരുന്ന വചനങ്ങളിൽ നമ്മൾ വായിക്കുന്നത് ദൈവത്തിന്റെ വ്യത്യസ്തമായ ഒരു സമീപനമാണ്. ദൈവം ന്യായത്തിനപ്പുറത്തേക്ക് കടന്ന് സ്‌നേഹം പ്രകടിപ്പിക്കുകയാണ്. ”അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരുക. ഞാൻ നിന്നോട് കോപിക്കുകയില്ല. ഞാൻ കാരുണ്യവാനാണ്. ഞാൻ എന്നേക്കും കോപിക്കുകയില്ല (3:12). നിന്റെ ദൈവമായ കർത്താവിനോട് നീ മറുതലിച്ചു…. ഈ കുറ്റങ്ങൾ നീ ഏറ്റുപറഞ്ഞാൽ മതി (3:13). അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിൻ. ഞാൻ മാത്രമാണ് നിങ്ങളുടെ നാഥൻ.
ഇവിടെ ദൈവത്തിന്റെ വലിയ കരുണയും ക്ഷമിക്കുന്ന സ്‌നേഹവും നമ്മൾ കാണുകയാണ്. ന്യായം പറഞ്ഞിരിക്കുന്നവനല്ല ദൈവം. തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പുചോദിക്കുമ്പോൾ ക്ഷമിക്കുകയും മറക്കുകയും വീണ്ടും സ്വന്തമായി സ്വീകരിക്കുകയും അനുഗ്രഹിച്ചുയർത്തുകയും ചെയ്യുന്ന ദൈവമാണ് നമ്മുടെ ദൈവം. ചിലപ്പോഴെങ്കിലും ദൈവത്തെ ഉപേക്ഷിച്ച് നമ്മുടെ സ്വാർത്ഥതാല്പര്യങ്ങൾ ആകുന്ന വിഗ്രഹങ്ങളുടെ പുറകെ പോയിട്ടുള്ളവരാണ് നാം. നമുക്കും അവ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയാം. ഞാൻ മാത്രമാണ് നിങ്ങളുടെ നാഥൻ എന്ന ദൈവത്തിന്റെ വാക്കുകൾ ഓർമയിൽ വയ്ക്കാം.
ഫാ. ജോസഫ് വയലിൽ CMI