പലവിചാരമകറ്റാനുള്ള ടൈംടേബിൾ!

പ്രാർത്ഥനയ്ക്കിടയിൽ പലവിചാരം വരുന്നത് മിക്കവരുടെയും പ്രശ്‌നമാണ്. പ്രാർത്ഥിക്കാനിരിക്കുമ്പോൾ മനസ് അശ്രദ്ധമാകുന്നു. ഈ പ്രശ്‌നവുമായി ആത്മീയ പിതാക്കന്മാരെ സമീപിക്കുന്നവരോട് അവർ ചോദിക്കുന്ന ചോദ്യമുണ്ട്, ”നിങ്ങൾക്കൊരു ടൈംടേബിളുണ്ടോ? ഇല്ലെങ്കിൽ ഒന്നുണ്ടാക്കണം.” പ്രത്യക്ഷത്തിൽ പ്രാർത്ഥനയിലെ പലവിചാരവും ടൈംടേബിളും തമ്മിൽ ബന്ധമൊന്നുമില്ല. പക്ഷേ ജീവിതത്തിന് ഒരു താളവും ക്രമവുമില്ലാതെ പ്രാർത്ഥനയ്ക്ക് അതുണ്ടാവണമെന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല. ജീവിതത്തിലെ ഏകാഗ്രസ്വഭാവം പ്രാർത്ഥനയിലും പ്രതിഫലിക്കും.

ജീവിതത്തിൽ ക്രമം നഷ്ടപ്പെടുമ്പോഴാണ് മനസ് അസ്വസ്ഥമാകുന്നത്. പ്രാർത്ഥനയിലെ ഏകാഗ്രതയില്ലായ്മ അസ്വസ്ഥമായ മനസിന്റെ പ്രതിഫലനമാണ്. അസ്വസ്ഥമായ മനസ് അസ്വസ്ഥമായ ജീവിതത്തിന്റെ ബഹിർസ്ഫുരണവും. ജീവിതചര്യകളിൽ ഏകാഗ്രത പുലർത്താൻ നമുക്കായാൽ പ്രാർത്ഥനയിലും നമുക്ക് ശ്രദ്ധിക്കാനാകും. നാം ചെയ്യുന്ന കാര്യങ്ങളോട് ആത്മാർത്ഥതയും സ്‌നേഹവും പ്രകടിപ്പിക്കുക എന്നതാണ് പ്രാർത്ഥിക്കാനിരിക്കുമ്പോൾ വിജയിക്കുന്നതിനുള്ള വഴി.

ബന്ധങ്ങളിൽ വിള്ളലുണ്ടെങ്കിൽ മനസ് അസ്വസ്ഥമായിരിക്കും. ഉത്കണ്ഠയും ജീവിതവ്യഗ്രതയും പ്രാർത്ഥനയുടെ സൗന്ദര്യം എടുത്തുകളയും. പ്രാർത്ഥന തികച്ചും ആത്മീയസാധനയാണ്. ഭൗതികവസ്തുക്കളോടും സാഹചര്യങ്ങളോടുമാണ് നമ്മുടെ അഭിരുചിയെങ്കിൽ പ്രാർത്ഥിക്കാനാരിക്കുമ്പോൾ മനസ് അസ്വസ്ഥമാകും. കാരണം മനസിനിണങ്ങാത്ത ഒരു പ്രവൃത്തിയിലേക്കാണ് നാം അതിനെ ക്ഷണിക്കുന്നത്. ടെലിവിഷനിൽ ക്രിക്കറ്റോ സിനിമയോ വരുമ്പോൾ അതിൽ താൽപര്യമുള്ളൊരാൾക്ക് മറ്റൊരു മുറിയിൽ ഇരിക്കുമ്പോൾപോലും ചെയ്യുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാനാവില്ല. ഇതുപോലെയാണ് ഭൗതിക കാര്യങ്ങളോട് ഭ്രമമുള്ള മനസിന് പ്രാർത്ഥന എന്ന ആത്മീയസാധനയും. ദൈവത്തിൽ പൂർണമായി ആശ്രയിക്കുകയും ദൈവത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന മനസ് രൂപപ്പെടുത്തിയാൽ പ്രാർത്ഥനാജീവിതത്തിൽ വളരാൻ കഴിയും.

ആധുനിക ആശയടക്കം!
ആശയടക്കം ഒരു ആത്മീയചിട്ടയാണ്. മഠങ്ങളിലും സെമിനാരികളിലും അത് നിർബന്ധമായി പാലിച്ചിരുന്നു. എന്നാൽ അത് കാലഹരണപ്പെട്ട ആത്മീയ പരിശീലനമാണെന്ന് ചിലരെങ്കിലും കരുതുന്നു. കൂടുതലായി ചിന്തിക്കുമ്പോൾ, ആശയടക്കമെന്നത് ഏറെ ഗുണഫലങ്ങളുളവാക്കുന്ന ഒരു ആത്മീയസാധനയാണെന്ന് മനസിലാക്കാം.

ബലഹീനമായ വ്യക്തിത്വങ്ങളാകരുത് സമൂഹത്തിൽ വളർന്നുവരേണ്ടത്. നിയന്ത്രണമില്ലാത്ത ഒരു തലമുറയെ സഹിക്കേണ്ട സ്ഥിതിവിശേഷം നല്ലതല്ല. സ്വയം നിയന്ത്രിക്കാനാവുന്നില്ല എന്നു മാത്രമല്ല, ആർക്കും ആരെയും നിയന്ത്രിക്കാനാവുന്നില്ല എന്ന സാഹചര്യവും ഉണ്ടായേക്കാം. ചുരുക്കത്തിൽ കടിഞ്ഞാൺ നഷ്ടപ്പെട്ട അവസ്ഥ. നിരന്തരം വീണുപോകുന്നു എന്നു നാം വിലപിക്കുന്നു. ചെയ്യുന്ന പാപങ്ങൾതന്നെ വീണ്ടും ചെയ്യുന്നു. അവിടെ നാം കുറ്റപ്പെടുത്തുന്നത് പിശാചിനെയും പ്രലോഭനങ്ങളെയുമാണ്. മാറിചിന്തിച്ചാൽ കാരണമിത്രേയുള്ളൂ. എടുക്കുന്ന തീരുമാനങ്ങൾ നിറവേറ്റാനോ അവയിൽ നിലനിൽക്കാനോ നമുക്കാവുന്നില്ല. പാപം ചെയ്യില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ നമുക്കാവുന്നില്ല. എല്ലാവരെയും സ്‌നേഹിക്കണമെന്നുണ്ടെങ്കിലും പറ്റുന്നില്ല. കോപിക്കരുതെന്ന് എത്ര വട്ടം തീരുമാനിച്ചിട്ടും കോപിച്ചുപോകുന്നു.

എടുക്കുന്ന തീരുമാനങ്ങൾ നിറവേറ്റാനുള്ള പരിശീലനമാണ് ആശയടക്കം. വേണ്ട എന്നു വയ്ക്കുന്ന ഭക്ഷണങ്ങൾ, ഇടയ്ക്കിടയ്ക്ക് നടത്തുന്ന പ്രാർത്ഥനകൾ, നാവിനെയും മനസിനെയും നിയന്ത്രിക്കാനുള്ള പരിശ്രമങ്ങൾ… അങ്ങനെ ആശയടക്കത്തിലൂടെ നമുക്ക് കൈവരുന്നത് എടുക്കുന്ന തീരുമാനങ്ങൾ നിറവേറ്റാനുള്ള ശക്തിയാണ്. മതവിശ്വാസമില്ലാത്തവർക്കും ആശയടക്കം ഉപകാരപ്പെടും. ആരെയും ഇത് കരുത്തരാക്കും.

കണ്ണടക്കവും മിണ്ടടക്കവും മുതൽ ചെറിയ കാര്യങ്ങളിൽനിന്ന് തുടങ്ങണം. തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കരുത്ത് സമ്പാദിക്കണം. ചെയ്യരുത് എന്ന് നാം തീരുമാനമെടുക്കുന്ന പാപങ്ങളിൽ പിന്നീട് വീഴാതിരിക്കാൻ നമ്മെ ഇതു സഹായിക്കും.

ദിവസം അനേകം ആശയടക്കങ്ങൾ ചെയ്തിരുന്ന വിശുദ്ധർ പാപത്തിൽ വീഴാതെ രക്ഷപ്പെട്ടു. രഹസ്യം മറ്റൊന്നുമല്ല, അവർ ആഗ്രഹിച്ചിരുന്നത് നിറവേറ്റാനുള്ള ശക്തി അവർ സമ്പാദിച്ചിരുന്നു. തങ്ങളുടെ ആശയടക്കങ്ങളിലൂടെ ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചുകൊണ്ട്.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘വിജയിക്കുന്നവരുടെ വേദനകൾ’ എന്ന പുസ്തകത്തിൽനിന്ന്.)

ജിന്റോ മാത്യു

Leave a Reply

Your email address will not be published. Required fields are marked *