ഭർത്താവിന്റെ ചേട്ടന്റെ വീടുവെഞ്ചരിപ്പിനുശേഷം ഞങ്ങൾ കുടുംബസമേതം തിരികെ യാത്രയായി.. ചിലപ്പോഴൊക്കെ കാറിലിരുന്ന് കൊന്ത ചൊല്ലാറുണ്ട്. ഭർത്താവ് പറഞ്ഞതനുസരിച്ച് അന്ന് കൊന്ത കൈയിലെടുത്ത് ചൊല്ലാൻ തുടങ്ങിയതും പിന്നിൽനിന്ന് ബോംബ് പൊട്ടുന്ന ശബ്ദത്തിൽ ഒരു ഇടി.
പുറകെ അമിതവേഗത്തിൽ വന്ന ഒരു ജീപ്പ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡിക്കിയും പുറകുവശവും തകർന്ന് തരിപ്പണമായി. എന്റെ നെറ്റി മുന്നിലെ ചില്ലിലിടിച്ച് തല കറങ്ങിയപോലെ. പക്ഷേ ഇതൊന്നും വകവയ്ക്കാതെ പുറകിലിരുന്ന കുഞ്ഞുങ്ങൾക്ക് എന്തു സംഭവിച്ചു എന്നു കരുതി ചാടിയിറങ്ങി നോക്കിയപ്പോൾ രണ്ടുപേരും ഒരു പോറൽപോലും ഏല്ക്കാതെ ഭയന്ന് വിറച്ച് ഇരിക്കുകയാണ്. ഓടിക്കൂടിയ ആളുകൾ കാറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് കണ്ടത് അതിലിരുന്ന ടയർ ചതഞ്ഞരഞ്ഞ് പുറകിലത്തെ സീറ്റിനോട് ചേർന്നിരിക്കുന്നത്. അത്ഭുതകരമായി അങ്ങനെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യസഹായം ഞങ്ങളെ കാത്തുസംരക്ഷിച്ചു.
ഡോ. റോസ് ഔസേപ്പ്