വരാത്ത കത്തും സന്തോഷവും

പണ്ടൊക്കെ കടയിൽ പോയി മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, കുത്തരി, പച്ചരി എന്നൊക്കെ പറഞ്ഞ് വാങ്ങിയിരുന്നിടത്ത് ഇപ്പോൾ ബ്രാൻഡു നോക്കിയാണ് മിക്കവാറും സാധനങ്ങൾ തെരഞ്ഞെടുക്കുന്നത്. ഉല്പാദകർ ഉല്പന്നത്തിന്റെ ഗുണഗണങ്ങൾ നമ്മെ അറിയിക്കുന്നു. മനുഷ്യർക്ക് ഉപയോഗിക്കാനുള്ള വസ്തുക്കളെക്കുറിച്ച് അത് ഉല്പാദിപ്പിക്കുന്നവർക്ക് പറയാൻ സാധിക്കുന്നുണ്ടെങ്കിൽ സൃഷ്ടിയുടെ മകുടമായി മനുഷ്യനെ രൂപപ്പെടുത്തിയ ദൈവത്തിന് തന്റെ സൃഷ്ടിയായ മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് പറയാനാകുമല്ലോ.

വിശുദ്ധ പൗലോസ് ശ്ലീഹാ 1 തെസലോനിക്ക 5:16-18-ലൂടെ ഇപ്രകാരം പറയുന്നു: ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ; ഇടവിടാതെ പ്രാർത്ഥിക്കുവിൻ; എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.”

എന്നാൽ വിവിധപ്രശ്‌നങ്ങളിൽ അകപ്പെട്ടിരിക്കുന്ന മനുഷ്യന് എങ്ങനെ എപ്പോഴും സന്തോഷിക്കാനാവും? മനസിന് സ്വച്ഛതയും ശാന്തതയും സമാധാനവും ലഭിക്കാതെ എങ്ങനെ പ്രാർത്ഥിക്കാനാകും? എങ്ങനെ നന്ദി പറയാനാകും?

കുറുക്കുവഴി
എപ്പോഴും സന്തോഷിക്കാൻ കഴിയുന്ന കുറുക്കുവഴി നമ്മുടെ മുൻപിലുണ്ട്. ഉദാഹരണത്തിന്, എന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമായി ചിക്കൻ ബിരിയാണി കഴിക്കാൻ ആഗ്രഹിച്ചിരിക്കുമ്പോൾ ചൂടുകഞ്ഞിയാണ് കിട്ടുന്നതെങ്കിൽ ഇതാർക്കുവേണമെന്നു നമ്മൾ പ്രതികരിക്കും. എന്നാൽ, നല്ല വിശപ്പും ഒരു തുള്ളി വെള്ളംപോലും കിട്ടാനില്ലാത്ത സാഹചര്യവുമാണെങ്കിൽ, ‘ഇതു കഞ്ഞിയല്ല അമൃതാണെന്നായിരിക്കും നമ്മുടെ പ്രതികരണം.’

ചുരുക്കത്തിൽ മനസിന് സ്വീകരിക്കാൻ കഴിയുന്നതിനെ ശ്രേഷ്ഠമെന്നും മനസിന് സ്വീകരിക്കാൻ കഴിയാത്തതിനെ ഹീനമെന്നും നാം വിലയിരുത്തും. അങ്ങനെയെങ്കിൽ മനസ് നേരെ ആയാൽ ദൈവവചനം അനുശാസിക്കുന്നതുപോലെ ‘എപ്പോഴും സന്തോഷത്തോടെയിരിക്കുവാനും ഇടവിടാതെ പ്രാർത്ഥിക്കുവാനും എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവാനും’ നമുക്ക് സാധിക്കും. ഇവിടെയാണ് നമ്മുടെ കുറുക്കുവഴി കടന്നുവരേണ്ടത്.
എല്ലാം എനിക്ക് നന്മയ്ക്കായി മാറ്റിത്തരുന്ന, ശുഭമായ ഭാവി എനിക്കായി ഒരുക്കിവച്ചിട്ടുള്ള, എന്നെ സ്‌നേഹിക്കുന്ന ദൈവമുള്ളപ്പോൾ രോഗത്തെയോർത്ത്, പ്രതിസന്ധിയെ ഓർത്ത്, തടസങ്ങളെ ഓർത്ത് ഞാനെന്തിന് കരയണം? ദൈവത്തെ അറിയുന്നവർ വീഴ്ച വരുത്താൻ പാടില്ലാത്ത ഒരു കാര്യം വിശുദ്ധ പൗലോസ് ശ്ലീഹാ റോമാ 1:21-ൽ നമ്മെ ഓർമിപ്പിക്കുന്നുണ്ട്: ”അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല.” നമ്മുടെ പ്രതിസന്ധികളിൽ കർത്താവിന് നന്ദി പറയുമ്പോൾ നാം പ്രതിസന്ധികളുടെ മുകളിലേക്കുയരുന്നു.

വരാത്ത കത്ത്
21 വർഷങ്ങൾക്കുമുൻപ് ഇന്റർനെറ്റും മൊബൈൽ ഫോണുമൊന്നും ആരംഭിച്ചിട്ടില്ലാത്ത കാലത്താണ് ഞാൻ വിദേശത്ത് ജോലി ചെയ്തിരുന്നത്. വീടുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാൻ കത്തുകളും എസ്.ടി.ഡി കോളുകളും മാത്രമാണ് ആശ്രയം. ഫോൺവിളി ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തിൽ കൃത്യമായി കത്തുകൾ കിട്ടുന്നത് വലിയ ആശ്വാസവും സന്തോഷവുമായിരുന്നു.

സാധാരണയായി നാലുദിവസംകൊണ്ടാണ് കത്ത് കിട്ടേണ്ടത്. എന്നാൽ ചിലപ്പോൾ അത് പത്തും പതിനഞ്ചും ദിവസമൊക്കെ താമസിക്കും. കത്ത് താമസിക്കുമ്പോൾ പ്രിയപ്പെട്ടവർ നമ്മെ ഓർക്കുന്നില്ല എന്നൊക്കെ ചിന്തിച്ച് വലിയ ദുഃഖവും നിരാശയുമുണ്ടാകും. ദേഷ്യം വരും. നെഗറ്റീവ് ചിന്തകൾകൊണ്ട് മനസ് നിറയും. അത് സമാധാനം നഷ്ടപ്പെടുത്തും, ജോലിയിലെ കൃത്യതയും കുറയും.

അസ്വസ്ഥതയുടെ ആ സമയങ്ങളിലാണ് കുറുക്കുവഴി എനിക്ക് ഉപകാരപ്പെട്ടത്. വരാത്ത കത്തിനെ ഓർത്ത്, കത്ത് തടസപ്പെട്ടതിനെയോർത്ത് കത്തിലൂടെ കിട്ടാമായിരുന്ന സന്തോഷം നഷ്ടമായതിനെ ഓർത്ത് ദൈവത്തിന് നന്ദി പറഞ്ഞ് സ്തുതിക്കും. അപ്പോൾ വലിയ ആശ്വാസവും സമാധാനവും പോസിറ്റീവ് ചിന്തകളുമൊക്കെ മനസിൽ നിറയാൻ തുടങ്ങും.

ചിലപ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കത്തിന്റെ ഉള്ളടക്കം നമുക്ക് സന്തോഷം തരുന്നതാകണമെന്ന് നിർബന്ധമില്ല. എന്നാൽ കിട്ടാത്ത കത്തിനെയോർത്ത് ദൈവത്തിന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കുന്നു.

സന്തോഷം മനസിന് സുഖം തരുന്നതാണ്. ആനന്ദം പരിശുദ്ധാത്മഫലം ആണെങ്കിലും അത് മനസിന് സന്തോഷമായി അനുഭവപ്പെടുമ്പോഴാണ് നമുക്ക് ആസ്വദിക്കാൻ എളുപ്പം. ദൈവം നമുക്ക് സകലത്തിനും മതിയായവനാണെന്ന ബോധ്യം ആത്മവിശ്വാസമായി നിറയുമ്പോഴാണ് നാം നന്ദി പറയുവാനായി മുതിരുക. രണ്ടു കഷ്ണം റൊട്ടിയുടെ ഇടയിലെ ജാം അതിനെ സ്വീകാര്യമാക്കുന്നതുപോലെ, രുചികരമായ വസ്തുക്കൾവച്ച് റൊട്ടി സാൻഡ്‌വിച്ചാകുമ്പോൾ അതിന്റെ സ്വഭാവവും മൂല്യവും വർധിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിൽ പ്രാർത്ഥന ഒട്ടിച്ചുവയ്ക്കുമ്പോൾ യേശുക്രിസ്തുവിൽ ദൈവഹിതം പൂർത്തിയാക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.

കർത്താവേ, ലോകത്തെയല്ല, അങ്ങയെ കാണുവാൻ, അങ്ങ് അനുവദിക്കുന്നതുപോലെ ലോകത്തെ സ്വീകരിക്കുവാൻ അതിൽ നന്ദിയുള്ളവരായി പ്രാർത്ഥനയിലൂടെ ദൈവൈക്യത്തിൽ സന്തോഷിക്കുവാൻ എന്നെ നിരന്തരം പഠിപ്പിക്കണമേ, ആമ്മേൻ.

ബിജു ഡാനിയേൽ

Leave a Reply

Your email address will not be published. Required fields are marked *