”നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകൾ അതിൽനിന്നാണൊഴുകുന്നത്” (സുഭാഷിതങ്ങൾ 4:23).
2015-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് മീററ്റിൽനിന്നുള്ള ഈറ സിംഗാളായിരുന്നു. ആറാം വയസിൽ സ്‌കോളിയോസിസ് (നട്ടെല്ലു വളയുകയും കൈകാലുകളുടെ ചലനശേഷി തടസപ്പെടുത്തുകയും ചെയ്യുന്ന രോഗം) ബാധിച്ച് അമ്പതു ശതമാനത്തോളം വികലാംഗയാണ് ഈറ. ഭിന്നശേഷിയുള്ള ഒരാൾ ഇങ്ങനെയൊരു നേട്ടം കൈവരിച്ചതുകൊണ്ടുതന്നെ ആ റാങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. മാസങ്ങളോളം മാധ്യമങ്ങളിൽ ഈറ സിംഗാൾ നിറഞ്ഞുനിന്നു. ഒരു അഭിമുഖത്തിൽ പത്രപ്രവർത്തകൻ വ്യത്യസ്തമായൊരു ചോദ്യം ചോദിച്ചു. ”നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത, ക്ഷമിക്കാൻ സാധിക്കാത്ത സംഭവം ഏതാണ്?” ഈറയുടെ ചരിത്രം കൃത്യമായി പഠിച്ചതിനുശേഷമായിരുന്നു ചോദ്യം. ഈറയുടെ ചരിത്രം മനസിലാക്കിയാലേ ചോദ്യത്തിന്റെ അർത്ഥം വ്യക്തമാകൂ.
പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നുനടന്ന പ്രായത്തിൽ രോഗം കൂട്ടിനെത്തിയെങ്കിലും ഈറയുടെ മനസിനെ തളർത്താൻ രോഗത്തിനായില്ല. പഠനത്തിൽ വളരെ മുൻപിലായിരുന്നു ഈ പെൺകുട്ടി. മാതാപിതാക്കൾ തങ്ങളുടെ സ്‌നേഹം മുഴുവൻ അവളുടെ പോരായ്മയോട് ചേർത്തുവച്ചു. അതുകൊണ്ട് അവൾ തന്റെ വൈകല്യങ്ങളെ മറികടന്നു. ആറാം ക്ലാസിൽ എത്തിയപ്പോൾ പിതാവ് ഡൽഹിയിലെ പ്രശസ്തമായ സ്‌കൂളിൽ മകളുമായി ചെന്നു. കുട്ടിയുടെ മുഖത്തുനോക്കിക്കൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു, ”ഇങ്ങനെയുള്ള കുട്ടികളെയൊന്നും ഇവിടെ പഠിപ്പിക്കാൻ കഴിയില്ല; ഇവളെ വികലാംഗർ പഠിക്കുന്ന സ്‌കൂളിലോ, സ്‌പെഷ്യൽ സ്‌കൂളിലോ ചേർക്കുക.” പിതാവ് ഒന്നും മിണ്ടാതെ ഈറയുടെ കയ്യും പിടിച്ച് ഇറങ്ങി നടന്നു. അങ്ങനെയുള്ള പല അനുഭവങ്ങളും ഈറയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
2010-ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയ ഈറയ്ക്ക് 815-ാം റാങ്കായിരുന്നു. അതിനാൽ ഐആർഎസ് (ഇന്ത്യൻ റവന്യൂ സർവീസ്) ആയിരുന്നു ലഭിച്ചത്. എന്നാൽ പേഴ്‌സണൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അവസാന നിമിഷം നിയമം ദുർവ്യാഖ്യാനം ചെയ്തു. കസ്റ്റംസ് ആന്റ് സെൻട്രൽ എക്‌സൈസിൽ അസിസ്റ്റന്റ് കമ്മീഷണറുടെ പദവിയാണ് തുടക്കത്തിൽ ലഭിക്കുക. ഭിന്നശേഷിക്കാരിയായ ഈറയ്ക്ക് ഈ പദവി വഹിക്കാനുള്ള ശാരീരിക ശേഷിയില്ലെന്ന വാദത്തിൽ ഐആർഎസിന് അർഹയല്ലെന്ന് അവർ വിധിയെഴുതി. ഈറ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നീണ്ട നാല് വർഷം കേസ് നടന്നു. ഇതിനിടയിൽ ഈറയുടെ പിതാവ് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതിനായി രാഷ്ട്രീയ നേതാക്കന്മാരുടെയും ഉന്നത ഉദ്യോഗസ്ഥന്മാരുടെയും ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ആരും അദ്ദേഹത്തെ പരിഗണിച്ചില്ല. അവസാനം ഈറ സിംഗാൾ പദവിക്ക് അർഹയാണെന്ന് ട്രൈബ്യൂണൽ വിധിച്ചു. താൻ ഐഎഎസ് തന്നെ നേടുമെന്ന് അപ്പോഴേക്കും ഈറ മനസിൽ ഉറപ്പിച്ചിരുന്നു. 2015-ൽ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി എക്കാലവും ഓർമിക്കുന്ന അപൂർവ നേട്ടം സ്വന്തമാക്കി.
വേദനിപ്പിച്ച അനുഭവം ചോദിച്ചപ്പോൾ പത്രപ്രവർത്തകൻ വിചാരിച്ചത് പഴയ പ്രിൻസിപ്പൽ, ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൻമാർ ഇവരുടെ ആരുടെയെങ്കിലും പേര് പറയുമെന്നായിരുന്നു. എന്നാൽ, പത്രപ്രവർത്തകന്റെ മുഖത്തുനോക്കി ചിരിച്ചിട്ടു ഈറ സിംഗാൾ പറഞ്ഞു, അത്തരം അനുഭവങ്ങളൊന്നും എന്റെ ഓർമയിലില്ല. എന്റെ മനസിലുള്ളത് നന്മയുടെ അനുഭവങ്ങൾമാത്രമാണ്. ആ ഇന്റർവ്യൂ അവസാനിക്കുമ്പോൾ ഈറയുടെ പിതാവ് ഒരു കാര്യംകൂടി പത്രപ്രവർത്തകനോട് പറയുന്നുണ്ട്. നീതിക്കുവേണ്ടി ഞാൻ ഒരുപാടുപേരുടെ ഓഫീസുകൾ കയറിയിറങ്ങി. പലരും ഒന്ന് ഇരിക്കാൻപോലും പറഞ്ഞില്ല. എന്നാൽ, എന്റെ മകൾ നാളെ കളക്ടറുടെ കസേരയിൽ ഇരിക്കുമ്പോൾ ഒരു പിതാവിനും നീതിക്കുവേണ്ടി അവളുടെ മുമ്പിൽ അലയേണ്ടിവരില്ല. എല്ലാവരോടും മനുഷ്യത്വത്തോടെ അവൾ പെരുമാറും. കാരണം, നീതിക്കുവേണ്ടിയുള്ള ഒരു പിതാവിന്റെ അലച്ചിലുകളും സങ്കടങ്ങളും എന്റെ മകൾ കണ്ടിട്ടുണ്ട്.
മറവി ഒരു അനുഗ്രഹം
മറവിയെ അനുഗ്രഹമായിട്ട് മനഃശാസ്ത്രജ്ഞർ വിലയിരുത്താറുണ്ട്. ഒന്നും മറക്കാൻ കഴിയുന്നില്ലെങ്കിൽ അതു ചിലപ്പോൾ മാനസിക നിലയിൽ താളംതെറ്റലുകൾ സൃഷ്ടിക്കാം. ധ്യാനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഒരു കാരണം ക്ഷമിക്കാനും മറക്കാനും കഴിയുന്നതാണ്. ജീവിതത്തിൽ വിപരീത അനുഭവങ്ങൾ നേരിടേണ്ടിവരാത്തവരായി ആരും കാണില്ല. അനുഭവങ്ങളല്ല അവയോടുള്ള പ്രതികരണമാണ് നമ്മെ വ്യത്യസ്തരാക്കുന്നത്. അനേകർക്ക് ജീവിതത്തിൽ സന്തോഷിക്കുവാൻ കഴിയാത്തതിന്റെ കാരണം മുറിവേല്പ്പിക്കപ്പെട്ട അനുഭവങ്ങൾ മനസിൽ നിറഞ്ഞുനില്ക്കുന്നതാണ്. ചിലർക്ക് എങ്കിലും ഉദ്ദേശിച്ചതുപോലെ ഉയരാൻ കഴിയാതെപോയതിന്റെ പിന്നിൽ ക്ഷമിക്കാൻ കഴിയാത്തതുപോലുള്ള കാരണങ്ങൾ കിടപ്പുണ്ടാകും. മനസിൽ ശത്രുതയുടെയും വിദ്വേഷത്തിന്റെയും കനലുകൾ എരിയുന്നത് ശാരീരിക രോഗമായി മാറാൻ സാധ്യത ഏറെയാണ്. ജയിലുകളിൽ കഴിയുന്ന പലരുടെയും ചരിത്രം പരിശോധിച്ചാൽ അവരെ കുറ്റവാളികളാക്കി മാറ്റിയത് പ്രതികാര ചിന്തകളാണെന്ന് വ്യക്തമാകും. വചനം പറയുന്നു: ”ശത്രുവിന് വിശക്കുമ്പോൾ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക; അത് അവന്റെ തലയിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടും; കർത്താവ് നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും”(സുഭാഷിതങ്ങൾ 25: 21-22). ക്ഷമിക്കുന്നവർ യഥാർത്ഥത്തിൽ വിജയിക്കുകയാണ്.
ദൈവം നല്കുന്ന സ്വപ്നങ്ങൾ
നമുക്ക് വേദനകൾ സമ്മാനിച്ചവരെ ശത്രുക്കളായി മാത്രം കാണരുത്. അത് ദൈവം അനുവദിച്ചതാകാം. സ്വന്തം സഹോദരന്മാരാൽ പൊട്ടക്കിണറ്റിൽ എറിയപ്പെടുകയും ഈജിപ്തുകാർക്ക് അടിമയായി വില്ക്കപ്പെടുകയും ചെയ്ത പൂർവപിതാവായ ജോസഫ് ഈജിപ്തിന്റെ ഭരണാധികാരിയായി മാറി. തനിക്ക് മക്കൾ ഉണ്ടായപ്പോൾ കടിഞ്ഞൂൽപ്പുത്രന് മനാസെ എന്നാണ് പേര് നല്കിയത്. ആ പേരിന് അർത്ഥം മറക്കുക എന്നാണ്. രണ്ടാമത്ത മകന് എഫ്രായിം എന്നായിരുന്നു പേരിട്ടത്. കഷ്ടതകളുടെ നടുവിൽ ദൈവം നല്കിയ സമൃദ്ധിക്ക് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു അതുവഴി.
സഹോദരന്മാരോട് പക സൂക്ഷിക്കുകയായിരുന്നെങ്കിൽ ദൈവം നല്കിയ സ്വപ്നങ്ങൾ അദ്ദേഹത്തിന് കാണാൻ കഴിയുമായിരുന്നില്ല. ദൈവം ഒരുക്കിയിരിക്കുന്ന അനുഗ്രഹത്തിന്റെ വഴികൾപോലും വിദ്വേഷം നമ്മുടെ ദൃഷ്ടികളിൽനിന്ന് അകറ്റും. ഇസ്രായേലിലെ ക്ഷാമകാലത്ത് ധാന്യങ്ങൾ വാങ്ങാനെത്തിയ സഹോദരങ്ങളോട് സ്വയം വെളിപ്പെടുത്തിയിട്ട് ജോസഫ് പറയുന്നു: ”നിങ്ങൾക്ക് ഭൂമിയിൽ സന്തതികളെ നിലനിർത്താനും വിസ്മയകരമായ രീതിയിൽ രക്ഷ നല്കാനുംവേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ ഇങ്ങോട്ടയച്ചതാണ്” (ഉൽപത്തി 45:7). വിപരീത അനുഭവങ്ങൾ സമ്മാനിച്ചവരെ സ്‌നേഹിക്കാൻ തുടങ്ങുമ്പോൾ ദൈവത്തിന്റെ മനസിലേക്ക് നാം വളരുകയാണ്.
ഈറ സിംഗാളിന്റെ മനസിൽ ഐഎഎസ് തന്നെ നേടണമെന്ന ചിന്ത ജനിപ്പിച്ചത് നിഷേധിക്കപ്പെട്ട ഐആർഎസ് ആയിരിക്കാം. നമുക്ക് ഉണ്ടാകുന്ന വിപരീത അനുഭവങ്ങളെ പോസിറ്റീവായി കാണാൻ കഴിഞ്ഞാൽ സമൂഹത്തിന് വലിയ ആശ്വാസമായി മാറും. നീതിക്കുവേണ്ടി സ്വന്തം പിതാവ് നടന്നുതീർത്ത വഴികൾ അറിയുന്നതുകൊണ്ടുതന്നെ തന്റെ മുൻപിൽ എത്തുന്ന ഫയലുകളിൽ മനുഷ്യന്റെ വേദനിക്കുന്ന മുഖങ്ങൾ കാണാൻ ഈറയ്ക്കു കഴിയും. അഹങ്കാരത്തോടെയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വിധത്തിലും പെരുമാറുന്നവരുടെ ജീവിതം പരിശോധിച്ചാൽ ജീവിതത്തിൽ ഉണ്ടായ വേദനകളെ ഉൾക്കൊള്ളാൻ കഴിയാത്ത മനസാണെന്ന് വ്യക്തമാകും. അങ്ങനെയുള്ളവർ എപ്പോഴും മറ്റുള്ളവർക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നവരാകും. മനസിൽ നന്മയുടെ അനുഭവങ്ങൾ നിറഞ്ഞുനില്ക്കുമ്പോൾ നമ്മുടെ സാമീപ്യവും ഇടപെടലുകളും അനേകർക്ക് ആശ്വാസമായി മാറും. അതെ, നമ്മൾ മനസിൽ സൂക്ഷിക്കുന്നത് നന്മയുടെ ഓർമകൾ മാത്രമായിരിക്കട്ടെ.