സാമാന്യമര്യാദയിലെ അപകടങ്ങൾ

സുഹൃത്ത് മേരിചേച്ചിയുടെ വൃദ്ധമാതാവിനെ സന്ദർശിക്കാൻ പോയതായിരുന്നു ഞങ്ങൾ. വീട്ടുമുറ്റത്ത് വാഹനമിറങ്ങുമ്പോഴേക്കും ഞങ്ങളുടെ നേരെ ഒരു പട്ടി കുരച്ചു ചാടി. ഉള്ളൊന്നു കിടുങ്ങി, ആ വരവുകണ്ടപ്പോൾ. അസാധാരണ വലുപ്പമുള്ള ആ നായ കുരയ്ക്കുകമാത്രമല്ല, കടിക്കുകയും ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും അതിനെയൊന്ന് പിടിച്ചുകെട്ടാതെ ചെറുപുഞ്ചിരിയോടെ നില്ക്കുകയാണ് മേരിചേച്ചി. ഇതെന്ത്? ഞങ്ങളെ പട്ടികടിച്ചോട്ടെ എന്നാണോ? ‘ചേച്ചീ പട്ടിയെ പിടിക്കോ…’ ഞങ്ങൾ ഒന്നിച്ച് നിലവിളിച്ചുപോയി, ‘ഛെ, പേടിക്കണ്ടന്നേ, അത് അങ്ങോട്ടൊന്നും എത്തുകേല’ എന്നായി ചേച്ചി. ‘പിന്നേ…, ലക്ഷ്മണരേഖ നോക്കിയല്ലേ പട്ടി ചാടുന്നത്.’ ഭയവും സ്വല്പം ദേഷ്യവും കലർന്ന് ഒരാൾ പ്രതികരിച്ചു. ചേച്ചി പൊട്ടിച്ചിരിച്ചു…. ‘നോക്കിക്കേ അതിന്റെ ചങ്ങല…’

ശരിയാ… അപ്പോഴാണ് ഞങ്ങളതു കണ്ടത്. നീളത്തിൽ വലിച്ചുകെട്ടിയ കമ്പിയിൽ യഥേഷ്ടം ഓടിക്കളിക്കാവുന്നതുപോലെ ചങ്ങലയ്ക്കിട്ടിരിക്കുന്ന നായ്ക്ക് സ്വാതന്ത്ര്യത്തോടെ ചാടാം, ഓടാം. എന്നാൽ ഒരു പരിധിയുണ്ട്. ചങ്ങലയുടെ നീളത്തിനത്രയുമേ അതിന് കുതിച്ചു ചാടാനാകൂ. കണ്ടാൽതോന്നും കക്ഷി ഇപ്പം ചാടി നമ്മുടെ കഴുത്തിൽ പിടുത്തമിട്ടെന്ന്… ഔവ്… സമാധാനമായി..

‘അമ്പട വീരാ… നീ വല്യ പുള്ളിയാല്ലേ…. നിന്റെ വലുപ്പോം ഗാംഭീര്യോം… കുരയും ചാട്ടവുമൊക്കെ കണ്ടാൽ നാടു നടുങ്ങുമെന്നാ വിചാരം… പക്ഷേ എന്തുകാര്യം.. പാവം… ‘സിങ്ക’ത്തേപ്പോലെ ചാടിവന്നാലും നിന്റെ ചങ്ങല.. എനിക്കിഷ്ടപ്പെട്ടു… നീ അങ്ങനെ നിഗളിക്കണ്ടാ..’ കൂട്ടത്തിലൊരാളുടെ നർമരസം.
‘എത്രവലിയ കടിയനായിട്ടെന്താ കാര്യം… ഞങ്ങളെ ആരേം തൊട്ടുകൂട്ടാൻ പോലും കിട്ടീല്ലല്ലോ നിനക്ക്…’ എന്നായി മറ്റൊരാൾ. കൂട്ടച്ചിരിക്കിടയിൽ വിശുദ്ധ യോഹന്നാൻ ക്രൂസിന്റെ വാക്കുകളാണ് ഓർത്തത്.

‘ഒരു പക്ഷിയെ ബന്ധിച്ചിരിക്കുന്നത് നൂലുകൊണ്ടായാലും കയറുകൊണ്ടായാലും ഫലം ഒന്നുതന്നെ. നൂല് ലഘുവാണെങ്കിലും അതുപൊട്ടിച്ച് പക്ഷി പറക്കുന്നതുവരെയും അതിന്റെ ബന്ധനം കയറിൽ നിന്നു വ്യത്യസ്തമല്ല. നൂല് പൊട്ടിക്കാൻ എളുപ്പമാണെങ്കിലും പൊട്ടുന്നതുവരെയും പക്ഷി പറന്നുയരുകയില്ലെന്നു തീർച്ച. അതുപോലെ ഒരാത്മാവിന് എന്തുമാത്രം പുണ്യസമ്പത്തുണ്ടായിരുന്നാലും എന്തെങ്കിലും താല്പര്യത്തിലോ വ്യക്തിയിലോ ലഘുവായ ബന്ധമുണ്ടെങ്കിൽ ദൈവൈക്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് അതിന് പറന്നുയരുക സാധ്യമല്ല.’

”സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്” (ഗലാത്തിയാ 5:1) എന്ന് പൗലോസ്ശ്ലീഹ ഓർമിപ്പിക്കുന്നതും അതുതന്നെയല്ലേ.

ക്രിസ്തുവിനാൽ മോചിപ്പിക്കപ്പെട്ട്, പ്രാർത്ഥനയിലും ഉപവാസത്തിലും കൂദാശകളുടെ തുടർച്ചയായ സ്വീകരണത്തിലും പരിത്യാഗത്തിലും പുണ്യങ്ങളിലുമെല്ലാം പുരോഗമിച്ചിട്ടും വീണ്ടും ബന്ധിക്കപ്പെട്ടാൽ – അതു ചെറുതോ വലുതോ ആയിക്കൊള്ളട്ടെ- ആ ആത്മാവിന്റെ സ്ഥിതിയെക്കുറിച്ച് കുരിശിന്റെ വിശുദ്ധ യോഹന്നാൻ തുടരുന്നു: ‘നിറയെ സുകൃതങ്ങളും ഭക്തകൃത്യങ്ങളും ദൈവദത്തമായ പുണ്യങ്ങളും വഹിച്ചുകൊണ്ടാണ് അവരുടെ യാത്ര. പക്ഷേ, ചെറിയ ഇഷ്ടങ്ങൾ, അഭിരുചികൾ, ചിലതിനോടും ചിലരോടുമുള്ള താല്പര്യം- പരിത്യജിക്കാൻ തന്റേടമില്ലാത്തതിനാൽ വിശുദ്ധിയിൽ പുരോഗമിക്കാനും പുണ്യപൂർണതയാകുന്ന തുറമുഖത്തെത്താനും അവർക്ക് കഴിയാതെ പോകുന്നു. തീവ്രമായ ആഗ്രഹത്തോടെ ഒന്ന് ശ്രമിച്ചാൽ മതിയായിരുന്നു; ‘ഇഷ്ട’മാകുന്ന ആ നൂലുപൊട്ടിച്ച് പറന്നുയരാൻ, അഥവാ ഇച്ഛയെന്ന ആ നാശകാരിയെ പറിച്ചെറിഞ്ഞ് മുന്നേറാൻ.’

ഇവയേക്കാൾ ബലവത്തും രൂഢമൂലവും പാപകരവുമായ പലതും ദൈവസഹായത്താൽ പൊട്ടിച്ചെറിഞ്ഞതാണ്. എന്നാൽ കേവലം നൂലുപൊലൊരു ഇഷ്ടത്തെ വേണ്ടെന്നു വയ്ക്കാത്തതുമൂലം ദൈവൈക്യമെന്ന സൗഭാഗ്യം പ്രാപിക്കാൻ സാധിക്കാതെ പോവുക എത്ര ശോചനീയം! വിശുദ്ധൻ തുടരുന്നു: ‘അവർ പുരോഗമിക്കുന്നില്ലെന്നു മാത്രമല്ല, അതുവരെ നേടിയതെല്ലാം ആ ബന്ധം നിമിത്തം നഷ്ടമാക്കുകയും ഏറെ ക്ലേശിച്ചും ത്യാഗം സഹിച്ചും സഞ്ചരിച്ച വഴിയേ പുറകോട്ടുപോവുകയുമാണെന്നത് എങ്ങനെ സഹിക്കാനാകും? ദൈവത്തിലേക്ക് അടുക്കാതിരിക്കുക എന്നാൽ, അവിടുന്നിൽ നിന്ന് അകലുകയെന്നാണ്.’
പാത്രത്തിലുള്ളവ ചെറിയ സുഷിരത്തിലൂടെ നഷ്ടമാകുംപോലെതന്നെയല്ലേയിത്? ”ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അല്പാല്പമായി നശിക്കും” (പ്രഭാഷകൻ 19:1). മറ്റൊരു ഭീകരാവസഥ, ഈ ചെറിയ ബന്ധനത്തിലൂടെ മറ്റു തിന്മകളും ബന്ധനങ്ങളും ഉടലെടുക്കുകയും അവ വളർന്ന് ആത്മാവിന്റെ നാശം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. ഇവയൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നും വിശുദ്ധൻ വ്യക്തമാക്കുന്നു. ‘സാമാന്യമര്യാദയുടെയോ സൗഹാർദത്തിന്റെയോ പേരിൽമാത്രം തുടങ്ങുന്ന ചെറിയ ഇഷ്ടം വളർന്ന് ആത്മീയ ജീവിതത്തെയും ദൈവൈക്യത്തിനുള്ള താല്പര്യത്തെയും നശിപ്പിക്കുന്നു. മാനുഷിക ബന്ധങ്ങളെ ആരംഭത്തിലേ വിച്ഛേദിക്കാനും ദൈവത്തോടൊപ്പമായിരിക്കാൻ ഏകാന്തത പാലിക്കാനും അയാൾ നിഷ്‌കർഷത കാണിക്കാതിരുന്നതാണ് ഇതിനെല്ലാം കാരണം.

അതിഭാഷണം, ഉപേക്ഷിക്കാൻ മനസില്ലാത്ത കൂട്ടുകെട്ട്, വസ്ത്രം, മുറി, വസ്തുക്കൾ, പുസ്തകങ്ങൾ, ചില ഭക്ഷണം എന്നിവയോടുള്ള പ്രത്യേക മമത, അനാവശ്യ വിശേഷങ്ങൾ അറിയാനും കേൾക്കാനുമുള്ള ജിജ്ഞാസ എന്നിവയെല്ലാം ദൈവൈക്യം പ്രാപിക്കുന്നതിനു തടസമാണ്.’ അതിനാൽ ദൈവവചനത്തിന്റെ മുന്നറിയിപ്പു മറക്കരുതേ:

”ഇപ്പോൾ നിങ്ങൾ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാൽ, ബലഹീനങ്ങളും വ്യർഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കൽക്കൂടി അവയുടെ സേവകരാകാൻ നിങ്ങൾ ഇച്ഛിക്കുന്നുവോ?” (ഗലാത്തിയാ 4:9).

ആത്മാവിൽ ഒരേയൊരു ന്യൂനത അവശേഷിക്കുന്നെങ്കിൽ അത് എത്ര നിസാരമെങ്കിലും ദൈവസായൂജ്യം പ്രാപിക്കുക അവൾക്ക് അസാധ്യം എന്നാണ് വിശുദ്ധൻ പറഞ്ഞുവയ്ക്കുന്നത്. അതിനാൽ ദൈവത്തിലേക്ക് പറന്നുയരാൻ തടസമാകുന്നതെല്ലാം – അതൊരു നൂലായാലും പറിച്ചെറിഞ്ഞേ പറ്റൂ. ദൈവത്തിൽ നിരന്തരം ആയിരുന്ന്, ജീവിച്ച്, വളർന്ന്, അവിടുന്നിൽ ലയിച്ച പരിശുദ്ധ അമ്മയ്ക്ക് നമ്മുടെ ആത്മാവിനെ ഏല്പിച്ചുകൊടുക്കാം. അമ്മേ, ദൈവമല്ലാത്ത ബന്ധങ്ങളെല്ലാം അമ്മയുടെ കാല്ക്കീഴിൽ തകർക്കണമേ, ദൈവത്തിൽ എന്നെ സദാ ബന്ധിയാക്കണമേ.

ആൻസിമോൾ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *