നല്ല രീതിയിൽ കുടുംബജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു വർഗീസ്‌കുട്ടി. മാതാപിതാക്കളുടെ നിർബന്ധപ്രകാരം ഇരുപത്തി ഒന്നാമത്തെ വയസിൽ അയാൾ വിവാഹിതനായി. ഒന്നിനു പുറകെ ഒന്ന് എന്ന ക്രമത്തിൽ അഞ്ചുമക്കളും പിറന്നു. സുന്ദരിയും സ്‌നേഹസമ്പന്നയും ആരോഗ്യവതിയുമായ ഭാര്യയുടെകൂടെ സന്തോഷകരമായി കുടുംബജീവിതം നയിക്കുകയായിരുന്നു ലോറിഡ്രൈവറും ലോറി ഉടമസ്ഥനുമായ വർഗീസുകുട്ടി. ഇടയ്ക്കിടയ്ക്ക് വർഗീസുകുട്ടി ലോറിയുമായി ദൂരസ്ഥലങ്ങളിൽ തടി കയറ്റാൻ പോവുക പതിവായിരുന്നു. അങ്ങനെ ഒരു സന്ദർഭത്തിൽ അയാൾ അധാർമ്മിക ജീവിതം നയിച്ചുകൊണ്ടിരുന്ന സരസമ്മ എന്ന സ്ത്രീയുമായി പരിചയത്തിലായി. ആദ്യമാദ്യം അവളെ ആ ജീവിതത്തിൽനിന്ന് രക്ഷപ്പെടുത്തുവാൻവേണ്ടിയായിരുന്നു അയാൾ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ അധികം താമസിയാതെ രക്ഷാഹസ്തവുമായി കടന്നുചെന്ന വർഗീസുകുട്ടിയും അവളുടെ പിടിയിലായി. പതിയെ പതിയെ അയാൾ ആ ഭവനത്തിലെ സ്ഥിരം സന്ദർശകനായി.
തടി കയറ്റാനെന്നു പറഞ്ഞ് ലോറിയുമായി പോകുന്ന വർഗീസുകുട്ടി ആഴ്ചകളോളം വീട്ടിൽനിന്ന് അകന്നു കഴിഞ്ഞപ്പോൾ ഭാര്യ ശോശാമ്മയ്ക്ക് ഭയമായി. കുറെയേറെ നാളുകൾ കഴിഞ്ഞുവന്നാലും കൈയിൽ കാര്യമായ പണമൊന്നും കാണാതായപ്പോൾ ശോശാമ്മയ്ക്ക് ഒരു സംശയം ഇതെന്തു സംഭവിച്ചു? തന്നെയുമല്ല ഭാര്യയായ തന്നോടുള്ള താല്പര്യക്കുറവും മക്കളുടെ കാര്യത്തിലുള്ള അശ്രദ്ധയും എല്ലാം കൂടിയായപ്പോൾ അവളുടെ സംശയവും ഭയവും ഇരട്ടിച്ചു. ഒരിക്കലവൾ ഇതേപ്പറ്റി ചോദിക്കുകയും ചെയ്തു. പക്ഷേ, ഉദ്ദേശിച്ച ഫലമല്ല ഉണ്ടായത്. കണ്ഠമിടറിക്കൊണ്ടുള്ള അന്വേഷണത്തിന് മറുപടിയായി അയാൾ ചോദിച്ചു; എന്താ നിന്റെ ഉദ്ദേശ്യം? ഞാനെപ്പോഴും നിന്നെയും മക്കളെയും പൊത്തിപ്പിടിച്ച് ഇവിടെ കഴിഞ്ഞാൽ വായിലേക്ക് വല്ലതും പോകണ്ടേ? ആറെണ്ണത്തിന്റെ വയറടക്കുവാനുള്ള ഉത്തരവാദിത്വം എന്റെ ഒറ്റയാളുടെ തലയിലാണ്. പറ്റുമെങ്കിൽ വല്ല കൂലിപ്പണിക്കും പോക്. അപ്പോൾ മെയ്യനങ്ങാതെ തിന്നു സുഖിക്കണമെന്ന ചിന്ത മാറിപ്പോകും. ഞാനുണ്ടാക്കുന്ന പൈസ ഞാനെന്റെ ഇഷ്ടംപോലെ ചെലവഴിക്കും. അതിന് നീയാരാ ചോദിക്കാൻ? നിന്റെ സ്വന്തം വീട്ടിൽനിന്ന് കൊണ്ടുവന്ന പൈസയൊന്നും ഞാൻ ചെലവാക്കുന്നില്ലല്ലോ. എന്റെ സ്വന്തം കാശുകൊണ്ട് ഞാൻ ചിലപ്പോൾ കള്ളു കുടിക്കുകയും പെണ്ണു പിടിക്കുകയും ഒക്കെ ചെയ്‌തെന്നു വരും. കൂടുതൽ ഭരിച്ചാൽ എല്ലാറ്റിനെയും ഉപേക്ഷിച്ചിട്ട് ഞാനെന്റെ വഴിക്കു പോകും….
പറഞ്ഞതു പ്രവർത്തിച്ചപ്പോൾ
ഈ വാക്കുതർക്കങ്ങൾ പലവട്ടം ആവർത്തിച്ചപ്പോൾ അവസാനം അയാൾ പറഞ്ഞതുതന്നെ പ്രവർത്തിച്ചു. ഭാര്യയെയും ആറുമക്കളെയും ഉപേക്ഷിച്ച് അയാൾ വീടുവിട്ട് ഇറങ്ങിപ്പോയി സരസമ്മയുടെ കൂടെ താമസമാക്കി. സരസമ്മയെ ഭാര്യയായി കരുതി രക്ഷിച്ചുകൊള്ളാം എന്നായിരുന്നു അയാളുടെ ആദ്യത്തെ ഉടമ്പടി. അധികം വൈകാതെ സരസമ്മയും വർഗീസുകുട്ടിയും തമ്മിൽ കലഹമായി. കലഹം മൂത്ത് അയാൾ വേറെ വേറെ പാർപ്പിടങ്ങൾ തേടി അലയുന്നവനായി മാറി. വർഷം ആറേഴു കഴിഞ്ഞു. എല്ലായിടത്തും താൻ കറിവേപ്പില പോലെ പുറത്തെറിയപ്പെടുകയാണെന്ന ബോധ്യം വന്നപ്പോൾ അയാൾക്ക് സുബോധമുണ്ടായി. സ്‌നേഹവതിയായ തന്റെ ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും അയാൾ ഓർമിച്ചുതുടങ്ങി.
തനിക്കുപറ്റിയ തെറ്റ് അയാൾ മനസിലാക്കി. അയാൾ ഓടി കുമ്പസാരക്കൂട്ടിലേക്ക്. വന്നുപോയ പിഴവുകളൊക്കെ അയാൾ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു. ആ വൈദികൻ അയാളെ സഹായിക്കാമെന്ന് ഉറപ്പു നല്കി. ശോശാമ്മയും അഞ്ചുമക്കളും ഇക്കാലമത്രയും കണ്ണുനീരോടെ ജപമാലയർപ്പിച്ച് പ്രാർത്ഥിച്ച് വർഗീസുകുട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. വർഗീസുകുട്ടി തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നുവെന്ന് അയാളെ കുമ്പസാരിപ്പിച്ച വൈദികനിലൂടെ തിരിച്ചറിഞ്ഞ അയാളുടെ കുടുംബം ആ വാർത്ത കേട്ട് ഏറെ സന്തോഷിച്ചു. ശോശാമ്മയും അഞ്ചുമക്കളും അയാൾ തിരിച്ചുവരുന്നതുവരെ കാത്തിരിക്കാതെ അങ്ങോട്ടുചെന്ന് തങ്ങളുടെ കുടുംബനാഥനെ, ശോശാമ്മ തന്റെ ഭർത്താവിനെ, മക്കൾ തങ്ങളുടെ അപ്പച്ചനെ സ്വീകരിച്ച് കൂട്ടിക്കൊണ്ടുവന്നു. ഒരു വാക്കുകൊണ്ടുപോലും ആ കുടുംബം അദ്ദേഹത്തെ മുറിപ്പെടുത്തിയില്ല എന്നു മാത്രമല്ല, തെറ്റൊന്നും ചെയ്യാതെ ജീവിച്ചിരുന്ന ആദ്യകാലഘട്ടങ്ങളിലേക്ക് എന്നതിനെക്കാൾ അധികമായ സ്‌നേഹവും ആദരവും പ്രകടമാക്കിക്കൊണ്ട് അയാളോട് പെരുമാറി. വൈദികന്റെ നിർദേശപ്രകാരം ആ കുടുംബം ഒന്നിച്ച് മുരിങ്ങൂരിലുള്ള ഡിവൈൻ ധ്യാനമന്ദിരത്തിൽ പോയി ധ്യാനം കൂടി വലിയ കൃപയിലേക്കും വരപ്രസാദത്തിന്റെ നിറവിലേക്കും കടന്നുവന്നു.
പാപസാഹചര്യങ്ങൾ വെടിഞ്ഞപ്പോൾ
വർഗീസുകുട്ടിക്ക് വന്ന മാറ്റം വലുതായിരുന്നു. അയാൾ തന്റെ ലോറിപ്പണി ഉപേക്ഷിച്ചു. ലോറി വിറ്റു. ഒരു പലചരക്കു കട തുടങ്ങി. മൂത്ത മകനെ അതിന്റെ ഉത്തരവാദിത്വം ഏല്പിച്ചു. പാപത്തിന്റെ ചെളിക്കുണ്ടിൽനിന്നും തന്നെ രക്ഷിച്ച കർത്താവിനോടുള്ള പ്രതിനന്ദിയായി അയാൾ ഒരു ധ്യാനമന്ദിരത്തിൽ ഡ്രൈവറും പ്രേഷിതനുമായി ജോലി ചെയ്തു. അങ്ങനെ പല വർഷങ്ങൾ കടന്നുപോയി.
ഇനി ഒരിക്കൽകൂടി അയാൾ പാപജീവിതത്തിലേക്ക് വീണുപോകുമെന്ന് അയാളോ അയാളുടെ അധികാരികളോ മറ്റാരെങ്കിലുമോ ഒരിക്കലും സംശയിക്കാത്ത വിധത്തിലുള്ളതായിരുന്നു അയാളുടെ ജീവിതത്തിൽ വന്ന മാറ്റം. മൂന്നുനാലു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അയാളെ ധ്യാനമന്ദിരത്തിൽ സാക്ഷ്യം പറയാനും അത്യാവശ്യഘട്ടങ്ങളിൽ കൗൺസലിങ്ങിനുപോലും അവിടുത്തെ അധികാരികൾ നിയോഗിച്ചു. തന്നെ ഏല്പിച്ച സകല കാര്യങ്ങളിലും വർഗീസുകുട്ടി പ്രശംസാർഹമായ ശുശ്രൂഷകൾ നിർവഹിച്ചു. അങ്ങനെ മൂന്നുവർഷം കഴിഞ്ഞപ്പോൾ പ്രശംസകളും അംഗീകാരങ്ങളും കേട്ട് മത്തുപിടിച്ച അയാളിൽ അഹങ്കാരം മുളപൊട്ടാൻ തുടങ്ങി. തന്നെ കവിഞ്ഞ് ആരുമില്ല എന്ന ഭാവത്തിലേക്ക് അയാളുടെ ഹൃദയം സാവധാനത്തിൽ വളരുകയായിരുന്നു. അപകടം മണത്തറിഞ്ഞ ധ്യാനഗുരു വർഗീസുകുട്ടിയെ വിളിച്ച് പലവട്ടം ഉപദേശിച്ചു. പക്ഷേ, ആ സമയത്ത് തന്റെ തെറ്റുകൾ സമ്മതിക്കുമെങ്കിലും പിന്നീട് അതുതന്നെ ആവർത്തിച്ചു. പലവട്ടം ഉപദേശിച്ചിട്ടും വർഗീസുകുട്ടിയുടെ ജീവിതത്തിൽ മാറ്റമൊന്നും കാണാതെ വന്നപ്പോൾ ധ്യാനമന്ദിരത്തിലെ അധികാരികൾ തക്കതായ ഒരു മാറ്റം വരുന്നതുവരെ സാക്ഷ്യം പറയുന്നതിൽനിന്നും കൗൺസലിങ്ങ് നടത്തുന്നതിൽനിന്നും അദ്ദേഹത്തെ മാറ്റിനിർത്തി. ഇതിൽ പ്രതിഷേധിച്ച് ധ്യാനമന്ദിരത്തിൽനിന്ന് ഇറങ്ങിപ്പോയ വർഗീസുകുട്ടിയെ പടിപടിയായി പിശാചാണ് നയിച്ചത്.
ആ നയിക്കപ്പെടൽ വിട്ടുപേക്ഷിച്ചുപോന്ന പഴയ അവിഹിതബന്ധത്തിലായിരുന്നു അയാളെ എത്തിച്ചത്. അവിടെ അയാൾ വീണ്ടും കുടുങ്ങി. പിശാച് അയാളെ കുടുക്കി എന്നുവേണം പറയാൻ. ആദ്യത്തെ ഒരു വർഷം ഒളിച്ചും പാത്തും ആണ് സരസമ്മയെ കണ്ടുമുട്ടിക്കൊണ്ടിരുന്നത്. അവളെ രക്ഷപ്പെടുത്തി ക്രിസ്തുവിന്റെ രക്ഷയിലേക്ക് നയിക്കാൻ വേണ്ടിത്തന്നെയാണ് അമിതമായ ആത്മവിശ്വാസം പൂണ്ട് അയാൾ ആദ്യമായി സരസമ്മയെ കാണാൻ ചെന്നത്. അവളെ രക്ഷപ്പെടുത്താൻ അയാൾക്ക് കഴിഞ്ഞില്ല എന്നുമാത്രമല്ല, വീണ്ടും അയാൾ വിട്ടൊഴിഞ്ഞുപോന്ന മ്ലേച്ഛതയിലേക്ക് മൂക്കുകുത്തി നിപതിക്കുകയും ചെയ്തു. ഭാര്യ ശോശാമ്മയും മക്കളും ഒരിക്കൽക്കൂടി അയാളുടെ ആത്മരക്ഷയ്ക്കും തിരിച്ചുവരവിനുംവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് കാത്തിരിക്കുന്നു.
ഇത്തരത്തിൽ തെറ്റിൽ വീണ്ടും നിപതിക്കുന്നവരെക്കുറിച്ച് എന്തു പറയാൻ! അവരെക്കുറിച്ച് തിരുവചനങ്ങൾ ഇപ്രകാരം പറയുന്നു: ”നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവർ ലോകത്തിന്റെ മാലിന്യങ്ങളിൽനിന്നും രക്ഷ പ്രാപിച്ചതിനുശേഷം വീണ്ടും അവയിൽ കുരുങ്ങുകയും അവയാൽ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിരിക്കും. കാരണം തങ്ങൾക്കു ലഭിച്ച വിശുദ്ധ കല്പനയെക്കുറിച്ച് അറിഞ്ഞിട്ട് അതിൽനിന്നും പിന്മാറുന്നതിനെക്കാൾ അവർക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു. നായ് ഛർദ്ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടിൽ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ച് ശരിയാണ്” (2 പത്രോസ് 2:20-22).
തെറ്റുകൾ തുടങ്ങിയത് എവിടെ?
മ്ലേച്ഛതകൾ വിട്ടൊഴിഞ്ഞ് നല്ല വിശ്വാസിയായിത്തീർന്നതിനുശേഷം എവിടെയാണ് വർഗീസുകുട്ടിക്ക് തെറ്റു പറ്റിയത്? ധ്യാനമന്ദിരത്തിലെ ശുശ്രൂഷകനായി കഴിയവേ താൻ എന്തൊക്കെയോ ആയിത്തീർന്നിരിക്കുന്നുവെന്നും താൻ തെറ്റുകൾക്ക് അതീതനാണെന്നുമുള്ള അഹങ്കാരചിന്ത അയാളുടെ ജീവിതത്തിൽ മുളയെടുത്തപ്പോൾ മുതൽ വർഗീസുകുട്ടിയുടെ ജീവിതത്തിൽ വീണ്ടും തെറ്റ് ആരംഭിച്ചുകഴിഞ്ഞു. അതാണ് ധ്യാനമന്ദിരത്തിൽനിന്നും പിണങ്ങിപ്പിരിയാൻ ഇടയാക്കിയത്. തനിക്ക് ഇനിയൊരിക്കലും തെറ്റുപറ്റുകയില്ല എന്ന അമിതമായ ആത്മവിശ്വാസവും അഹങ്കാരവുമാണ് സരസമ്മയെ വീണ്ടും സന്ദർശിച്ച് രക്ഷപ്പെടുത്തുവാനുള്ള തനിച്ചുള്ള ശ്രമത്തിലേക്ക് അയാളെ വീണ്ടും നയിച്ചത്. ”അഹങ്കാരം തുടങ്ങുമ്പോൾ കർത്താവിൽനിന്നും അകലുന്നു. ഹൃദയം അവന്റെ സ്രഷ്ടാവിനെ പരിത്യജിച്ചിരിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു. അതിനോട് ഒട്ടി നില്ക്കുന്നവൻ മ്ലേച്ഛത വമിക്കും” (പ്രഭാഷകൻ 10:12-13).
മാത്രമല്ല ജാഗ്രതയില്ലാത്ത ജീവിതം അയാളെ തെറ്റിലേക്ക് വീണ്ടും വഴിനടത്തുകയായിരുന്നു. പാപങ്ങളെയും പാപാസക്തികളെയും വിട്ടൊഴിഞ്ഞ് വിശുദ്ധ ജീവിതത്തിലേക്ക് കടന്നുവന്നവർ വീണ്ടും അതിൽ ഉൾപ്പെട്ടുപോകാതിരിക്കുവാൻ ജാഗ്രതയോടെയും താഴ്മയോടെയും ജീവിക്കേണ്ടതായിരുന്നു. അവിടെയും വർഗീസുകുട്ടിക്ക് പിശകുപറ്റി. കാരണം ജാഗ്രതയുള്ള ഒരു ജീവിതം അയാൾ നയിച്ചില്ല. കർത്താവ് തന്റെ വചനത്തിലൂടെ നമ്മെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: ”നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ” (1 പത്രോസ് 5:8-9).
സ്ഥലം തേടി അലയുന്ന ദുഷ്ടാരൂപി
അഹങ്കാരത്തിലൂടെയും പാപാസക്തികളിലൂടെയും ലോകമോഹങ്ങളിലൂടെയും നമ്മെ കുടുക്കി തിന്മയിലേക്ക് വലിച്ചിഴക്കുന്നത് പിശാചുതന്നെയാണ്. സാത്താന്റെ ഇത്തരം പ്രവർത്തനത്തെക്കുറിച്ച് യേശു തന്റെ പരസ്യജീവിതകാലത്ത് വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. അവിടുന്ന് ഇപ്രകാരം പറയുന്നു: ”അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോൾ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു. എന്നാൽ കണ്ടെത്തുന്നില്ല. അപ്പോൾ അതു പറയുന്നു. ഞാൻ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്ക് തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോൾ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോൾ അത് പുറപ്പെട്ടുചെന്ന് തന്നെക്കാൾ ദുഷ്ടരായ ഏഴ് അശുദ്ധാത്മാക്കളെക്കൂടി തന്നോടൊത്ത് കൊണ്ടുവരികയും അവിടെ പ്രവേശിച്ച് വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തെതിനേക്കാൾ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ച തലമുറയ്ക്കും ഇതുതന്നെ ആയിരിക്കും അനുഭവം” (മത്തായി 12:43-45).
വർഗീസുകുട്ടിയുടെ ജീവിതത്തിലും ഇതുതന്നെയാണല്ലോ സംഭവിച്ചത്. അവൻ പാപത്തെ ഉപേക്ഷിച്ച് പാപരഹിതമായ ജീവിതം തുടങ്ങിയെങ്കിലും എളിമകൊണ്ടും മറ്റു പുണ്യങ്ങൾകൊണ്ടും തന്റെ ജീവിതത്തെയും ഹൃദയത്തെയും നിറയ്ക്കുന്നതിൽ ശ്രദ്ധ വച്ചില്ല. അതിനാലാണ് അവനെ വിട്ടുപോയ ദുഷ്ടാരൂപി വീണ്ടും തിരിച്ചുവന്ന് നോക്കിയപ്പോൾ താൻ ഇറങ്ങിപ്പോയ സ്ഥലം അടിച്ചുവാരി ശുദ്ധമാക്കപ്പെട്ടതായി മാത്രം കണ്ടത്! അത് ആ അശുദ്ധാത്മാവിനെ പുറപ്പെട്ടുചെന്ന് തന്നെക്കാൾ ശക്തരായ ഏഴ് എണ്ണത്തെക്കൂടി കൂട്ടിക്കൊണ്ടുവരുവാൻ പ്രേരിപ്പിച്ചു. ആ സ്ഥലം നന്മകളാൽ നിറയപ്പെട്ടിരുന്നുവെങ്കിൽ ദുഷ്ടാരൂപിക്ക് ആ മനുഷ്യനിൽ പ്രവേശിക്കുവാൻ കഴിയുമായിരുന്നില്ല. അങ്ങനെ വർഗീസുകുട്ടിയുടെ സ്ഥിതി ആദ്യത്തേതിനെക്കാൾ പരിതാപകരമായ അവസ്ഥയിലേക്ക് അധഃപതിക്കാൻ ഇടവരുത്തി. വർഗീസുകുട്ടിയുടെ രക്ഷയ്ക്കും വീണ്ടെടുപ്പിനുംവേണ്ടി ഇതു വായിക്കുന്നവർ മധ്യസ്ഥപ്രാർത്ഥന നടത്തണേ.
നമ്മുടെ ജീവിതത്തിൽ
പ്രിയപ്പെട്ടവരേ, എല്ലാ വർഷത്തെയുംപോലെതന്നെ ഈ വർഷവും വലിയ നോമ്പാചരണം നമ്മൾ തുടങ്ങിക്കഴിഞ്ഞു. നോമ്പുകാലത്ത് മത്സ്യമാംസാദികളും പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളും ഉപേക്ഷിച്ചുകൊണ്ട് നമ്മുടെ ജഡത്തോട് നാം കാണിക്കുന്ന വിരക്തി നല്ലതുതന്നെ. എന്നാൽ നമ്മുടെ നോമ്പാചരണം ഇറച്ചിയും മീനും മുട്ടയും മറ്റ് ഇഷ്ടവിഭവങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ളത് മാത്രമാകാതിരിക്കട്ടെ. പാപവും പാപമാർഗങ്ങളും ഉപേക്ഷിച്ചതുകൊണ്ടുമാത്രം ഒരു ക്രിസ്ത്യാനിയുടെ ജീവിതം സുരക്ഷിതമായിത്തീരുന്നില്ല. മറിച്ച് നന്മകൾകൊണ്ടും പുണ്യങ്ങൾകൊണ്ടും നമ്മുടെ ജീവിതത്തെ നിറയ്ക്കണം. ഇന്നലെകളിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നതും ഇന്ന് ഉള്ളതുമായ പാപങ്ങളെക്കുറിച്ച് ആഴത്തിൽ അനുതപിക്കാനും അതേറ്റുപറയാനും പ്രായശ്ചിത്തവും പരിഹാരങ്ങളും അനുഷ്ഠിക്കുവാനുമുള്ള തിരഞ്ഞെടുക്കപ്പെട്ട നാളുകളായി നാം ഈ നോമ്പുകാലത്തെ കാണണം. ധാരാളം ദാനധർമം ചെയ്യാനും നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഉള്ള തീക്ഷ്ണത മറ്റെല്ലാ കാലത്തേക്കാളും ഉപരിയായി നോമ്പുകാലത്ത് ഉണ്ടാകാൻ വേണ്ടി നാം ശ്രദ്ധവയ്ക്കണം. എന്തെന്നാൽ തിരുവചനങ്ങൾ ഒരു കാര്യം നമുക്ക് മുൻപിൽ അനാവരണം ചെയ്യുന്നു. അത് ഇതാണ്: ”ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധർമ്മം പാപത്തിന് പരിഹാരമാണ്” (പ്രഭാഷകൻ 3:30).
ഉല്പത്തി പുസ്തകം നാലാം അധ്യായത്തിൽ ആബേലിന്റെ കാഴ്ചകളിൽ ദൈവം സംപ്രീതനായതിന്റെ പേരിൽ ക്രുദ്ധനായിത്തീർന്ന കായേന് ദൈവം നല്കുന്ന ഒരു മുന്നറിയിപ്പുണ്ട്: ”നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓർക്കണം. അതു നിന്നിൽ താല്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം” (ഉല്പത്തി 4:7). പടിവാതില്ക്കൽ പതിയിരിക്കുന്ന പാപത്തെ കീഴടക്കാനുള്ള വഴിയായി ദൈവം നിശ്ചയിച്ചു തന്നിരിക്കുന്ന മാർഗം നല്ലതു ചെയ്യുക (നന്മ ചെയ്യുക) എന്നതാണ്. നന്മകൊണ്ടുവേണം തിന്മയെ കീഴടക്കാൻ. നന്മ നമ്മളിൽ നിറഞ്ഞു കവിഞ്ഞൊഴുകുമ്പോൾ തിന്മ നമ്മളിൽനിന്ന് ഒഴുകിമാറി ദൂരെയകന്നുകൊള്ളും. ”ഇക്കാരണത്താൽ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും സുകൃതത്തെ ജ്ഞാനംകൊണ്ടും ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും ആത്മസംയമനത്തെ ക്ഷമകൊണ്ടും ക്ഷമയെ ഭക്തികൊണ്ടും ഭക്തിയെ സഹോദരസ്‌നേഹംകൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂർണമാക്കാൻ നന്നായി ഉത്സാഹിക്കുവിൻ” (2 പത്രോസ് 1:5-7). ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാലം ആശംസിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്റ്റെല്ല ബെന്നി
1 Comment
Very touching.