അതിമനോഹരമായി പാടാൻ കഴിവുള്ള ഒരു കുയിൽ കാട്ടിലുണ്ടായിരുന്നു. ഒരിക്കൽ അണ്ണാൻകുഞ്ഞ് കുയിലിന്റെ അടുത്തു ചെന്ന് ചോദിച്ചു. കുയിലമ്മേ, ഒരു പാട്ടു പാടാമോ? കുയിൽ മറുപടി പറഞ്ഞു, താഴെ നിന്നുള്ള തവളകളുടെ ക്രോം… ക്രോം… ശബ്ദം നീ കേൾക്കുന്നില്ലേ? ആ ശബ്ദം എന്നെ അസ്വസ്ഥതപ്പെടുത്തുന്നു. പാട്ട് പാടുവാനൊരു ‘മൂഡ്’ തോന്നുന്നില്ല.
അപ്പോൾ അണ്ണാൻകുഞ്ഞ് പറഞ്ഞു, കുയിലമ്മ പാടാതിരിക്കുന്നതുകൊണ്ടല്ലേ തവളകളുടെ ശബ്ദം കേൾക്കേണ്ടിവരുന്നത്. കുയിലമ്മ പാടുമ്പോൾ ആ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കും. അതു ശരിയാണല്ലോ എന്ന് ചിന്തിച്ച കുയിലമ്മ മനോഹരമായി പാടാൻ തുടങ്ങി. അന്തരീക്ഷത്തിൽ ആ മധുരശബ്ദം നിറഞ്ഞു.
നമുക്കും പലപ്പോഴും കുയിലിന്റെ മനോഭാവമല്ലേ? ചുറ്റുമുള്ള അനീതിയും അക്രമവും കണ്ട് പലപ്പോഴും നാം മടുത്തുപോകുന്നു. വേദനിപ്പിക്കുന്ന അനുഭവങ്ങൾ നമ്മെ നിഷ്ക്രിയരാക്കുന്നു. സ്നേഹവും നന്ദിയും ഇല്ലാത്ത മനുഷ്യരെക്കുറിച്ച് നാം പിറുപിറുക്കുന്നു. നിഷ്ക്രിയത്വവും ഒതുങ്ങിക്കൂടലും നമ്മുടെ സമാധാനം തകർക്കുകയും ചെയ്യും.
സ്നേഹമില്ലാത്ത ലോകത്തിൽ സ്നേഹത്തിന്റെ പാട്ടുപാടാൻ വിളിക്കപ്പെട്ടവരാണ് നാം. ലോകത്തിന്റെ ജീർണതയെ തടയുന്ന ഉപ്പും അന്ധകാരം നിറഞ്ഞ ലോകത്തെ പ്രകാശിപ്പിക്കുന്ന വെളിച്ചവും ആയിരിക്കണം നാം. നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും അസ്വസ്ഥത സൃഷ്ടിക്കാനുതകുന്ന പലതും കണ്ടേക്കാം. എന്നാൽ അവയെക്കുറിച്ച് ചിന്തിച്ച് നിഷ്ക്രിയരായി, നിരാശിതരായിത്തീരാതെ ദൈവത്തിന്റെ പദ്ധതി എന്തെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിച്ചാൽ നമ്മുടെ ജീവിതം ദുഃഖത്തിലും നിരാശതയിലും നിപതിക്കാതെ- യേശുവിന്റെ നാമമഹത്വത്തിനായി പ്രവർത്തിക്കാൻ കഴിയും.
ആരെങ്കിലും വേദനയിലും ദുഃഖത്തിലും നിരാശതയിലുമാണെങ്കിൽ ”കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല, നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നുനില്ക്കുന്നു. അതുപോലെ എന്റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാൾ ഉന്നതമത്രേ” (ഏശയ്യാ 55:8-9). കർത്താവിന്റെ സ്വരം ശ്രവിക്കുവാൻ അവിടുത്തെ തിരുസന്നിധിയിൽ സമയം ചെലവഴിക്കുക. കുയിലിനെപ്പോലെ മുറുമുറുപ്പോടെയിരുന്നാൽ അന്തരീക്ഷത്തിലെ തിന്മകൾ വലയം ചെയ്തേക്കാം. തിന്മയെ നന്മ കൊണ്ട് കീഴടക്കാൻ പരിശ്രമിക്കാം.
മേരി ജോർജ് മേമഠത്തിൽ