ഗുജറാത്തിലെ പ്രശസ്തമായ ഒരാശുപത്രിയിൽ കാർഡിയോ തൊറാസിക് സർജിക്കൽ ഐ.സി.യുവിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. ഏതാണ്ട് നാലുവർഷങ്ങൾക്കുമുൻപ് ഞങ്ങളുടെ ഐ.സി.യുവിൽ നിഷ്‌കളങ്കത തുടിക്കുന്ന മുഖവും നിറഞ്ഞ പുഞ്ചിരിയുമായി ഒരു രാജസ്ഥാനി പെൺകുട്ടി കടന്നുവന്നു. ആറുവയസുമാത്രം പ്രായമുള്ള അവളുടെ പെരുമാറ്റം വളരെ ഹൃദ്യവും പക്വവുമായിരുന്നു.
‘ഖുശ്ബു’വെന്ന ആ പെൺകുട്ടിയെ സ്ട്രക്ചറിൽ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. അഞ്ചുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിൽ അവളെ ഐ.സി.യുവിലേക്ക് മാറ്റി. കൃത്രിമ ശ്വാസോച്ഛ്വാസത്തിനായി വെന്റിലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളും ഇ.സി.ജിയിലെ മാറ്റങ്ങളും ശരീരത്തിന്റെ താപനിലയും പൾസും എല്ലാമറിയുവാനായി വിവിധ ഉപകരണങ്ങൾ അവളുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്നു. എല്ലാ ആധുനിക സജ്ജീകരണങ്ങളും തയ്യാർ.
എന്തിനും തയാറായി ഡോക്‌ടേഴ്‌സും ഞങ്ങൾ നഴ്‌സുമാരും ചുറ്റിനുമുണ്ട്. എന്നിട്ടും നിയന്ത്രണവിധേയമാകാത്ത രക്തസമ്മർദവും പൾസും കടുത്ത പനിയും. എങ്കിലും രണ്ടു ദിവസത്തിനുള്ളിൽ അവൾ പതുക്കെ സാധാരണ അവസ്ഥയിലേക്ക് വന്നുതുടങ്ങി. നല്ല പുരോഗതിയുണ്ട്. അങ്ങനെ മൂന്നാംദിവസം അവളെ വെന്റിലേറ്ററിൽനിന്ന് മാറ്റി. ഞങ്ങളെല്ലാവരും വളരെയധികം സന്തോഷിച്ചു.
നീണ്ടുനില്ക്കാതിരുന്ന സന്തോഷം
പക്ഷേ, ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ആ ആറുവയസുകാരിയുടെ രക്തസമ്മർദം ക്രമാതീതമായി വീണ്ടും വർധിച്ചു. ശ്വാസമെടുക്കാൻ അവൾ വളരെയധികം ബുദ്ധിമുട്ടുന്നു. വീണ്ടും അവളെ വെന്റിലേറ്ററിലേക്ക് മാറ്റി. ശസ്ത്രക്രിയക്കും മരുന്നിനുമല്ല, ദൈവത്തിൽ നിന്നുവരുന്ന ശക്തിക്കു മാത്രമേ ഇനി അവളെ സുഖപ്പെടുത്താൻ കഴിയൂ എന്ന് മനസിലാക്കിയ ദിവസം. കുറച്ചുദിവസങ്ങൾക്കുശേഷം അവളെ വെന്റിലേറ്ററിൽ നിന്നും മാറ്റി. പക്ഷേ ശാരീരികബുദ്ധിമുട്ടുകൾ കാരണം വീണ്ടും വെന്റിലേറ്ററിലേക്ക് തന്നെ മാറ്റേണ്ടതായി വന്നു. അങ്ങനെ മാറിമാറി ആറുപ്രാവശ്യം. ഇതിനെല്ലാം ഒടുവിൽ അവളുടെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങി.
മരുന്നുകൾ പ്രതികരിച്ചു, എല്ലാവരും ഒന്നടങ്കം പ്രാർത്ഥിച്ചു അവളെ തിരിച്ചുകൊണ്ടുവരാൻ. അവൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. സംസാരിക്കാൻ തുടങ്ങി. നിമിഷങ്ങൾകൊണ്ട് അവൾ ഞങ്ങളുടെ മനസിനെ കീഴടക്കി. എന്തെന്നില്ലാത്ത സന്തോഷം തോന്നി. പ്രാർത്ഥനയ്‌ക്കൊടുവിൽ ഉത്തരം കിട്ടിയല്ലോ.
പിറ്റേന്ന് ഡ്യൂട്ടിക്ക് കയറിയപ്പോൾ കേട്ടത് ശ്വാസതടസമുണ്ടായതിനാൽ ഖുശ്ബുവിനെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയെന്നാണ്. ഡോക്‌ടേഴ്‌സ് കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നു. എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചിരിക്കുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇൻചാർജായ ബിന്ദുചേച്ചിയാണ് പറഞ്ഞത്, ‘നമുക്ക് ഒരുമിച്ച് ഖുശ്ബുവിനുവേണ്ടി പ്രാർത്ഥിക്കാം’ എന്ന്.
പോക്കറ്റിലുണ്ടായിരുന്ന ജപമാലയിൽ ഞാനും മുറുകെ പിടിച്ചു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ബിന്ദുചേച്ചി പറഞ്ഞു, ‘ഞാനിന്നുമുതൽ അടുത്ത വെള്ളിയാഴ്ചവരെ ഒരു മെഴുതിരി പ്രാർത്ഥന ചൊല്ലി ഖുശ്ബുവിനുവേണ്ടി പ്രാർത്ഥിക്കാൻ തീരുമാനിച്ചു’ എന്ന്. ഒരു വെള്ളിയാഴ്ച തുടങ്ങി അടുത്ത വെള്ളിയാഴ്ചവരെ എട്ടുദിവസം തുടർച്ചയായി ചൊല്ലണം. പ്രാർത്ഥന തുടങ്ങുമ്പോൾ മെഴുകുതിരി കത്തിച്ച് പ്രാർത്ഥനാവസാനം അത് അണയ്ക്കണം. എട്ടാം ദിവസം പ്രാർത്ഥനയ്ക്കുശേഷം മെഴുകുതിരി കത്തിത്തീരാൻ അനുവദിക്കണം.
ഞാൻ നഴ്‌സിങ്ങിന് പഠിക്കുന്ന സമയത്ത് ഷിജി എന്ന സുഹൃത്തിലൂടെ ലഭിച്ച പ്രാർത്ഥനയാണിത്. ഞാൻ ആ പ്രാർത്ഥന എന്റെ സഹപ്രവർത്തകർക്ക് കൊടുക്കുകയും ഒട്ടേറെ അത്ഭുതങ്ങൾക്ക് അവരും പാത്രമാവുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങളുടെ ഇൻചാർജ് ഇങ്ങനെ പറഞ്ഞത്. മറ്റു സഹപ്രവർത്തകരും പ്രാർത്ഥിക്കാമെന്നുറപ്പു നല്കി.
ഈ പ്രാർത്ഥനാസംഭവം ഐ.സി.യുവിൽ സംസാരവിഷയമായി. ഇത് കേട്ടുകൊണ്ട് കടന്നുവന്ന അനസ്‌തേഷ്യവിഭാഗം മേധാവിയും ഇന്റൻസിവിസ്റ്റും ആയ ഡോക്ടർ ചോദിച്ചു, ”ഒമ്പതുപ്രാവശ്യം വെന്റിലേറ്ററിൽ മാറിമാറി കയറ്റിയ, വൈദ്യശാസ്ത്രം ഉപേക്ഷിച്ച ഈ കുട്ടി നിങ്ങളുടെ പ്രാർത്ഥനകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമോ? അങ്ങനെ സംഭവിച്ചാൽ ഈ കോട്ടിൽ ഞാൻ കുരിശു ധരിക്കാം”
പ്രതീക്ഷ അവശേഷിക്കാത്തപ്പോൾ
ഞങ്ങൾ ശക്തമായി പ്രാർത്ഥന തുടർന്നു. കുട്ടിക്ക് ഒരു പുരോഗതിയുമില്ല. എല്ലാവരും കൈയൊഴിഞ്ഞു, മരണം ഏതു നിമിഷവും സംഭവിക്കാം. അവളുടെ നില വഷളായതിനാൽ അവളുടെ പിതാവിനെ ഐ.സി.യുവിലേക്ക് വിളിപ്പിച്ചു. ചീഫ് സർജൻ സംസാരിച്ചു തുടങ്ങിയപ്പോൾ ആ പിതാവ് കമിഴ്ന്ന് ഡോക്ടറുടെ കാലിൽ വീണ് പറഞ്ഞു, ”സാറേ എങ്ങനെയെങ്കിലും എന്റെ കുഞ്ഞിനെ രക്ഷിക്കണമേ. ആകെയുണ്ടായിരുന്ന വീടും കിടപ്പാടവുമെല്ലാം മോളുടെ ചികിത്സയ്ക്കായി വിറ്റു. അതിലൊന്നും എനിക്ക് സങ്കടമില്ല. എന്റെ മകളെ ജീവനോടെ കിട്ടിയാൽ മതി, അവളെനിക്ക് എല്ലാമെല്ലാമാണ്.” ആ രംഗം കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സാറുതന്നെ അയാളെ പിടിച്ചെഴുന്നേല്പിച്ച് ആശ്വസിപ്പിച്ചു. പ്രതീക്ഷയുടെ ഒരു കണികപോലും അവശേഷിക്കാഞ്ഞിട്ടുകൂടി…
പ്രാർത്ഥന പുരോഗമിക്കുന്നു. കുഞ്ഞിന്റെ സ്ഥിതി വീണ്ടും വഷളായി. ഒട്ടേറെപ്പേർ കളിയാക്കി. ”ഇവിടെ ഡോക്ടർമാർ ഇത്രയും കിണഞ്ഞു പരിശ്രമിച്ചിട്ട് കിട്ടാത്ത ജീവനല്ലേ നിങ്ങൾ പ്രാർത്ഥിച്ചിട്ട് കിട്ടാൻ പോകുന്നത്?” എങ്കിലും പ്രതീക്ഷ കൈവിടാതെ പ്രാർത്ഥന തുടർന്നു. പ്രാർത്ഥനയുടെ മൂന്നാം ദിവസം അവൾക്ക് ബോധം വന്നു. പതുക്കെ ശരീരം മരുന്നുകളോട് പ്രതികരിക്കുവാൻ തുടങ്ങി. നാലാം ദിവസം അവളെ വെന്റിലേറ്ററിൽനിന്ന് മാറ്റി, എങ്കിലും വെന്റിലേറ്റർ ഏതു നിമിഷവും ആവശ്യം വന്നേക്കും എന്നതിനാൽ അവളുടെ അരികിൽനിന്നും അത് മാറ്റിയില്ല, അവളപ്പോൾ കൃത്രിമ ഉപാധികളില്ലാതെ നന്നായി ശ്വസിക്കുന്നുണ്ടായിരുന്നെങ്കിലും.
ആറാം ദിവസം പ്രതീക്ഷ അല്പം കൂടി കൈവന്നു. പ്രാർത്ഥനയുടെ അവസാനദിവസം അവൾ കസേരയിൽ ഇരുന്നു. വീണ്ടും രണ്ട് ദിവസങ്ങൾക്കുശേഷം ആ കൊച്ചുമിടുക്കി നടന്നു. പിന്നീട് അവളെ റൂമിലേക്ക് മാറ്റുകയും രണ്ടാഴ്ചയ്ക്കുശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. രണ്ടരമാസം ഐ.സി.യുവിൽ മരണത്തോട് മല്ലടിച്ചുകിടന്ന ആ കൊച്ചുമിടുക്കി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
കുറച്ചുദിവസങ്ങൾക്കുശേഷം റീനചേച്ചിയെന്ന സഹപ്രവർത്തക ആ അനസ്‌തേഷ്യ വിഭാഗം മേധാവിയോട് ചോദിച്ചു, ”ഞങ്ങൾ ഒരു കുരിശു വാങ്ങിത്തരട്ടെ?” എന്ന്. സ്വതവേയുള്ള ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നടന്നകന്നു. ഖുശ്ബു ആരോഗ്യവതിയായി സ്‌കൂളിൽ പോകാനാരംഭിച്ചു. ഇടയ്ക്കിടെ ഐ.സി.യുവിലേക്ക് വിളിക്കും. ഒരു കാര്യം എനിക്കുറപ്പായി,വിശ്വാസപൂർവം ജപമാല ഭക്തിയുടെ തണലിൽ ഐക്യത്തോടെ പ്രാർത്ഥിക്കുന്നതൊന്നും സാധ്യമാക്കപ്പെടാതിരിക്കുകയില്ല.
ഷാലറ്റ് മാത്യു