തെരുവിൽ നരകതുല്യം ജീവിക്കുകയായിരുന്നു ആ അനാഥസ്ത്രീ. കാരുണ്യത്തിന്റെ ഒരു കരസ്പർശം അവളെ തേടിയെത്തി. അങ്ങനെ അവൾ വീണ്ടെടുക്കപ്പെട്ടു. ആ കരസ്പർശം മറ്റാരുടേതുമായിരുന്നില്ല, കനിവിന്റെ മാലാഖയായ മദർ തെരേസയുടേതായിരുന്നു. ആ സ്ത്രീ മദറിനോട് പറഞ്ഞു. ”ഞാൻ ഇതുവരെ മൃഗത്തെപ്പോലെയായിരുന്നു, നിങ്ങളെന്നെ മാലാഖയാക്കി” ദൈവം തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ തിരസ്‌കൃതനായി വലിച്ചെറിയപ്പെടുന്ന കാഴ്ച മദറിന്റെ മൃദുലഹൃദയത്തെ നൊമ്പരപ്പെടുത്തി. തനിക്ക് സ്വന്തമാക്കാമായിരുന്ന ഭൗതികസുഖസൗകര്യങ്ങളെല്ലാം വേണ്ടെന്നുവച്ചുകൊണ്ട് ആത്മാക്കൾക്കായുള്ള ക്രിസ്തുവിന്റെ കുരിശിലെ ദാഹം ശമിപ്പിക്കാനും സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ആൾരൂപമായി മാറാനും മദറിന് സാധിച്ചു. അങ്ങനെ അവർ ഭൂമിയിലെ ഒരു മാലാഖയായി.
കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ സന്ദർശകഡയറിയിൽ ഒരിക്കൽ മദർ തെരേസ കോറിയിട്ട വാക്കുകൾ തന്റെ ജീവിതത്തിന്റെ സാക്ഷ്യമായിരുന്നു.
”ക്രിസ്തുവാണ് പിൻതുടരേണ്ട വഴി
ക്രിസ്തുവാണ് തെളിയിക്കേണ്ട ദീപം
ക്രിസ്തുവാണ് ജീവിക്കേണ്ട ജീവിതം
ക്രിസ്തുവാണ് സ്‌നേഹിക്കേണ്ട സ്‌നേഹം”
സിസ്റ്റർ മരിയ സ്മിത എം.സി.