‘ടേയ്ക്കിംഗ് ഫ്‌ളൈറ്റ് ഫ്രം വാർ ഓർഫൻ റ്റു സ്റ്റാർ ബാലറീന’ എന്നത് പ്രചോദനാത്മകമായ ഒരു ആത്മകഥയാണ്. അപ്പനും അമ്മയും നഷ്ടപ്പെട്ട അനാഥപ്പെൺകുട്ടിയെ കൈയിലെടുത്ത് ലോകത്തിന്റെ നെറുകയിൽ എത്തിച്ച ദൈവത്തിന്റെ മഹാകാരുണ്യത്തിന്റെ, പരിപാലനയുടെ കഥയാണത്. കണ്ണുകൾ ഈറനണിയും ആ കുഞ്ഞിന്റെ ജീവിതത്തെക്കുറിച്ച് കേൾക്കുമ്പോൾ. ശരിക്കു പറഞ്ഞാൽ ഒരു ആത്മകഥ എഴുതുവാനുള്ള പ്രായമൊന്നും അവൾക്കായിട്ടില്ല. വെറും ഇരുപത്തിയൊന്ന് വയസുമാത്രമേ അവൾക്കുള്ളൂ. പക്ഷേ, ചാരക്കൂമ്പാരത്തിൽനിന്ന് ദൈവം ഉയിർപ്പിച്ച ആ ഫീനിക്‌സ് പക്ഷിയുടെ ആവേശോജ്ജ്വലമായ ജീവിതയാത്ര അനേകർക്ക് കരുത്ത് പകരുമെന്നതിനാൽ അത് എഴുതപ്പെടുവാൻ ദൈവം തിരുമനസായി. അവളുടെ പേര് മിഖായേല ഡിപ്രിൻസ് എന്നാണ്. ലോകപ്രശസ്ത ബാലേ നർത്തകിയാണവൾ.
പശ്ചിമ ആഫ്രിക്കയിലെ ദരിദ്രരാജ്യമാണ് സിയറെ ലിയോൺ. അവിടെ 1995 ജനുവരി ആറിനാണ് അവൾ ജനിച്ചത്. 1991 മുതൽ 2002 വരെ നീണ്ടുനിന്ന വലിയൊരു ആഭ്യന്തര കലാപത്തിലൂടെ ആ രാജ്യം കടന്നുപോയി. രാജ്യത്തെ തകർത്ത ഒന്നായിരുന്നു അത്. അവൾ ജനിച്ച് മൂന്നുവർഷങ്ങൾക്കുള്ളിൽ അവളുടെ പിതാവിനെ ആ യുദ്ധത്തിൽവച്ച് നഷ്ടപ്പെട്ടു. പട്ടിണിയിലേക്ക് കൂപ്പുകുത്തിയ ആ രാജ്യത്തിൽ കഠിനമായ ഭക്ഷ്യക്ഷാമമുണ്ടായി. അങ്ങനെ പട്ടിണി കിടന്ന് അവളുടെ അമ്മയും അടുത്ത വർഷം മരിച്ചു. പക്ഷേ ആ കുഞ്ഞുപക്ഷി ആ കൊടുങ്കാറ്റിനെയൊക്കെ അതിജീവിച്ചു. കാരണം ജറെമിയായുടെ പുസ്തകത്തിൽ പറയുന്നതുപോലെ അവളെക്കുറിച്ച് ദൈവത്തിന് ക്ഷേമകരമായ ഒരു പദ്ധതി ഉണ്ടായിരുന്നു.
അനാഥയായ അവളെ അവളുടെ അമ്മാവൻ എടുത്തുവളർത്തി. പക്ഷേ ആ കുഞ്ഞുവയറിന് ആവശ്യമുള്ളത് നല്കുവാൻപോലും കൊടുംദാരിദ്ര്യത്തിൽ കഴിയുന്ന അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അതിനാൽ അവളെ അമ്മാവൻ ഒരു അനാഥാലയത്തിൽ ഏല്പിച്ചു. അവളുടെ ദുരിതം അതുകൊണ്ട് തീർന്നില്ല. ആ കുഞ്ഞിന്റെ കറുത്ത ശരീരത്തിൽ നിറയെ വെളുത്ത പാണ്ടുകൾ ഉണ്ടായി. അവളെ നോക്കുവാൻപോലും എല്ലാവർക്കും ഭയമായിരുന്നു. അവർ അവളെ വിളിച്ചു:
‘പിശാചിന്റെ സന്തതി.’
പിശാചിന്റെ സന്തതിയല്ല, നർത്തകി
പക്ഷേ വേദനിക്കുന്നവന്റെയും ദരിദ്രന്റെയും പക്ഷത്ത് എപ്പോഴും നിലയുറപ്പിക്കുന്ന ദൈവം ആ കുഞ്ഞിന്റെ വലത്തുഭാഗത്തുണ്ടായിരുന്നു. അവൾ അറിയാതെ അവിടുന്ന് അവളെ നടത്തിക്കൊണ്ടിരുന്നു. ഒരു ദിവസം ആ കുഞ്ഞുകാലുകൾ ആ അനാഥാലയത്തിന്റെ ഗെയ്റ്റിലേക്ക് നയിക്കപ്പെട്ടു. അവിടെ കിടന്ന ഒരു മാസികയുടെ കവർചിത്രം അവൾ കൈയിലെടുത്തു. കീറിയ ആ കവർപേജിൽ ഒരു ബാലേ നർത്തകിയുടെ ചിത്രമുണ്ടായിരുന്നു.
ആ കുഞ്ഞുമനസിൽ ദൈവം വലിയൊരു സ്വപ്നത്തിന്റെ വിത്ത് ഇട്ടുകൊടുത്തു: ‘എനിക്കും ഇതുപോലെ ഒരു ബാലേ നർത്തകിയാകണം.’ അതിനായി അവൾ തീവ്രമായി ആഗ്രഹിച്ചു. പക്ഷേ ആ മനോഹരസ്വപ്നം യാഥാർത്ഥ്യമാക്കുവാനുള്ള സാധ്യതയോ സാഹചര്യമോ തനിക്കുണ്ടോയെന്ന് ചിന്തിക്കുവാനുള്ള പ്രായം അവൾക്ക് ആയിരുന്നില്ലല്ലോ. എങ്കിലും അവൾക്ക് അജ്ഞാതമായ രീതിയിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം അവളോടൊപ്പമുണ്ടായിരുന്നു.
ആയിടയ്ക്കാണ് അവളെ ദത്തെടുക്കുവാൻ സന്നദ്ധരായ വളർത്തുമാതാപിതാക്കളെക്കുറിച്ച് അനാഥാലയത്തിന്റെ അധികൃതർ അന്വേഷണം ആരംഭിച്ചത്. വിരൂപയായ ആ കുഞ്ഞിനെ ദത്തെടുക്കുവാൻ പലരും മടി കാണിച്ചു. പക്ഷേ സഹൃദയരായ അമേരിക്കൻ ഡിപ്രിൻസ് ദമ്പതികൾ അവളെ ദത്തെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ അവളുടെ നാലാം വയസിൽ, അതായത് 1999-ൽ അവൾ അമേരിക്കയിലെത്തി.
ഡിപ്രിൻസ് ദമ്പതികൾ വളരെ സ്‌നേഹമുള്ളവരായിരുന്നു. ആ കുഞ്ഞിനോട് യാതൊരു വിവേചനവും കാണിക്കാതെ അവർ അവളെ വളർത്തി. അവളുടെ സ്വപ്നം അവളുടെ വളർത്തുമാതാപിതാക്കളുമായി പങ്കുവച്ചിരുന്നു. അത് സഫലമാക്കുവാൻ ആവശ്യമായ പരിശീലനപരിപാടികൾ അവർ ക്രമീകരിച്ചു. ഫിലഡെൽഫിയയിലെ ‘ദ റോക്ക്’ സ്‌കൂളിൽ അവൾ ക്ലാസിക്കൽ ബാലേ പരിശീലിച്ചു. അതിനുശേഷം ‘ജാക്വിലിൻ കെന്നഡി ഒനാസിസ് സ്‌കൂൾ ഓഫ് ബാലേ’ എന്ന സ്ഥാപനത്തിൽ ഉപരിപഠനം നടത്തുവാനുള്ള സ്‌കോളർഷിപ്പ് അവൾക്ക് ലഭിച്ചു. 2012-ൽ അവൾ ആ സ്‌കൂളിൽനിന്ന് ബിരുദമെടുത്തു. അതിനുശേഷം 2013 ജൂലൈ മാസത്തിൽ ആംസ്റ്റർഡാമിൽ ഓഫീസുള്ള ലോകപ്രസിദ്ധമായ ‘ഡച്ച് നാഷണൽ ബാലേ’ എന്ന കമ്പനിയിൽ ചേർന്നു. ആ കമ്പനിയിലുള്ള ഏക ആഫ്രിക്കക്കാരിയാണ് മിഖായേല. അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്ന അവൾ ഇന്ന് ലോകത്തിൽ പല ഭാഗങ്ങളിലും ബാലേ അവതരിപ്പിക്കുന്നു.
ഈ ലേഖനം വായിക്കുന്ന നിങ്ങളോട് ഓരോരുത്തരോടും മിഖായേല സംസാരിക്കുന്നുണ്ട്. ഒന്നോർത്തുനോക്കുക. ഒരിക്കലും വിടരാൻ പറ്റാത്ത രീതിയിൽ കൂമ്പടഞ്ഞുപോകേണ്ട ഒരു മൊട്ടായിരുന്നു അവൾ. അവളെ സംരക്ഷിക്കുവാൻ അപ്പനോ അമ്മയോ ഇല്ല. മാത്രവുമല്ല മറ്റുള്ളവർ പരിഹസിച്ച് ചിരിക്കുന്ന വിധത്തിൽ ശരീരത്തിൽ മുഴുവൻ പാണ്ടുകൾ. സാധ്യതകൾ മുഴുവൻ അടഞ്ഞു എന്ന് തോന്നിയ അവളുടെ ജീവിതത്തിലേക്ക് ദൈവം കടന്നുവന്നു. അവൾക്കായി അനേക വാതിലുകൾ തുറന്നു. ജന്മം നല്കിയ മാതാപിതാക്കൾ നഷ്ടപ്പെട്ടപ്പോൾ സ്‌നേഹനിധികളായ വളർത്തുമാതാപിതാക്കളെ നല്കി. ആ കുഞ്ഞുമനസിലെ ആഗ്രഹം കണ്ട ദൈവം അത് സാക്ഷാത്ക്കരിക്കുവാൻ പറ്റിയ ഒരു വികസിത രാജ്യത്തേക്ക് അവളെ കൊണ്ടുവന്നു.
ദൈവം പ്രവർത്തിക്കുന്നതെങ്ങനെ?
ഒരു നർത്തകിയെന്ന നിലയിൽ ശോഭിക്കുവാൻ തക്ക ശാരീരിക സൗന്ദര്യം അവൾക്കുണ്ടായിരുന്നില്ല. പക്ഷേ, കാണികളുടെ മനസിൽ ദൈവം അവളെ സ്വീകാര്യയാക്കി. അതേ, ആ ദൈവം ഇന്നും ജീവിക്കുന്നു. നീ ഇപ്പോൾ ആയിരിക്കുന്നത് ഒരു പ്രതിസന്ധിയുടെ കിണറ്റിൽ ആയിരിക്കാം. രക്ഷപ്പെടുവാൻ ഒരു കയറുപോലും ഇട്ടുതരുവാൻ ആരുമില്ല. പക്ഷേ, ദൈവത്തിൽ ആശ്രയിച്ചാൽ ആ കിണർ രക്ഷയുടെ കിണറായി രൂപാന്തരപ്പെടും. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: ”രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും” (ഏശയ്യാ 12:3). എങ്ങനെയാണ് ദൈവം ഇത് ചെയ്യുന്നത്? കിണറ്റിൽനിന്ന് ജലം കോരിയെടുക്കണമെങ്കിൽ ജലം കോരുന്ന ആൾ കിണറിന് പുറത്തായിരിക്കണം. അപ്പോൾ ദൈവം ആദ്യം ചെയ്യുന്നത് നീ ആയിരിക്കുന്ന കിണറ്റിൽനിന്ന് നിന്നെ പുറത്തുകൊണ്ടുവരിക എന്നതാണ്. മിഖായേലയെ പട്ടിണികൊണ്ട് പൊറുതിമുട്ടിയ ദരിദ്ര ആഫ്രിക്കൻ രാജ്യമായ സിയറെ ലിയോണിൽനിന്ന് പുറത്തുകൊണ്ടുവന്നതുപോലെ. അതിനുശേഷം ആ പ്രതിസന്ധിതന്നെ ഒരു അനുഗ്രഹമാക്കി മാറ്റുകയാണ്. മറ്റുള്ളവർ ‘പിശാചിന്റെ സന്തതി’ എന്ന് വിളിക്കത്തക്കവിധം വെള്ളപ്പാണ്ടുകൾ അവളുടെ കറുത്ത ശരീരത്തിൽ നിറഞ്ഞിരുന്നു. അത് സുഖപ്പെടുത്തിക്കൊണ്ടല്ല ദൈവം അവളെ അനുഗ്രഹിച്ചത്. അത് ഉള്ളപ്പോൾത്തന്നെ ബാലേ നർത്തകിയെന്ന നിലയിൽ പ്രശസ്തയാകുവാൻ ദൈവം അവളെ അനുഗ്രഹിച്ചു.
അവൾ ആയിരുന്ന ശാപത്തിന്റെ കിണർ ഇപ്പോൾ രക്ഷയുടെ കിണറായി രൂപാന്തരപ്പെട്ടിരിക്കുന്നു! ആ ദൈവം പറയുന്നു: നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്ക് നിന്നോടുകൂടെ ഞാനുണ്ട്. (ജറെമിയാ 1:17,19). ഏത് പ്രതികൂല സാഹചര്യത്തെയും നന്മയായി മാറ്റുവാൻ സാധിക്കുന്ന ദൈവം നമ്മുടെ കൂടെ ഉള്ളപ്പോൾ നാം എന്തിന് ഭയപ്പെടണം? ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദൈവം ജലം കോരിത്തരികയല്ല ചെയ്യുന്നത്, പ്രത്യുത രക്ഷയുടെ കിണറ്റിൽനിന്ന് ജലം കോരിയെടുക്കുവാൻ സാധിക്കുന്നവിധത്തിൽ നമ്മെ ബലപ്പെടുത്തുന്നു എന്നതാണ്. അവിടുന്ന് മനുഷ്യന് ബലമായിത്തീരുകയാണ്. ”ഞാൻ ഭയപ്പെടുകയില്ല. എന്തെന്നാൽ ദൈവമായ കർത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്” (ഏശയ്യാ 12:2). ദൈവപൈതലിനെ മാനിക്കുന്ന പിതാവായ ദൈവത്തിന്റെ മഹത്വം നാമിവിടെ ദർശിക്കുകയാണ്. അവന്റെ ദുഃഖഗാനത്തെ ആനന്ദഗീതമാക്കി മാറ്റുവാൻ അവിടുന്ന് സദാ കൂടെയുണ്ട്.
നമ്മൾ ഉന്നതമായ സ്വപ്നങ്ങൾ കാണുന്നവരാകണമെന്നും അത് സാക്ഷാത്ക്കരിക്കുവാൻ നിരന്തരം അധ്വാനിക്കണമെന്നും മിഖായേല നമ്മെ ഓർമിപ്പിക്കുന്നു. അവളുടെ കുഞ്ഞുന്നാളിൽ ദൈവം അവളുടെ കുഞ്ഞുമനസിൽ നിക്ഷേപിച്ച സ്വപ്നം അവൾ കെടാതെ സൂക്ഷിച്ചു. അത് യാഥാർത്ഥ്യമാകുന്നതുവരെ അതിന്റെ പിന്നാലെതന്നെ അവൾ ഓടി. ഉന്നത ദർശനങ്ങൾ മനസിൽ സൂക്ഷിക്കുന്നത് ആത്മീയജീവിതത്തിലും വളരെ പ്രധാനപ്പെട്ടതാണ്. ദൈവം അതാഗ്രഹിക്കുന്നുണ്ട്. അബ്രാഹത്തിന്റെ ജീവിതത്തിലൂടെ അവിടുന്ന് അത് നമ്മെ പഠിപ്പിക്കുന്നു.
നിരാശതയുടെ കൂടാരത്തിലകപ്പെടുമ്പോൾ
കുഞ്ഞിനെ നല്കുമെന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റപ്പെടുവാൻ താമസിച്ചപ്പോൾ സ്വാഭാവികമായും അബ്രാഹത്തിന് സ്വപ്നം മങ്ങിക്കാണണം. ആ സ്വപ്നത്തെ വീണ്ടും ജ്വലിപ്പിക്കുവാൻ ദൈവം ഒരു കാര്യം ചെയ്യുന്നു. അദ്ദേഹത്തെ കൂടാരത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവം പറയുന്നു: ‘നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും.’ ദൈവത്തെ അനുഗമിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന ഒരു കാര്യമാണിത്; ആദ്യത്തെ സ്വപ്നങ്ങൾ മങ്ങി നിറമില്ലാതായിത്തീരുക. വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുവാൻ കാലതാമസമുണ്ടാകുമ്പോൾ നിർവികാരതയുടെ, സംശയത്തിന്റെ, നിരാശയുടെ കൂടാരത്തിൽപ്പെടുക. അപ്പോൾ ദൈവത്തോട് നാം മുട്ടിപ്പായി പ്രാർത്ഥിക്കണം: ‘ദൈവമേ, എന്നെ കൂടാരത്തിന് പുറത്തേക്ക് നയിക്കണമേ’ എന്ന്. വിശ്വാസത്തിന്റെ നീലാകാശത്തിലേക്ക് നോക്കി കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിക്കുക. അപ്പോൾ തിളങ്ങുന്ന നക്ഷത്രങ്ങൾ വീണ്ടും കാണുവാൻ സാധിക്കും. ഉള്ളിൽ കരിന്തിരി കത്തുന്ന സ്വപ്നം വീണ്ടും ആളിക്കത്തുവാൻ തുടങ്ങും. അത് യാഥാർത്ഥ്യമാക്കുവാൻ വർധിച്ച ശക്തിയോടെ ഓടുവാൻ സാധിക്കും. അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം:
പിതാവേ, അങ്ങയുടെ ഓമനപ്പൈതലായ എന്നെ എപ്പോഴും അവിടുന്ന് ഓർമിക്കുന്നുണ്ടല്ലോ. എന്റെ പേര് അങ്ങയുടെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്ന അങ്ങയുടെ വാഗ്ദാനം എത്രയോ ആശ്വാസപ്രദമാണ്. വലിയ പ്രതിസന്ധിയുടെ ആഴമേറിയ കിണറ്റിൽപ്പെടുമ്പോൾ, ആരും എന്നെ സഹായിക്കുവാനില്ലാത്തപ്പോൾ അവിടുന്ന് എന്റെകൂടെ ഉണ്ടെന്ന കാര്യം എന്നെ ബലപ്പെടുത്തട്ടെ. അങ്ങ് ഒരിക്കലും എന്നെ ഉപേക്ഷിക്കുകയില്ലെന്ന സത്യം എന്റെ മനസിൽ മായാതെ കുറിച്ചുവച്ചാലും. എപ്പോഴും ആനന്ദഗാനം ആലപിച്ചുകൊണ്ട് അങ്ങയോടൊപ്പം യാത്ര ചെയ്യുവാൻ എന്നെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എപ്പോഴും പിതാവിന്റെ സാന്നിധ്യം തിരിച്ചറിയുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ.മാത്യു