ഒരു കോടതിവിധിയെ ധ്യാനിക്കുമ്പോൾ..

2017 ജനുവരി 18-ന് കേരളാ ഹൈക്കോടതി സവിശേഷമായ ഒരു കേസിൽ ഉത്ക്കൃഷ്ടമായ ഒരു വിധിതീർപ്പ് കല്പിച്ചു. കേസ് ഇങ്ങനെയാണ്:
മദ്യം തനിക്ക് ഉന്മേഷവും ആശ്വാസവും നല്കുന്നുണ്ടെന്നും അത് തന്റെ ഭക്ഷണത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരൻ വാദിച്ചു. തന്മൂലം മദ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാരിന്റെ മദ്യനയം സ്വകാര്യതയ്ക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് കണക്കാക്കി മദ്യനിയന്ത്രണം റദ്ദാക്കണമെന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പക്ഷേ കോടതി ആ വാദം തള്ളിക്കൊണ്ട് സർക്കാരിന് മദ്യനിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും അത് മൗലിക അവകാശത്തിന്റെ നിഷേധമല്ലെന്നും വ്യക്തമാക്കി. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 57-60 ശതമാനം കേസുകളിലും മദ്യത്തിന്റെ സ്വാധീനമുണ്ടായിരുന്നുവെന്നും കേരളത്തിലെ ആശുപത്രികളിൽ കിടത്തി ചികിത്സ നടത്തുന്ന രോഗികളിൽ 19-27 ശതമാനം പേരും മദ്യപാനംമൂലം രോഗികളായവരാണെന്നും അതിനാൽ സാമൂഹ്യമായും ധാർമികമായും മദ്യപാനം സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.

സമീപകാലത്ത് ലോകം മുഴുവനും തിന്മ വ്യാപിച്ചതിന് പ്രധാന കാരണങ്ങളിലൊന്ന് തെറ്റായ കോടതിവിധികളാണ്. സ്വവർഗ വിവാഹം, അബോർഷൻ, വിവാഹമോചനം, ലൈംഗികസ്വാതന്ത്ര്യം, സാത്താനിക ആരാധന ഇവയൊക്കെ പല രാജ്യങ്ങളിലെയും കോടതികളിൽ അവതരിപ്പിച്ച് അംഗീകാരം നേടിയെടുത്തത് വ്യക്തിസ്വാതന്ത്ര്യം, സ്ത്രീസ്വാതന്ത്ര്യം, മൗലിക അവകാശം തുടങ്ങിയ ലേബലുകളിലൂടെയാണ്.

ഏതൊരു സ്ഥാപനത്തിനും ചില നിയമങ്ങളുണ്ട്. അതിലെ ജീവനക്കാർക്ക് സ്വന്തം ഇഷ്ടവും സൗകര്യവും നോക്കി പ്രവർത്തിക്കാനാകില്ല. സംഘടനകൾക്കും നിയമാവലികളുണ്ട്. അംഗങ്ങളുടെ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ പറ്റില്ല. അതുപോലെ രാജ്യങ്ങൾക്കും നിയമങ്ങളുണ്ട്. നമുക്കിഷ്ടമില്ലെങ്കിലും ബുദ്ധിമുട്ടാണെങ്കിലും നാം അതനുസരിച്ചേ തീരൂ.

കാരണം നിയമങ്ങളില്ലെങ്കിൽ സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും കെട്ടുറപ്പില്ലാതാകും. പ്രവർത്തനക്ഷമത കുറയും. ക്രമേണ സമ്പൂർണമായ തകർച്ചയും ഉണ്ടാകും. അതുവഴി ആത്യന്തികമായി ഓരോ വ്യക്തിയുമാണ് നഷ്ടം സഹിക്കേണ്ടിവരിക.

പക്ഷേ ധാർമിക കാര്യങ്ങളിൽ മാത്രം നിയമവും നിയന്ത്രണവും വേണ്ട. വ്യക്തിയുടെ ഇഷ്ടമനുസരിച്ച് ജീവിക്കാൻ അവന് അവകാശമുണ്ട് എന്ന വാദം തെറ്റാണ്. ലോകത്തിലെ കോടിക്കണക്കിന് മനുഷ്യർ ഓരോരുത്തർക്കും ശരിയെന്ന് തോന്നുന്നതുപോലെ ജീവിച്ചാൽ അരാജകത്വവും തകർച്ചയുമായിരിക്കും ഫലം. അതിനാൽ മനുഷ്യവംശത്തിന്റെയും സമൂഹങ്ങളുടെയും ക്ഷേമവും നിലനില്പ്പും തകർക്കുന്ന രീതിയിൽ വ്യക്തികളുടെ നിയന്ത്രണമില്ലാത്ത ഇച്ഛകളെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലേബലിൽ അവതരിപ്പിക്കുന്നതിൽ വഞ്ചനയുണ്ട്. ഏശയ്യാ 5:20-ൽ നാമിങ്ങനെ വായിക്കുന്നു:

”തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവന് ദുരിതം!”

സ്വന്തം തെറ്റുകളെ ന്യായീകരിക്കുന്നവൻ ചെയ്യുന്നതും ഇതുതന്നെയല്ലേ. മദ്യപാനത്തെയും സ്വവർഗ വിവാഹത്തെയും ഇതര തിന്മകളെയും ന്യായീകരിക്കുകയും മഹത്വീകരിക്കുകയും ചെയ്യുന്നവരും തിന്മയെ നന്മയാക്കുകയാണ് ചെയ്യുന്നത്.

പാപത്തിന്റെ ആസക്തികളിൽനിന്ന് രക്ഷപെടാൻ കഴിയാത്തവരുടെ ദയനീയ പ്രതികരണമാണ് ആസക്തികളുടെ മഹത്വീകരണം. അതിന് ഏറ്റവും നല്ല ഉദാഹരണം മദ്യത്തിന് അടിമപ്പെട്ടവർതന്നെ. മദ്യപാനം ശരിയല്ലെന്നും നിർത്തണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, സാധിക്കുന്നില്ല. ആ അവസ്ഥ മറച്ചുവയ്ക്കാൻ അവർ മദ്യപാനത്തെ ന്യായീകരിക്കും. ഇതുപോലെ മുൻകോപക്കാരും തങ്ങളുടെ തെറ്റായ പ്രതികര ണത്തിന് ന്യായം കണ്ടെത്താറുണ്ട്. രണ്ടാമതൊരു വിഭാഗമുണ്ട്. അവരുടെ അഹങ്കാരവും പശ്ചാത്തപിക്കാൻ കഴിയാത്ത മനസും തങ്ങളുടെ പാപകരമായ ജീവിതത്തെ ന്യായീകരിക്കുന്നതിന് അവരെ പ്രേരിപ്പിക്കും.
എവിടെയെങ്കിലും നമ്മുടെ തെറ്റായ നിലപാടുകളെയും ജീവിതശൈലികളെയും നാം ന്യായീകരിച്ച് ജീവിക്കുന്നുണ്ടോ? പാപത്തെ പുണ്യമായി വ്യാഖ്യാനിക്കാറുണ്ടോ?

ജറെമിയാ പ്രവാചകൻ പറയുന്നു: ”കർത്താവ് അന്ധകാരം വരുത്തുന്നതിനുമുൻപ്, നിങ്ങളുടെ കാല്പാദങ്ങൾ ഇരുൾ നിറഞ്ഞ മലകളിൽ ഇടറുന്നതിനുമുൻപ്, നിങ്ങളുടെ ദൈവമായ കർത്താവിന് മഹത്വം നല്കുവിൻ” (13:16).

ഏതൊരു തെറ്റിനും ക്രിസ്തുവിൽ പരിഹാരമുണ്ട്. ഏതൊരു ആസക്തിയിൽനിന്നും യേശുക്രിസ്തു വിടുതൽ നല്കും. അവന് സുഖപ്പെടുത്താൻ കഴിയാത്ത മുറിവുകളോ രക്ഷിക്കാൻ കഴിയാത്ത ബന്ധനങ്ങളോ ഇല്ല. ”യേശുവേ എനിക്ക് രക്ഷ വേണം” എന്ന് ഹൃദയംകൊണ്ട് പ്രാർത്ഥിക്കുന്നവർക്കെല്ലാം രക്ഷ സമീപസ്ഥമാണ്. പിന്നെന്തിന് ന്യായീകരിക്കണം?

പ്രാർത്ഥന
ദൈവമേ, തിന്മയെ തിന്മയായി കാണാനും അനുതപിച്ച് രക്ഷ നേടാനും എന്നെ സഹായിക്കണമേ – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *