ഡെന്നി അങ്കിൾ വന്നപ്പോൾ കുട്ടൂസിന് കൊടുത്തത് കൈനിറയെ ചോക്ലേറ്റുകൾ. സാധാരണയായി കിട്ടിയ ഉടനെ മുഴുവൻ ഒറ്റയടിക്കു തീർക്കുന്ന കുട്ടൂസ് പക്ഷേ അന്ന് വലിയ സന്തോഷമൊന്നും കാണിക്കുന്നില്ല. പപ്പ നോക്കുമ്പോൾ താങ്ക് യു അങ്കിൾ എന്നും പറഞ്ഞ് അടുക്കളയിലേക്കു പോകുന്നു. എന്താണു കാര്യമെന്നറിയാൻ പപ്പയും പിന്നാലെ ചെന്നു. നോക്കുമ്പോൾ അവൻ അതെല്ലാം ഭദ്രമായി ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കുകയാണ്.
ഡെന്നി അങ്കിൾ പോയിക്കഴിഞ്ഞപ്പോൾ കൂട്ടൂസിനോടു പപ്പ ചോദിച്ചു. ”കൂട്ടൂസെന്താ ഇപ്പോൾ ചോക്ലേറ്റ്‌സൊന്നും കഴിക്കാത്തത്.” അവൻ അഭിമാനത്തോടെ ആ രഹസ്യം വെളിപ്പെടുത്തി. നോമ്പുകാലമായതിനാൽ താൻ ആശയടക്കം നടത്തുകയാണ്. സൺഡേ ക്ലാസിൽ സിസ്റ്റർ പറഞ്ഞുതന്നതാത്രേ ആശയടക്കത്തെക്കുറിച്ച്.
പപ്പ ഇപ്പോൾ തന്നെ അഭിനന്ദിക്കുമെന്നും ഈശോയ്ക്ക് സന്തോഷമായിട്ടുണ്ടെന്നു പറയുമെന്നുമാണ് കുട്ടൂസ് കരുതിയത്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇത്രയും ചോക്ലേറ്റ് കൈയിലുണ്ടായിരുന്നിട്ടും തലേദിവസം കുട്ടൂസിന്റെ കൂട്ടുകാർ വന്നപ്പോൾ അവന്റെ മിഠായിപ്പാത്രത്തിൽനിന്നും അവർക്ക് കൊടുക്കാതിരുന്നത് എന്താണെന്ന് പപ്പ ചോദിച്ചു.
നോമ്പുകാലത്ത് ലഭിക്കുന്ന മിഠായി മുഴുവൻ നോമ്പ് കഴിയുമ്പോൾ എടുത്ത് കഴിക്കാമെന്നു കരുതി ശേഖരിച്ചുവച്ചാൽ അത് ആശയടക്കമാവില്ല, വെറും കാത്തിരിപ്പ് ആയിപ്പോകുമെന്ന് പപ്പ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അവന് തോന്നി. ആശയടക്കം എന്നു പറഞ്ഞാൽ നമുക്കിഷ്ടുള്ളത് വേണ്ടായെന്നു വയ്ക്കുന്നതുമാത്രമല്ല, അത് ആഗ്രഹിക്കുന്ന മറ്റുള്ളവർക്കായി കൊടുക്കുന്നതുകൂടി ആണെന്ന് പപ്പ അവനു മനസ്സിലാക്കിക്കൊടുത്തു. ”അപ്പോഴാണ് ശരിക്കും ഈശോയുടെ മിടുക്കൻകുട്ടി ആകുന്നത്. ആശയടക്കം ഈശോയ്ക്ക് കൊടുക്കുന്ന നല്ല ഈസ്റ്റർ ഗിഫ്റ്റ് ആകുന്നത് അങ്ങനെയാണ്” പപ്പ അവനെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. ഇനി കൂട്ടുകാർ വരുമ്പോൾ തീർച്ചയായും തന്റെ മിഠായി ശേഖരത്തിൽനിന്നും അവർക്കു കൊടുക്കുമെന്ന് അവൻ തീരുമാനിച്ചു. ഇക്കാര്യം പറഞ്ഞുതന്നതിന് പപ്പയ്ക്ക് പ്രത്യേകം നന്ദി പറയാനും അവൻ മറന്നില്ല.
അനു ജസ്റ്റിൻ