അന്ന് വീട്ടിൽനിന്നും ഇറങ്ങാൻ താമസിച്ചുപോയി. പ്രതീക്ഷിക്കാതെ ചില അസ്വസ്ഥതകളുണ്ടായതായിരുന്നു കാരണം. ബസ് നഷ്ടപ്പെടുമെന്ന ആകുലതയോടെ സ്റ്റോപ്പിലെത്തിയപ്പോൾ പതിവിന് വിരുദ്ധമായി വൈകിവന്ന ബസ് ലഭിച്ചു.
* * * * * *
പെയ്യാനൊരുങ്ങിനിൽക്കുന്ന മഴക്കാറ് മനസ്സിൽ ഒരു ശോകഭാവം സൃഷ്ടിച്ചു. കൈയിൽ കുടയില്ലായിരുന്നു. പക്ഷേ യാത്ര തുടരാതിരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഓടി വീടിന്റെ ഇറയത്തെത്തിയതും ‘ഞാൻ നിനക്കുവേണ്ടി കാത്തുനില്ക്കുകയായിരുന്നു’ എന്നും പറയുംപോലെ ആർത്തലച്ചു പെയ്ത മഴ.
** * * * * *
മനസിടിഞ്ഞുപോയ ആ ദിനങ്ങളിൽ എന്റെ പ്രിയസുഹൃത്ത് യാദൃശ്ചികമായി കടന്നുവന്നത് എനിക്ക് ആശ്വാസം പകരാൻ വേണ്ടിമാത്രമായിരുന്നോ?
** * * * * *
ഇരുണ്ട രാത്രിയിൽ കൈയിൽ വെട്ടമില്ലാതെ തനിച്ചുള്ള യാത്രക്കിടയിൽ ഒരു മിന്നൽ. അതെനിക്ക് വെളിച്ചമേകാനായിരുന്നുവെന്ന് തോന്നി.
* * * * * *
ഇസ്രായേൽമക്കളെ മരുഭൂയാത്രയിൽ പരിപാലിച്ച ദൈവം നമ്മുടെ അനുദിന ജീവിതത്തിലും എത്രയോ സുന്ദരമായി ഇടപെടുന്നുവെന്ന് വിശ്വസിക്കാതിരിക്കുന്നതെങ്ങനെയാണ്?
ആ പഴയ ഗാനത്തിന്റെ വരികൾ നമുക്ക് വീണ്ടും ഏറ്റുപാടാം
”സീയോൻ യാത്രയതിൽ
മനമേ ഭയമൊന്നും വേണ്ടിനിയും.
അബ്രഹാമിൻ ദൈവം, ഇസഹാക്കിൻ ദൈവം,
യാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ.”
ടിജോ തോമസ്