ഒരിക്കൽ ഒരു നാൽപതു വയസുകാരനെ കണ്ടുമുട്ടാനിടയായി. അപ്പൻ അവനെ കൊല്ലാൻവേണ്ടി കമ്പിവടികൊണ്ട് തലയ്ക്കടിച്ചു, അവൻ മരിച്ചിട്ടില്ല എന്ന് കരുതി എളിയിൽ തിരുകിയിരുന്ന കത്തിയെടുത്ത് വയറിൽ ആഞ്ഞുകുത്തി. കുടൽ പുറത്തുചാടി, ആ സമയം അവൻ വീട്ടിൽനിന്ന് പുറത്തുകടന്നു. വീടിന്റെ നേരെ മുൻപിൽ ദൈവാലയം. അവിടത്തെ വൈദികൻ ഓടി വന്നു. നാട്ടുകാർകൂടി വന്ന് അവനെ ആശുപത്രിയിൽ എത്തിച്ചു. ഉടനെ ഓപ്പറേഷൻ, ഇല്ലെങ്കിൽ മരിക്കും. അങ്ങനെ പെട്ടെന്ന് ഓപ്പറേഷൻ നടത്തി. അവൻ ഐ.സി.യുവിൽ കിടക്കുമ്പോൾ ഡോക്ടർ എന്നോട് പറഞ്ഞു: സിസ്റ്റർ അവനെ ഒന്നു കാണണം.
ഞാൻ ആ മകന്റെ അടുത്തുചെന്ന് കാര്യം അന്വേഷിച്ചു. അവൻ എന്നോട് പറഞ്ഞു, എന്റെ അപ്പൻ എന്നെ സ്‌നേഹിച്ചതാണ് എന്ന്. ഞാൻ കൂടുതൽ കാര്യങ്ങൾ തിരക്കി. അപ്പോൾ അവൻ പറഞ്ഞു, അപ്പൻ ഇന്നോളം എന്നെ ‘മകനേ’ എന്നൊന്ന് വിളിച്ചിട്ടില്ല. അത്യാവശ്യം ജീവിക്കാൻ മാർഗമുണ്ട്. പക്ഷേ അമ്മയെ പുറത്തുവിടില്ല, ഭക്ഷണവും വാങ്ങിക്കൊടുക്കില്ല. എന്റെ അമ്മ കാൻസർരോഗി, പെങ്ങൾ മാനസികരോഗി, അപ്പനാണെങ്കിൽ എപ്പോഴും മദ്യപാനം. ഞാൻ ജോലി ചെയ്ത് കുടുംബം പോറ്റുന്നു.
എന്റെ ഭാര്യ, രണ്ടുമക്കൾ. ഞങ്ങൾ ഒരു നേരം ഭക്ഷണം കഴിച്ചോ എന്ന് ഇന്നോളം അപ്പൻ ചോദിച്ചിട്ടില്ല. അവൻ എല്ലാം പറഞ്ഞു. ഞാൻ നാലുവർഷം വാടകയ്ക്ക് പോയി. എന്റെ അമ്മയെയും സഹോദരിയെയും ഓർത്ത് തിരിച്ചുവന്നതാ. ഒരുലക്ഷം രൂപ തന്നാൽ നീ ഇവിടെ താമസിച്ചോ. ഞാൻ വീട് നോക്കിക്കൊള്ളാം എന്ന് അപ്പൻ പറഞ്ഞു. ഞാൻ ഒരുലക്ഷം രൂപ കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പഴയതുപോലെതന്നെ.
ഞാൻ പറഞ്ഞു, മോനേ ഞാൻ പ്രാർത്ഥിക്കാം. അഞ്ചുമിനിറ്റ് പ്രാർത്ഥിച്ചിട്ട് ഞാൻ തിരിച്ചുപോന്നു. പിറ്റേദിവസവും ഞാൻ അടുത്തുചെന്ന് ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ വചനങ്ങൾ പറഞ്ഞു. അപ്പോൾ അവൻ സങ്കടംകൊണ്ട് കരയുകയാണ്. ഞാൻ മൂന്നാം ദിവസവും അവന്റെ അടുത്തുചെന്നു. അപ്പോൾ സ്റ്റിച്ചിട്ടത് ഉണങ്ങാതെ പഴുപ്പ് വന്നുകൊണ്ടിരിക്കുന്നത് ഞാനും കാണുന്നുണ്ട്. ഞാൻ പറഞ്ഞു, ”മോനേ നീ അപ്പനോട് ക്ഷമിക്ക്, നിനക്ക് ദൈവം അനുഗ്രഹം തരും.” അവൻ സമ്മതിച്ചു.
അച്ചൻ കുമ്പസാരിപ്പിക്കാൻ വന്നു, അവൻ അപ്പനോട് ക്ഷമിച്ചുവെന്ന് കുമ്പസാരത്തിലൂടെ ഏറ്റുപറഞ്ഞ ആ നിമിഷം അവന്റെ മുറിവിലൂടെ ഒഴുകിക്കൊണ്ടിരുന്ന പഴുപ്പ് നിലച്ചു. അവൻ ക്ഷമിക്കാൻ തയാറായപ്പോൾ കർത്താവ് അവന് ശരീരത്തിനും മനസിനും സൗഖ്യം കൊടുത്തു. അവൻ പറഞ്ഞു: സിസ്റ്ററേ, ഞാൻ ക്ഷമിച്ചുവെന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ എന്റെ മുറിവിലൂടെ വന്നുകൊണ്ടിരുന്ന പഴുപ്പ് നിന്നത് എനിക്ക് കാണാമായിരുന്നുവെന്ന്.
പിറ്റേദിവസം ഞാൻ ചെല്ലുമ്പോൾ അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാനും കണ്ടു ഉണങ്ങിയ മുറിവുകൾ. അവൻ പറഞ്ഞു, എന്റെ ജീവിതത്തിലൊരിക്കലും ഞാൻ ഇങ്ങനെ കുമ്പസാരിച്ചിട്ടില്ല. എനിക്ക് ഒരിക്കലും ഇത് മറക്കാനാവില്ല. ഇനി ഞാൻ ഒരു പുതിയ വ്യക്തിയായി ജീവിക്കും. എനിക്ക് നടക്കാനായാൽ ഞാൻ ആദ്യം എന്റെ അപ്പന്റെ അടുക്കൽ ചെല്ലും. അവൻ വീട്ടിൽചെന്നു, എന്നാൽ അപ്പനെ പോലീസ് കൊണ്ടുപോയി.
അവൻ പറഞ്ഞു, ഇനിയുള്ള ജീവിതം ഭൂമിയിൽ നന്മ ചെയ്ത് ഞാൻ ജീവിക്കും. ദൈവം എനിക്ക് തന്ന രണ്ടാം ജന്മമാണിത്.
സിസ്റ്റർ എൽസാ ജോസ് എം.എസ്.എം.ഐ