അത് ഒരു ഈസ്റ്റർദിനമായിരുന്നു. ഫയർമാനായി ജോലി ലഭിച്ചതിന്റെ ഭാഗമായി കൊൽക്കൊത്തയിലെ ട്രെയിനിംഗ് സെന്ററിൽ അടിസ്ഥാനപരിശീലനത്തിലായിരുന്നു ഞാനുൾപ്പെടെയുള്ള 60 പേർ. ഞങ്ങൾ 18 പേരെ എയർപോർട്ട് അതോറിറ്റിയുടെ ക്വാർട്ടേഴ്സിലാണ് താമസിപ്പിച്ചത്. അവിടെ താമസമാക്കിയപ്പോൾ, കൊൽക്കൊത്തയെന്നു കേട്ട സമയം മുതൽ ആശിച്ചിരുന്നതുപോലെ മദർ തെരേസയുടെ ആശ്രമത്തിൽ പോകാൻ കഴിഞ്ഞു.
താമസിക്കുന്നിടത്ത് നിന്ന് അഞ്ചോ ആറോ കിലോമീറ്റർ ദൂരെയാണ് ക്രൈസ്തവദൈവാലയമുള്ളത്. ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനക്കായി അവിടെ പോകും.
ബംഗാളി
ഭാഷയിലുള്ള വിശുദ്ധ കുർബാനയും പ്രസംഗവും മലയാളത്തിൽ കേൾക്കുന്ന അനുഭവമായിരുന്നു എനിക്ക്.
അങ്ങനെ അല്പം ക്ലേശങ്ങളുണ്ടെങ്കിലും ആത്മീയാവശ്യങ്ങൾ നിറവേറുന്നതിൽ സന്തോഷത്തോടെ ദിവ്യബലിക്കുശേഷം മനസ്സിൽ ഉത്ഥാനനിറവുമായി പുറത്തിറങ്ങി. എല്ലാവരും ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ട് പിരിഞ്ഞുപോയി. സമയം രാത്രി രണ്ട് മണിയോടടുത്തായി കാണും.
ട്രെയിൻബോഗികൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ വലിയ മതിലുകൾക്ക് അരികിലൂടെയാണ് എനിക്ക് പോകാനുള്ള വഴി. വിജനവും വെളിച്ചം കുറഞ്ഞതുമായ വഴിയിൽ ഒറ്റയ്ക്കാണ്. എങ്കിലും മനസിൽ സന്തോഷം തുടിച്ചിരുന്നതുകൊണ്ട് ഏകാന്തത അനുഭവപ്പെട്ടില്ല.
ഉത്ഥാനാനുഭവദിനം
പിന്നിൽനിന്ന് ഒരു സൈക്കിൾ റിക്ഷ വരുന്നതിന്റെ ശബ്ദം ഞാൻ കേട്ടു. കൊൽക്കൊത്തയിൽ സൈക്കിൾ റിക്ഷ സാധാരണമാണ്. എങ്കിലും എനിക്ക് റിക്ഷായാത്ര സന്തോഷകരമായി തോന്നാഞ്ഞതിനാൽ അന്നുവരെ ഞാൻ സൈക്കിൾ റിക്ഷയിൽ കയറിയിട്ടില്ല. പക്ഷേ ആ സൈക്കിൾ റിക്ഷ എന്റെയടുത്ത് വന്ന് നിന്നു. ആരോ കയറ്റിവിട്ടതുപോലെ ഞാൻ അതിൽ കയറി. എയർപോർട്ട് ക്വാർട്ടേഴ്സിലേക്ക് എന്ന് മാത്രം പറഞ്ഞു.
റിക്ഷയിൽ ഒരിക്കലും കയറരുത് എന്ന് ആഗ്രഹിച്ചിട്ടും അതിൽ കയറിയ വിഷമം ഒരു ഭാഗത്ത്. എന്റെ കൈയിൽ പത്ത് രൂപയോ അതിൽ കുറവോ നാണയത്തുട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടം വരെ എത്ര രൂപയാകുമെന്ന് അറിഞ്ഞുകൂടാ. അതിന്റെ ആശങ്ക മറുവശത്ത്. ക്വാർട്ടേഴ്സിന്റെ പ്രധാന കവാടം കടന്നതും ഒരു വലിയ നായ്ക്കൂട്ടം ഞങ്ങളുടെ റിക്ഷയ്ക്ക് ചുറ്റും കുരച്ചുകൊണ്ട് അടുത്തു വന്നു.
ഞാൻ നല്ലവണ്ണം ഭയന്നു. അവിടെ പലരെയും നായ്ക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സിൽ ആരോടും പറയാത്തതുകാരണം കതക് തുറന്നു തരാൻ ആരുമില്ല. അന്ന് എനിക്ക് മൊബൈൽ ഫോണില്ല. ആരെയും അറിയിക്കാൻ കഴിയാത്ത അവസ്ഥ. കൂട്ടുകാർ കിടക്കു ന്ന മുറിയുടെ ജനാലയ്ക്ക് അരികിൽ ചെന്ന് തട്ടിവിളിച്ചാലേ ആരെങ്കിലും ഉണരൂ. ‘അപ്പോഴേക്കും ഈ നായ്ക്ക ൾ എന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കും.’ എന്റെ ഭീതി വർദ്ധിച്ച് വന്നു. ആകെ വിയർത്ത് കുളിച്ചു. പക്ഷേ റിക്ഷാക്കാരൻ വളരെ ശാന്തനായി സൈക്കിൾ ചവിട്ടുകയാണ്.
ക്വാർട്ടേഴ്സിന്റെ മുന്നിൽ സൈക്കിൾ നിർത്തി, പെട്ടെന്ന് മുന്നിൽ എന്തോ ശബ്ദം കേട്ടു. ആ ശബ്ദം കേട്ടിടത്തേക്ക് നായ്ക്കൂട്ടം ഓടിപ്പോയി. ആ തക്കത്തിന് എന്റെ കൈയിലിരുന്ന നാണയങ്ങൾ റിക്ഷാക്കാരന് നല്കിയിട്ട് ഓടിച്ചെന്ന് കതകിൽ തട്ടിയതും കതക് തുറന്നു. ഞാൻ അതിവേഗം അകത്ത് കയറി. പെട്ടെന്ന് റിക്ഷാക്കാരനെപ്പറ്റി ഓർത്തു. അഴികൾക്കിടയിലൂടെ നോക്കിയപ്പോൾ ഞാൻ അകത്തു കടന്നു എന്ന് ഉറപ്പ് വരുത്തിയശേഷം അയാൾ മെല്ലെ സൈക്കിൾ ഓടിച്ചു പോകുന്നത് ഇരുണ്ട വെളിച്ചത്തിൽ കണ്ടു. ആ നേരത്ത് നായ്ക്കൂട്ടത്തിന്റെ ഒച്ചപ്പാടും അകന്നു പോയി.
ഉത്ഥിതനെ തിരിച്ചറിഞ്ഞപ്പോൾ
രാവിലെ ഞങ്ങളുടെ മോണിറ്ററിനോട് രഹസ്യമായി കതകിന്റെ കുറ്റി ഇന്നലെ ഇടാൻ മറന്നിരുന്നോ എന്ന് തിരക്കി. അദ്ദേഹം പറഞ്ഞു. 9.30-ന് തന്നെ വാതിലെല്ലാം അടച്ച് എല്ലാവരും കിടന്നു എന്ന് ഉറപ്പു വരുത്തിയശേഷമാണ് അദ്ദേഹം ഉറങ്ങാൻ പോയത്.
കഴിഞ്ഞ രാത്രിയിൽ സംഭവിച്ചത് ഒന്നുകൂടി ഞാൻ ഓർത്തു. വിജനമായ സ്ഥലത്ത് സൈക്കിൾ റിക്ഷ വന്നതും നായ്ക്കളുടെ ആക്രമണമുണ്ടാകാതെ രക്ഷപ്പെട്ടതും കതക് തുറന്ന് കിടന്നതും എല്ലാം. ആ റിക്ഷാക്കാരൻ അപ്പോൾ വന്നില്ലായിരുന്നു എങ്കിൽ…
പെട്ടെന്ന് ഞാൻ സ്തംഭിച്ചു പോയി. ആ റിക്ഷാക്കാരൻ നായ്ക്കളുടെ ഇടയിലും ശാന്തത വെടിയാതെ എന്റെകൂടെ വന്നു… കൂലി ചോദിച്ചില്ല… കൊടുത്തത് മാത്രം വാങ്ങി… ഞാൻ അകത്ത് പ്രവേശിക്കുന്നതുവരെ നോക്കിനിന്നു… അത് ആരായിരുന്നു?
എല്ലാം കൂട്ടിവായിച്ചപ്പോൾ എന്റെ മനസ്സ് മൊഴിഞ്ഞു: ‘അത് ക്രിസ്തുവായിരുന്നിരിക്കണം, എനിക്കു വേണ്ടി സൈക്കിൾ റിക്ഷാക്കാരനായി ഭൂമിയിലേക്ക് താണിറങ്ങിവന്ന ഉത്ഥിതനായ ക്രിസ്തു…’ ദൈവവചനം പറയുന്നതും അതുതന്നെയല്ലേ. ”നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും” (ഏശയ്യാ 41:13)
ജോസഫ് ഗബ്രിയേൽ