ചിരിയുണർത്തിയ തവി

കുട്ടികളുടെ ഒരു അവധിക്കാലം അവസാനിക്കുന്നതിന് തൊട്ടു മുൻപുള്ള ഞായറാഴ്ച. ദിവ്യബലിക്കായി ദൈവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ് ആകെ അസ്വസ്ഥമായിരുന്നു. തുടർന്നു വരുന്ന ദിവസങ്ങളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ, ജോലി, കുട്ടികളുടെ പഠനസംബന്ധമായ തിരക്കുകൾ എല്ലാം പതിവില്ലാത്ത വിധം ഭാരപ്പെടുത്തുന്ന ചിന്തകളായി മനസിൽ നിറഞ്ഞു നിന്നു. വിശുദ്ധ കുർബാന തുടങ്ങിയിട്ടും മനസിന് ഏകാഗ്രത കിട്ടുന്നുണ്ടായിരുന്നില്ല.
എല്ലാ ചിന്തകളും കർത്താവിന്റെ കരങ്ങളിൽ വിട്ടുകൊടുത്ത് പ്രാർത്ഥിക്കാനുള്ള ശ്രമത്തിൽ കണ്ണുകൾ അടച്ച് നിൽക്കവേ അടുക്കള ബഞ്ചിലിരിക്കുന്ന ഒരു തവിയുടെ ചിത്രം മനസിൽ തെളിഞ്ഞു വന്നു. പലവിചാരം എന്ന് എന്നെ തന്നെ ശാസിച്ച് മനസ് പ്രാർത്ഥനയിലേക്ക് തിരിക്കവേ വീണ്ടും മിഴിവോടെ തെളിഞ്ഞു വരുന്ന അതേ തവി. പലപ്പോഴും വിചിത്രമായ ഉദാഹരണങ്ങളിലൂടെയും തോന്നലുകളിലൂടെയും കർത്താവ് സംസാരിച്ച അനുഭവം ഉണ്ടായിട്ടുള്ളതുകൊണ്ട് ഇതും കർത്താവ് കാണിച്ചു തരുന്നതു തന്നെ എന്ന് മനസിലാക്കി ഞാൻ ഈശോയോട് പറഞ്ഞു. ”കർത്താവേ അങ്ങേയ്ക്ക് തെറ്റി. ഞാൻ ആകുലപ്പെടുന്നത് അടുക്കള കാര്യങ്ങളോ പാചകമോ ഒന്നും ഓർത്തല്ല. വേറെ ഒരുപാട് കാര്യങ്ങളെക്കുറിച്ചാ. അങ്ങ് എന്തിനാ എന്നെ ഈ തവി കാണിച്ചു തരുന്നത്?”

പുണ്യപ്പെട്ട പലവിചാരം
ഒരു നിമിഷത്തെ ഇടവേളയ്ക്കുശേഷം കർത്താവിന്റെ ശാന്തമായ സ്വരം എന്നോടിങ്ങനെ ചോദിക്കുന്നതായി അനുഭവപ്പെട്ടു, ”തവി എന്തിനാ ഉപയോഗിക്കുന്നത്?” ”പാചകം ചെയ്ത വിഭവങ്ങൾ വിളമ്പി കൊടുക്കാൻ” ഇതെന്തു ചോദ്യം എന്ന മട്ടിൽ ഞാൻ മറുപടി പറഞ്ഞു. ”അതെ. എന്നാൽ നേരം പുലരുമ്പോൾ മുതൽ ഇന്ന് എന്ത് പാചകം ചെയ്യണം, അതിനെന്തൊക്കെ സാധനങ്ങൾ വേണം എന്നിങ്ങനെ ചിന്തിച്ച് തവി ഭാരപ്പെടേണ്ട കാര്യമുണ്ടോ?”

”ഇല്ല കർത്താവേ. അത് പാചകം ചെയ്യുന്ന ആളുടെ ചുമതലയല്ലേ?” ആകുലപ്പെട്ട് തല കുത്തി മറിയുന്ന ഒരു തവിയുടെ ചിത്രം മനസിൽ ഉണർത്തിയ ചിരിയോടും ഒപ്പം കർത്താവ് എന്താ പറഞ്ഞു വരുന്നത് എന്ന ശങ്കയോടും കൂടെ ഞാൻ മറുപടി പറഞ്ഞു.

”എന്നുവച്ച് എത്ര നല്ല വിഭവങ്ങൾ ഉണ്ടാക്കിയാലും തവി ഇല്ലെങ്കിൽ അത് മറ്റുള്ളവർക്ക് വിളമ്പി കൊടുക്കാൻ പറ്റുമോ?” കർത്താവ് വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശ്രദ്ധയോടെ കാതോർത്തു. ”അപ്പോൾ തവി അടുക്കളയിൽ വളരെ പ്രാധാന്യമുള്ള ഒരു ഉപകരണം ആണെന്ന് വ്യക്തം. അതുപോലെ തന്നെ വ്യക്തമാണ് തന്നെ ഉപയോഗിച്ച് വിളമ്പേണ്ട വിഭവങ്ങളെ കുറിച്ചോ അവ തയ്യാറാക്കുന്നതിനെക്കുറിച്ചോ തവി ഭാരപ്പെടേണ്ട എന്നതും. പാചകം ചെയ്യുന്ന വ്യക്തി എടുത്ത് ഉപയോഗിക്കുമ്പോൾ നിന്ന് കൊടുക്കുക എന്നതിൽ ഉപരിയായി തവിയിൽനിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നുമില്ല.” കർത്താവ് പറഞ്ഞ് നിർത്തിയപ്പോൾ അവിടുന്ന് കാണിച്ചു തന്ന ചിത്രത്തിന്റെ പൊരുൾ എന്തെന്ന് എനിക്ക് വ്യക്തമാകാൻ തുടങ്ങി.

പാചകക്കാരനായ ദൈവത്തിന്റെ കൈയിലെ തവിയായ ഞാൻ ആകുലപ്പെടുന്നതിന്റെ വിഡ്ഢിത്തം മനസിലാക്കിയ ഞാൻ ചമ്മലോടെ മെല്ലെ പറഞ്ഞു. ”എനിക്ക് മനസിലായി കർത്താവേ. തെറ്റ് പറ്റിയത് അങ്ങേയ്ക്കല്ല; എനിക്കാണ്.”

വാത്സല്യം നിറഞ്ഞ അവിടുത്തെ കണ്ണുകളും പുഞ്ചിരി തൂകുന്ന മുഖവും ഹൃദയത്തിലുണർത്തിയ ആനന്ദത്തോടെ വളരെ ലളിതമായി എന്റെ പ്രശ്‌നങ്ങൾക്ക് ഉത്തരം തന്ന ഈശോയോട് നന്ദി പറഞ്ഞ് ദൈവാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ മനസ് ഒരു പഞ്ഞിത്തുണ്ടിനെക്കാൾ ലഘുവായിരുന്നു. ഫിലിപ്പി 4:6-7 പറയുന്നു ”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും.”

സുഗന്ധി മരിയ വിജയ്

Leave a Reply

Your email address will not be published. Required fields are marked *