അന്ന് കൂട്ടുവന്നത് ആരായിരുന്നു?

അച്ചാ, എന്നോട് ക്ഷമിക്കുമോ എന്നതായിരുന്നു ജോസഫിന്റെ ആദ്യചോദ്യം. ”ചേട്ടനെന്താ അങ്ങനെ പറയുന്നത്?” ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ”അച്ചാ, ഞാൻ വീടുപണി ആരംഭിച്ചിട്ട് മൂന്നുവർഷമായി. കഷ്ടപ്പെട്ടാണ് അതിനുള്ള പണം സമ്പാദിച്ചത്. കടം വാങ്ങിയും ഭാര്യയുടെ താലിമാലവരെ പണയംവച്ചും ബാക്കിയുണ്ടായിരുന്ന സ്ഥലം വിറ്റും വീടുപണി നടത്തുന്ന കോൺട്രാക്ടർക്ക് പണം കൊടുത്തു.

ആദ്യമൊക്കെ പണി മുന്നോട്ട് നീങ്ങി. എന്നാൽ പണം കിട്ടിക്കഴിഞ്ഞതുമുതൽ അദ്ദേഹം പണിയെടുക്കാൻ വരാതെയായി. വീടുപണി തീർക്കാമെന്നേറ്റിട്ട് ഒരു വർഷം കഴിഞ്ഞിട്ടും വീടുപണി എങ്ങുമെത്തിയില്ല. ഞാനാരോട് പറയാൻ… അങ്ങനെയിരിക്കെ ഒരു ദിനം ഈ കോൺട്രാക്ടർ വീട്ടിൽ വന്നു. എന്റെ മനസ് സംഘർഷകലുഷിതമായിരുന്നു.

കത്തിയെടുത്തപ്പോൾ
ഞാൻ അകത്തേക്ക് – അടുക്കളയിലേക്ക്- പോയി. തിരിച്ചുവരുമ്പോൾ എന്റെ കൈയിൽ ഒരു കത്തികൂടി ഉണ്ടായിരുന്നു. എന്നെ വഞ്ചിച്ച, എന്റെ സ്വപ്നങ്ങളുടെ ചിറകൊടിച്ച ഈ വഞ്ചകനെ കൊല്ലണം എന്നുറച്ചാണ് ഞാൻ വന്നത്. അടുക്കളയിൽനിന്ന് നടുമുറിയിലേക്ക് പ്രവേശിച്ച ഉടനെ എന്തോ ഒരദൃശ്യ ശക്തി എന്നെ തടഞ്ഞുനിർത്തി. എനിക്ക് ഒരടി മുന്നോട്ട് നീങ്ങാൻ കഴിയുന്നില്ല. ആരോ എന്നെ പിടിച്ചുനിർത്തിയതുപോലെ…

ഞാൻ സർവശക്തിയുമെടുത്ത് മുന്നോട്ട് നീങ്ങാൻ തുടങ്ങി. പക്ഷേ കഴിഞ്ഞില്ല. ഈ സമയം എന്റെ കൈയിൽനിന്ന് കത്തി തെറിച്ചുപോയി. നിസഹായതയോടെ ഞാൻ വീടിന്റെ മുമ്പിൽ എത്തി അദ്ദേഹത്തെ യാത്രയാക്കി. അച്ചാ, അച്ചൻ പറയൂ എന്റെ ദൈവം എന്നോട് ക്ഷമിക്കുമോ? എന്നോട് കരുണ കാണിക്കുമോ? എത്ര വലിയ തിന്മയാണ് ഞാൻ ചെയ്യാൻ ഒരുങ്ങിയത് എന്ന് പിന്നീടാണ് എനിക്ക് മനസിലായത്.”

അദ്ദേഹത്തിന്റെ കണ്ണീരിന് മുൻപിൽ സ്വർഗം താണിറങ്ങിവരുന്നത് ഞാൻ കണ്ടു. എന്റെ മനസിൽ ദൈവികപ്രചോദനം എന്നോണം ഒരു വാക്യം തെളിഞ്ഞുവന്നു. നടുമുറിയിലേക്ക് പ്രവേശിച്ചപ്പോൾ ഒരു ശക്തി തടഞ്ഞുനിർത്തിയില്ലേ… അത് ചേട്ടന്റെ കൂടെ വസിക്കുന്ന ദൈവമായിരുന്നു. അമ്മയുടെ ഉദരത്തിൽ ഉരുവാക്കി, സൃഷ്ടിച്ച് കരുതലോടെ പരിപാലിക്കുന്ന ദൈവത്തിന് ചേട്ടനെ തിന്മയ്ക്ക് വിട്ടുകൊടുക്കാൻ മനസില്ലായിരുന്നു. പാപത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലായിരുന്നു.

ഇതുപോലെ ദൈവം കരുതിയ നിരവധി അനുഭവങ്ങൾ നമുക്കുമില്ലേ, നമ്മെ തിന്മയിൽനിന്ന്
പൊതിഞ്ഞു സംരക്ഷിച്ച ദൈവസ്‌നേഹത്തിന്റെ മധുരമുള്ള ഓർമ്മകൾ?

ഗംഗാധരന്റെ സന്തോഷം
വളരെ യാദൃശ്ചികമായിട്ടാണ് ഗംഗാധരൻ എന്ന സഹോദരനെ കണ്ടുമുട്ടുന്നത്. വളരെ സന്തോഷവും പ്രസരിപ്പുമുള്ള മുഖം. ഞാൻ ചോദിച്ചു: ”ചേട്ടൻ വളരെ സന്തോഷത്തിലാണല്ലോ.” അദ്ദേഹത്തിന്റെ മറുപടി എന്നെ ഏറെ ചിന്തിപ്പിച്ചു: ”അച്ചാ, ചെറുപ്പത്തിൽ ഒത്തിരി കഷ്ടപ്പാടിലാണ് ഞാൻ വളർന്നത്. ആരും എനിക്ക് കൂട്ടിനില്ലായിരുന്നു. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അച്ഛനും അമ്മയും എന്നെ ഉപേക്ഷിച്ചു. ബന്ധുമിത്രാദികൾക്ക് എന്നെ വേണ്ട. വളരെ കഷ്ടപ്പെട്ടാണ് ഞാൻ വളർന്നത്. പലപ്പോഴും ജീവിതം തീർന്നുവെന്ന് തോന്നിപ്പോയിട്ടുണ്ട്. എല്ലാവരും മാതാപിതാക്കളുടെയും വീട്ടുകാരുടെയും കൂടെ സന്തോഷിക്കുന്നത് കാണുമ്പോൾ ഞാൻ ഒറ്റയ്ക്കിരുന്ന് ഒത്തിരി കരഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്. ഇരുപതു വർഷങ്ങൾക്കുശേഷം ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു. എല്ലാം എന്റെ ഈശോയെ കണ്ടെത്താൻ വേണ്ടിയായിരുന്നു.”

എന്റെ 15 വർഷത്തെ സഹനവും അലച്ചിലും ഒറ്റപ്പെടലുമെല്ലാം ക്രൂശിൽ എനിക്കുവേണ്ടി പീഡകളേറ്റു മരിച്ച് ഉത്ഥാനം ചെയ്ത് ഇന്നും എന്റെകൂടെ വസിക്കുന്ന ക്രിസ്തുവിനെ കണ്ടുമുട്ടാനായിരുന്നു. അതുകൊണ്ട് കഴിഞ്ഞകാല ജീവിതത്തിലെ സഹനങ്ങളൊന്നും എനിക്ക് നഷ്ടമായി തോന്നുന്നില്ല. എല്ലാം നഷ്ടപ്പെട്ടെങ്കിലും എനിക്ക് എന്റെ ദൈവത്തെ കണ്ടുമുട്ടാനായല്ലോ. ഇതിനെക്കാൾ വലിയൊരു നേട്ടം എന്താണ് എനിക്ക് ലഭിക്കാനുള്ളത്?

വേദനകൾ എന്തിനെന്നാൽ…
തന്റെ കണ്ടെത്തൽ വിവരിക്കുമ്പോൾ സന്തോഷത്താൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ കണ്ണുകളിൽ കാൽവരിയിലെ ക്രിസ്തുവിന്റെ സ്‌നേഹത്തെ ഞാൻ കണ്ടു. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങളുടെ ലക്ഷ്യവും ഇതുതന്നെയല്ലേ? ക്രിസ്തുവിനെ കൂടുതൽ മിഴിവോടെ കണ്ടുമുട്ടുക…
കൂടെ ചരിക്കുന്നവനും കൂട്ടിരിക്കുന്നവനും കരുതലുള്ളവനുമാണ് ദൈവം എന്ന് നമുക്കനുഭവമാകുന്നുണ്ടോ? മരണത്തിന്റെ വരമ്പിൽനിന്നും നിന്നെ സ്വന്തമാക്കാൻ കരുത്തുള്ള ദൈവത്തിൽ ആത്മാർത്ഥമായി വിശ്വസിക്കൂ… നീ പാപിയായിരുന്നാലും രോഗിയായിരുന്നാലും എല്ലാവരും നിന്നെ ഉപേക്ഷിച്ചാലും നിന്നെക്കുറിച്ച് കരുതലുള്ള ദൈവം നിന്റെ അരികത്തുണ്ട്. അവന് നിന്നെ ആവശ്യമുണ്ട്.

ഫാ. ജോബി എടത്താഴെ സി.എസ്.റ്റി

Leave a Reply

Your email address will not be published. Required fields are marked *