ഉത്ഥിതൻ നല്കുന്ന പ്രത്യാശ

”നിസാരമാം നിസാരമാം
നീറും ദുഃഖങ്ങൾ നിസാരമാം
നാളെ വരുന്ന മഹിമയോർത്താൽ
ഇന്നിൻ ദുഃഖങ്ങൾ നിസാരമാം.”

കഴിഞ്ഞ കാലഘട്ടങ്ങളിൽ എന്നെ ഏറെ സ്വാധീനിച്ചതും ഞാൻ പ്രത്യാശ പൂണ്ട് ആവർത്തിച്ചു പാടി ആശ്വസിച്ചതുമായ ഗാനത്തിന്റെ ആദ്യവരികളാണ് മുകളിൽ കുറിച്ചത്. ”നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18). എന്നാൽ ശരീരത്തിന്റെ ഉയിർപ്പിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും സ്വർഗസൗഭാഗ്യത്തെക്കുറിച്ചും പ്രത്യാശയില്ലാത്ത ക്രിസ്ത്യാനി ഈ ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ്. വരാനിരിക്കുന്നതും ക്രിസ്തുനാഥൻ വാഗ്ദാനം ചെയ്തതുമായ ഈ മഹത്വത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ഉള്ള പ്രത്യാശയില്ലായ്മയാണ് മനുഷ്യർ ഇന്നനുഭവിക്കുന്ന എല്ലാ നിരാശകൾക്കും അതുമൂലമുണ്ടാകുന്ന കഠിനാവസ്ഥകൾക്കും വഴിമുട്ടലുകൾക്കും കാരണം. ഇത് തിരിച്ചറിയാൻ രണ്ട് അധ്യാപികമാരുടെ ജീവിതകഥകൾ നമ്മെ സഹായിക്കും.

സ്ഥലത്തെ ഹൈസ്‌കൂളിലെ മ്യൂസിക് ടീച്ചറായിരുന്ന വിനീത. കണ്ടാൽ അഴകുള്ളവൾ. മനോഹരമായ കിളിനാദം. ആകർഷകമായ പെരുമാറ്റം. ഭർത്താവ് വിൽസൺ അടുത്തുള്ള ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥൻ. മൂന്നുവയസുള്ള ഓമനക്കുഞ്ഞ് ബിനു, സിസ്റ്റേഴ്‌സ് നടത്തുന്ന ഉന്നത നിലവാരമുള്ള വിദ്യാലയത്തിലെ എൽ.കെ.ജി വിദ്യാർത്ഥി. ആർക്കും കണ്ടാൽ കൊതി തോന്നുന്ന സന്തോഷകരമായ ജീവിതം. പക്ഷേ വിനീത ടീച്ചർ ആത്മഹത്യ ചെയ്തു. ആ വാർത്ത ആരെയും ഞെട്ടിക്കുന്നതായിരുന്നു. കാരണം അത്രയേറെ സന്തോഷകരമായ ജീവിതമായിരുന്നു വിൽസന്റെയും വിനീതയുടെയും. പലരും സംശയരൂപത്തിൽ വിൽസണെ നോക്കി. കാരണങ്ങൾ തിരക്കി. അവസാനം വിൽസൺ ആ സത്യം മറ്റുള്ളവരോട് തുറന്നു പറഞ്ഞു. വിനീത യ്ക്ക് ത്രോട്ട് കാൻസർ ആയിരുന്നു. ചികിത്സിച്ച് ഭേദമാക്കാനാവാത്ത അവസ്ഥയിൽ എത്തിച്ചേർന്നിരുന്നു. ആദ്യമാദ്യം അവരത് മറ്റുള്ളവരിൽനിന്ന് മറച്ചുവച്ചു. എന്നാൽ സ്വരത്തിന്റെ മാധുര്യം നഷ്ടപ്പെട്ട് അല്പംപോലും പാടാനാവാത്ത അവസ്ഥയിൽ എത്തിയപ്പോഴേക്കും വിനീതയ്ക്ക് അത് താങ്ങാനായില്ല. കൈവിട്ടുപോയ തന്റെ കിളിനാദം ഒരിക്കലും വീണ്ടെടുക്കാനാവില്ല എന്ന തിരിച്ചറിവ് അവരെ അഗാധമായ നിരാശയിലും ദുഃഖത്തിലുമാഴ്ത്തി. ഭർത്താവും കുഞ്ഞും പുറത്തുപോയ സമയം നോക്കി ടീച്ചർ ബെഡ്‌റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. സ്‌നേഹസമ്പന്നനായ ഭർത്താവിനെയും കുഞ്ഞുമോൻ ബിനുവിനെയും തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ട് വിനീതടീച്ചർ പറന്നകന്നു. കണ്ടവർക്കും കേട്ടവർക്കുമെല്ലാം അതൊരു ദുഃഖിപ്പിക്കുന്ന ഓർമയായി മാറി.

വിനീതയ്ക്ക് ചെറുപ്പത്തിൽത്തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലാണ് വിനീത വളർന്നത്. കാഴ്ചയിൽ സുന്ദരിയും പഠനത്തിൽ മിടുക്കിയും കലാപരമായ കാര്യങ്ങൾക്ക് ഉന്നത നിലവാരം പുലർത്തിയിരുന്നവളുമായ വിനീത സ്‌കൂൾ യുവജനോത്സവത്തിലും അതുപോലുള്ള മത്സരങ്ങൾക്കും വാരിക്കൂട്ടിയ സമ്മാനങ്ങൾ ഏറെയാണ്. വിനീതയെ ഇഷ്ടപ്പെട്ട വിൽസൺ അവളെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്? ഒറ്റവാക്കിൽ പറഞ്ഞാൽ നിത്യതയെക്കുറിച്ചുള്ള പ്രത്യാശ അവളുടെ മനസിൽ ഇല്ലാത്തതുകൊണ്ടാണ് അവളീ കടുംകൈ ചെയ്തുപോയത്.

ഇതാ വേറൊരു ജീവിതസാക്ഷ്യം
ഇതിനു തുല്യമോ ഇതിലേറെ കഷ്ടത നിറഞ്ഞതോ ആയ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ ജീവിതത്തിന്റെ ഉടമയായിരുന്നു റോസിറ്റ. മതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവൾ. തെരുവിലെ ചപ്പുകൂനയിൽനിന്ന് സിസ്റ്റേഴ്‌സിന്റെ കരങ്ങളാൽ അനാഥാലയത്തിലേക്ക് എടുക്കപ്പെട്ടവൾ. അച്ഛനാരെന്ന് അവൾക്കറിയില്ല. അമ്മ അവളെ തെരുവിലെ ചപ്പുകൂനയിലേക്ക് എറിഞ്ഞുകളഞ്ഞു. പക്ഷേ, ദൈവത്തിന്റെ സ്‌നേഹം അവളെ നല്ലവരായ സിസ്റ്റേഴ്‌സിന്റെ അടുത്ത് എത്തിച്ചു.
അവിടെ അവർക്ക് അപ്പനും അമ്മയും സിസ്റ്റേഴ്‌സായിരുന്നു. സിസ്റ്റേഴ്‌സിന്റെ മടിയിലിരുന്ന് അവൾ ഈശോയെ പരിചയപ്പെട്ടു. അവരുടെ ശിക്ഷണത്തിൽ അവൾ പ്രാർത്ഥനകളും നമസ്‌കാരങ്ങളും പഠിച്ചു. മാമോദീസയും വിശുദ്ധ കുർബാനയും സ്വീകരിച്ചു. യേശു നല്കുന്ന പ്രത്യാശയിൽ, അപ്പനും അമ്മയും നഷ്ടപ്പെട്ടവളെങ്കിലും അവൾ സന്തോഷവതിയായി അനാഥാലയത്തിൽ വളർന്നുവന്നു.

കാഴ്ചയ്ക്ക് സുന്ദരിയും പഠിപ്പിൽ മിടുക്കിയും സത്‌സ്വഭാവിയുമായ അവളെ എല്ലാവരും ഇഷ്ടപ്പെട്ടു. സിസ്റ്റേഴ്‌സിന്റെ വായിൽനിന്ന് അവൾ ഈ വചനം കേട്ടുപഠിച്ചു, ”അപ്പനും അമ്മയും ഉപേക്ഷിച്ചാലും കർത്താവ് എന്നെ കൈക്കൊള്ളും” (സങ്കീർത്തനങ്ങൾ 27:10). വീണ്ടും അവൾ കേൾക്കാനിടയായി, പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല (ഏശയ്യാ 49:15). അങ്ങനെ പെറ്റമ്മയുടേതിനെക്കാൾ വലുതായ സ്‌നേഹത്തിൽ തന്നെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത ദൈവത്തിന്റെ കരത്തിൻകീഴിൽ അവൾ സന്തോഷവതിയും പ്രത്യാശയുള്ളവളുമായി വളർന്നുവന്നു.

റോസിറ്റയുടെ എളിമയും കീഴ്‌വഴക്കവും സത്‌സ്വഭാവവും എല്ലാം കണ്ട സിസ്റ്റേഴ്‌സ് അവൾക്ക് മഠംവക സ്‌കൂളിൽത്തന്നെ ജോലി കൊടുത്തു. സമയത്തിന്റെ പൂർണതയിൽ മറ്റൊരു അനാഥാലയത്തിൽ വളർന്ന സത്‌സ്വഭാവിയും വിദ്യാസമ്പന്നനും ഉദ്യോഗസ്ഥനുമായ ജോൺസൺ എന്ന യുവാവിന് അവളെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. ജോൺസന്റെയും റോസിറ്റയുടെയും കുടുംബജീവിതം വളരെ സന്തോഷകരമായിരുന്നു ആദ്യനാളുകളിൽ. പക്ഷേ, വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞിനെ ലഭിക്കാതെ വന്നപ്പോൾ അവരുടെ കുടുംബജീവിതം മ്ലാനമായിത്തുടങ്ങി.

വിദഗ്ധമായ പരിശോധനകളും ചികിത്സകളും നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. അങ്ങനെ ഒരു കുഞ്ഞിനുവേണ്ടി അവർ കണ്ണുനീരോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത ദുരന്തം റോസിറ്റയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. ജോൺസൺ ഒരു സ്‌കൂട്ടർ ആക്‌സിഡന്റിൽ മരണപ്പെട്ടു. ആ ദുഃഖം താങ്ങാനാവാത്ത ഒന്നായിരുന്നു റോസിറ്റയ്ക്ക്. അനാഥാലയത്തിലെ സിസ്റ്റേഴ്‌സും സ്‌കൂളിലെ സഹപ്രവർത്തകരും സ്ഥലത്തെ വികാരിയച്ചനുമെല്ലാം അവളെ ആശ്വസിപ്പിച്ചു. വീണ്ടും അവളുടെ വാസം അനാഥാലയത്തിൽത്തന്നെ ആയി. അതിൽ അവൾക്ക് വിഷമം ഇല്ലായിരുന്നുവെങ്കിലും ജോൺസന്റെ വേർപാട് അവളെ വല്ലാതെ തളർത്തിക്കഴിഞ്ഞിരുന്നു.

ഒരിക്കലവൾ ഒത്തിരി സങ്കടത്തോടെ തന്റെ സഹപ്രവർത്തകയോട് ഇപ്രകാരം പറഞ്ഞു: ”എന്റെ ആനീ ഒരു കുഞ്ഞിനെയെങ്കിലും ദൈവം എനിക്ക് തന്നില്ലല്ലോ. ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതിനെയും വളർത്തി എനിക്ക് സമാധാനമായി ജീവിക്കാമായിരുന്നു.” ഇങ്ങനെ വിലപിച്ചെങ്കിലും അവൾ പ്രത്യാശയില്ലാത്തവളായിരുന്നില്ല. അവൾ ദൈവത്തിൽ പ്രത്യാശയർപ്പിച്ചു. ദൈവത്തിൽ ശരണപ്പെട്ടു. അവൾ ചിന്തിച്ചു ”എന്റെ ദൈവം നന്മയല്ലാത്തതൊന്നും എനിക്ക് അനുവദിക്കുകയില്ല. ജോൺസൺ മരിച്ചുവെങ്കിലും ജോൺസൺ ഈശോയോടൊപ്പം സ്വർഗത്തിലുണ്ട്. സ്വർഗത്തിൽ ചെല്ലുമ്പോൾ എനിക്ക് ജോൺസണെ കാണാമല്ലോ.”

ആ പ്രത്യാശയിൽ ജീവിക്കുമ്പോഴാണ് രണ്ടുമൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മറ്റൊരു വിവാഹാലോചന അവളെ തേടിയെത്തുന്നത്. സ്ഥലത്തെ വലിയ പണക്കാരനും ആ ഇടവകക്കാരനുമായ മാത്യൂസിന്റേതായിരുന്നു ആ ആലോചന. മാത്യൂസിന്റെ ഭാര്യ രണ്ടു വർഷങ്ങൾക്കുമുൻപ് ബ്ലഡ് കാൻസർ ബാധിച്ച് മരിച്ചുപോയിരുന്നു. ഒമ്പതും ഏഴും വയസ് പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങളായിരുന്നു മാത്യൂസിനുണ്ടായിരുന്നത്. സ്ഥലത്തെ വികാരിയച്ചൻ തന്നെയായിരുന്നു ആ ആലോചന സിസ്റ്റേഴ്‌സിന്റെ മുൻപിൽ എത്തിച്ചത്. അവർക്കത് നല്ലൊരു ആലോചനയായി തോന്നി.

പക്ഷേ റോസിറ്റയ്ക്ക് അത് ഒട്ടും സ്വീകാര്യമായിരുന്നില്ല. വീണ്ടുമൊരു വിവാഹം അവളുടെ ചിന്തയ്ക്ക് അതീതമായിരുന്നു. പക്ഷേ സിസ്റ്റേഴ്‌സിന്റെയും വികാരിയച്ചന്റെയും ഉപദേശങ്ങളും നിർബന്ധവും അവളെ അതിലേക്ക് നയിച്ചു. അനുസരണത്തെപ്രതി ദൈവഹിതത്തിന് കീഴ്‌വഴങ്ങി അവൾ ആ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ അവൾ വീണ്ടുമൊരു ഭാര്യയായി. താൻ പ്രസവിച്ചതല്ലെങ്കിലും രണ്ടു പെൺകുട്ടികളുടെ അമ്മയുമായി. അവൾ ഭർത്താവിനോടും ദൈവം തന്ന കുഞ്ഞുങ്ങളോടും നൂറുശതമാനം വിശ്വസ്തതയും സ്‌നേഹവും പുലർത്താൻ പരിശ്രമിച്ചു. അതിൽ അവൾ വിജയിക്കുകയും ചെയ്തു.
പക്ഷേ മറ്റൊരു വലിയ പരീക്ഷണം അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ആ കുടുംബജീവിതത്തിലും അവൾക്കൊരു അമ്മയാകാൻ കഴിഞ്ഞില്ല. കുട്ടികൾ ഉണ്ടാകാത്തത് റോസിറ്റയുടെ കുഴപ്പംകൊണ്ടാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. മാത്രമല്ല മാത്യൂസിനോട് കൂടുതൽ അടുത്തപ്പോൾ അവൾ മറ്റൊരു സത്യം തിരിച്ചറിഞ്ഞു. മാത്യൂസിന് മറ്റൊരു മുഖമുണ്ട്. അയാൾ വിവാഹജീവിതത്തിൽ തന്നോട് വിശ്വസ്തനല്ല. ആരും അറിയാതെ അവൾ ആ ദുഃഖം ഉള്ളിലൊതുക്കി. തന്നെ അമ്മേയെന്ന് വിളിക്കുന്ന കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കുവേണ്ടി അവളത് ആരെയും അറിയിക്കാതെ നിശബ്ദമായി സഹിച്ചു. ഇതിനും പുറമെ ഒരു അമ്മയാകാൻ കഴിയാത്തതിന്റെ പേരിൽ മാത്യൂസ് അവളെ ക്രൂരമായ ഭാഷയിൽ പുച്ഛിച്ചിരുന്നു.

സമയത്തിന്റെ പൂർണതയിൽ റോസിറ്റയുടെ വളർത്തുമക്കൾ വിവാഹിതരായി. രണ്ടുപേരും അമേരിക്കയിൽ സ്ഥിരതാമസമാക്കി. ഇതിനിടയിൽ മാത്യൂസ് ലിവർ സിറോസിസ് വന്ന് മരണമടഞ്ഞു. മരണക്കിടക്കയിൽ എല്ലാം മറന്ന് റോസിറ്റ തന്റെ ഭർത്താവിനെ ദൈവത്തെപ്പോലെ കരുതി ശുശ്രൂഷിച്ച് സ്വർഗത്തിലേക്ക് യാത്രയാക്കി. മാത്യൂസ് മരണക്കിടക്കയിൽവച്ച് മാനസാന്തരം വന്നാണ് മരിച്ചത്. മരിക്കുംമുൻപേ അയാൾ റോസിറ്റയോട് മാപ്പു ചോദിച്ച് നല്ല മരണം പ്രാപിച്ചു.
വിടാതെ പിൻതുടരുന്ന കഷ്ടതകൾ

വീണ്ടും കഷ്ടതകൾ അവളെ വിടാതെ പിൻതുടർന്നു. മാത്യൂസിന്റെ മരണത്തോടുകൂടി റോസിറ്റ വീണ്ടും ഏകയായി. വളർത്തുമക്കൾ രണ്ടുപേരും വിദേശത്ത്. അവരുടെ ഭർത്താക്കന്മാർക്ക് രണ്ടാനമ്മയായ റോസിറ്റയെ തങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുപോകാൻ അശേഷം താല്പര്യമില്ലായിരുന്നു. അവർ റോസിറ്റയെ ഓൾഡ് എയ്ജ് ഹോമിൽ ആക്കാൻ സജ്ജീകരണങ്ങൾ ചെയ്തു. മാത്രമല്ല മാത്യൂസിന്റെ സ്വത്തിനുവേണ്ടി ആഗ്രഹം പൂണ്ട മാത്യൂസിന്റെ സഹോദരന്മാർ റോസിറ്റ എന്ന അവകാശിയെ ആ സ്ഥാനത്തുനിന്നും പൂർണമായും പുറത്താക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു.
എല്ലാമറിഞ്ഞിട്ടും റോസിറ്റ പതറിയില്ല. ഭർത്താവിന്റെ സ്വത്തിന് ന്യായമായും അവകാശിയായിരുന്നിട്ടും ആ അവകാശത്തിനുവേണ്ടി ആരോടും കടിപിടി കൂടാൻ അവൾ തയാറായില്ല. തന്റെ പേരിൽ മാത്യൂസ് എഴുതിയിട്ടിരുന്ന സ്വത്തുകൂടി തിരിച്ചെഴുതിക്കൊടുത്ത് അവൾ താൻ വളർന്ന അനാഥാലയത്തിലേക്ക് യാത്രയായി. അവിടുത്തെ അനാഥരായ മക്കൾക്ക് പെറ്റമ്മയുടെ സ്‌നേഹം പകർന്നുകൊടുക്കാൻ, അവരുടെ വായിൽനിന്നും അമ്മേയെന്നുള്ള വിളി കേട്ട് സായൂജ്യമടയാൻ, അവിടെയുള്ള അനാഥബാലരെ യേശുവിന്റെ സ്‌നേഹം അറിയിച്ച് നിത്യതയിലേക്കുള്ള പ്രത്യാശയിൽ അവരെ വളർത്താൻ വലിയ തീക്ഷ്ണതയോടെ അവിടെ അവൾ എത്തിച്ചേർന്നു.

ആ ജോലിയിൽ അവൾ നന്നായി ശോഭിച്ചു. എല്ലാവർക്കും സന്തോഷമായി. അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കും അധികാരികൾക്കും എല്ലാത്തിനെക്കാളും അധികമായി റോസിറ്റയ്ക്കും അത് ആനന്ദകരമായ അനുഭവമായി. രണ്ടു വർഷങ്ങൾ കണ്ണിമയ്ക്കുന്ന വേഗത്തിൽ കടന്നുപോയി. ഓരോ സഹനവഴികളിലും അവൾ പതറാതെ യേശുവിൽ ഉറച്ച വിശ്വാസത്തോടെ നിലനിന്നിരുന്നു. അവിടുന്നെപ്പോഴും അവളുടെ കൂടെയുണ്ടായിരുന്നു. ”കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽനിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി ഇതിലേ പോവുക” (ഏശയ്യാ 30:20-21) എന്ന വചനം റോസിറ്റയുടെ ജീവിതത്തിൽ സാർത്ഥകമാവുകയായിരുന്നു ഓരോ നാഴികയിലും.

വീണ്ടും ക്രൂശിതന്റെ വിളി
അനാഥാലയത്തിലെ മക്കളുടെ അമ്മയായുള്ള ജീവിതം റോസിറ്റയ്ക്ക് ഏറെ സന്തോഷകരമായിരുന്നുവെങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ല. രണ്ടുവർഷം കഴിഞ്ഞപ്പോൾ റോസിറ്റ രോഗബാധിതയായി. ബ്രസ്റ്റ് കാൻസറിന്റെ കഠിനമായ നീരാളിപ്പിടുത്തം അവളുടെ ജീവിതനൗകയെ വീണ്ടും ഉലച്ചു. രണ്ട് ബ്രസ്റ്റുകളും നീക്കം ചെയ്യപ്പെട്ടു. പാലൂട്ടാൻ കഴിഞ്ഞില്ലെങ്കിലും അവൾ അനേകരുടെ അമ്മയായിരുന്നു. സ്‌കൂളിലും ഭവനത്തിലും അനാഥാലയത്തിലുമെല്ലാം അവൾ അനേകരെ ദൈവസ്‌നേഹത്തിലേക്ക് നയിക്കുന്ന അമ്മയായിട്ടാണ് ജീവിച്ചിരുന്നത്.

ബ്രസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിട്ടും രോഗം അവളെ വെറുതെ വിട്ടില്ല. വർധിച്ച വീറോടെ അത് അവളുടെ ആരോഗ്യത്തെ കാർന്നുതിന്നു. അവളുടെ അവസാനത്തെ മാസങ്ങൾ കഠിനവേദനയുടേതുതന്നെ ആയിരുന്നു. ക്രൂശിതനായ യേശു വർധിച്ച സ്‌നേഹത്തോടെ അവളെ ആലിംഗനം ചെയ്യുന്നത് അവൾ അനുഭവിച്ചു. പക്ഷേ അവളുടെ കണ്ണുകളിൽ പരിഭവമോ പരാതിയോ സങ്കടമോ നിരാശയുടെ ഒരു നേരിയ ചലനമോ ഇല്ലായിരുന്നു. പ്രത്യാശയുടെ തിളക്കം അവളുടെ കണ്ണുകളിലും പുഞ്ചിരിയിലും നിറഞ്ഞുനിന്നിരുന്നു. മരണം ഉറപ്പായ ദിനങ്ങളിൽ ആ തിളക്കം ഏറെ പ്രകാശമാനമായി.

യേശുവിനോടൊപ്പം യേശു ഒരുക്കിയിരിക്കുന്ന ഭവനത്തിലേക്കുള്ള യാത്ര ഏറെ ആനന്ദകരമാണെന്ന് അവൾ തന്നെ കാണാൻ എത്തിയവരോടെല്ലാം പറഞ്ഞു. അവളുടെ പ്രത്യാശ ഈ വചനത്തിലാണെന്ന് അവൾ വ്യക്തമായി പറഞ്ഞു: ”എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കുവാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോട് പറയുമായിരുന്നുവോ? ഞാൻ പോയി നിങ്ങൾക്ക് സ്ഥലമൊരുക്കി കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാൻ 14:2-3).
കഠിനവേദനയുടെ നടുവിലും അവൾ ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് ശാന്തമായി മരിച്ചു. മരണദിവസത്തിൽ അവൾക്ക് വിശുദ്ധകുർബാന നല്കാനെത്തിയ അച്ചൻ അവളുടെ മരണവാർത്ത കേട്ടപ്പോൾ ഇപ്രകാരം പറഞ്ഞു, ”ഒരു മാലാഖ നമ്മളെ വിട്ട് പറന്നുപോയി.” കേട്ടവരെല്ലാം ചേർന്നു പറഞ്ഞു, ”അതെ, റോസിറ്റ ഒരു മാലാഖതന്നെ ആയിരുന്നു.”

തമ്മിലെന്തു സാമ്യം?
പ്രിയപ്പെട്ടവരേ, ഈ ഒരു ലേഖനത്തിൽ രണ്ടുപേരുടെ മരണം നമ്മൾ കണ്ടുകഴിഞ്ഞു. ഒന്ന് വിനീതയുടേതും മറ്റൊന്ന് റോസിറ്റയുടേതും. രണ്ടുപേരും അനാഥാലയത്തിൽ വളർന്നവർ. രണ്ടുപേരും കഴിവുറ്റവർ. രണ്ടുപേരും അധ്യാപികമാർ. രണ്ടുപേരും അംഗീകരിക്കപ്പെട്ടവർ. രണ്ടുപേരും ഈശ്വരഭക്തർ. പക്ഷേ ഒരാളുടെ മരണം ആത്മഹത്യ ആയിരുന്നു. മറ്റേ ആളുടെ മരണം ഏറെ സഹനങ്ങളിലൂടെയും ഞെരുക്കങ്ങളിലൂടെയും കടന്നുപോയതെങ്കിലും എല്ലാവർക്കും പ്രത്യാശ നല്കുന്നതുമായിരുന്നു. എന്തുകൊണ്ടാണ് ഇത് ഈ രീതിയിൽ സംഭവിച്ചത്? തിരുവചനത്തിൽ ഇതിന് വ്യക്തമായ ഉത്തരമുണ്ട്. ”ഈ ജീവിതത്തിനുവേണ്ടിമാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യരാണ്” (1 കോറിന്തോസ് 15:19).
വിനീത ദൈവഭക്തയായിരുന്നു. പക്ഷേ അവളുടെ ഭക്തിയും പ്രത്യാശയും ഈലോക ജീവിതത്തെമാത്രം സംബന്ധിച്ചുള്ളതായിരുന്നു. അതുകൊണ്ടാണ് അവളുടെ പ്രതീക്ഷയ്ക്കും പ്രത്യാശയ്ക്കും അപ്പുറത്തുള്ള ഒരു സഹനം അവളെ നേരിട്ടപ്പോൾ അവൾ തകർന്നുപോയത്. അവൾ ജീവൻ അവസാനിപ്പിച്ചത്.
റോസിറ്റയും ദൈവവിശ്വാസിയായിരുന്നു. ഒരു പടികൂടി കടന്ന് അവൾ യേശുവിൽ വിശ്വസിക്കുന്നവളും യേശു വാഗ്ദാനം ചെയ്ത നിത്യജീവനിലും മരണാനന്തര സൗഭാഗ്യത്തിലും വിശ്വസിക്കുന്നവളും ആയിരുന്നു. ഒരു മനുഷ്യന്റെ ജീവിതം ഈ ലോകത്തിൽവച്ച് എന്തെല്ലാം കഷ്ടതകളിലൂടെ കടന്നുപോയാലും ഇവിടെവച്ച് അവസാനിക്കുന്നില്ലെന്നും ഈലോകത്തിൽവച്ച് നേരിടുന്ന ദൗർഭാഗ്യങ്ങളും സഹനങ്ങളും ക്രിസ്തുവിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് സഹിച്ചാൽ വരാനിരിക്കുന്ന ജീവിതത്തിൽ വലിയ മഹത്വത്തിനും സൗഭാഗ്യത്തിനും കാരണമാകുമെന്നും വിശ്വസിക്കുവാനും പ്രത്യാശിക്കുവാനും റോസിറ്റയ്ക്ക് കഴിഞ്ഞു. ”ഞങ്ങൾ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാൽ നിർമിതമല്ലാത്തതും ശാശ്വതവും ദൈവത്തിൽനിന്നുള്ളതുമായ സ്വർഗീയഭവനം ഞങ്ങൾക്കുണ്ടെന്ന് ഞങ്ങൾ അറിയുന്നു. വാസ്തവത്തിൽ ഞങ്ങൾ ഇവിടെ നെടുവീർപ്പിടുകയും സ്വർഗീയവസതി ധരിക്കുവാൻ വെമ്പൽകൊള്ളുകയുമാണ്” (2 കോറിന്തോസ് 5:1-2) എന്ന തിരുവചനം റോസിറ്റയുടെ ജീവിതത്തിൽ സാർത്ഥകമായി. അതുകൊണ്ട് റോസിറ്റയുടെ ജീവിതവും മരണവും അനേകർക്ക് അനുഗ്രഹത്തിനും പ്രത്യാശയ്ക്കും കാരണമായിത്തീർന്നു.

വിനീതയും റോസിറ്റയും ക്രിസ്തീയ ജീവിതത്തിൽ
പ്രിയപ്പെട്ടവരേ, ഈ വിനീതയും റോസിറ്റയും നമ്മുടെയൊക്കെ ജീവിതത്തിലുമുണ്ട്. പ്രത്യേകിച്ച് നമ്മുടെ ക്രിസ്തീയജീവിതത്തിൽ. ഒരു കൂട്ടർ ഈലോകജീവിതത്തിനായി മാത്രം യേശുവിൽ പ്രത്യാശയർപ്പിക്കുന്നവരാണ്. നല്ല മാർക്ക് കിട്ടി പരീക്ഷ പാസാകാൻ, നല്ല ജോലി കിട്ടാൻ, ആഗ്രഹിക്കുന്ന വിധത്തിലുള്ളൊരു വിവാഹം നടക്കാൻ, നല്ല കുഞ്ഞുങ്ങളുണ്ടാകാൻ, രോഗശാന്തി ലഭിക്കാൻ, ബിസിനസിൽ നല്ല പുരോഗതിയും ലാഭവുമുണ്ടാകാൻ, മക്കളുടെ ഭാവി തങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ സുരക്ഷിതമാകാൻ…. അങ്ങനെ പലതിനുംവേണ്ടി നാം കർത്താവായ യേശുവിൽ പ്രത്യാശയർപ്പിക്കുന്നു.
ഒരുപക്ഷേ സമർപ്പിതരുടെ ജീവിതത്തിൽപോലും കാണും അവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഈ വിധത്തിലുള്ള ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ സാധിതമാകാതെ വരികയോ ആശിച്ച സമയത്ത് ആശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വരികയോ നമ്മൾ ലക്ഷ്യംവച്ച് പ്രാർത്ഥിച്ചതിന് നേരെ വിരുദ്ധമായി കാര്യങ്ങൾ സംഭവിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ പ്രത്യാശയറ്റുപോകുന്നു. ദൈവവിശ്വാസം തന്നെ പലർക്കും നഷ്ടപ്പെട്ടുപോകുന്നു. വേറെ ചിലർ കാര്യസാധ്യത്തിനായി പൈശാചിക മാർഗങ്ങൾ സ്വീകരിക്കുന്നു. മറ്റുചിലർ കടുത്ത നിരാശയിലേക്ക് നിപതിക്കുന്നു. മറ്റുചിലർ ആത്മഹത്യ ചെയ്യുന്നു. ആദ്യം കണ്ട വിനീത ഇക്കൂട്ടരുടെ പ്രതീകമാണ്.

പക്ഷേ റോസിറ്റ ഏതു കഠിനതകളിലൂടെ കടന്നുപോകുന്നവർക്കുമുള്ള പ്രത്യാശയും പ്രതീകവുമാണ്. പക്ഷേ, വീണ്ടും വീണ്ടും ജീവിതത്തിൽ കഷ്ടതകളും ദുരിതങ്ങളും അരങ്ങേറിയപ്പോഴും അവൾ യേശു നല്കുന്ന പ്രത്യാശയിൽ ഉറച്ചുനിന്നു. ഈ വിധത്തിൽ ജീവിച്ചുമരിച്ച് നിത്യജീവൻ കരസ്ഥമാക്കുന്ന അനേക ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ നാമവരെ കാണാറില്ല. അധികം കോലാഹലങ്ങൾ സൃഷ്ടിക്കുന്ന ജീവിതമല്ലാത്തതുകൊണ്ട് നാമവരെ ശ്രദ്ധിക്കാറുമില്ല. ഒരുപക്ഷേ, നമ്മുടെയൊക്കെ അപ്പച്ചന്മാരും അമ്മച്ചിമാരുമൊക്കെ ഈ ഗണത്തിൽപ്പെടുന്നവരായിരിക്കാം.

”ഈ കഷ്ടങ്ങൾക്കൊക്കെ മക്കളേ അങ്ങ് സ്വർഗത്തിലെത്തുമ്പോൾ ഒടേതമ്പുരാൻ പ്രതിഫലം നല്കും” എന്നു പറഞ്ഞിരുന്ന നമ്മുടെ വല്യപ്പച്ചന്മാരുടെയും വല്യമ്മച്ചിമാരുടെയും വിശ്വാസതീക്ഷ്ണതയുടെ ഒരു തരിമ്പെങ്കിലും മക്കളും കൊച്ചുമക്കളുമൊക്കെയായിത്തീർന്ന നമ്മുടെ ജീവിതത്തിൽ ഉണ്ടോയെന്ന് പരിശോധിച്ചു നോക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും. ഒരു തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും ദിവസങ്ങളായി ഈ ഉയിർപ്പുതിരുനാളിന്റെ ദിവസങ്ങൾ നമുക്ക് മാറ്റാം. നമ്മുടെ ക്ലേശങ്ങൾ നിസാരവും ക്ഷണികവുമാണ്. അവയുടെ ഫലമോ അനുപമമായ മഹത്വവും” (2 കോറിന്തോസ് 4:17).
തന്റെ പരസ്യജീവിതകാലത്ത് താൻ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തയച്ച 72 ശിഷ്യന്മാർ സന്തോഷത്തോടെ തിരിച്ചുവന്ന് പിശാചുക്കൾപോലും നിന്റെ നാമത്തിൽ ഞങ്ങൾക്ക് കീഴ്‌പ്പെടുന്നു എന്ന് യേശുവിനെ അറിയിച്ചപ്പോൾ യേശു പ്രതികരിച്ചത് ഇപ്രകാരമാണ്. ”ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയുംമീതെ ചവിട്ടി നടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ (നിത്യജീവന്റെ പുസ്തകത്തിൽ) എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ” (ലൂക്കാ 10:19-20).

ഈ ഉയിർപ്പുകാലത്തെ നമ്മുടെ ഏറ്റവും വലിയ സന്തോഷം ഇതായിരിക്കട്ടെ. ‘എന്റെ പേര് സ്വർഗത്തിലെ പുസ്തകത്തിൽ, അതായത് നിത്യജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.’ അതിന് യോഗ്യത ലഭിക്കത്തക്കവിധം ദൈവവചനത്തിനനുസൃതമായി നമുക്ക് നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം. എല്ലാവർക്കും ഈസ്റ്ററിന്റെ മംഗളങ്ങൾ ആശംസിക്കുന്നു. ഉത്ഥിതനായ കർത്താവ് നമ്മുടെ ജീവിതങ്ങളെയും കുടുംബങ്ങളെയും ഭരിക്കട്ടെ.
സ്റ്റെല്ല ബെന്നി

1 Comment

  1. Jinu says:

    Nice and inspiring article..May God bless you to write more and more about God’s love and Hope

Leave a Reply

Your email address will not be published. Required fields are marked *