സ്ത്രീകളുടെ ഇടയിൽ പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ ക്രൈസ്തവ പ്രസ്ഥാനം ഒരു യുവതിയുടെ സാക്ഷ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അവർ സ്വയം പരിചയപ്പെടുത്തി: ‘ഞാൻ വൃത്തികെട്ടവൾ, ചീത്ത, ലജ്ജയില്ലാത്തവൾ, ആർക്കും ഇഷ്ടമില്ലാത്തവൾ, ആർക്കും വേണ്ടാത്തവൾ.’ എന്നെക്കുറിച്ചു ഞാൻതന്നെ പറയുന്ന ചില വാക്കുകളാണിത്. അത്രമേൽ അശുദ്ധമാണ് എന്റെ ജീവിതം. എന്നാൽ ഞാൻ അങ്ങനെയായിരുന്നില്ല. ഉത്തമ ക്രൈസ്തവ വിശ്വാസത്തിൽ വളർന്നവൾ. ദൈവാലയവുമായി അടുത്ത ബന്ധം. അനുദിന പ്രാർത്ഥനയും ബൈബിൾ വായനയും എന്നെ മറ്റാരിലും മികച്ചവളാക്കി. ‘നല്ല കുട്ടി’ എന്ന പേര്. സൺഡേ സ്‌കൂളിലും മുൻപന്തിയിൽ. എണ്ണമറ്റ ബൈബിൾ വാക്യങ്ങൾ മന:പാഠം.
ഒരു കൗതുകത്തിനാണ് ഞാൻ അന്ന് ആ ചിത്രം കണ്ടത്. പിന്നീട് അതൊരു രസമായി, ഹരമായി എന്നെ കീഴടക്കി. അശ്ലീല ചിത്രങ്ങൾ കാണുന്നത് തെറ്റാണെന്ന് മനസ് വിലക്കിയെങ്കിലും വേണ്ടെന്ന് വയ്ക്കാനായില്ല. അത് ഒട്ടും വൈകാതെ എന്നെ അവിശുദ്ധ ബന്ധങ്ങളിലും പ്രവൃത്തികളിലുമെത്തിച്ചു. ആദ്യ വീഴ്ചയിൽ വലിയ കുറ്റബോധം എന്നെ വലച്ചു. ദൈവം എന്നെ കൈവിട്ടെന്നും അവിടുത്തെ സ്‌നേഹം എന്നിൽ നിന്നും പിൻവലിച്ചെന്നും അവിടുത്തേക്ക് എന്നോട് വെറുപ്പാണ് എന്നുമുള്ള ചിന്തയാൽ എനിക്ക് എന്നോടുതന്നെ അറപ്പായി. അവിടുന്ന് ഇനി ഒരിക്കലും എന്നെ സ്‌നേഹിക്കില്ലെന്ന ഓർമ എന്നെ കടുത്ത നിരാശയിൽ തള്ളി. പിന്നെ തിന്മപ്രവൃത്തികൾ എന്റെ ജീവിതത്തിന്റെ ഭാഗമായി. രക്ഷപ്പെടാൻ ഒരുപാട് ആഗ്രഹിച്ചെങ്കിലും തോറ്റുതോറ്റ്, തെറ്റ് തെറ്റാണെന്ന ചിന്തപോലുമില്ലാതായി. മനുഷ്യന്റെ സ്വാഭാവിക പ്രവണതയാണിത്, ഇതിൽ തെറ്റൊന്നുമില്ല എന്ന പാപബോധമില്ലായ്മ എന്നെ ബന്ധിച്ചു.
അന്നാളുകളിൽ ചെറിയ പ്രാർത്ഥനാ ഗ്രൂപ്പിൽ പങ്കെടുക്കാൻ എനിക്ക് ഇടവന്നു. ദൈവത്തിന് തന്റെ മക്കളോടുള്ള അനന്തവും മാറ്റമില്ലാത്തതുമായ സ്‌നേഹത്തെക്കുറിച്ച് അവിടെനിന്നും കേട്ടത് എന്നിലെ കുറവുകളിലേക്ക് വീണ്ടും നോക്കാൻ പ്രേരിപ്പിച്ചു. എത്ര കുറവുണ്ടായാലും ആയിരമോ പതിനായിരമോ തവണ വീണുപോയാലും വേട്ടപ്പട്ടിയെപ്പോലെ പിന്നാലെ ഓടിയെത്തി, എത്ര ചെളിയുണ്ടെങ്കിലും അതോടെ കോരിയെടുത്ത് മാറിൽ ചേർത്ത് തന്റെ സ്‌നേഹംകൊണ്ട് കഴുകുന്നവനാണ് യേശുവെന്ന് ഞാൻ വീണ്ടും അവിടെനിന്നും കേട്ടു. അത് എന്നിൽ പ്രത്യാശയുണർത്തി.
പ്രാർത്ഥനാഗ്രൂപ്പ് ലീഡറുമായി വ്യക്തിപരമായി സംസാരിച്ചപ്പോൾ അദ്ദേഹം എന്റെ പ്രശ്‌നങ്ങളിലേക്കല്ല ശ്രദ്ധിച്ചത്, മറിച്ച് യേശുവിന്റെ സ്‌നേഹപാരമ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. ഞാൻ ഒരു പരിഹാരമില്ലാത്ത പ്രശ്‌നമായോ അശുദ്ധജീവിതം നയിക്കുന്ന വ്യക്തിയായോ അവർക്ക് തോന്നിയില്ല. മാത്രമല്ല, യേശുവിലേക്കുള്ള പുണ്യയാത്രയ്ക്കിടയിൽ കാലിടറിയ കുഞ്ഞാടിനെ എന്നവണ്ണം അവർ എന്നെ പരിപാലിച്ചു. അവരാരും എന്റെ ബലഹീനതകളെക്കുറിച്ച് സംസാരിച്ചില്ല, മറിച്ച് നമ്മെ രക്ഷിക്കുവാൻ പീഡ സഹിച്ച് മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിനെയും അവിടുത്തെ വ്യതിചലിക്കാത്ത സ്‌നേഹത്തെയും കുറിച്ച് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
യേശു എന്നെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കാനാണ് മരിച്ച് ഉത്ഥാനം ചെയ്തത് എന്ന ബോധ്യം എന്നെ വലിയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. എങ്കിൽപ്പിന്നെ എന്തിന് ഞാനിനിയും അടിമയായിക്കഴിയണം? ഞാൻ അവിടെ വച്ച് എന്നെത്തന്നെ ഉത്ഥിതനായ ക്രിസ്തുവിന് സമർപ്പിച്ചു. ഉത്ഥിതന്റെ ശക്തി എന്നെ പുണരുന്നത് ഞാൻ അറിഞ്ഞു. എന്റെ മനസും ശരീരവും ആഴമായ വിടുതലിന്റെ സുഖം നുകർന്നു. പ്രലോഭനങ്ങൾ പിന്നീടും ഉണ്ടായെങ്കിലും അവ എടുത്തുനീക്കാൻ ഞാൻ പ്രാർത്ഥിച്ചതേയില്ല, മറിച്ച്, എന്റെ ഈശോയെ കൂടുതൽ കൂടുതൽ, എന്നെയും എന്റെ ആസക്തികളെയുംകാൾ സ്‌നേഹിക്കാൻ ആഗ്രഹിച്ചു, ശ്രമിച്ചു. ഉത്ഥിതന് മഹത്വമുണ്ടാകട്ടെ. ഹല്ലേലൂയാ…
”ദൈവം ഞങ്ങൾക്കു നല്കുന്ന സാന്ത്വനത്താൽ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഞങ്ങൾ ശക്തരാകേണ്ടതിനും, ഞങ്ങൾ ദൈവത്തിൽനിന്ന് അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു” (2കോറിന്തോസ് 1:4) എന്ന തിരുവചനം അനുസ്മരിച്ച് എന്നെപ്പോലെ നീറുന്ന ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവരെ സമാശ്വസിപ്പിക്കുന്നതിനായി എന്റെ ജീവിതം ഞാൻ ക്രിസ്തുവിന് സമർപ്പിച്ചു. അപ്രകാരമുള്ള അനേകർക്ക് യേശുവിന്റെ ഉത്ഥാനത്തിന്റെ ശക്തിയാൽ മോചനം ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനീ സാക്ഷ്യം പരസ്യപ്പെടുത്തുന്നതും.’
”ജീവിക്കുന്നവർ ഇനിയും തങ്ങൾക്കുവേണ്ടി ജീവിക്കാതെ തങ്ങളെപ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്” (2കോറിന്തോസ് 5:15) എന്ന് പൗലോസ് ശ്ലീഹ ഓർമിപ്പിക്കുമ്പോൾ, ക്രൈസ്തവർ ഉത്ഥാനത്തിന്റെ ജനതയാണ്; വിജയത്തിന്റെ ഹല്ലേലൂയ ഗീതം പാടേണ്ടവരാണെന്ന് മറക്കാതിരിക്കാം. ക്രിസ്തുവിന്റെ ഉത്ഥാനമഹത്വത്തിൽ ജീവിക്കാൻ വിളിക്കപ്പെട്ടവർ! വീഴ്ചകളുടെയും പരാജയങ്ങളുടെയും ശോകഗാനം പാടി കണ്ണീർ ചൂടിൽ പൊള്ളിപ്പൊളിയേണ്ടവരല്ല നാം.
കാരണം, ”അവിടുന്ന് തന്റെ കാരുണ്യാതിരേകത്താൽ യേശുക്രിസ്തുവിന്റെ, മരിച്ചവരിൽനിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങൾക്കായി സ്വർഗത്തിൽ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു” (1പത്രോസ് 1:4).
അതിനാൽ നിരാശയുടെയും തോൽവികളുടെയും പതംപറച്ചിലുകളുടെ സുഖവും ലഹരിയും കുരിശിൻ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ ഉത്ഥാന മഹത്വത്തിന്റെ പ്രകാശം ധരിക്കാം. ”ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാൽ, കർത്താവ് നിന്റെ മേൽ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും. ജനതകൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയശോഭയിലേക്കും വരും” (ഏശയ്യാ 60/1-3).
പരിശുദ്ധ ദൈവമാതാവേ, അങ്ങ് പ്രിയപുത്രൻ യേശുവിന്റെ പീഡകളിലും മരണത്തിലും ഉത്ഥാനത്തിന്റെ മഹത്വം ദർശിച്ചതുപോലെ, തകർക്കപ്പെടുന്ന അനുഭവങ്ങളിലും ചുഴറ്റിയെറിയപ്പെടുന്ന പ്രലോഭനങ്ങളിലുംപെട്ടുടയാതെ ഈശോയുടെ ഉത്ഥാനത്തിന്റെ മഹത്വത്തിൽ ജീവിക്കാൻ, അവിടുത്തെ അധികമധികം സ്‌നേഹിക്കാൻ, ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.
ആൻസിമോൾ ജോസഫ്